2020 ജൂൺ 30, ചൊവ്വാഴ്ച

പരമ്പര / കാലത്തിനു മുമ്പേ സിറ്റിയെ നയിച്ചവർ

പരമ്പര!

-ഹനീഫ കുരിക്കളകത്ത്-

ദേശത്തിൻറേയും സമുദായത്തിൻറേയും രക്ഷക്കും അഭിമാനത്തിനുമായി സ്വജീവൻ തൃണവൽഗണിച്ചു വൈദേശിക ശക്തികൾക്കെതിരെ പൊരുതി വീരചരമം പ്രാപിച്ച സിറ്റിയുടെ കെടാവിളക്കുകളായ ചിലരെ നാം പരിചയപെട്ടു.
അതുപോലെ കാലത്തിനു മുമ്പേ സഞ്ചരിച്ചു ഒരു പ്രദേശത്തിനും രാജ്യത്തിനും വഴികാട്ടികളായി ജീവിച്ച ഒട്ടേറെ പേർക്കു ജന്മം നൽകിയ മണ്ണാണ് കണ്ണൂർസിറ്റി. നാടിൻറേയും നാട്ടുകാരുടേയും ക്ഷതമേറ്റ അഭിമാനം വീണ്ടെടുക്കാനായി പറങ്കിപടക്കെതിരെ പടവാളുയർത്തി കുതിച്ചു ചാടിയ ബലി ഹസ്സന്റെയും
 അങ്കതട്ടിലെ മറ്റൊരു  ചേകവരായ പയ്യമ്പള്ളി ചന്തു വിൻറേയും നാട്ടുകാരായി ജനിച്ച് വിദ്യാഭ്യാസ-മത- സാംസ്കാരിക-കല- രാഷ്ട്രീയ മേഖലകളിൽ കണ്ണൂർ സിറ്റിയുടെ മഹത്വം ഉയർത്തിക്കാട്ടിയ മഹാന്മാരാണവർ.
എ .എൻ കോയകുഞ്ഞി യെന്ന കോയിക്ക,  ഇച്ചമസ്താൻ,പാലോട്ട് മൂസകുട്ടി ഹാജി, സുൽത്താൻ അബ്ദുറഹ് മാൻ ആലി രാജ  ജസ്റ്റിസ് വി. ഖാലിദ്, പി അബ്ദുൽ ഖാദർ മൗലവി, ഹബീബ് കൽഫ ഹബീബ് തങ്ങൾ, എം അബ്ദുറഹ് മാൻ മുൻഷി,സേഠ് ഉത്തംറാംനാഥ്,  ഒാവിന്നകത്ത് സഹോദരന്മാരായ ഉമ്മർകുട്ടി ഹാജി, മമ്മികുഞ്ഞി ഹാജി, അബ്ദുൽ ഖാദർ ഹാജി, പാറപ്പുറത്ത് കോയകുഞ്ഞി, എം.സി ഉമ്മർകുഞ്ഞി,ഒ.കെ മുഹമ്മദ് കുഞ്ഞി,സി കണ്ണൻ,  ഇ.അഹമദ്, പാലാണ്ടി കോയഞ്ഞി  എ. ടി ഉമ്മർ  തുടങ്ങി ആ പട്ടിക നീണ്ടതാണ്.
(തുടരും)



ഇർഷാദിയൻ ചിന്തകൾ



കവിത/ അമ്മയാണമ്മ


2020 ജൂൺ 29, തിങ്കളാഴ്‌ച

കണ്ണൂർ അറക്കൽ സ്വരൂപം-4(അവസാന ഭാഗം)

പരമ്പര: അവസാന ഭാഗം

കണ്ണൂർ അറക്കൽ സ്വരൂപം: ചരിത്ര പശ്ചാത്തലത്തിൽ

✍️ എ.പി.എം മൊയ്തു സാഹിബ്

പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും   ആക്രമണങ്ങൾ ധീരമായി ചെറുത്തുനിന്ന അറക്കൽ സേനയെന്ന  മാപ്പിള പട്ടാളം  പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി ക്കെതിരെയുള്ള ഒരു യുദ്ധത്തോടെ നശിച്ചു പോവുകയാണുണ്ടായത്.
കൂടാതെ
1766- 80 കാലഘട്ടങ്ങളിൽ മൈസൂരിൻറെ അധിപനായിരുന്ന  ഹൈദരാലിയും പിന്നീട് ടിപ്പുസുൽത്താനും ഈ  രാജവംശവുമായി ബന്ധപ്പെട്ടുവെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിട്ടുണ്ട്.
ടിപ്പുസുൽത്താൻ തൻറെ മകനെ അറക്കൽ സ്വരൂപത്തിൽ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് ഉണ്ടായ ചില പ്രതികൂല സാഹചര്യങ്ങളാൽ അത് നടക്കാതെ പോവുകയാണുണ്ടായത്. പക്ഷേ, ടിപ്പുസുൽത്താനുമായുള്ള ബന്ധം  പിന്നീട് അറക്കൽ സ്വരൂപത്തിന്റെ തകർച്ചയിലേക്കാണ് വഴിയൊരുക്കിയത്.1784-ൽ ടിപ്പുസുൽത്താനും  ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൻറെ ഫലമായി   അറക്കൽ സ്വരൂപത്തിൽ നിന്ന്  ടിപ്പുസുൽത്താൻ കൈവശമാക്കിയ കണ്ണൂർ കോട്ടയും കണ്ണൂർ നഗരവും ടിപ്പുവിൽ നിന്ന് അന്നത്തെ അറക്കൽ സ്വരൂപത്തിന്   തിരിച്ചുകിട്ടാൻ ബ്രിട്ടീഷുകാർ വഴി ഒരുക്കിയെങ്കിലും 1793-ൽ പറങ്കികൾ  സ്വരൂപത്തിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.1911 ആകുമ്പോഴേക്കും അറക്കൽ വംശത്തിന്റെ എല്ലാ അധികാരങ്ങളും കൈവിട്ടുപോയി.
ചെങ്കോലും ഉടവാളും ധരിച്ച് അധികാരം വാണിരുന്ന അറക്കൽ രാജ സ്വരൂപം കിരീടവും ഭരണവും ഇല്ലാത്ത ഒരു രാജ സ്വരൂപമായി നിലംപതിച്ചു. പക്ഷേ മുസ്ലിമീങ്ങളുടെ മതപരമായ  അധിപനെന്ന നിലയിലുള്ള അധികാരം അവരിൽ  എന്നും നിക്ഷിപ്തമായിരുന്നു. കണ്ണൂർ നഗരത്തിലെ എല്ലാ മുസ്ലിം ദേവാലയങ്ങളിലെയും മുതവല്ലി സ്ഥാനം  അറക്കൽ സ്വരൂപമാണ് കൈകാര്യം ചെയ്തിരുന്നത്.പ്രതാപത്തിന്റെയും ഭരണാധികാര ത്തിൻറെയും ധീരമായ കഥകൾ വിരാജിച്ച പ്രസ്തുത അറക്കൽ സ്വരൂപത്തിന്റെ സ്ഥിതി പിന്നീട് ദയനീയമായി.മലയാളക്കരയിലെ മറ്റു പല നാടുവാഴികളുടെയും ചരിത്ര സ്മരണ പുതുക്കുന്നതിന് ചില സ്ഥാപനങ്ങളെന്കിലുമുള്ളപ്പോൾ ഏതു നിമിഷവും നിലംപതിക്കുമെന്ന ആശങ്കയോടെ ഉറ്റു നോക്കുന്ന പഴഞ്ചൻ കെട്ടിടങ്ങളുടെ സ്മരണികയിൽ മാത്രം ആ രാജവംശം കണ്ണൂർ സിറ്റിയിൽ ഒതുങ്ങി കഴിഞ്ഞു.പഴയ ഓർമ്മകൾ പുതുക്കുന്ന ആ കെട്ടിടങ്ങൾ പൂർണ്ണമായും നിലംപതിച്ചു കഴിഞ്ഞാൽ നാളത്തെ തലമുറയ്ക്ക് ഈ രാജവംശത്തെ കുറിച്ച് ഓർക്കുന്നതിനോ ആരായുന്നതിനോ വേണ്ടി ആ രാജവംശത്തിന്റെ സ്മരണ നിലനിർത്തുന്നതിന്നാവശ്യമായ ഒന്നും തന്നെ ഉണ്ടാക്കാൻ ആരും തന്നെ ഇവിടെ ശ്രദ്ധിച്ചില്ല എന്നതാണ് ഏറ്റവും പരിതാപകരം.
(പിൻകുറി: കുറിപ്പ് എഴുതിയ വർഷം 1987. അതിനുശേഷം ഒട്ടേറെ കെട്ടിടങ്ങൾ റോഡ് വീതി കൂട്ടാൻ മറ്റും പൊളിച്ചുമാറ്റി.ഇന്ന് അറക്കൽ മ്യൂസിയം നിലനിൽക്കുന്ന   കെട്ടിടം പുതുക്കിപ്പണിതാണ് മ്യൂസിയവും സ്ഥാപിച്ചത്)
അവലംബം: 1987- ൽ സിറ്റി ദീനുൽ ഇസ്ലാം സഭ പുറത്തിറക്കിയ സ്മരണിക.
(അവസാനിച്ചു)



സിറ്റിയുടെ സ്വന്തം കവിയത്രി

നമുക്ക് പരിചയപ്പെടാം!



"സിറ്റിയുടെ സ്വന്തം കവിയത്രി"

