2020 മേയ് 28, വ്യാഴാഴ്‌ച

ഒജീനക്കപ്പലെന്ന പരിഹാസ കഥാപാത്രം

എല്ലാ ഉന്മാദികളും  വിഷാദം കത്തുന്ന ഒരു കടൽ നെഞ്ചിൽ പേറുന്നുണ്ടാവാം.അവരുടെ കണ്ണിൽ നോക്കിയാൽ തിരകളുടെ ആരവം
ചാറ്റൽ മഴ പോലെ പെയ്യുന്നത് കാണാം..

വളരെ ചെറുപ്പത്തിലേ ഭയപ്പെടുത്തുകയോ നൊമ്പരപ്പെടുത്തുകയോ ചെയ്ത ഒരു ഉന്മാദിയാണ്  ഒജീനക്കപ്പൽ..

ഒജീനം എന്നാൽ നാട്ടുഭാഷയിൽ ഭക്ഷണം എന്നർത്ഥം..
ഭക്ഷണം കൂടുതൽ കഴിക്കുന്നത് കൊണ്ടോ ആർത്തികൊണ്ടോ ആരോ അയാൾക്ക്‌ കെട്ടികൊടുത്ത സ്ഥാനപ്പേരാണത്..

അബ്ദുൽ അസീസ് എന്ന് പേരുള്ള അയാൾക്ക്‌ കലി വരുന്നതും ഉന്മാദം പുകയുന്നതും ഒജീനക്കപ്പലേ എന്ന ആ വിളി കേൾക്കുമ്പോഴാണ്...

പെരുങ്കാലനാണ് അസീസ്‌ക....മുടന്തിക്കൊണ്ടാണ് നടക്കുക..തലയിൽ എപ്പോഴും മുഷിഞ്ഞ ഒരു ടവൽ കെട്ടിയിട്ടുണ്ടാവും..കുപ്പായത്തിന്റെ കുടുക്കുകൾ സ്ഥാനം തെറ്റിയിട്ടാണ് ഇട്ടിട്ടുണ്ടാവുക..
രണ്ടുകാലുകളും തുണി കൊണ്ടു കെട്ടിയിട്ടുണ്ടാവും..
മുഷിഞ്ഞ ലുങ്കി അലസമായി ഉടുത്ത് മുടന്തി നടന്നു വരുന്ന ഒജീനക്കപ്പലിനെ കാണുമ്പോൾ തന്നെ മനസ്സിൽ നിന്നു ഒരാന്തൽ വരും..

അയാൾ നടന്നു വരുന്ന വഴി നീളെ ചെറുപ്പക്കാർ ഒളിച്ചു നിന്നു അയാൾ കാണാതെ ഒജീനക്കപ്പലേ എന്ന് വിളിക്കും..അയാളാകട്ടെ വിളിച്ച ആളെ തിരിയാതെ നാട്ടുകാരെ ഒന്നടങ്കം ചീത്തവിളിയിൽ മുക്കിപ്പൊരിക്കും..

അയാളെ പ്രകോപിപ്പിച്ചവർ ഒളിയിടങ്ങളിൽ നിന്നു ഒരു സാഡിസ്റ്റിനെ പോലെ ആനന്ദ നൃത്തം ചവിട്ടും..

മിക്കവാറും പകൽ നേരങ്ങളിൽ ആണ് ഒജീനക്കപ്പൽ റോന്ത് ചുറ്റുക..അയാൾ തിരക്കിട്ടു പെരുങ്കാല് മുടന്തി എവിടേക്കാണ് പോകുന്നതെന്ന്  ചിലപ്പോൾ അയാൾക്ക്‌ തന്നെ അറിയുണ്ടാവില്ല..
ചില നേരങ്ങളിൽ നടാക്കല്ലിറങ്ങി തിരിച്ചു കേറി വന്നവഴിയെ നാറാണത്തു ഭ്രാന്തനെ പോലെ മടങ്ങിപ്പോകുന്നത് കാണാം..

അയാൾ വരുന്നതിനു മുമ്പേ ചെറുപ്പക്കാർ കോറസ് പോലെ ഒജീനക്കപ്പലെ എന്ന് പാടുന്നതു കേൾക്കാം..
അതിനു പിന്നാലെ അയാളുടെ ചീത്തവിളിയും പ്രാക്കുമായി അന്തരീക്ഷമാകെ ഉന്മാദത്തിന്റെ അലയൊലികൾ പുക പോലെ ഉയരുന്നുണ്ടാവും..

ഒരു പാതിരാത്രി..

നാടൊക്കെ നല്ല ഉറക്കിൽ..ദൂരെ നിന്നു ഒജീനക്കപ്പലിന്റെ ചീത്ത വിളി കേൾക്കുന്നു..ആരോ അയാളെ പതിവ് പോലെ പ്രകോപിപ്പിച്ചിട്ടുണ്ടാവാം.ഈ പാതിരാത്രി അയാൾ എവിടെ പോകുന്നതാണ്..

അങ്ങനെ ഓർത്ത് കൊണ്ടിരിക്കെ ,ദയനീയമായ ഒരു ഞരക്കവും കെട്ടു..എന്നെ കൊല്ലല്ലേ എന്ന് പ്രാണന് വേണ്ടി ദയയോടെ യാചിക്കുന്ന വിലാപ ശബ്ദം..

ഒജീനക്കപ്പലാണ്..

ഞാൻ വീട്ടിനു പുറത്തിറങ്ങി.

നാലഞ്ചു പേർ വട്ടം ചേർന്നു നിന്നു ഒജീനക്കപ്പലിനെ മർദ്ദിക്കുകയാണ്..അയാൾ നിലത്തു വീണു പിടയുന്നു..നെറ്റിയിൽ നിന്നു ചോര മുഖമാകെ പടർന്നിരുന്നു..

