2020 മേയ് 28, വ്യാഴാഴ്‌ച

കഥ/സിദ്ധമരുന്ന്


'ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു"
ആൽമരച്ചുവട്ടിലെ വട്ടത്തറയിലിരുന്ന് പത്രത്താളുകൾ നിവർത്തിപ്പിടിച്ചു കൊണ്ട് കൊണ്ട് പാപ്പി നെടുവീർപ്പിട്ടു.

"ഇതിങ്ങനെ പോയാൽ എന്താവുമെൻ്റെ പാപ്യേ!!.."
കൂടെയുണ്ടായിരുന്ന ശങ്കരേട്ടൻ്റെ ചിന്തകളിലും ആധി കയറി.

"നമ്മുടെ രാജ്യത്തും മരണസംഖ്യ രണ്ടായി എന്നാ പത്രത്തിൽ കണ്ടത്. ഇതിനെന്താ മരുന്നു കണ്ടു പിടിക്കാനാവാത്തേ..."
വട്ടത്തറയ്ക്കു മുകളിൽ എല്ലാവർക്കുമുള്ള ചായക്കോപ്പകൾ നിരത്തി വെച്ചു കൊണ്ട് ചായക്കടക്കാരൻ രാമേട്ടനും തൻ്റെ ആധി പങ്കുവെച്ചു.

"മരുന്നൊക്കെ കണ്ടു പിടിക്കും രാമേട്ടാ.. ഇതൊരു തരം പ്രത്യേക വൈറസാ.. അതാ ഇത്ര താമസിക്കുന്നത്.."
പാപ്പി മറുപടി നൽകി.

"പാപ്പി പറഞ്ഞത് ശരിയാ.. പക്ഷേങ്കില് മരുന്നിനു താമസമേറുന്തോറും എല്ലാവരുടെയും മനസ്സിൽ പേടി കൂടി വരികയാ.."
ചർച്ചയിൽ പങ്കുകൊണ്ടു തന്നെ രാമേട്ടൻ ചായക്കടയിലേക്കു തിരിച്ചു നടന്നു.

"എങ്ങനെയുണ്ടായിരുന്ന അങ്ങാടിയായിരുന്നു. ഇപ്പോൾ വൈകുന്നേരങ്ങളിൽ പോലും ആളനക്കമില്ലാതായി.."
നേരത്തേ തന്നെ കടയടച്ച് താക്കോലും കിലുക്കിക്കൊണ്ടു വന്ന പെട്ടിക്കടക്കാരൻ പത്രോസ് ചർച്ചയ്ക്കു കൊഴുപ്പു കൂട്ടി.

"ഈ വൈറസ് മ്യൂട്ടേഷൻ എന്ന പ്രക്രിയയ്ക്കു വിധേയമാകുന്നതു കൊണ്ടാ ഇതിനു മറുമരുന്നു കണ്ടു പിടിക്കാനാവാത്തത്. എന്തൊക്കെയായാലും അടുത്ത ദിവസങ്ങളിൽ തന്നെ നമുക്കു കേൾക്കാം.. കൊറോണയ്ക്കു മരുന്നു കണ്ടു പിടിച്ചെന്ന്.."
പാപ്പിയുടെ വാക്കുകളിൽ ആത്മവിശ്വാസം പരന്നൊഴുകുന്നു.

പെട്ടെന്നു വട്ടത്തറയുടെ പിന്നിൽ നിന്നും ഒരു ശബ്ദം.
"ഹ ഹ ഹ ഹ ഹാ..... എന്തു നല്ല തമാശ.. അഞ്ചായിരം കടന്നാലും അഹങ്കാരം കുറയില്ല...
ഇനിയെത്ര കടമ്പ കടക്കാനിരിക്കുന്നു..
അപ്പോഴും കൂടിക്കൊണ്ടിരിക്കുമോ, ആവോ... ഈ അഹങ്കാരം...
ഹും...
ഞാനാണു വലിയവൻ... ഞാനാണു വലിയവൻ... ഹ ഹ ഹ ഹാ......"

ശബ്ദം കേട്ടയിടത്തേക്കു എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞു.

