(പീർ മുഹമ്മദ് എന്ന ഗായകൻ: ഒമാനിലെ നടനും പത്രപ്രവർത്തകനുമായ
കബീർ യൂസുഫിന്റെ വരികൾ)
അറിയപ്പെടുന്ന ഗായകൻ, മാപ്പിളപ്പാട്ടിനു ഒരു മേൽവിലാസം ഉണ്ടാക്കിയ തലശ്ശേരിയുടെ, ഉമ്മർക്കാന്റെ നാട്ടുകാരൻ. വശ്യമാർന്ന പെരുമാറ്റത്തിനുടമ, സൗമ്യഭാവത്തിന്റെ ആൾരൂപം....വി എം കുട്ടി, വിളയിൽ ഫസീല, എരഞ്ഞോളി മൂസ എന്നീ പേരുകളോടൊപ്പം കേൾക്കാറുള്ള പേര്. വിശേഷണങ്ങൾ ഒത്തിരി ഉണ്ട്.
പുരുഷശബ്ദത്തെക്കുറിച്ച് പൊള്ളയായ മുൻവിധികൾ വെച്ച് പുലർത്തിയിരുന്ന ഒരു സമൂഹത്തിലേക്ക്, ആസ്വാദക മനസ്സുകളിലേക്ക് മാധുര്യം തുളുമ്പുന്ന ശബ്ദവും വരികളിലെ സൗകുമാര്യം തിളങ്ങുന്ന വിന്യാസവുമായി കടന്നു വന്നു തന്റെതായ ഒരു സിംഹാസനം കണ്ടെത്തിയ ഗായകനാണ് പീർ മുഹമ്മദ്.
അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ട് കാമുകരായവർ ഒത്തിരി...
അഴകേറുന്നോളേ വാ കാഞ്ചന മാല്യം ചൂടിക്കാൻ കേട്ട് വിജൃംഭിതകപോലിതയായ യുവതികൾ എത്ര !!
മഴവിൽ വിരിഞ്ഞല്ലോ കേട്ട് നമ്രശിരസ്കരായ യുവതികളും, നാളെയെക്കുറിച്ച് സ്വപ്നം കണ്ട, ബെൽ ബോട്ടം പാന്റിട്ട ചെറുപ്പക്കാരും ചൂരി ഉടുത്തവരും ഒത്തിരി ഉണ്ടായിരുന്നു അന്ന്.
മംഗലവും, മംഗലവീടും, ഉപ്പാന്റെയും ഉമ്മാന്റേയും ചങ്കിലെ പെട പെടപ്പും, മണിയറയും, തലശ്ശേരിക്കാരുടെ അറയിൽ കൂട്ടലും റാന്തൽ വിളക്കേന്തിയുള്ള കൂട്ടി കൊണ്ട് വരവും, ജിന്നാ കേപ്പ് വെച്ചുള്ള സുൽത്താന്റെ വരവും, മധു വിധുവും ഒക്കെ പീർ മുഹമ്മദിന്റെ പാട്ടിലൂടെ കാണിച്ചു തന്നത് പോലെ ഏറെയൊന്നും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ട് മണവാളന്റെ മുന്നിൽ നാണം പൂണ്ടവരും, കാൽനഖം കൊണ്ട് ചിത്രമെഴുതിയവരും ഒത്തിരി. കടൽ കടന്ന മാരന്റെ വരവും കാത്തിരുന്നവരും, അറബിക്കടലിന്നക്കരെ നിന്നെത്തുന്ന അത്തറിന്റെ മണമുള്ള കസറ്റ് പെട്ടിക്കായി കാത്തിരുന്ന കാശുമാല അണിഞ്ഞവരും ബാല്യത്തിലെ ഓർമ്മകൾ !!!
പീർ മുഹമ്മദിന്റെ പാട്ടുകളിലൂടെ കൗമാരവും യൗവനവും ജീവിച്ചവരും, അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ കിലോമീറ്ററോളം നടന്നവരും, "പാട്ട് പിടിപ്പിക്കാൻ" നാഷണൽ പാനസോണിക്കിന്റെ ടേപ്പ് റെക്കോർഡറും ചുമന്നു പോയവരും എല്ലാവരും അക്കാലത്തെ ഭാഗ്യം സിദ്ധിച്ചവരാണ്.
