2020 മേയ് 9, ശനിയാഴ്‌ച

താണയിലെ റമദാനോർമ്മ-8

 ഇഅതികാഫ് ഓർമ്മകളിൽ


റമളാനിൽ വളരെ പ്രാധാന്യത്തോടെ നബി(സ) അനുഷ്ടിച്ച പുണ്യകർമ്മമാണ് അവസാന പത്തിലെ ഇഅതികാഫ്. ഭൗതികതിയിൽ നിന്ന് മുക്തമായി അല്ലാഹുവിൽ പൂർണ്ണവും സമർപ്പിക്കുന്ന ധ്യാന മാർഗ്ഗം. എഴുപതുകളിൽ  എന്റെ ഓർമ്മയിൽ അത്യപൂർവ്വമായിട്ടേ ഇഅതികാഫ് ഇരിക്കൽ കണ്ണൂരിൽ നടക്കാറുള്ളൂ. താണയിൽ നടന്ന ആദ്യ ഈദ് ഗാഹിനു ഇമാമായെത്തിയ കുറ്റ്യാടി ഖാളിയായിരുന്ന മർഹൂം കെ.മൊയ്തു മൗലവിയിൽ നിന്നായിരുന്നു ഇഅതികാഫിന്റെ പ്രായോഗിക രീതി താണയിലെ പലരും മനസ്സിലാക്കുന്നത്. പി. ഉമർ സാഹിബിന്റേയും വി.ആമുസാഹിബിന്റെയും നിർദ്ദേശപ്രകാരം കുറ്റ്യാടി പള്ളിയിൽ പനക്കാട്ട് അബൂക്കാൻ്റെ  കാറിൽ ക്ഷണിക്കാൻ പോയവരാണ് ഇഅതികാഫിന്റെ ഗൗരവം നേരിൽ കണ്ടറിഞ്ഞത്. ഇഅതികാഫിലായിരുന്ന മൊയ്തു മൗലവിയിൽ നിന്നുമാണ് അതിന്റെ പൂർണ്ണരൂപം പ്രായോഗികമായി അടുത്തറിഞ്ഞത്. ഈദ് ഗാഹ് ഇമാമിനെ പരിചയപ്പെടുത്തുമ്പോൾ "ഓർ വലിയ ഇഅതികാഫിന്റെ ആളാണെന്ന് " അന്നത്തെ പള്ളി മാനേജരായിരുന്ന മർഹൂം സേട്ടു മുസ്തഫക്ക പലരോടും പറഞ്ഞത് ഇഅതികാഫിന്റെ അന്നത്തെ വിഷമവും ത്യാഗവും ഓർത്തിട്ടാണ്.  കൊതുക് കടിയേറ്റും ഉറക്കമൊഴിഞ്ഞും കക്കൂസ് സൗകര്യമില്ലാതെയും ഉള്ള പള്ളികളിൽ ധ്യാനമിരിക്കുകയെന്നത് ശ്രമകരമാണ്, ത്യാഗനിർഭരമായ കാര്യമാണ്.
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് താണ സക്കരിയ്യ മസ്ജിദിൽ മർഹൂം ഉമ്മൂക്ക ഫുൾ ടൈം ഇഅതികാഫ് ആരംഭിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ മർഹൂം ടി.പി റഹിം സാഹിബ് ,ടി.സെയ്ത് സാഹിബ്, സി.കെ. അഹ് മദ് സാഹിബ് തുടങ്ങിയവർ ഇഅതികാഫിരുന്നു. ശേഷം എൺപതുകളിലാണ് ചെറുപ്പക്കാർ കൂട്ടത്തോടെ രാപ്പാർക്കൽ ആരംഭിച്ചത്. തറാവീഹിന് വേണ്ടി ഓച്ചിറയിൽ നിന്നെത്തിയ യുവ ഹാഫിളും സംഘാടകനും പണ്ഡിതനുമായ ജ.അബ്ദുൽ ശുക്കൂർ അൽ ഖാസിമിയാണ് താണ മസ്ജിദിൽ ഇഅതികാഫ് യുവാക്കളെ കൊണ്ട് ജനകീയമാക്കിയത്. റോഡുകളിൽ അലഞ്ഞു തിരിഞ്ഞിരുന്ന യുവാക്കളെ ക്ഷണിച്ചു പള്ളിയിൽ കൊണ്ടുവന്നു പത്ത് രാവുകളിൽ ഖുർആനും  ദിക്റും   പരിശീലിപ്പിച്ചത് വലിയൊരു അനുഭവം തന്നെയാണ്. ഇരുപത്തേഴാം രാവിൽ 150ൽ പരം വിദ്യാർത്ഥി-യുവജനങ്ങളാണു   രാത്രി പാർത്തിരുന്നത്.അന്ന്   നാട്ടിൽ വേറെയൊരിടത്തും ഇഅതികാഫ്    ഇല്ലായിരുന്നു. തറാവീഹ് മുതൽ സുബ്ഹി വരെയുള്ള ഇഅതികാഫിന് "നൈറ്റ്കാഫ് " എന്ന് ചിലർ ഓമനപ്പേരിടുകയും ചെയ്തു . ഏതായാലും അലഞ്ഞു തിരിയാതെ പള്ളിയിലെത്തി ഓതിയും, നിസ്കരിച്ചും, ദിഖ് റ് ചൊല്ലിയും ഖുർആൻ പഠിച്ചും രാത്രി പള്ളിയിൽ പാർക്കുന്നത് ആശാവഹം തന്നെ. കഴിഞ്ഞ വർഷം വരെ ഈ രീതി തുടർന്നു.ഇമാം ജ .കുഞ്ഞുമുഹമ്മദ് ഉസ്താദ് ഖുർആൻ പ0നവും ദിഖ്ർ പരിശീലനവും നൽകുന്നത് ശൂന്യതയിൽ നിന്നെത്തുന്ന യുവാക്കൾക്കു പോലും നൽകുന്ന ആത്മീയ ഊർജ്ജം ചെറുതല്ല.  മാത്രമല്ല,അത്താഴത്തിനു  മുമ്പുള്ള തഹജ്ജുദിന് വർഷം തോറും സഫുകൾ ഏറിവരുന്നു എന്നതും ശുഭോദർക്കമാണ്.    ഇന്ന് എല്ലാറ്റിനും കോറോണ ബ്രൈക്കിട്ടു. ഈ സമയം   കുടുംബങ്ങളെ  കൂടെ  കൂട്ടി  രാത്രി ഹയാത്താക്കാനുള്ള   ഉദ്യമത്തിൽ  നമ്മുക്ക് ഏർപ്പെടാം. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ( ആമീൻ )

-തുടരും-


വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...