"ആരാദ്?!..."
പിന്നിലേക്കു പെട്ടെന്നു തിരിഞ്ഞു നോക്കാനാവാതെ ശങ്കരേട്ടൻ ചോദിച്ചു.

"അതാ പൊട്ടനാ..."
പത്രോസ് മറുപടി നൽകി.

"അതേ... പൊട്ടനാ...
എന്നു വെച്ചാൽ, സത്യം വിളിച്ചു പറയുന്നവൻ... എന്നാൽ... സത്യം വിളിച്ചു പറയുന്നവനെ പൊട്ടനെന്നു വിളിക്കുന്ന നിങ്ങളെല്ലാവരും കരുതിയിരുന്നോ... ഈ മഹാമാരി നിങ്ങളുടെ എല്ലാ അഹങ്കാരവും തച്ചുടയ്ക്കും... കാത്തിരുന്നോ...."
നിലത്തു കുത്തിയിരിക്കുകയായിരുന്ന പൊട്ടൻ ഒന്നു നിവർന്നെഴുന്നേറ്റു. തൻ്റെ ഊന്നുവടി മുന്നോട്ടാഞ്ഞു കൊണ്ട് തൊട്ടടുത്ത ചെറു കാടിനകത്തേക്കു നടന്നു. തുടർന്ന് തിരിഞ്ഞു നിന്നു കൊണ്ട് എല്ലാവരോടുമായ് വിളിച്ചു പറഞ്ഞു.
"മ്യൂട്ടേഷനു വിധേയമാകുന്നതു കൊണ്ട് ഇതിനു മറുമരുന്നു കണ്ടു പിടിക്കാനാവുന്നില്ല, എന്നല്ലേ നിങ്ങളുടെ കണ്ടെത്തൽ.. എന്നാൽ പൊട്ടനൊരു എളുപ്പവഴി പറഞ്ഞു തരാം.. ഒരു മറുമരുന്ന്..."
പൊട്ടൻ്റെ വാക്കുകൾക്ക് എല്ലാവരും കാതോർത്തു.

"സ്വയം മ്യൂട്ടേഷനു വിധേയമാവുക... തലവര എന്ന പ്രക്രിയ മാറ്റിയെടുക്കാൻ ശ്രമിക്കുക.. അതാണിതിനുള്ള മറുമരുന്ന്..."
ഇത്രയും പറഞ്ഞു കൊണ്ട് പൊട്ടൻ കാടിനുള്ളിലേക്കു മറഞ്ഞു.

പൊട്ടൻ പറഞ്ഞതിലെ പൊരുളെന്താണെന്നു അവിടെയുണ്ടായിരുന്ന ആർക്കും പിടികിട്ടിയില്ല. ഒരാളൊഴികെ!.. പാപ്പി..
പാപ്പിയുടെ ചിന്തകൾക്കുള്ളിൽ പൊട്ടൻ്റെ വാക്കുകളിൽ നിറഞ്ഞു നിന്ന അർത്ഥ ശകലങ്ങൾ സുനാമിത്തിരമാല പോലെ ആർത്തലയ്ക്കുകയായിരുന്നു.



അന്നു രാത്രി പാപ്പിക്കു ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ അയാൾ എഴുന്നേറ്റു വീടിനു പുറത്തേക്കിറങ്ങി. സിഗരറ്റും പുകച്ചു കൊണ്ട് വട്ടത്തറയിലെത്തി ഇരുന്നു. ചിന്തകളിൽ മുഴുവൻ പൊട്ടൻ്റെ വാക്കുകളായിരുന്നു. വിജനമായ ആൽത്തറയ്ക്കു ചുറ്റും അയാളൊന്നു നടന്നു. നേരത്തേ പൊട്ടൻ കുത്തിയിരുന്ന സ്ഥലത്ത് മണ്ണിലും ആൽത്തറയുടെ ഭിത്തിയിലുമെല്ലാം എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടിരിക്കുന്നതായി അയാൾ കണ്ടു. പാപ്പിയുടെ കാലടികൾ മെല്ലെ ആ ചെറുകാടിനകത്തേക്കു അയാളെ പ്രവേശിപ്പിച്ചു.