✍️ ശംസു മാടപ്പുര

മനസ്സിൽ കോറിയിട്ട ആശയങ്ങൾക്ക് ഭാവാത്മക നിറഭേദങ്ങൾ നൽകി  കവിതാ രൂപത്തിൽ ചാലിച്ചെഴുതുന്ന വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് കണ്ണൂർ സിറ്റിയിലെ സ്വന്തം കവിയത്രി ഷേബ.
പി. പി ശ്രീധരനുണ്ണിയുടെ വാക്കുകൾ കടമെടുത്തു പറയട്ടെ, ഒരു ഭാവത്തെ ആവാഹിച്ച് അക്ഷര രൂപം നൽകുന്ന രീതി അവലംബിച്ച എഴുത്തുകാരി.
നിയതമായ ഒരു ലിപി ഇല്ലാത്ത, ഹൃദയ ഭാഷയിൽ മാത്രം സംവദിക്കുന്ന, ഭാവ ഗാനങ്ങളുടെ ഘടന കവിതാ രൂപത്തിലാക്കിയ അനുഗ്രഹീത തൂലികക്കാരി.
ഒരുപാട് എഴുത്തുകാരുള്ള കണ്ണൂർ സിറ്റിയിൽ  സ്ത്രീ പക്ഷത്തു നിന്നും വേറിട്ട കവിതകളുമായി വായനാ ലോകത്തിൽ ഒരിടം
നേടിയ ഷേബ
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത്  തന്നെ കവിതാ രചനയിലേക്ക് പ്രവേശിച്ചിരുന്നു. അന്ന്  മനസ്സിൽ തോന്നുന്നതൊക്കെ കുത്തിക്കുറിക്കും.  വിരിഞ്ഞ കവിതകൾ പുറം ലോകം കാണിക്കണമെന്ന ചിന്തയില്ലാതിരുന്നതിനാൽ സൂക്ഷിച്ചു വെക്കുന്ന സ്വഭാവമില്ലായിരുന്നു .മാത്രമല്ല, അന്ന് എഴുത്തൊട്ടും കാര്യമായി എടുക്കാത്തത് പോലെ തന്നെ  കുടുംബത്തിൽ നിന്നും കാര്യമായ പ്രോത്സാഹനവും ലഭിച്ചിരുന്നില്ല.
വിവാഹാനന്തരം അധ്യാപകനും എഴുത്തുകാരനുമായ ഭർത്താവ് അഷ്റഫിന്റെ നിർലോഭമായ പ്രോത്സാഹനവും പ്രചോദനവും ലഭിച്ചതോടെ ഷേബ കവിതയുടെ ചാരത്തണഞ്ഞു. അതോടെ സോഷ്യൽ മീഡിയയിലൂടെ കവിതകൾ വെളിച്ചം കണ്ടു. സിറ്റിയിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇടപെടൽ മൂലം ഗ്രൂപ്പ് അംഗങ്ങളുടെ പിന്തുണയും ലഭിച്ചു.
താമസംവിനാ ഒരു കവിതാസമാഹാരം പ്രകാശിതമായി. 2019 ഡിസംബറിൽ വചനം ബുക്സ് പ്രസിദ്ധീകരിച്ച "തണൽ തൊട്ട വെയിൽ"ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പ്രകാശന കർമം നിർവഹിച്ചത് . കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ .ടി .ബാബുരാജ് ചടങ്ങിൽ വെച്ച് പുസ്തക പരിചയം നടത്തി .പി.പി.ശ്രീധനുണ്ണിയുടേതായിരുന്നു അവതാരിക.
അങ്ങനെ എഴുത്തിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന് ആളും അർത്ഥമുണ്ടായി.
കേരള വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്ത 100 അധ്യാപകർക്കായി നടത്തുന്ന മൂന്ന് ദിവസത്തെ വിദ്യാ സാഹിതി എന്ന ക്യാമ്പിൽ രണ്ടുതവണ പങ്കെടുക്കാനായത് സൗഭാഗ്യമായി കരുതുന്നൂ അദ്ധ്യാപിക കൂടിയായ ഷേബ.
വായനയ്ക്ക് പുറമേ ചിത്രരചനയിലും പെയിന്റിംഗിലും ആഭിമുഖ്യം പുലർത്തുന്ന ഇവർ പുതിയൊരു പുസ്തകത്തിൻറെ പണിപ്പുരയിലാണ്.  ഈ പുസ്തകത്തിലൂടെ തൻറെ രചനയോടൊപ്പം ജീവിതപങ്കാളിയുടെ സൃഷ്ടിയും കൂടി വായനക്കാരുടെ സമക്ഷം  എത്തിക്കുകയാണ്  ഷേബ. ഭർത്താവ് സി. പി . അശ്റഫ് സാഹിത്യ ലോകത്ത് അറിയപ്പെടുന്ന വ്യക്തിയാണ്.
സി എച്ച് ലേഖന പുരസ്കാരം, ഗാന്ധി ലേഖന പുരസ്കാരം, ടാഗോർ സാഹിത്യ  നാഷണൽ ഫെലോഷിപ്പ് അവാർഡ് തുടങ്ങിയവ  മുരിങ്ങേരി യു പി സ്കൂൾ അധ്യാപകൻ കൂടിയായ ഇദ്ദേഹത്തെ തേടിയെത്തി. "മറന്നു വെച്ച വാക്കുകൾ"എന്ന പുസ്തകം പ്രസിദ്ധീകൃതമായിട്ടുണ്ട്.
കണ്ണൂർ സിറ്റിയിലെ നാലുപുരക്ക് താമസിക്കുന്ന  പറമ്പത്ത്  റാബിയയുടെയും പരേതനായ മരക്കാർ മൂപ്പൻ മുസ്തഫയുടെയും മകളായ ഷേബ
നിലവിൽ  ദീനുൽ ഇസ്ലാം സഭ ഹയർസെക്കൻഡറി സ്കൂൾ അറബിക് അധ്യാപികയാണ്
 മക്കൾ : സാഹിൽ ,തമന്ന.
അഞ്ചരക്കണ്ടിയിലാണ് താമസം.

ഇടവേള/ഇർഷാദിയൻ ചിന്തകൾ




2020 ജൂൺ 28, ഞായറാഴ്‌ച

കണ്ണൂർ അറക്കൽ സ്വരൂപം - 3

പരമ്പര



✍️  എ.പി.എം മൊയ്തു സാഹിബ്

ഹിജ്റയുടെ ആദ്യനൂറ്റാണ്ടുകളിലായിരുന്നു അറക്കൽ രാജവംശം ധർമ്മ പട്ടണത്തിൽ നിന്നും കണ്ണൂരിലേക്ക് താമസം മാറ്റിയത്. കടൽ വ്യാപാര സൗകര്യമായിരുന്നു ഈ സ്ഥലം മാറ്റത്തിനുള്ള പ്രധാന കാരണം.അറക്കൽ സ്വരൂപം കണ്ണൂരിൽ എത്തുന്നതിനുമുമ്പ് ഇവിടെ മുസ്ലിം കുടുംബം ഉണ്ടായിരുന്നതായി യാതൊരു തെളിവും ചരിത്രകാരന്മാർക്ക് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അവർ കണ്ണൂരിലെത്തിയ ഉടനെ കടൽ തീരത്തിന്നടുത്ത് കൊട്ടാരം പണിതു.രാജവംശത്തിലെ അംഗങ്ങൾക്കും പരിവാരങ്ങൾക്കുമായി സമീപപ്രദേശത്ത് പ്രാർത്ഥന നടത്താൻ ഒരു മുസ്ലിം ദേവാലയവും നിർമ്മിച്ചു. അതായിരുന്നു ഇന്നും സിറ്റി സെൻട്രലിലുള്ള ഈസിങ്ങാന്റെ പള്ളി എന്ന പേരിൽ അറിയപ്പെടുന്ന ആരാധനാലയം.  ഹിജ്റ 120 നിർമ്മിക്കപ്പെട്ടതാണീ പള്ളിയെന്ന വസ്തുത പള്ളിയുടെ മധ്യത്തിൽ രേഖപ്പെടുത്തിയ അടയാളം വ്യക്തമാക്കുന്നുണ്ട്. പള്ളി പുതുക്കി പണിതപ്പോൾ സൂക്ഷ്മതയുടെ അഭാവം കാരണം അടയാളം നഷ്ടപ്പെട്ടു. അറക്കൽ സ്വരൂപം കണ്ണൂരിൽ എത്തിച്ചേരുന്നതിനുള്ള പ്രധാന കാരണം വ്യാപാര ലക്ഷ്യമായിരുന്നുവെന്ന്  നേരത്തെ സൂചിപ്പിച്ചുവല്ലോ.കപ്പലുകളിലും വഞ്ചികളിലുമായി  കടൽ മാർഗത്തിലൂടെ യായിരുന്നു അന്നത്തെ പ്രധാന വ്യാപാര മാർഗ്ഗം.
അതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു കണ്ണൂർ സിറ്റി. ഇവിടെ എത്തിയ ഈ രാജവംശം വ്യാപാരാർത്ഥം ആനയിടുക്കിലേ കുന്നിന്മേലും കടലായി  കുന്നിനു മുകളിലും ഓരോ കോട്ട പണിതു. ഈ കോട്ടയുടെ അവശിഷ്ടങ്ങളൊന്നും ഇന്ന് കാണാനില്ലെങ്കിലും കസാനകോട്ട എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലം കോട്ടയുടെ സ്മാരകമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.പിന്നീട് വ്യാപാരരംഗത്തെ തങ്ങളുടെ ആധിപത്യം പൂർണമായും സ്ഥാപിച്ചു കഴിഞ്ഞതോടെ ഈ രാജവംശത്തിന്റെ ഔന്നത്യവും പ്രതാപവും ഇവിടെ വെന്നിക്കൊടി നാട്ടി. ഇസ്ലാം മത പ്രചാരണ കാര്യങ്ങളിൽ വടക്കേ മലബാറിലും ലക്ഷദ്വീപിലും പ്രശംസാർഹമായ സേവനങ്ങൾ ഈ രാജവംശം അന്ന് കാഴ്ചവെച്ചിരുന്നു. വളരെ ചുരുക്കം ആളുകൾ  ഉണ്ടായിരുന്ന മാലദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പണ്ഡിതന്മാരെയും ഷെയ്ക്കുമാരെയും അയച്ച് ഇസ്ലാം മത പ്രചാരണം നടത്തി. കണ്ണൂരിൽനിന്ന് ചില മുസ്ലിം കുടുംബങ്ങളെ  ദ്വീപുകളിൽ മാറ്റി താമസിപ്പിച്ച് വംശവർദ്ധനയുണ്ടാക്കാൻ അന്ന് നാടുവാഴി നടപടികളെടുത്തു. മലബാറുമായി  ഒരുഭേദ്യബന്ധം ദ്വീപുകൾക്ക്  ഉണ്ടാകാനുള്ള പ്രധാന കാരണം ഇതായിരുന്നു. ലക്ഷദ്വീപുകൾ പിന്നീട് ഈ അറക്കൽ വംശത്തിന്റെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ വടക്കേ മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ മതപരവും സാമുദായികവുമായ എല്ലാവിധ നേതൃത്വവും അറക്കൽ സ്വരൂപം കയ്യടക്കിയിരുന്നു.
കടൽ വ്യാപാരത്തിലെ കുത്തക തങ്ങളിൽ നിക്ഷിപ്തമായതോടെ അത് നിലനിർത്താനുള്ള ഒരുക്കങ്ങൾ നടത്തി. രക്ഷാനടപടികളെന്ന നിലയിൽ പടക്കപ്പലുകളും ധീരന്മാരായ പടയാളികൾ അടങ്ങുന്ന നാവികസേനയും അറക്കൽ സ്വരൂപത്തിന്റെ കീഴിൽ അന്നുണ്ടായിരുന്നതായി ഒട്ടേറെ ചരിത്ര തെളിവുകൾ സാക്ഷ്യം വഹിക്കുന്നു.
കൂടാതെ വടക്കേ ഇന്ത്യയിലെ പല മുസ്ലിം ഭരണാധികാരികളുമായി അറക്കൽ രാജവംശം ബന്ധപ്പെടുകയും കണ്ണൂർ ജില്ലയുടെ മുഴുവൻ ആധിപത്യവും ഈ രാജവംശം നേടിയെടുക്കുകയും ചെയ്തിരുന്നു.
അങ്ങനെ അഭിവൃദ്ധിയുടെ യും ഐശ്വര്യത്തിന്റെയും ഉത്തുംഗ ശിഖരത്തിൽ വിഹരിച്ചു കൊണ്ടിരിക്കുന്ന ആ കാലഘട്ടത്തിലാണ് കണ്ണൂർ കോട്ട ഡച്ചുകാരിൽ നിന്നും രണ്ടു ലക്ഷം രൂപക്ക് അറക്കൽ സ്വരൂപം വിലക്കുവാങ്ങിയത്.
തുടർന്നുള്ള രാജഭരണം കാര്യക്ഷമമായിരുന്നെങ്കിലും വിദേശത്തുനിന്നുള്ള പല വെല്ലുവിളികളും നേരിടേണ്ടി വന്നു. അതുകൊണ്ടുതന്നെ  1770 ൽ അറക്കൽ സ്വരൂപത്തിന്റെ കീഴിൽ ഒരു സേന രൂപീകരിക്കേണ്ടതായി വന്നു.
(തുടരും)



കവിത/പുലരും മുമ്പേ...