ഒരു പക്ഷെ എല്ലാവരേക്കാളും ഒരു വല്ല്യ ഭാഗ്യഈയുള്ളവനു കിട്ടിയിട്ടുണ്ട്. പീർക്കാന്റെ സ്വർണവില്ല അഥവാ ആമിന കോട്ടെജ് എന്ന വീടിന്റെ അയൽക്കാരായിരുന്നു ഞങ്ങൾ. എന്റെ തറവാടിന്റെ തൊട്ടപ്പുറത്ത് ആയിരുന്നു പീർക്കയും സഹോദരി ആമിനാത്തയും മക്കളും ഒക്കെ താമസിച്ചിരുന്നത്. നിറയെ ബോഗൻ വില്ലകളും ഒത്തിരി പൂക്കളും മരങ്ങളും തിങ്ങി നിറഞ്ഞ ഒരു വലിയ, ഇടത്തരം വീട്. കുട്ടിക്കാലത്ത്, ആ ദേശത്ത് ആദ്യമായി ടെലിവിഷൻ സെറ്റ് വന്നത്, വിശാലമായ ആ വീട്ടിലായിരുന്നു. ഒരു ഇമ്മിണി ബല്ല്യ സംഭവം തന്നേണ് അത്......
ഇങ്ങ് ഇരുപത്തഞ്ചോ മുപ്പതോ മീറ്റർ ഇപ്പുറത്ത് മാടത്തുമ്മൽ തറവാടിന്റെ ഉയർന്ന മതിൽക്കെട്ടിൽ ഇരുന്നാൽ ആ ടീവി ഞങ്ങൾ കുട്ടികൾക്ക് കാണാവുന്നതായിരുന്നു. അവരുടെ വിശാല മനസ്ഥിതി കൊണ്ട് ഇങ്ങോട്ട് തിരിച്ചു വെച്ചതാവാനേ വഴിയുള്ളൂ. ഞങ്ങൾ ഒരു വാനരപ്പട എന്നും വൈകിട്ട് 7.30 ആവുമ്പോൾ മതിലിൽ ഹാജരുണ്ടായിരിക്കും. അപ്പോഴാണ് ഏതെങ്കിലും സിനിമ അല്ലെങ്കിൽ ചിത്രഹാർ വെച്ച് തരുന്നത്. ശബ്ദവും ഇങ്ങു കേൾക്കാൻ പാകത്തിന് ഉയർത്തി വെച്ച് തരും.
സന്ധ്യ കഴിഞ്ഞാൽ തറവാട്ടിലെ ആണും പെണ്ണും എല്ലാം ടിവിയിലെ കൗതുകം കാണാൻ മക്കളോട് മത്സരിച്ച് അവിടെ എത്തുമായിരുന്നു. 'ഈനാട്' പോലത്തെ സിനിമകളും ഹിന്ദിയിലെ ചോക്ലേറ്റു താരങ്ങളെയുമൊക്കെ ആദ്യായിട്ട് കാണുന്നത് ആ ബ്ലാക്ക് & വൈറ്റ് ടീവി യിലായിരുന്നു. അവർക്കു വേണമെങ്കിൽ ടിവിയുടെ പൊസിഷൻ മാറ്റാമായിരുന്നു, ശബ്ദം കുറക്കാമായിരുന്നു. പക്ഷെ, അതൊന്നും അവർ ചെയ്തില്ല എന്ന് മാത്രമല്ല, ഉറക്കം വന്നു ആമിനാത്തയും മക്കൾ ബീന, ഷക്കി, ജഹ, നിഷ എന്നിവരൊക്കെ പോയാലും ആരെങ്കിലും ടീവി ഓണാക്കിത്തന്നെ വെച്ചു ഞങ്ങൾ പിരിഞ്ഞു പോകുന്നത് വരെ അവിടെ ഇരിക്കുമായിരുന്നു. ഓർക്കുമ്പോൾ കണ്ണു നിറയുന്നു ആ വിശാല മനസ്സുകളെ ഓർത്ത്.
പറഞ്ഞ് വന്നത്, മറ്റൊരു ഭാഗ്യത്തെ കുറിച്ചായിരുന്നു അല്ലെ. അതെ, സംഗീതവും കമ്പോസിങ്ങും ഒക്കെ ആയി ശബ്ദ മുഖരിതവും സംഗീത സാന്ദ്രവുമായിരുന്നു അവിടത്തെ പകലുകൾ. തലശ്ശേരിയിലെയും മറ്റു നഗരങ്ങളിലെയും അറിയപ്പെടുന്ന ഗായകരും സംഗീതജ്ഞരും അവിടെ വരാറുണ്ടായിരുന്നു. (അവരിൽ പലരും പ്രഗത്ഭരും പ്രശസ്തരും ആണെന്ന് മുതിർന്നപ്പോഴാണ് മനസിലായത്).