നിലാവിൻ്റെ അരണ്ട വെളിച്ചം ഇലകൾക്കിടയിലൂടെ വന്ന് ചെറുപ്രകാശമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. നിശ്ശബ്ദത തളം കെട്ടി നിൽക്കുന്നു. കുറച്ചു നടന്നപ്പോഴേക്കും വലിയൊരു മരച്ചുവട്ടിൽ ഒരാൾ ഇരിക്കുന്നതായി അയാൾ കണ്ടു. ഇരിക്കുന്ന ആളുടെ മുഖം ആ നേർത്ത വെളിച്ചത്തിലും പാപ്പി കണ്ടു.

'പൊട്ടൻ!!...'
പാപ്പിയുടെ മനസ്സ് അയാളോടു തന്നെ മന്ത്രിച്ചു. ചെറിയ വിറയലോടെ പാപ്പി തൻ്റെ കാൽപ്പാദങ്ങൾ ചലിപ്പിച്ചു. പൊട്ടൻ കണ്ണുകളടച്ച് ധ്യാനത്തിലെന്നോണം ഇരിക്കുകയാണ്.

'ഇനി ഇയാൾ വലിയ സിദ്ധനായിരിക്കുമോ?!!..'
പാപ്പിയുടെ ഹൃദയമിടിപ്പ് കൂടി. പൊട്ടൻ തന്നെ കാണാതിരിക്കാനായ് അയാൾ വലിയൊരു മരത്തിൻ്റെ മറവിൽ ഒളിച്ചു.
കുറച്ചു നേരം കഴിഞ്ഞതിനു ശേഷം പാപ്പി മെല്ലെ പിൻവാങ്ങി. ശബ്ദമുണ്ടാക്കാതെ കാലടികൾ വച്ചു കൊണ്ട് അയാൾ വട്ടത്തറയിലേക്കെത്തി. പൊട്ടൻ കുത്തിക്കുറിച്ചിട്ട ചിത്രാക്ഷരങ്ങൾ അയാൾ സസൂക്ഷ്മം വീക്ഷിച്ചു. നക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങിയ മഹാപ്രപഞ്ചം തന്നെ അവിടെ വരകൾ കൊണ്ടു തീർത്തിരിക്കുന്നു. ആ മഹാപ്രപഞ്ചത്തിനകത്ത് മനുഷ്യൻ എത്ര ചെറുതാണ്. നമ്മളിന്നു ഭയന്നു കൊണ്ടിരിക്കുന്ന വൈറസുകൾ നമ്മൾക്കു മുന്നിൽ എത്ര ചെറുതാണോ, അതിനേക്കാൾ ചെറുതാണ് പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള വലുപ്പവ്യത്യാസം. പാപ്പിയുടെ മനസ്സ് ദ്രുതഗതിയിൽ മിടിക്കുന്നുണ്ടായിരുന്നു.

നേരം പരപരാ വെളുത്തു. ആ ഗ്രാമം പുതിയൊരു വാർത്തയുമായാണ് പ്രഭാതത്തെ വരവേറ്റത്. 'പൊട്ടൻ ഭ്രാന്തനല്ല!.. സിദ്ധനാണ്!.. മഹാസിദ്ധൻ!!!...' എന്ന വാർത്ത ആ ഗ്രാമത്തിൽ പരന്നൊഴുകി. വട്ടത്തറയിൽ ജനങ്ങൾ കൂട്ടം കൂടി നിന്നു. ഇത്രയും കാലം അവഗണിച്ചിരുന്ന മഹാസിദ്ധനെ ഒരു നോക്കു കാണാനായ്. മുൻപന്തിയിൽ തന്നെ പാപ്പിയും കൂട്ടരുമുണ്ട്. അവർ പൊട്ടൻ്റെ വരവും കാത്തു നിൽക്കുകയാണ്.

"എവിടെ പാപ്പീ... നീ പറഞ്ഞ സിദ്ധൻ..."
ശങ്കരേട്ടൻ്റെ വകയായിരുന്നു ആദ്യ ചോദ്യം വന്നത്.

"ഇപ്പോൾ വരും.. അദ്ദേഹം ധ്യാനത്തിലായിരിക്കും.."
പാപ്പി മറുപടി നൽകി.