ഇർഷാദിയൻചിന്തകൾ




ഇന്ന് ജൂൺ 28, ലോക ദാരിദ്ര്യ ദിനം/ജാസിം റഹ്മാന്റെ കവിത




2020 ജൂൺ 27, ശനിയാഴ്‌ച

അറക്കൽ സ്വരൂപം-2

പരമ്പര



✍️ എം പി .എം മൊയ്തു സാഹിബ്

മേൽ സൂചിപ്പിച്ച ചരിത്രകാരന്മാർ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ തികച്ചും അടിസ്ഥാന രഹിതവും അർഥശൂന്യവുമാണെന്ന് സ്ഥാപിക്കാൻ പര്യാപ്തമായതാണ്.
കോലത്തിരിയേക്കാൾ മുമ്പ് തന്നെ അറക്കൽ സ്വരൂപം രാജഭരണം നടത്തിയിരുന്നുവെന്നും പിന്നീട് വന്ന കോലത്തിരിയുമായി നാടു വാഴ്ചയെ സംബന്ധിച്ച് അറക്കൽ സ്വരൂപം സ്പർദ്ധയിലായിരുന്നുവെന്നും സാക്ഷ്യം വഹിക്കുന്ന  ചരിത്രരേഖകൾ കണ്ടെത്തുകയുണ്ടായിട്ടുണ്ട്. അതായത് കോലത്തിരി വംശത്തിൽ നിന്നുള്ള മതപരിവർത്തനത്തിലൂടെ  മദ്ധ്യ കാലത്തുണ്ടായ ഒരു രാജവംശമല്ല അറക്കൽ സ്വരൂപമെന്നും 1300 ലധികം സംവത്സരങ്ങൾക്കു മുൻപ് ധർമ്മടം എന്ന പേരിൽ ഇന്നറിയപ്പെടുന്ന പഴയ ധർമ്മ പട്ടണത്തു നാടുവാഴിയായിരുന്ന മുഹമ്മദലി എന്നവരാൽ സ്ഥാപിതമായ ഒരു രാജ ഗോത്രമാണ് അറക്കൽ രാജവംശമെന്നും ഒട്ടേറെ ചരിത്ര രേഖകളിലൂടെ ഇന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
പ്രസ്തുത ചരിത്രാവലോകന ത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ   ഒരു സംക്ഷിപ്ത രൂപത്തിൽ മാത്രമാണ് ഇവിടെ ഉദ്ധരിക്കുന്നത്.
ചേരമാൻ പെരുമാളിന്റെ ഇസ്ലാംമതാശ്ളേഷണം ചരിത്രപ്രധാന്യം അർഹിക്കുന്ന ഒരു സംഭവമായിരുന്നല്ലോ. ഇസ്ലാം മതം സ്വീകരിക്കുന്നതിനായി മക്കത്തേക്ക് പോയ ചേരമാൻ പെരുമാൾ ഭാര്യാസമേതം അവിടെ കുറേക്കാലം കഴിഞ്ഞുകൂടുകയും പിന്നീട് പരിവാരസമേതം തിരിച്ചു വരികേ വഴിക്ക് വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു.തുടർന്ന് കൂടെ ഉണ്ടായിരുന്നവർ രണ്ടു കപ്പലുകളിലായി യാത്ര തുടരുകയും ഒരു കപ്പൽ ഇന്നത്തെ മധുരയിലും മറ്റൊന്ന് കൊടുങ്ങല്ലൂരിലും വന്നു ചേരുകയുണ്ടായി.കൊടുങ്ങല്ലൂരിൽ എത്തിയ സംഘത്തിലെ തലവൻ മാലിക് ദീനാറിന്റെ സഹോദരനായ ഹുസ്സൈയ്യിനിബിനു  മുഹമ്മദ് ഇബ്നു മാലിക്കിൻ മദനിയ്യ എന്നവർ ധർമ്മ പട്ടണത്ത് വന്നു ചേരമാൻ പെരുമാളിന്റെ സഹോദരിയായ ശ്രീദേവിയെ കണ്ടു എല്ലാ വിവരങ്ങളും അറിയിക്കുകയും പിന്നീട് ശ്രീദേവിയും കുടുംബാംഗങ്ങളും ഇസ്ലാം മതം ആശ്ലേഷിക്കുകയും ചെയ്തതിനുശേഷം ശ്രീദേവിയുടെ മകനായ മഹാബലി മുഹമ്മദലി എന്ന പേര് സ്വീകരിച്ച് രാജാവായി വാഴ്ന്നതോടെ അറക്കൽ രാജവംശം
രൂപപ്പെട്ടു എന്നാണ്  ചരിത്ര ഗവേഷണത്തിലേർപ്പെട്ട ചരിത്രകാരന്മാർ പിന്നീട് കണ്ടെത്തിയിട്ടുള്ള ചരിത്രസത്യം.  കണ്ണൂർ അറക്കൽ സ്വരൂപം   എന്ന പേരിലാണ്  ഇന്ന് അറിയപ്പെടുന്നതെങ്കിലും അവരുടെ ഉത്ഭവം ധർമ്മടത്താണെന്ന് സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യം  നിലനിന്നിരുന്നത് ഈ സ്വരൂപത്തിൽ  നടക്കുന്ന വിവാഹ കാർമികത്വമാണ്. അന്ന്  ധർമ്മടം ഖാസിക്ക് മാത്രമേ നിക്കാഹിന് നേതൃത്വം കൊടുക്കാൻ അധികാരമുള്ളൂ. വർഷങ്ങളോളം ഇതേ രീതിയിലുള്ള നടപടിയാണ് അറക്കൽ തറവാട്ടുകാർ  സ്വീകരിച്ചുവന്നിരുന്നത്.
(തുടരും)

കവിത/ വേദന




2020 ജൂൺ 26, വെള്ളിയാഴ്‌ച

കണ്ണൂർ അറക്കൽ സ്വരൂപം-1

പരമ്പര

കണ്ണൂർ അറക്കൽ സ്വരൂപം: ചരിത്രപശ്ചാത്തലത്തിൽ!

✍️ എ .പി .എം മൊയ്തു സാഹിബ്

ലോകത്തിൽ ഫ്യൂഡലിസത്തിന്റെ വെന്നിക്കൊടി പാറി കളിച്ചിരുന്ന ഒരു കാലഘട്ടത്തിൽ  ഔന്നത്യത്തിന്റെയും പ്രതാപത്തിന്റെയും ഉത്തുംഗ ശിഖരത്തിൽ വിഹരിച്ച ഒട്ടേറെ രാജവംശങ്ങൾ മലയാളക്കരയിലുണ്ടായിരുന്നുവെന്കിലും മുസ്ലിംങ്ങൾക്ക് അവകാശപ്പെട്ടത് ഒരെണ്ണം മാത്രമായിരുന്നു. അതാണ്
അറക്കൽ രാജവംശം!
ഇന്ത്യയിൽ വാണിരുന്ന പഴയകാല മുസ്ലിം രാജാക്കന്മാരെയും ഭരണാധികാരികളെയും സംബന്ധിച്ച് സത്യവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമായ പലതും തന്നെ ചില ചരിത്രകാരന്മാർ എഴുതി വച്ചിരിക്കുകയാണെന്ന  ആക്ഷേപത്തിന് ആക്കം കൂട്ടുന്നവിധം തന്നെയാണ് മലയാളമണ്ണിലെ അറക്കൽ സ്വരൂപത്തിന്റെ ചരിത്രവും ചിലർ രചിച്ചിട്ടുള്ളത്.
അവരാരും തന്നെ അറക്കൽ രാജവംശത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ചുള്ള സത്യം കണ്ടെത്താൻ വേണ്ടത്ര ഗവേഷണമോ പരിശ്രമമോ നടത്തിയിട്ടില്ലെന്ന് പിന്നീട് കണ്ടെത്തിയ പഴയകാല ചരിത്രരേഖകളും മറ്റു ചില ചരിത്രാവശിഷ്ടങ്ങളും ഇവിടെ തെളിയിച്ചിരിക്കുകയാണ്.
അറക്കൽ സ്വരൂപത്തിന്റെ ഉല്പത്തിയെ കോലത്തിരിയുമായി ബന്ധപ്പെടുത്തിയാണ് പഴയ ചരിത്രകാരന്മാരിൽ പലരും എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അതുതന്നെ  ഒരേകീകൃത  അഭിപ്രായത്തിലെത്തുവാൻ അവർക്ക് സാധിച്ചിരുന്നില്ല.വ്യത്യസ്ത കഥകളിലൂടെ അവരുടെ വാദം സമർപ്പിക്കുവാനാണ് ചരിത്രകാരന്മാർ ശ്രമിച്ചിട്ടുള്ളതെന്ന് വസ്തുതകൾ പരിശോധിക്കുമ്പോൾ കണ്ടെത്താവുന്നതാണ്.കോലത്തിരിയുടെ പ്രധാന സേവകനായിരുന്നു ഒരു നായർ ഇസ്ലാം മതം സ്വീകരിക്കുക വഴി അദ്ദേഹമാണ് അറക്കൽ സ്വരൂപത്തിന് രൂപം നൽകിയതെന്ന് ഒരു ഗ്രന്ഥകാരൻ സമർത്ഥിക്കുമ്പോൾ ,കോലത്തിരി സ്വരൂപത്തിലെ ഒരു യുവതി ഒരു മുഹമ്മദീയ യുവാവുമായി അനുരക്തയായതിന്റെ ഫലമായി അവർ തമ്മിൽ കോലത്തിരി നാടുവാഴിയുടെ സമ്മതത്തോടെ വിവാഹിതരായെന്നും തുടർന്ന് ആ തമ്പുരാട്ടിക്ക് വേണ്ടി അറക്കൽ രാജവംശം ഉടലെടുത്തുവെന്നുമാണ് മറ്റൊരു ചരിത്രകാരൻ എഴുതി വെച്ചിട്ടുള്ളത്. മൂന്നാമതൊരു ചരിത്രകാരനാകട്ടെ, മേലുദ്ധരിച്ചതിൽ നിന്നും അല്പം ഭേദഗതിയോടെ മറ്റൊരു കഥയായിരുന്നു പറയാനുണ്ടായിരുന്നത്.വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്ന ഒരു കോലത്തിരി തമ്പുരാട്ടിയെ ആ വഴി പോകുന്ന ഒരു മുസ്ലിം യുവാവ് രക്ഷപ്പെടുത്തിയെന്നും അയാളിൽ യുവതി പ്രണയബദ്ധയായെന്നും പിന്നീട് ആ തമ്പുരാട്ടിയുടെ ആഗ്രഹത്തിന് വഴങ്ങി കോലത്തിരി അവരുടെ കല്യാണം നടത്തിക്കൊടുക്കുകയും തുടർന്ന് സർവ്വവിധ രാജകീയ ചിഹ്നങ്ങളും കൂടി അവരെ പ്രത്യേകം ഒരു ഇല്ലമായി വാഴിക്കുകയും അതാണ് കണ്ണൂരിലെ അറക്കൽ രാജവംശമെന്നുമാണ്  ആ ഗ്രന്ഥകാരൻ രേഖപ്പെടുത്തി കാണുന്നത്. പക്ഷേ പിന്നീട് കണ്ടെത്തിയ വിലപിടിച്ച ചില ചരിത്രരേഖകൾ മേൽസൂചിപ്പിച്ച അഭിപ്രായങ്ങൾ തികച്ചും അടിസ്ഥാനരഹിതവും അർത്ഥശൂന്യവും ആണെന്ന് സ്ഥാപിക്കാൻ പര്യാപ്തമായിട്ടുണ്ട്.
(തുടരും)
അവലംബം: ദീനുൽ ഇസ്ലാം സഭ 1987ൽ പുറത്തിറക്കിയ സ്മരണിക.