ഇവരൊക്കെ പീറൂക്കയോടൊപ്പം ഇരുന്നു പല പാട്ടുകളുടെയും പല്ലവിയും അനുപല്ലവിയും വെട്ടിയും തിരുത്തിയും, മൂളിയും താളമിട്ടും ഒക്കെ ചിട്ടപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇങ്ങു മതിലിനു മീതെ ഞങ്ങൾ 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ' പോലെ വൈകുന്നേരം ആവാൻ കാത്തിരിക്കുമായിരുന്നു. തബലയും ഹാർമോണിയവും ഒക്കെ ആദ്യായിട്ട് കണ്ടത് അവിടത്തെ തിളങ്ങുന്ന റെഡ് ഓക്സൈഡ് ഇട്ട, നാല് ഉയർന്ന തൂണുകൾ ഉള്ള ആ കോലായിൽ ആയിരുന്നു.
ഇന്നത്തെ, അബാലവൃദ്ധം ജനഹൃദയങ്ങൾ ഏറ്റു വാങ്ങിയ പല പാട്ടുകളുടെയും ചിട്ടപ്പെടുത്തലിനു അറിയാതെ എങ്കിലും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് തന്നെ ബാല്യത്തിന്റെ fringe benefits ൽ ഒന്നായി തോന്നുന്നു.
പാട്ടുകൾ പോലെത്തന്നെ വശ്യമായിരുന്നു പീർക്കയുടെയും ആമിനത്തായുടെയും പെരുമാറ്റവും. ഞങ്ങൾ കുട്ടികളോട്, വെളുത്തു തുടുത്ത മുഖങ്ങളുടെ ഒരു കോണിൽ ഒരു നേരിയ മന്ദസ്മിതം ഒളിപ്പിച്ചു വെച്ചേ അവർ എന്നും സംസാരിച്ചിരുന്നുള്ളൂ.
ബറാഅത്ത് ദിവസം ഞങ്ങൾ കുട്ടികൾക്ക് ഒരു ചടങ്ങുണ്ട്. ഉത്തരേന്ത്യൻ ഗോസായിമാരിൽ നിന്നും ഇന്ന് നാം കടമെടുത്ത ബാരാത് അല്ല.
പല വർണക്കടലാസുകൾ മുറിച്ച്, ചെറിയ ഈർക്കിൽ കമ്പുകളിൽ ഒട്ടിച്ചു വാഴത്തടയിൽ കുത്തി വെച്ചു ഉയർത്തി പിടിച്ചു കൊണ്ട് സംഘങ്ങളായി ബറാഅത്ത് അറിയിച്ചു കൊണ്ട് പാട്ടും പാടി വീട് വീടാന്തരം കയറി ഇറങ്ങുക. ഒരു കറക്കം കഴിഞ്ഞാൽ കൊടികൾ എല്ലാം വിറ്റു തീരും, കീശ നിറയെ ചില്ലറകളും ഉണ്ടാവും. കുട്ടികൾക്ക് ഒരു ചാകര തന്നെ ആയിരുന്നു അത്.
സ്വർണവില്ലയിൽ എത്തിക്കഴിഞ്ഞാൽ പീർക്കയും ആമിനത്തായും മക്കളും ഒത്തിരി പാട്ടുകൾ പാടിക്കും. കൂട്ടത്തിൽ ഗായകനായ അസ്‌കറിനു പാട്ട് നിർത്താൻ വല്ലതും കൊടുക്കേണ്ടി വരുമായിരുന്നു. വരാൻ നേരം നാണയങ്ങളും പിന്നെ ബറാഅത്ത് സ്പെഷ്യൽ വിഭവങ്ങളും പീർക്ക കുടുംബത്തിന്റെ ഒരു പ്രത്യേകത ആയി ഇന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്നു.
ആമിനത്താ ഇന്ന് നമ്മോടൊപ്പം ഇല്ല. അവരുടെ ആഖിറം വെളിച്ചമാക്കി കൊടുക്കാൻ പ്രാർഥിക്കുന്നതോടൊപ്പം പീർക്കക്കും കുടുംബങ്ങൾക്കും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
പീർക്കയുടെ legacy അദ്ദേഹത്തിന്റെ കുടുംബം, രഹനത്തായും മക്കൾ സമീർ, നിസാം എന്നിവരും ഉദാത്തമായി സൂക്ഷിക്കുന്നു, അന്നും, ഇന്നും, എന്നും...


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