"ഈ കാത്തിരിപ്പ് തീരുമോ... മണിക്കൂർ ഒന്നു കഴിഞ്ഞല്ലോ... വരുമോ... നിങ്ങളുടെ പുതിയ സിദ്ധൻ..."
പരിഹാസം കലർന്നു കൊണ്ട് ഒരു ചെറുപ്പക്കാരൻ പാപ്പിയോടായി ചോദിച്ചു.

അവസാനം പാപ്പിയും കൂട്ടരും സിദ്ധനെയും അന്വേഷിച്ചു കൊണ്ട് കാടിനകത്തേക്കു പ്രവേശിച്ചു. പിന്നാലെ അവിടെ കൂടി നിന്ന ജനങ്ങളും...

"ദാ.. ഇവിടെയായിരുന്നു അദ്ദേഹം ധ്യാനത്തിലിരുന്നത്...."
തലേന്നു രാത്രി പൊട്ടൻ ഇരുന്ന മരച്ചുവട് ചൂണ്ടിക്കാണിച്ചു കൊണ്ട് പാപ്പി പറഞ്ഞു.

"എന്നിട്ടിപ്പോഴെവിടെ?!..."

"വാ... ഞാൻ കാണിച്ചു തരാം...''
പാപ്പി എല്ലാവരെയും വട്ടത്തറയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെയുള്ള വരകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പാപ്പി പറഞ്ഞു.
"ദാ... ഇതാണു സൂര്യൻ.. ഇത് വ്യാഴം ഗ്രഹമാണ്... അപ്പോൾ... അപ്പോൾ ഇത്രയേ ഉള്ളൂ നമ്മുടെ ഭൂമിയുടെ വലുപ്പം... അപ്പോൾ നമ്മുടെ വലുപ്പം ഒന്നു ചിന്തിച്ചു നോക്കിയേ....."

പെട്ടെന്നൊരു നിശ്ശബ്ദത ജനങ്ങൾക്കിടയിലൂടെ കടന്നു പോയി.

"എന്താ മോനേ... നിനക്ക് പറ്റിയത്..."
ആ നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ടുള്ള രാമേട്ടൻ്റെ ചോദ്യത്തിനകത്ത് ഒരുപാടു അർത്ഥ ശകലങ്ങൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

"അല്ല... ഇതൊക്കെ ചെയ്തത് ആ മഹാസിദ്ധനാ..."
പാപ്പിയുടെ മറുപടിയിൽ ശബ്ദമൊന്നു ഇടറി.

"അതു കൊണ്ട്...
ആ പൊട്ടൻ എന്തൊക്കെയോ വരച്ചിട്ടിരിക്കുന്നത് കൊണ്ട് അയാൾ സിദ്ധനാണ്, എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്??...."

"ആ പൊട്ടൻ എന്തെങ്കിലും ചെയ്തെന്നു കരുതി.. നമ്മളെന്തിനു അതൊക്കെ ശ്രദ്ധിക്കണം??..."

ചോദ്യശരങ്ങൾ ഒന്നൊന്നായി കർണ്ണപുടത്തിൽ വന്നു പതിക്കുമ്പോഴും പാപ്പി തൻ്റെ കാൽക്കീഴിലുള്ള വർണ്ണ പ്രപഞ്ചത്തിൻ്റെ ദൃശ്യ മനോഹാരിത കണ്ടാസ്വദിക്കുകയായിരുന്നു.

"ഒരു പൊട്ടനെ സിദ്ധനാക്കി മാറ്റി നാട്ടുകാരെ മുഴുവൻ മണ്ടന്മാരാക്കാൻ ശ്രമിച്ച ഇയാളാണു യഥാർത്ഥ പൊട്ടൻ...."
വട്ടത്തറയിൽ നിന്നും പിൻതിരിഞ്ഞുക്കൊണ്ടിരിക്കുന്ന ജനക്കൂട്ടത്തിനിടയിൽ നിന്നും ആരോ ഒരാൾ വിളിച്ചു പറഞ്ഞു. ഉയർന്നു കേട്ട ആ ശബ്ദത്തിലെ അവസാന വാക്ക് തനിക്കു നാട്ടുകാർ ചാർത്തിത്തരുന്ന പുതിയ പദവിയാണെന്ന് പാപ്പിക്ക് ഒരിക്കലും മനസ്സിലായില്ല.