2020 ജൂൺ 25, വ്യാഴാഴ്‌ച

സിറ്റിയുടെ ലഘു ചരിത്രം-4

പരമ്പര (അവസാന ഭാഗം)




✍️ ജമാൽ, കണ്ണൂർ സിറ്റി

250 വർഷങ്ങൾക്ക് മുമ്പ് കേവലം ചതുപ്പ് സ്ഥലമായിരുന്ന ഇന്നത്തെ മുബൈയേക്കാൾ ഇന്ത്യയിൽ വലുതും ലോകത്ത് എണ്ണപ്പെട്ടതുമായ ഒരു മഹാ നഗരമായി ത്തീരേണ്ടത് കണ്ണൂർ സിറ്റിയായിരുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പ് നാരായണപിള്ള എഴുതിയിരുന്നു.കണ്ണൂർ സിറ്റിയെ കുറിച്ച് ഓക്സ്ഫോർഡിൽ രണ്ടു പുസ്തകങ്ങളുണ്ടെന്നാണ് കേട്ടറിവ്. കാലാന്തരത്തിൽ എല്ലാം വഴിമാറിയപ്പോൾ കണ്ണൂർ സിറ്റി ജീർണ്ണതയുടെ മാറാപ്പ് പേറി.ഭാവിയിൽ ഇപ്പോഴത്തെ കണ്ണൂർ പട്ടണം മറ്റൊരിടത്തേക്ക് പറിച്ചു നട്ടു കൂടെന്നില്ല.സ്ഥലപരിമിതികളാൽ വീർപ്പുമുട്ടുന്ന നഗരത്തിന്റെ സ്പന്ദനഭാഗങ്ങളും കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും വാഹനഗതാഗതങ്ങളും റോഡുകളും എളുപ്പവഴികളും ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡിഫൻസ് വകുപ്പിന്റെ അധീനതയിലാണ്.മിക്ക വഴികളും വേലിക്കെട്ട് കൊണ്ടും മതിലുകളാലും അടക്കപ്പെട്ടതിനാൽ കണ്ണൂർ നഗരം പുരോഗമനത്തിന്റെ കൂമ്പൊടിഞ്ഞ് മറ്റൊരിടങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്ന സാധ്യത തള്ളിക്കളയാനാവില്ല.
വളപട്ടണം കണ്ണൂർ സിറ്റിയെ പോലെ വികസിക്കേണ്ട ഒരു പ്രദേശമായിരുന്നു. അന്നത്തെ കാലത്ത്  അവിടെ റോഡ് വീതി കൂട്ടാൻ ജനങ്ങൾ നിസ്സഹകരിച്ചതിനെ തുടർന്നാണ്  വലിയൊരു നഗരമായി തീരേണ്ട വളപട്ടണം അപ്രസക്തമായി പോയത്. നബി (സ)യുടെ കാലശേഷം ഇസ്ലാമിലെ പ്രഥമ ഖലീഫയായിരുന്ന അബൂബക്കർ സിദ്ദീഖ് (റ) കാലഘട്ടത്തിലുള്ള സഹാബാക്കളുടെ പേരമക്കൾ വളപട്ടണത്ത് വന്നുവെന്ന് അനുമാനിക്കുന്നു. വളപട്ടണത്തെ തങ്ങളെ വയൽ എന്ന പ്രദേശം അതാണത്രേ സൂചിപ്പിക്കുന്നത്. അവരുടെ സന്താനങ്ങളാണ്  തങ്ങൾമാർ എന്ന പേരിൽ അറിയപ്പെടുന്നത്. കച്ചവടത്തിന് എത്തിയ അവർ  പ്രദേശത്തെ സ്ത്രീകളെ കല്ല്യാണം കഴിച്ച് സ്ഥിരതാമസത്തിലേർപ്പെട്ടു. അവരുടെ സന്താന പരമ്പര ഇന്നും വളപട്ടണത്തുണ്ട്.
അന്ന് ജനങ്ങൾ സഹകരിച്ചിരുന്നെങ്കിൽ ഹോങ്കോങ് പട്ടണത്തെ പോലെ നല്ലൊരു പട്ടണം വളപട്ടണത്ത് സ്ഥാപിതമാകുമായിരുന്നുവെന്നാണ് പൊതുവേ പറയപ്പെട്ടിരുന്നത്.

പിൻകുറി

കഴിഞ്ഞ കുറിപ്പിൽ പലരും ചോദിച്ച  ചോദ്യങ്ങൾക്കുള്ള മറുപടി താഴെ കൊടുക്കുന്നു.
4000 വർഷങ്ങൾക്കു മുമ്പ് ആര്യന്മാർ ഇന്ത്യയിൽ എത്തിയത് പേർഷ്യൻ ഭാഗങ്ങളിൽ നിന്നാണ്. ഇന്നത്തെ ലെബനോൺ, ഈജിപ്ത്, ഇറാൻ, ഫലസ്തീൻ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കുടിയേറിപ്പാർത്തവരാണ് ആര്യന്മാർ. ഇന്ത്യയിൽ അവർ വന്നതിനുശേഷം അന്നത്തെ ഹൈന്ദവ ആചാരത്തെ ഇടിച്ചു താഴ്ത്തി  കയ്യിൽ ഒതുക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.   ജാതിയുടെ പേരിൽ ഹിന്ദുക്കളെ  തമ്മിൽ അകറ്റി. ആര്യന്മാർ പൊതുവേ  വെളുത്തവരാണ്, പൊക്കമുള്ളവരാണ്, സൗന്ദര്യമുള്ളവരാണ്, സൗമ്യരാണ്, തിളക്കമുള്ള കണ്ണിൻറെ ഉടമകളാണ്. അന്ന് കാസർകോട് ജില്ല പ്രാബല്യത്തിൽ വന്നിരുന്നില്ല. കേരളത്തിൽ ആദ്യമായി ആര്യന്മാർ വന്നത് കണ്ണൂർ ജില്ലയിലാണ്.  ആര്യ വംശത്തിൽ പെട്ട ഇവർ കൂടുതലും കാസർകോടാണ് തമ്പടിച്ചത്.
 അതുകൊണ്ടാവണം കാസർകോട്ടുകാർ അതീവ സുന്ദരനും സുന്ദരിയുമായി കാണപ്പെടുന്നത്.
പേർഷ്യക്കാരായ ഇവർ കണ്ണൂർ സിറ്റിയിലും താമസിച്ചിട്ടുണ്ടാവണം. കസാന കോട്ടയിലെ പാർസി ബംഗ്ലാവ് പേർഷ്യക്കാരായ ഇറാനികളാൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു.
അതേപോലെ മറ്റൊരു  വിഭാഗമാണ് ചെട്ടികൾ എന്ന് നമ്മൾ പറയുന്ന
ഷെട്ടികൾ. അവരുടെ ഭാഷ കൊങ്കണിയാണ്. കണ്ണൂർ ടൗണിലും മറ്റുമായി ഇവർ കച്ചവടത്തിൽ ഏർപ്പെട്ടു. പ്രധാനമായും താമസിച്ചത്  തയ്യിലാണ്. കേരളത്തിൽ ആദ്യമായി കണ്ണൂർ ജില്ലയിലാണ് ഇവർ താമസം തുടങ്ങിയത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും വന്ന ലബ്ബമാർ ഹൈറ്റാണ്ടി പൂവളപ്പിൽ  (ലബ്ബ തെരു) കേന്ദ്രീകരിച്ച് നൂൽ ജോലിയിൽ ഏർപ്പെട്ടു.. കണ്ണൂർ സിറ്റിയിലെ നെയ്ത്ത് കേന്ദ്രം കൂടിയാണിത്. അവിടുത്തെ ഓരോ കുടിലിലുമുള്ളവർ  നെയ്ത്ത് ജോലി ചെയ്താണ് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്.  വാടക വീട്ടിൽ താമസിച്ച് ജോലിയിൽ ഏർപ്പെട്ട ഇവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെ വിദ്യാഭ്യാസം നേടി പല മേഖലയിലുമെത്തി . ചിലരൊക്കെ ഗൾഫിൽ പോയി തൊഴിലെടുത്തു. കാലക്രമേണ ഇവർ ചില കുടിലുകൾ സ്വന്തമാക്കി. ചിലരൊക്കെ പ്രമാണിമാരായി. അവരുടെ ഒക്കെ പേരിനു മുമ്പിൽ ലബ്ബ എന്ന് ചേർത്ത് വിളിക്കാറുണ്ടായിരുന്നു. റമദാനിൽ പ്രദേശത്തെ ജനങ്ങളെ അത്താഴത്തിന് സമയമായെന്ന് അറിയിക്കാൻ
ഉഠോബാബയെ കൊണ്ടുവന്നത് അറക്കൽ രാജ വംശമായിരുന്നു. വേറൊരു വിഭാഗമായ
പട്ടാണികൾ   സിറ്റിയിലെത്തുന്നത് അറയ്ക്കൽ രാജവംശത്തിൻ്റെ ഭടന്മാരായിട്ടും സേവകരായിട്ടുമാണ്. അങ്ങനെ അവരും സിറ്റിയിൽ  കുടുംബസമേതം താമസമാരംഭിച്ചു.  കച്ചവടമാവശ്യത്തിന് മിനിക്കോയ് ദ്വീപിൽ നിന്നും വന്ന ചിലർ സിറ്റിയിൽ കല്യാണം കഴിച്ചതിനെ തുടർന്ന് ഇവിടെ വാസമുറപ്പിക്കുകയും ചെയ്തു. മെനക്കാക്കാർ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. മേൽവിവരിച്ചവരുടെ സന്താന പരമ്പരയിൽപെട്ട യുവതലമുറയാണ് ഇന്ന് സിറ്റിയിൽ കാണുന്നത്. അവരുടെ പൂർവികരുമായുള്ള ബന്ധം വിസ്മൃതിയിലാണ്ടു പോയി എന്നതാണ് വാസ്തവം.
(അവസാനിച്ചു)