വളരെ ദുർബലനായ അയാളെ യുവാക്കൾ ചേർന്നു മർദ്ദിക്കുന്നത് നാട്ടുകാർ നോക്കി നിൽക്കുന്നു..

യുവാക്കൾ നന്നായി മദ്യപിച്ചിട്ടുണ്ട്..

അതിലൊരുത്തന്റെ നെറ്റിയിൽ നിന്നു ചോര വരുന്നുണ്ട്..

അവൻ കൂടി നിന്ന നാട്ടുകാരോട് പറഞ്ഞു..

ഒജീനക്കപ്പൽ എന്നെ ആവശ്യമില്ലാതെ കല്ലെറിഞ്ഞു..
എനിക്ക് മുറിവ് പറ്റിയപ്പോൾ എന്‍റെ കൂട്ടുകാർ നന്നായി ഇയാളെ പെരുമാറി..
ഇവിടെ അത്രയേ സംഭവിച്ചിട്ടുള്ളൂ..

അയാൾ വളരെ ലാഘവത്തോടെ പറഞ്ഞു..

ഒജീനക്കപ്പലാകട്ടെ ഒന്നും മിണ്ടാൻ പോലെ കഴിയാതെ നടുറോഡിൽ കമിഴ്ന്നു കിടന്നു ഞരങ്ങിക്കൊണ്ടിരുന്നു..

അയാൾ കിടന്നിടത്ത്  ചെറിയൊരു ചോരക്കളം തളം കെട്ടി നിന്നു..

ഞാൻ വീട്ടിൽ പോയി ബക്കറ്റിൽ വെള്ളവുമായി വന്നു..അയാളുടെ  തലയിൽ ഒഴിച്ചു..

കുറച്ചു കഴിഞ്ഞു അയാൾ എണീറ്റിരുന്നു കുറെ വെള്ളം കുടിച്ചു..
അയാളുടെ മുഖത്തു നിന്നും ശരീരത്തിൽ നിന്നുമൊക്കെ ചോര ഒഴുകിക്കൊണ്ടിരുന്നു..

വാക്കുകൾ കിട്ടാതെ അയാൾ ഉഴറി..ചെറിയൊരു ഞരക്കം മാത്രം..

ഹോസ്പിറ്റലിൽ കൊണ്ടു പോകാമോ എന്ന് ഞാൻ നാട്ടുകാരോട് ചോദിച്ചു..നാട്ടുകാർ പറഞ്ഞു..വേണ്ട വെറുതെ പുലി വാൽ പിടിക്കേണ്ട..പോലീസിന് ഫോൺ ചെയ്തിട്ടുണ്ട്..അവർ വന്നു കൊണ്ട് പൊയ്ക്കോളും..

കുറെ കഴിഞ്ഞു ഒരു ജീപ്പിൽ പോലീസുകാർ വന്നു..അപ്പോഴേക്കും ഒജീനക്കപ്പലിനെ തല്ലിയ  കുടിയന്മാരായ ചെറുപ്പക്കാർ സ്ഥലം വിട്ടിരുന്നു..

പോലീസുകാരാകട്ടെ നാട്ടുകാരോട് ആരാ തല്ലിയതെന്നു ചോദിച്ചു..നാട്ടുകാർ അറിയില്ലെന്ന് പറഞ്ഞു..

എനിക്ക് രോഷം വന്നു..ഞാൻ പറഞ്ഞു..എനിക്കറിയാം..ഞാൻ പറഞ്ഞു തരാം..

എസ്.ഐ.പറഞ്ഞു..നീ പറയണ്ട..എനിക്കറിയാം..ഇയാളെ ആരും തല്ലിയതല്ല..നടക്കുമ്പോൾ മുഖമടച്ചു വീണു പരിക്ക് പറ്റിയതാണ്..മോൻ പോയി കിടന്നുറങ്ങൂ..

എനിക്ക് സങ്കടവും ആ എസ് ഐ യോട് ദേഷ്യവും തോന്നി..

രണ്ടു പോലീസുകാർ ഒജീനക്കപ്പലിനെ വലിയൊരു കാട്ടുപൂച്ചയെ എന്ന പോലെ തൂക്കിയെടുത്തു ജീപ്പിന്റെ പിന്നിലേക്കിട്ടു..

ജീപ്പ് പോയപ്പോൾ അവിടെ അത്രനേരം കെട്ടിനിന്ന ആരവം മഴപെയ്തൊഴിഞ്ഞ പോലെ കെട്ടു  പോയി..

ബക്കറ്റിൽ ബാക്കി വന്ന വെള്ളം ഞാൻ അവിടെ കെട്ടി നിന്ന ചോരക്കളത്തിലേക്കൊഴിച്ചു..

വെള്ളത്തോടൊപ്പം ആ ചോരപ്പൂക്കൾ മണ്ണിലേക്ക് ഒരു തെളിവുപോലും ശേഷിക്കാതെ അമർന്നു പോയി..

താഴെചൊവ്വയിലെ  സ്നേഹസദനത്തിൽ കുറെ നാൾ അന്തേവാസിയായി പാർത്തു ,ഒരുനാൾ ഒജീനക്കപ്പലും മണ്ണിൽ ലയിച്ചു പോയി..

ആ ചെറുപ്പക്കാരാവട്ടെ മാന്യതയുടെ കുപ്പായമിട്ട മണ്ണിൽ ചവിട്ടി നടന്നു.




-ഫിൽസർ സൂപ്പിയാർ-

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...