മണിക്കൂറുകൾ ദിവസങ്ങളായും, ദിവസങ്ങൾ മാസങ്ങളായും കടന്നു പോയി. പാപ്പി ആളുകളിൽ നിന്നും അകന്നു തുടങ്ങി. പുതിയ പൊട്ടൻ്റെ അവതാരകഥകൾ ജനങ്ങൾ പാടേ മറന്നു തുടങ്ങി. പഴയ പൊട്ടൻ വരച്ച വരകളുടെ തെളിച്ചം മായുമ്പോഴൊക്കെ അതു വീണ്ടും പുതിയ പൊട്ടൻ വരച്ചു കൊണ്ടേയിരുന്നു. പരമാവധി തനിച്ചിരുന്നും ചിന്തകളിൽ മുഴുകിയും പുതിയ പൊട്ടൻ കാലം കഴിച്ചു നീക്കി.

സൂര്യഗോളം കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന ഒരു വേനൽക്കാലം. നാട്ടിലെ പോസ്റ്റ്മാൻ വന്ന് പാപ്പിയുടെ വാതിലിൽ മുട്ടി.

"ഇതാ.... നിങ്ങൾക്കുള്ളതാ... പൊട്ടന്മാർക്കൊക്കെ ഇപ്പോൾ കത്തുകളും വന്നു തുടങ്ങിയോ..."
പരിഹാസം കലർന്ന വാക്കുകളോടെ പോസ്റ്റ്മാൻ അയാൾക്കു നേരേ കത്ത് നീട്ടി. അയാൾ ദ്രുതഗതിയിൽ കത്ത് പൊട്ടിച്ചു വായിച്ചു.

'പ്രിയ സുഹൃത്തേ...
ഞാൻ തന്നെയാണിത്.. ആ നാട്ടിലെ പഴയ പൊട്ടൻ.. അല്ല.. മനുഷ്യൻ്റെ അഹങ്കാരം തെല്ലൊന്നു കുറയ്ക്കാൻ ശ്രമം നടത്തിയതിനു ലോകം ഭ്രാന്തനാക്കി മാറ്റിയ ഒരു സാധാരണ മനുഷ്യൻ.
എനിക്കു മനസ്സിലായ പോലെ മനുഷ്യൻ്റെ ചെയ്തികളെക്കുറിച്ച് ഇന്ന് നിനക്കും മനസ്സിലായിക്കാണും. ഏതൊരു രോഗത്തിൽ നിന്നുമാണോ നാം രക്ഷ തേടുന്നത്, ആ രക്ഷ സഫലീകരിക്കണമെങ്കിൽ മനുഷ്യവർഗ്ഗം ഒന്നിച്ചു നിന്നേ മതിയാകൂ...

എന്നാൽ നമ്മൾ ചെയ്തു കൂട്ടുന്നത് മറ്റൊന്നാണ്. ഇവിടെ ഞാനും നീയുമടങ്ങുന്ന മനുഷ്യവർഗ്ഗം ഈ മഹാപ്രപഞ്ചത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ വൈറസ് തന്നെയായി മാറിയിരിക്കുകയാണ്. നമ്മുടെ ആവാസ വ്യവസ്ഥയെ പോലും നാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്വാർത്ഥത മാത്രം മുൻനിർത്തി സ്വവർഗ്ഗത്തെ പോലും നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ മുന്നിൽ വൈറസുകൾക്ക് എത്ര വലുപ്പമാണോ, അതിനേക്കാൾ ചെറുതാണ് ഈ മഹാപ്രപഞ്ചത്തിനു മുന്നിൽ മനുഷ്യനെന്ന ജീവി. എന്നാൽ നമുക്കിടയിൽ പോലും വലുപ്പച്ചെറുപ്പത്തെ ചൊല്ലി കിടമത്സരങ്ങൾ നടക്കുന്നു. ഉയരങ്ങളിലേക്കെത്താൻ ദൈവമെന്ന മഹാസങ്കൽപ്പത്തെ പോലും നമ്മളുപയോഗപ്പെടുത്തുന്നു. അതിന് വേണ്ടി പ്രകൃതിയെ നമ്മൾ ബലിയാടാക്കുന്നു. മഹാദുരന്തങ്ങളിൽ നിന്നു പോലും പാഠങ്ങളുൾക്കൊള്ളാൻ ശ്രമിക്കുന്നില്ല. ദുരന്തമുഖത്ത് മാത്രം നമ്മളിൽ പലരും ഒന്നിക്കുന്നു. അതു കഴിഞ്ഞാൽ പലതായി വിഭജിക്കപ്പെടുകയും ചെയ്യുന്നു. എങ്ങും പദവിക്കു വേണ്ടിയുള്ള വടംവലികൾ മാത്രം. ദുരഭിമാനം നമ്മെ അപ്പാടേ കാർന്നു തിന്നു കൊണ്ടിരിക്കുന്നു.