2020 ജൂൺ 24, ബുധനാഴ്‌ച

സിറ്റിയുടെ ലഘുചരിത്രം- 3

പരമ്പര



✍️ ജമാൽ, കണ്ണൂർ സിറ്റി

കണ്ണൂരിന് പുറമേയുള്ളവരിൽ മിക്കവരും സിറ്റി എന്ന് കേട്ടാൽ ടൗൺ ആണെന്നും സിറ്റി സെൻറർ എന്നാൽ ടൗണിലെ വലിയ കെട്ടിടമാണെന്നുമെന്നാണ്  മനസ്സിലാക്കിയിരിക്കുന്നത്.
ഗൾഫിലുണ്ടായിരുന്ന കാലത്ത്  അന്യ നാട്ടുകാരായ പല സുഹൃത്തുക്കളും സിറ്റിയിൽ വീട് അന്വേഷിച്ചു വന്നപ്പോഴൊക്കെ ഞെട്ടുകയാണുണ്ടായത്. അപ്പോഴൊക്കെ കണ്ണൂരിലെ പഴയകാല പട്ടണമാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.സിറ്റി സെൻററിൽ മീറ്റിംഗ് ആണെന്ന് നോട്ടീസിൽ കണ്ടിരുന്ന പലരും  മേൽപ്പറഞ്ഞ കെട്ടിടം അന്വേഷിച്ച് കാണുമായിരിക്കും. എന്നാൽ കാല പരിണാമത്തിൽ എല്ലാം മാറ്റി മറിക്കപ്പെടുമെന്നത് അനിഷേധ്യം.
കര കടലാകും, കടൽ കരയാകും. വലുത് ചെറുതാകും, ചെറുത് വലുതാകും. ഉള്ളവർ ഇല്ലാത്തവരാകും ഇല്ലാത്തവർ ഉള്ളവരാകും. അല്പൻ അർത്ഥമുള്ളവനാകും, അർത്ഥൻ പാപ്പരാകും ഈ അടിസ്ഥാനത്തിൽ സിറ്റി എന്ന പ്രദേശം  മറ്റൊരു ഇടത്തിലേക്ക് പറിച്ചുനടാൻ കാരണങ്ങളുണ്ടായിരുന്നു.
തലശ്ശേരി വഴി കണ്ണൂരിലേക്ക് വന്നിരുന്ന റെയിൽവേ സ്റ്റേഷൻ ആനയിടുക്കിലായിരുന്നു സ്ഥാപിതമാകേണ്ടിയിരുന്നത്. എന്തുകൊണ്ടോ അത് അകലേക്ക് മാറ്റി. അല്ലായിരുന്നെങ്കിൽ  സിറ്റിയുടെ പഴയ പ്രതാപം കാലഹരണപ്പെടുമായിരുന്നില്ല. സിറ്റിയുടെ പഴയ പ്രതാപമായ അഞ്ചലാപ്പീസ് തയ്യിൽ ഭാഗത്തേക്ക് നീങ്ങിയത് സിറ്റിക്കാരുടെ വിളർച്ച കൊണ്ടായിരുന്നു.
സിറ്റിയിലെ പഴയ കാലത്തുണ്ടായിരുന്ന പാണ്ടികശാലകൾ ,കോഥികൾ എല്ലാം നാമാവശേഷമായി. അറക്കൽ രാജവംശത്തിലെ ഓർമ്മക്കായി, വരും തലമുറയുടെ അറിവിന്നായി ഒന്നും സംരക്ഷിക്കപ്പെടുന്നില്ല .
അതുകൊണ്ട് പുതിയ തലമുറക്ക് കാട്ടിക്കൊടുക്കാൻ ഒന്നുമില്ലാതെയായി. നൂറുകണക്കിന് പീടിക മുറികളുള്ള അന്നത്തെ അരി ബസാർ ഇന്ന്  പാലക്കാട്ടിട എന്ന പേരിലാണ് അറിയപ്പെടുന്നത്. പാലക്കാട് നിന്നും കുടിയേറിപ്പാർത്ത വർക്ക് നൂറ്റാണ്ട് പഴക്കമുണ്ട്.ആൺ-പെൺ ഭേദമന്യേ അധ്വാനശീലരായ പാവപ്പെട്ട മുസ്ലിം വിഭാഗത്തിൽ പെട്ടവർ .ഇന്നവർ എല്ലാ മേഖലയിലും പുരോഗമനം കൈവരിച്ച് സിറ്റിക്കാരിലെ ഒരു വിഭാഗമായി കഴിഞ്ഞു കൂടുന്നു.
(തുടരും)

2020 ജൂൺ 23, ചൊവ്വാഴ്ച

സിറ്റിയുടെ ലഘുചരിത്രം- 2

പരമ്പര



✍️ ജമാൽ, കണ്ണൂർ സിറ്റി

കടൽ കടന്നു പോയ പോർച്ചുഗീസുകാർ   അവശേഷിക്കുന്ന അവരുടെ ബീജ പന്ഥാവുകൾ മറക്കാതെ തേടുന്നവരാണ്. സുഗന്ധദ്രവ്യങ്ങളും പഴവ്യഞ്നങ്ങളും കടൽമാർഗം വിറ്റു ജീവിതമാർഗ്ഗം കണ്ടെത്തുന്ന അറബികളിൽ നിന്ന്  വിളയുന്ന ഭൂമിയുടെ ഉറവിടം ചോദിച്ചറിഞ്ഞവരാണ് പോർച്ചുഗീസുകാർ. പ്രത്യേകിച്ച്  കുരുമുളകിന് വേണ്ടിയാണവർ കടൽ കടന്നു വരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ പകുതിയിൽ പറങ്കികൾ നമ്മെ ഭരിക്കാൻ ശ്രമിച്ചു. മതപരിവർത്തനം നടത്താനുള്ള നീക്കം തുടങ്ങി. പക്ഷേ ആധിപത്യം നേടാനായില്ല. സിറ്റിയിലുള്ള മരക്കാർ കുടുംബത്തിലെ ഒരു ധീരന്റെ നേതൃത്വത്തിനു മുന്നിൽ പറങ്കികൾ പത്തി താഴ്ത്തി. അത്തരമൊരു പ്രതിരോധം നടന്നിട്ടില്ലായെങ്കിൽ സിറ്റി മറ്റൊരു ഗോവയായിത്തീരുമായിരുന്നു. ഈ പ്രദേശത്തിന്റെ വിശാലമായ തീരത്തായിരുന്നു ചിറക്കൽ രാജവംശത്തിൽ നിന്നും മാടായി വഴി സിറ്റിയിൽ അരക്കാൽ സ്വത്തുമായി അറക്കൽ രാജവംശം വന്നുചേർന്നത്. കണ്ണൂർ സിറ്റിയുടെതെന്നല്ല കേരളത്തിൻറെ  യശ്ശസ്സായി ആ കൊട്ടാര കൊട്ടത്തളം തലയുയർത്തി നിൽക്കുന്നു. കണ്ണൂർ കോട്ടക്ക് എതിർദിശയിൽ ഇന്നും അത് നിലകൊള്ളുന്നുണ്ട്.
അവിടുത്തെ പരമ്പരാഗത ശേഷിപ്പുകളും വർത്തമാനത്തിലെ ചരിത്രപരമായ ധിഷണ ബോധങ്ങളും സാംസ്കാരിക തലത്തിൽ കൊണ്ടുനടക്കുന്നു ബഹുമാനപ്പെട്ട അറക്കൽ ആദിരാജ മുഹമ്മദ് റാഫി. അദ്ദേഹം ഇന്ന് സിറ്റിയിലെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു വ്യക്തി കൂടിയാണ്.
(തുടരും)

2020 ജൂൺ 22, തിങ്കളാഴ്‌ച

സിറ്റിയുടെ ലഘു ചരിത്രം-1

പരമ്പര ആരംഭിക്കുന്നു!



✍️ ജമാൽ, കണ്ണൂർ സിറ്റി

സിറ്റിയെന്ന പാശ്ചാത്യ പദത്തിന് നഗരം എന്നോ പട്ടണം എന്നോ അർത്ഥം വെക്കാം. പ്രാചീനകാലത്ത്  കണ്ണൂരിൻറെ മർമ്മ പ്രദേശമായ സിറ്റിക്ക്  ഏതെങ്കിലും പേര് ഇല്ലാതിരിക്കില്ല . കോലോത്ത് വംശത്തിന്റെ പ്രമാണത്തിൽ കാനത്തൂർ എന്ന നാമത്തിലാണ് അറിയപ്പെട്ടിരുന്നതെന്ന് എവിടെയോ വായിച്ചതോർക്കുന്നു. ഈ പ്രദേശം തന്നെയാവണം സിറ്റി എന്ന പേരിൽ അറിയപ്പെട്ടിരുന്നതെന്ന് നമുക്ക് ഊഹിക്കാം. കാല പരിണാമത്തിൽ  ചരിത്രാതീതമായ അവസ്ഥകൾക്ക് നിജസ്ഥിതി തെന്നി പോകുന്നത് വൈദഗ്ധ്യങ്ങളുടെ നിറച്ചാർത്തുകളാണ്. ഉദാഹരണത്തിന് ചിറക്കൽ  പ്രമാണത്തിൽ നിന്നും അറക്കൽ പരിണാമം നാല് തരത്തിലാണ് അറിയപ്പെടുന്നത്. ഏതൊരു നാട്ടിന്റെയും സമ്പദ്ഘടനയും വികസനവും തുറമുഖത്തിന്റെ വാതിലിലൂടെയാണ് കടന്നുവരുന്നത്. കേരള തീരപ്രദേശങ്ങളിൽ വെച്ച്  മനോഹാരിതയും മണൽ പരപ്പ് ദൈർഘ്യതയും ചേർന്ന ഒത്തിരി വിശേഷങ്ങളാൽ ആലങ്കാരികമായിരുന്നു സിറ്റി കടലോരം. നാല് പാശ്ചാത്യ സംസ്കാരം വിരാജിച്ച ഒരിടമാകുന്നു കണ്ണൂർ പ്രദേശം.സിറ്റിക്കകത്ത് ഇതര സംസ്ഥാനക്കാരും അവരുടെ ജീവിത സംസ്കാരിക താവളങ്ങളും ഇന്നും നിലകൊള്ളുന്നു. പാലക്കാട് ഭാഗത്ത് നിന്നുള്ളവർ ഒഴിച്ചാൽ ബാക്കിയുള്ളവർ കൊങ്കണി, ഭട്കൽ, മിനിക്കോയ്,ലബ്ബ, ഷെട്ടി ,ആര്യ എന്നീ
വിഭാഗക്കാർ വാണിജ്യ ബന്ധത്തിലേർപ്പെട്ട് വന്നവരായിരുന്നു. സ്നേഹ വിഗ്രഹങ്ങൾ ആയിരുന്നു സിറ്റി നിവാസികൾ. ഒരു ദ്വീപിലേ ആധിപത്യം ഏറെക്കാലം സിറ്റിയിലുണ്ടായിരുന്ന ഒരു കുടുംബത്തിൻറെ തായിരുന്നു.മരണപ്പെട്ട് പോകുന്ന അസ്തിത്വങ്ങളും ഓർമ്മകളും തിരിച്ചുപിടിക്കാനും പഠിക്കാനും സിറ്റി ക്കാർ  ഒരുങ്ങുന്നില്ല എന്നതാണ് വാസ്തവം.
(തുടരും)

2020 ജൂൺ 19, വെള്ളിയാഴ്‌ച

ഭാരത സർക്കാരേ.....(പ്രവാസിയുടെ ഗദ് ഗദം




പ്രവാസി വീടണയാൻ ഭാരത സർക്കാരിനോട് കേഴുന്നത് ഒരു പാട്ട് രൂപത്തിൽ അവതരിപ്പിക്കുകയാണ് കണ്ണൂർ സിറ്റി കുറുവയിലെ ബഷീറിൻറെ ഭാര്യ സുബൈദ. മക്കളിൽ മുഹമ്മദ് അൽഐനിൽ അറിയപ്പെടുന്ന ഗായകനാണ്. മറ്റൊരു മകൻ റാസ റസാഖും ഭാര്യയും    ഗസൽ ഗായകരാണ്.

ഫീലിങ്ങ്





പ്രവാസി കൊറോണ





കണ്ണൂർ സിറ്റിയും പഞ്ചാബിലെ സർ ഹിന്ദും

നമ്മുക്ക് പഠിക്കാം!


✍️ NAZAR BANDHU

കണ്ണൂർ സിറ്റി ജുമാമസ്ജിദിന് സമീപത്തെ കബർസ്ഥാനിൽ പ്രമുഖരായ പലരുടേയും കബറുകൾ ഉണ്ട്.  A D 1525 ൽ പോർച്ചുഗീസുകാർ തടവിലാക്കുകയും അറക്കൽ രാജവംശത്തിൻ്റെ നിരന്തരമായ വിടുതൽ ശ്രമങ്ങൾ പരാചയപെടുകയും ചെയ്തതിനാൽ വധിക്കപ്പെടുകയും ചെയ്ത അറക്കൽ  കപ്പൽപ്പട നായകൻ ബലി ഹസൻ മുതൽ സൂഫീ കവിയായ ഇച്ച മസ്താൻ്റെ കബറുകൾ വരെ അവിടെയാണ് ഉള്ളത്.
അവിടെ,  ജുമാമസ്ജിദിന്  മുന്നിൽ റോഡിനരികിൽ ഏതാനും കബറുകൾ ഉണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് പോർച്ചുഗീസുകാരുമായി ഉണ്ടായ യുദ്ധത്തിൽ മരണപ്പെട്ടവരുടെ കബറുകൾ ആണ് അത്.
വളരെ ഭംഗിയിൽ അതിരിട്ട ചെടികളും മുന്തിരിവള്ളികളും നിറഞ്ഞ ആ കബറുകൾക്കരികെ ഒരു കുഞ്ഞു ചായക്കട ഉണ്ട്.
" ഈ കബർസ്ഥാനുകളൊക്കെ പൂന്തോട്ടങ്ങളാക്കിയാൽ എന്ത് ഭംഗിയായിരിക്കും, അല്ലെ ? " 
ചായക്കടയിൽ നിന്നും രണ്ട് ചായ വാങ്ങി കബറുകളെ നോക്കി ചായ കുടിച്ചിരിക്കുമ്പോഴാണ് ദിൽബറുമ്മ എന്നോട് കബറുകളെ പറ്റി സംസാരിച്ചു തുടങ്ങിയത്.
അതിനരികിൽ തന്നെയാണ് പ്രശസ്ത സൂഫിയായ സയ്യിദ് മുഹമ്മദ് മൗലൽ ബുഹാരിയുടെ കബർസ്ഥാനും ഉള്ളത്.
ശൈഖ് ഉമറുൽ ഖാഹിരി , ടിപ്പു സുൽത്താൻ, ഹൈദറോസ് കുട്ടി മൂപ്പർ , ചന്ദനപ്പള്ളി മസ്താൻ , ഗുണം കുടി മസ്താൻ , ശൈഖ് അബ്ദുൽ ഖാദിർ മലാക്ക തുടങ്ങിയവരുടെയെല്ലാം ഗുരുവായിരുന്നു അദ്ദേഹം.  അറക്കൽ രാജവംശത്തിന്റെ ക്ഷണമനുസരിച്ചു കണ്ണൂരിൽ എത്തിയ മൗലൽ ബുഹാരി  AD 1793 ൽ ആണ് മരണപ്പെടുന്നത്.
മൗലായുടെ കബറിരികെ ഞങ്ങൾ വന്ന വാഹനത്തിൽ ചാരി നിന്ന് ദിൽബറുമ്മ സംസാരം തുടർന്നു.
ഒരാൾ ജനിച്ചാൽ പിന്നെ അയാളുടെ ജീവിതത്തിൽ ഏറ്റവും ഉറപ്പുള്ള ഒരു കാര്യമേ ഉള്ളൂ , അത് മരണമാണ്. വേറൊന്നിനും യാതൊരു ഉറപ്പും ഇല്ല.
അത് പറഞ്ഞ് ദിൽബറുമ്മ ഭംഗിയിൽ ചിരിച്ചു. ദിൽബറുമ്മയുടെ സംസാരത്തിന് ജേർണലിസ്റ്റുകളുടെ ശൈലിയാണ്. കുറച്ച് വാക്കുകളിൽ കൃത്യതയുള്ള സംസാരം.
തൻ്റെ സമ്പാദ്യം മുഴുവൻ ഭാര്യക്കും മക്കൾക്കും എഴുതിവച്ച് മിസ്കീൻ (ദരിദ്രൻ) ആയി മരണത്തിനെ പ്രതീക്ഷിക്കുന്ന സൈനുദ്ദീൻ എന്ന മനുഷ്യൻ ഭാര്യ സൈനബയോട് ഇടക്കിടെ പറയും."എൻ്റെ ചങ്ങാതി , ഞാനങ്ങനെ കിടപ്പിലായി പോവുകയൊന്നുമില്ല. ഒരു ദിവസം പെട്ടെന്നങ്ങ് മരിക്കും . അതിനാൽ ഞാൻ കിടപ്പിലായാൽ എന്ത് ചെയ്യുമെന്നോർത്ത് വേവലാതി വേണ്ട "
തൻ്റെ ഭാര്യയെ ചങ്ങാതീ എന്നാണ് അദ്ദേഹം വിളിക്കുക. പറഞ്ഞതു പോലെ തന്നെ തൻ്റെ അറുപത്തിനാലാം വയസിൽ പെട്ടെന്നൊരു ദിനം അദ്ദേഹം മരണപ്പെട്ടു. അഞ്ചു നേരത്തെ നിസ്കാരത്തിന് ശേഷം കണ്ണു തുടക്കുന്ന ആ മനുഷ്യനെ , സ്വന്തം പിതാവിനെ പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ    
ദിൽബറുമ്മയുടെ  വാക്കുകൾ കൂടുതൽ ആർദ്രമായി.
മരണം, താൻ കണ്ട കബറുകൾ, മരണം പ്രതീക്ഷിക്കുന്ന മനുഷ്യർ അങ്ങനെ നീണ്ടുപോയി ആ സംസാരം.  മരണത്തെ ഒട്ടും ഭയമില്ലാതെ, ഇടക്കിടെ ചിരിച്ച്, അനുഭവങ്ങളൊരു മാലയിൽ കോർത്ത മുത്തുകൾ പോലെ പറഞ്ഞു വന്നപ്പോൾ അതിൽ ലയിച്ചിരിക്കുകയായിരുന്നു ഞാൻ.
അതിനിടയിൽ ആറോ ഏഴോ ചായ ഞാൻ കുടിച്ചു തീർത്തിരുന്നു.
ഒരുപാട് യാത്ര ചെയ്യുന്ന  ആളാണ് ദിൽബറുമ്മ . അതു കൊണ്ടു തന്നെ അവരുടെ സംസാരത്തിന് അനുഭവങ്ങളുടെ ആഴമുണ്ട് , അതിനൊത്ത അറിവും അവർക്കുണ്ട്
.പഞ്ചാബിലെ സർ ഹിന്ദ് മുതൽ തിരുവനന്തപുരത്തെ ബീമാപള്ളിയും ഷില്ലോംഗിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഹസ്രത്ത് ഷാഹ് കമാലിൻ്റ കബറിടം വരെയുളള ധാരാളം കബറിടങ്ങളെ പറ്റി ദിൽബറുമ്മ സംസാരിച്ചു.  മരണമെന്നതിനെ വേദനയ്ക്കപ്പുറം അഘോഷമാക്കുന്ന മനുഷ്യരെ പറ്റി വിശദീകരിച്ചു.
തൻ്റെ വീടിനടുത്ത് തന്നെ കബർ ഒരുക്കി താൻ മരിച്ചാൽ അന്ത്യകർമങ്ങൾക്കു വേണ്ട തുണികളും പണവും കരുതി വയ്ക്കുന്ന ആളുകളെ കുറിച്ച് ,
തൻ്റെ വസിയത്തുകൾ (അന്ത്യാഭിലാഷങ്ങൾ )  ഓരോ മാസവും പുതുക്കി തൻ്റെ പ്രിയപ്പെട്ടവർക്ക് ഇമെയിൽ വഴി അയക്കുന്ന മനുഷ്യനെ കുറിച്ച് ,
കബർസ്ഥാനിരികിൽ തന്നെ വീട് വച്ച് എല്ലാ ദിവസവും വീടിന് മുന്നിൽ നിന്ന് കബറുകളെ നോക്കി എന്നാണെൻ്റെ ദിനം എന്ന് ചിരിയോടെ ചോദിക്കുന്ന മനുഷ്യനെ കുറിച്ച് എല്ലാം ദിൽബറുമ്മ സംസാരിച്ചു.
ഒരു പ്രശസ്തനായ ഡോക്ടറുടെ മൊബൈൽ സ്ക്രീൻ സേവർ ഭംഗിയിൽ നിർമിച്ച കബറിൻ്റെ ചിത്രമാണ്  .അദ്ദേഹത്തിൻ്റെ ഫോൺ ഗാലറിയിൽ നൂറുകണക്കിന് വിവിധ സ്ഥലങ്ങളിലുള്ള കബറുകളുടെ ചിത്രങ്ങൾ ഉണ്ട്.
ദിൽബറുമ്മക്ക് ഒരു പരിചയക്കാരനുണ്ട്, സഞ്ചാരിയായ ഒരു മനുഷ്യൻ. എത്തിച്ചേരുന്ന സ്ഥലങ്ങളിലെ മസ്ജിദുകളിൽ താമസിച്ച്  കബർസ്ഥാനുകളെല്ലാം വൃത്തിയാക്കി അവിടെ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്ന മനുഷ്യൻ. 
അദ്ദേഹം പറയുമത്രെ, " കബറിനു മുകളിൽ പൂന്തോട്ടമൊരുക്കിയിട്ടല്ലേ  കബറിനടിയിലെ പൂന്തോട്ടത്ത പറ്റി പറയേണ്ടത് ?"  എന്ന്.
എനിക്ക് ആ ആശയം ഗംഭീരമായി തോന്നി. പളളികളോട് ചേർന്ന് പൂന്തോട്ടങ്ങളൊരുക്കിയാൽ എന്ത് ഭംഗിയായിരിക്കും. കബർസ്ഥാനുകൾ പൊതുവെ എല്ലായിടങ്ങളിലാം കാടുപിടിച്ച് കിടക്കുന്നത് ഒരഭംഗിയാണ്.
ദിൽബറുമ്മ പറഞ്ഞതിൽ  ഒരാളെ എനിക്ക് വല്ലാതെ ഇഷ്ടമായി. അയാളുടെ ആഗ്രഹം ഇങ്ങനെയാണ്, താൻ മരിച്ചു കഴിഞ്ഞാൽ തൻ്റെ കബറിന് മുകളിൽ " പ്രണയമാണ്.... " എന്ന് എഴുതി വയ്ക്കണം. 
" പ്രണയമായിരുന്നു " എന്ന ഭൂതകാലമല്ല, " പ്രണയമാണ് " എന്ന വർത്തമാനകാലം. പിന്നെ, പ്രണയം കർത്താവുമാണ് , ക്രിയയുമാണ്. പ്രണയത്തിൽ അലിഞ്ഞു ചേർന്ന മനഷ്യനായിരിക്കണം അയാൾ .  
ചിലർക്ക് ജീവിതത്തിലെ എല്ലാം അവസാനിക്കുന്ന ഒരു പ്രക്രിയ ആണ് മരണം.  ചിലർക്ക് ഈ ലോകത്തെ ജീവിതം കഴിഞ്ഞ് പരലോകം ജീവിതം തുടങ്ങും.  വേറെ ചിലർക്കാകട്ടെ, ഈ മുറിയിൽ നിന്ന് ആ മുറിയിലേക്ക് കടക്കുന്ന വാതിലാണ് മരണം. അതിനപ്പുറം ചില മനുഷ്യരുണ്ട് അവർക്ക് പൂർണതയിലുള്ള ലയനമാണ് മരണം. അങ്ങനെ മരണത്തെ പറ്റിയുള്ള എത്ര തരം ചിന്തകളും തത്വങ്ങളും ആണ് ഉള്ളത്. 
ദിൽബറുമ്മയുടെ സംസാരത്തിൽ അവർ ആവേശത്തോടെ സംസാരിക്കുന്ന ഒരിടമണ് സർഹിന്ദ്.  പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  വിശ്രുതനായ പണ്ഡിതനും സൂഫിവര്യനുമായ 
അഹ്മദ് ഫാറൂഖി സർഹിന്ദിയുടെയും മറ്റും കബറിടമാണ് അവിടെയുള്ളത്. വിവിധ നാടുകളിൽ ഉള്ള ദർഗകളിലും കബർസ്ഥാനുകളിലുമുള്ള നിർബന്ധിത പണപിരിവുകളോ മറ്റോ അവിടെയില്ല. തികച്ചും ശാന്തമായ ഇടമാണ് സർഹിന്ദ്. ഗുരുദ്വാരകൾക്ക് നടുവിലാണ് ദർഗയും മസ്ജിദും മറ്റും ഉള്ളത്. അവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ അകലെയുള്ള അഹമ്മ് ഫാറൂഖി സർഹിന്ദിയുടെ പിതാവിൻ്റെ കബറിടത്തിൽ പോയ അനുഭവം ദിൽബറുമ്മ വിവരിച്ചു.
മെയിൻ റോഡിൽ നിന്നും തിരിഞ് ചെറിയ മൺപാതയിലൂടെ ഏകദേശം രണ്ട് കിലോമീറ്ററുകൾ നടന്നാലാണ് അവിടെയെത്തുക. വിശാലമായ നെൽവയലുകൾക്കു നടുവിൽ ഒരു ദ്വീപു പോലെ ഉയർന്നു നിൽക്കുന്നിടത്താണ് കബർ.  മതിൽ കെട്ടിനകത്തെ ഒരു കുഞ്ഞു കെട്ടിടം. ഭംഗിയുള്ള പൂച്ചെടികളും മറ്റും വച്ച് ഭംഗിയാക്കിയിരിക്കുന്നു. കൃത്രിമ അലങ്കാരങ്ങളൊന്നുമില്ല. ചെടികളും പൂക്കളും മാത്രം. അതിനരികെ പ്രാർത്ഥനാപൂർവം നിൽക്കുന്ന നേരമാണ് നീണ്ട താടിയും തലപ്പാവും ധരിച്ച ഒരു വൃദ്ധൻ അവിടെയെത്തിയത്. പഞ്ചാബിയും ഹിന്ദിയും കലർന്ന ഭാഷയിൽ അദ്ദേഹം സംസാരിച്ചതിൽ നിന്നും മനസിലായത് ഇതാണ്,
കടലാണ് മരണം ,
ഏതുറവയിൽ നിന്നായാലും
എത്ര ഉയരത്തിൽ നിന്നായാലും 
ഏതു വഴിയിലൊഴുകിയാലും
എന്തിലലിഞാലും ഇല്ലെങ്കിലും
എല്ലാം ഒഴുകിയൊടുങ്ങുന്നിടം
എല്ലാം ലയിച്ചുചേരുന്നിടം
കടലാണ്,  മരണമാണ്.
(ഫേസ്ബുക്ക് പേജിനോട് കടപ്പാട്)