ഇവിടെ നമുക്കിടയിൽ സംഭവിച്ചതും മറ്റൊന്നല്ല. പൊട്ടനെന്ന പേരിൽ കാലം തള്ളി നീക്കിയിരുന്ന എന്നിലെ അറിവുകൾ നീ മനസ്സിലാക്കിയെടുത്തു. അത് മറ്റുള്ളവരിലേക്കെത്തിക്കാൻ 'പൊട്ടനെ സിദ്ധനാക്കി മാറ്റുക' എന്ന വഴിയാണ് നീ കൈ കൊണ്ടത്. അവിടെയും ഏതെങ്കിലും ഒരറിവ് മറ്റുള്ളവരിലേക്കെത്തണമെങ്കിൽ 'സിദ്ധൻ' എന്ന പദവി വേണം. അതായത് നമുക്ക് സ്വീകാര്യനായവൻ സിദ്ധൻ. അല്ലാത്തവൻ പൊട്ടൻ...

എന്തുകൊണ്ട് എന്നെ ഒരു സാധാരണ മനുഷ്യനായി കണാനാവുന്നില്ല?!
എന്തുകൊണ്ട് ഒരു സാധാരണ മനുഷ്യൻ്റെ അറിവുകളിൽ നിന്നും നമുക്കു പാഠമുൾക്കൊള്ളാനാവുന്നില്ല??!!

ഇല്ല... പറ്റില്ല...
അവിടെയാണ് മനുഷ്യൻ്റെ ഉള്ളകങ്ങളിലെ ഉച്ഛനീചത്വങ്ങൾ പ്രവർത്തിക്കുന്നത്. തള്ളാനും കൊള്ളാനും പദവികൾ കൂടിയേ തീരൂ...

ഞാൻ ഒരു സാധാരണ മനുഷ്യനായി മാറാനാണു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതെനിക്കിപ്പോഴും ഒട്ടും എളുപ്പവുമല്ല. എങ്കിലും പൊട്ടനാവുന്നതിനേക്കാൾ അപകടം പതിയിരിക്കുന്നത് സിദ്ധനാവുന്നതിലാണ്, എന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അതു കൊണ്ടാണു ഞാനാ നാടു തന്നെ വേണ്ടെന്നു വച്ചത്. എൻ്റെ വിടവ് നാട്ടുകാർ നിന്നിലൂടെ അകറ്റുകയും ചെയ്തു. ചിന്തിക്കുക... ജീവിതത്തിന് അത്യാവശ്യമായത് പൊട്ടനെയോ സിദ്ധനെയോ അല്ല. മനുഷ്യൻ്റെ നിലനിൽപ്പിനെക്കുറിച്ചു ചിന്തിക്കുന്ന, പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന, മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന പച്ചമനുഷ്യരെയാണ്...

ചിന്തകൾ തുടരുക...
ജീവിതം എങ്ങനെയാണോ തുടരുന്നത്... അങ്ങനെ...

മാറ്റുവിൻ ചട്ടങ്ങളേ...
അല്ലെങ്കിൽ.........

           എന്ന്
 താങ്കൾ സിദ്ധനാക്കി മാറ്റാൻ ശ്രമിച്ച പൊട്ടൻ.


            ✒️ മർവാൻ റിയാസ്

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...