2020 ജൂൺ 18, വ്യാഴാഴ്‌ച

ഇന്ന് വായനാദിനം

ജൂൺ 19

വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി ആചരിക്കുന്നു.

1909 ജൂലൈ 17-ന് ചങ്ങനാശേരി താലൂക്കിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില്‍ ‘സനാതനധര്‍മം’ വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് ‘വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക’ എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു. 1947- ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലൈയില്‍ തിരുകൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ല്‍ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1995 ജൂണ്‍ 19-ന് രോഗബാധിതനായി തിരുവനന്തപുരത്തുവെച്ചായിരുന്നു പണിക്കരുടെ മരണം.

1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചു വരികയാണ്. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നുണ്ട്. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുന്നതിനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.

Source @ https://www.dcbooks.com/reading-day-death-anniversary-of-p-n-panikkar.html

സിറ്റിയെന്ന വികാരത്തോടൊട്ടി നിന്ന് അബൂ അൽമാസ്

നമ്മുക്ക് പരിചയപ്പെടാം!



✍️ ശംസു മാടപ്പുര

കണ്ണൂർ സിറ്റിക്കാർ ആദരവോടെ കണേണ്ട ചില വ്യക്തിത്വങ്ങളുണ്ട്.
സിറ്റിയിൽ ജനിച്ചവരേക്കാൾ സിറ്റിയുടെ മണ്ണിൽ അലിഞ്ഞു ചേർന്ന് സിറ്റിയെന്ന വികാരത്തോടൊട്ടി നിന്ന വിരലിലെണ്ണാവുന്നവർ.
സിറ്റിക്കാരത്തിയെ ജീവിതപങ്കാളിയാക്കി ജന്മ സാഫല്യം നേടി സിറ്റിയിൽ വേരുറപ്പിച്ച അബൂ അൽമാസിനെ അഭിമാന പൂർവ്വം ഞാൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.

സ്നേഹസല്ലാപം വാട്സ് ആപ്പ് കൂട്ടായ്മയുടെ ജീവാത്മാവും പരമാത്മാവുമായ അബൂ അൽമാസ് ജന്മം കോണ്ട് സിറ്റിക്കാരനല്ലെങ്കിലും കർമ്മം കൊണ്ട് സിറ്റിയുടെ പൊന്നോമന തന്നെയാണ്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്താണ് ജന്മഗേഹം.പത്താം വയസ്സിൽ വിദ്യാഭ്യാസം നേടാനായി സിറ്റി ദീനുൽ ഇസ്ലാം സഭയിലെത്തി.
അതോടെ സിറ്റിയുമായി ഇഴുകിചേരാനവസരം ലഭിച്ചു. തൻ്റെ ജന്മവാസനകൾ പരിപോഷിപ്പിക്കാൻ മദ്രസ്സ,സ്കൂൾ  കാലഘട്ടത്തിൽ ലഭിച്ച അവസരങ്ങൾ ഒട്ടും ഇദ്ദേഹം  പാഴാക്കിയില്ല.
നല്ലൊരു ലീഡർ ഷിപ്പ് ക്വാളിറ്റി വാർത്തെടുക്കാൻ പിന്നീടവ സഹായക മായിയെന്നത് പ്രാവസ ലോകത്തിരുന്ന് അദ്ദേഹം ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ  സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല, സിറ്റി സ്നേഹസല്ലാപത്തിൻ്റെ അബൂക്ക എന്ന ഈ അമരക്കാരൻ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയത് ഗ്രൂപ്പങ്ങൾ ക്യതജ്ഞതയോടെ സ്മരിക്കുന്നുണ്ട്. 
ഇദ്ദേഹത്തിന് സിറ്റി എന്ന പ്രദേശത്തെ കുറിച്ച്  ചിന്തിക്കുമ്പോൾ  ഉള്ളിൻ്റെയുള്ളിൽ ഊറി കിടക്കുന്ന   സിറ്റിയെന്ന വികാരം പറത്തേക്കൊഴുകി വരും. അത് വാക്കായാലും,വരയായാലും.
ആതിഥ്യ  മര്യാദയിലും അതിഥികളോടുള്ള സ്നേഹത്തിലും  പേരുകേട്ട കണ്ണൂർ സിറ്റിയും  സ്നേഹം കൊണ്ടും ആദരവ് കൊണ്ടും മറ്റുള്ളവരുടെ മനസ്സുകളിൽ നന്മ വിതക്കുന്ന  സിറ്റിയിലെ ജനങ്ങളും യൗവ്വനത്തിൽ     അബൂബക്കറിനെ സ്വാധീനിച്ചപ്പോൾ വളർത്തുമകനെന്നതിലുപരി    സിറ്റിയുടെ പുതിയാപ്പിളയായി മാറാനായിരുന്നു ആഗ്രഹം.
തോപ്പിൽ പഠിക്കുന്ന കാലഘട്ടം എടുത്ത ഒരു പ്രതിജ്ഞയുടെ പൂർത്തീകരണമാണ്  സിറ്റിയുടെ മണ്ണിൽ തന്നെ വേരുറപ്പിക്കാൻ സഹായിച്ചത്.
പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നും ജീവിത സഖിയെ കണ്ടെത്തണമെന്ന   പ്രതിജ്ഞ സിറ്റിയിൽ തന്നെ വെച്ച് പൂവണിയുമെന്ന് ഒട്ടും   പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ന് നല്ലൊരു  ഭർത്താവായി,അഞ്ച്   മക്കളുടെ    സ്നേഹനിധിയായ  ഉപ്പയായി, പേരമക്കളുടെ വാത്സല്യമൊഴുകുന്ന   ഉപ്പാപ്പയായി  അബൂ അൽ മാസ്  സിറ്റിയിലെ കുടുംബനാഥനായി മാറികഴിഞ്ഞു.
ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ, മഅദനുൽ ഉലൂം (തോപ്പ്), സിറ്റി ഗവണ്മെന്റ് ഹൈസ്‌കൂൾ, എന്നിവിടങ്ങളിൽ നിന്നും മത,ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഇദ്ദേഹം പഠന സമയത്ത്  ലീഡർഷിപ് എന്ന  എക്സ്ട്രാ ആക്ടിവിറ്റിയുമായി മുന്നോട്ട് നീങ്ങി.
തോപ്പിൽ പഠിക്കുമ്പോൾ ഒരേ സമയം സ്കൂൾ ലീഡറായും മദ്രസ്സ ലീഡറായും പ്രവർത്തിച്ചത് കൊണ്ടാകാം സിറ്റി MSF ന്റെ നേതൃ നിരയിലും പ്രവർത്തിക്കാൻ ഇദ്ദേഹത്തിനു സാധിച്ചത്.
സിറ്റി ഹൈസ്കൂളിൽ പഠിക്കുമ്പോൾ സിറ്റി എം.എസ്.എഫിലൂടെ  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തന്റേതായ ഒരു സ്ഥാനം അരക്കിട്ടുറപ്പിച്ചു.
സ്കൂളിലെ റീഡിങ് റൂം, സൈക്കിൾ ഷെഡ്ഡ്, ശൗച്യാലയം സ്ഥാപിക്കൽ തുടങ്ങിയവ സ്ഥാപിച്ചെടുക്കാൻ വേണ്ടി നടത്തിയ സമരങ്ങൾ ആ കാലഘട്ടത്തിൽ പഠിച്ച ഇദ്ദേഹത്തിൻ്റെ സഹപാഠികൾ അയവിറക്കുന്നുണ്ട്.
ചരിത്ര താളുകളിൽ കുറിക്കപ്പെട്ട സമരമുറകളുടെ ഫലമായി ഇതൊക്കെ നേടിയെടുത്തപ്പോൾ വ്യക്തിപരമായി വലിയ പരാജയം  തന്നെ ഇദ്ദേഹത്തിനു നേരിടേണ്ടി വന്നു.  സമര നായകൻ എന്ന പട്ടം ചാർത്തി സഭയിൽ നിന്നും സ്കൂളിൽ നിന്നും ഇദ്ദേഹത്തെ   പടിയിറക്കി.
തുടർന്ന് വിദ്യാർത്ഥി കൂട്ടായ്മയുടെ സമരത്തോടെ സ്കൂളിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് അങ്ങോട്ട് പഠനത്തിൽ ശ്രദ്ധിക്കുന്നതിനു പകരം പക്കാ രാഷ്ട്രീയക്കാരന്റെ റോളിലേക്ക് ഇദ്ദേഹം മാറി.
SSLC പഠനാനന്തരം  താൽക്കാലികമായി സിറ്റിയോട് വിടപറഞ്ഞ ഇദ്ദേഹം   സിറ്റി സമ്മാനിച്ച മറക്കാനാവാത്ത ഓർമകളുമായി ജീവിതം മുന്നോട്ടു തള്ളിനീക്കി.
ഒടുവിൽ  1987 ൽ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ സിറ്റിയുടെ കുടുംബനാഥരിൽ ഒരാളായി തീർന്നു.
ചെറുപ്പം മുതൽ സിറ്റി MSF എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സേവന പ്രവർത്തനങ്ങളുടെ ഭാഗവാക്കായതിനാൽ പിന്നീട്  ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുവാൻ താല്പര്യം കൂടി വന്നു.
1992 മുതൽ പ്രവാസ ജീവിതം ആരംഭിച്ചത് മുതൽ അതിനുള്ള സൗകര്യങ്ങൾ ഏറെ ലഭിക്കുകയും ചെയ്തു .രാഷ്ട്രീയ സംഘടനകളുടെ ലേബലിൽ നിന്നും വിട്ടു നിന്ന്   പ്രാദേശികമായ കാര്യങ്ങൾക്കു പ്രാമുഖ്യം നൽകി  പ്രവർത്തനത്തിനു തുടക്കമിട്ടു,
ജിദ്ദയിൽ ജോലി ചെയ്യുമ്പോൾ ജന്മനാട്ടിലെ ജീവകാരുണ്യ കൂട്ടായ്മയായ EMWA യുടെ  ജനറൽ സെക്രട്ടറിയായി   11 വർഷക്കാലം സേവനനിരതനായതിനു പുറമേ   സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന KWA യുടെ ജനറൽ സെക്രട്ടറിയായി  സഹജീവികളോടുള്ള സ്നേഹം പങ്കു വെക്കാൻ കഴിഞ്ഞു .
സ്നേഹ സല്ലാപം എന്ന നവമാധ്യമ കൂട്ടായ്മ പിറവിയെടുത്തത് ഇദ്ദേഹത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ തന്നെയാണ്.     ചീഫ് അഡ്മിൻ എന്ന നിലയിൻ വ്യത്യസ്‍തവും വ്യവസ്ഥാപിതവുമായ രീതിയിൽ അതിന്റെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിന്ന്  സഹ അഡ്മിന്മാരായ   ഷബീർ MC , ഫഹദ് ബിൻ സാലി, റൈഹാന MC എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു.
 ഗ്രൂപ്പ് അംഗങ്ങളുടെ സഹകരണത്തോടെ
കണ്ണൂർ സിറ്റിയിലും പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നിരാലംബരായ സഹജീവികളുടെ   ജീവിത പ്രയാസങ്ങൾ  ലഘൂകരിക്കാൻ വേണ്ടി   കഴിയുന്ന വിധത്തിലുള്ള  ജീവകാരുണ്യ  പ്രവർത്തനങ്ങൾ  സാമൂഹ്യ ബാധ്യതയായി ഏറ്റെടുത്ത് നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നു.
സ്നേഹത്തിനും സൗഹൃദത്തിന്നും വിലമതിക്കുന്നതോടൊപ്പം ഇത്തരത്തിലുള്ള സഹജീവികളെ ചേർത്ത് പിടിച്ചുള്ള ഈ മുന്നേറ്റം കാരണം  സിറ്റിയിലെ  ഇതര  വാട്ട്സ് ആപ്പ് ഗ്രൂപ്പ്  കൂട്ടായ്മകളുടെ ഇടയിൽ നിന്നും വിഭിന്നമായി    സ്നേഹ സല്ലാപത്തിന്നു അമൂല്യമായ സ്ഥിരപ്രതിഷ്ഠ  നേടി എടുക്കാൻ കഴിഞ്ഞു എന്നത് ഇദ്ദേഹത്തിനു ചാരിതാർഥ്യം നൽകുന്നുണ്ട്.
തന്നെ  താനാക്കിയ സിറ്റിയെ മാറോടണച്ച്, തന്റെ ജീവിതം തന്നെ മാറ്റിമറിച്ച, സിറ്റി യിലെ സ്നേഹ നിധികളായ ഒരു പാട് സുഹൃത്തുക്കൾ നൽകിയ സ്നേഹവായ്പുകൾ നെഞ്ചിലേറ്റി , സിറ്റിയിലെ എല്ലാ സുഹൃദ് വലയത്തിലുമുള്ള സഹപാഠികളോട് പിരിശത്തോടെ ഇടപഴകി, സന്തോഷത്തിലും സ്നേഹത്തിലും  ജീവിതയാത്ര  തുടരുകയാണിന്ന് അബു അൽമാസ്.
അല്ലാഹു ഇദ്ദേഹത്തിൻറെ പ്രവർത്തനം ഖബൂൽ  ആക്കട്ടെ (ആമീൻ)

സിറ്റി മണപ്പുറം സ്വദേശിനി  കൽഫാന്റവിട പുതിയ പുരയിൽ ഖദീജ ടീച്ചറാണ് സഹ ധർമ്മണി.
മനസ്സിന്നു കൺകുളിർമ നൽകുന്ന 5 കിടാങ്ങളെയും വാത്സല്യ നിധികളായ 2 പുതിയാപ്പിളമാരെയും 3 പേരക്കിടാങ്ങളെയും  ഇവരുടെ വൈവാഹിക    ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി പ്രപഞ്ച നാഥൻ അനുഗ്രഹിച്ചു നൽകിയതിൽ   സന്തോഷവനാണ് അബൂ അൽമാസും പ്രിയ പത്നിയും.
 താണ കോഓപ്പറേറ്റീവ് ബാങ്ക് സമീപത്താണ് താമസം.
സൗദിയിലെ റിയാദിൽ അഡ്വെർടൈസിങ് ഏജൻസിയിൽ ജോലി ചെയ്യുന്നു.
മക്കൾ : Dr സമീല നജൂം (BDS),
സൽമിയ ബുഷ്ര (B-Tech Civil),
സിയ ഷമ്രീൻ (BUMS - final year യൂനാനി മെഡിക്കൽകോളേജ് കോഴിക്കോട് ),
ഷാനിദ നിയാസി  ( Psychologist Msw-Coimbatore),
മുഹമ്മദ് അൽ മാസ് (പ്ളസ് 2)
ജാമാതാക്കൾ : മുഹമ്മദ് തയ്യിബ് ( Manager Olgutz, കണ്ണൂർ ) ,
ഉനൈസ് സി.കെ (Director & Co-founder - Eget )
പേരകിടാങ്ങൾ : ഇഹ്‌സാൻ തയ്യിബ്, നഹാൻ മുഹമ്മദ്,ഇനായ തയ്യിബ്

2020 ജൂൺ 16, ചൊവ്വാഴ്ച

സിറ്റിയിലെ ജൂനിയർ മുഹമ്മദ് റഫി

വ്യക്തി പരിചയം!








✍️ മുഹമ്മദ് റഹീസ്, കൊച്ചിപള്ളി (ME)

തന്റെ ആലാപന ശൈലി കൊണ്ട് പ്രവാസലോകത്ത്‍ തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് കണ്ണൂര് സിറ്റിക്കാരനായ ഷഫീഖ് തൂശികണ്ണൻ.
അനശ്വര ഗായകൻ മുഹമ്മദ്‌ റഫിയുടെ ആരാധകനായ ഇദ്ദേഹത്തിന്  പാടാനേറെ ഇഷ്ടം  റഫിയുടെ പാട്ടുകളാണ്.
UAE  ലെ സിറ്റിക്കാർക്ക് ഏറെ അഭിമാനം നൽകുന്ന വ്യക്തി കൂടിയാണിദ്ദേഹം. നമ്മുടെ കൊച്ചിപള്ളിക്കാരനും ഇപ്പോൾ ആനയിടുക്കിൽ താമസക്കാരനുമായ ഷഫീഖ്  ജൂനിയർ മുഹമ്മദ്‌ റഫി തന്നെയാണ്. അദ്ദേഹത്തിൻറെ സ്വരമാധുരി അതാണ് വിളിച്ചോതുന്നത്.
UAE ൽ ഒരുപാട് സ്റ്റേജുകളിൽ സജീവ സാന്നിധ്യമായ  ഷഫീഖ് നല്ലൊരു സ്റ്റേജ് പെർഫോർമറും കൂടിയാണ്. അത്രയും നല്ല പ്രോഗ്രാമുകളാണ് അദ്ദേഹം ചെയ്തു വരുന്നത്.
സംഗീത മത്സര പരിപാടികൾക്ക് വിധികർത്താവിന്റെ റോളിലും തിളങ്ങിയിട്ടുണ്ട്.
തന്റെ ഗാനാലാപനത്തിന്റെ വഴിയിൽ ഒരിക്കൽ ഒരുപരിപാടിക്കിടയിൽ പ്രശസ്‌ത സംഗീത സംവിധായകനായിരുന്ന ദക്ഷിണാമൂർത്തിയുടെ പ്രശംസക്ക് അർഹനായതും,ദക്ഷിണാമൂർത്തി അദ്ദേഹത്തിന് വേണ്ടി മാത്രമായി പാട്ടുപാടാൻ ആവശ്യപ്പെടുകയും ചെയ്തതാണ് മറക്കാനാവാത്തതും വലിയൊരു അംഗീകാരവുമായി കാണുന്നത്.
UAEലെ ഒരുപാടു സംഘടനകളുടെ അംഗീകാരങ്ങൾ ഇതിനകം ഈ  ജൂനിയർ റഫിയെ തേടിയെത്തിയിട്ടുണ്ട്.
ഭാര്യയും രണ്ടു മക്കളും  അടങ്ങുന്ന ഈ കുടുംബത്തിൽ നിന്നും മകൻ സാഹിൽ ഉപ്പാന്റെ സംഗീത വഴി പിന്തുടരുന്ന ഒരു കൊച്ചു പ്രതിഭ കൂടിയാണ് .
സംഗീതം തപസ്യയായി കൊണ്ടുനടക്കുന്ന ഷഫീഖിന് തന്റെ സ്വരമാധുര്യം കൊണ്ട് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ!

സേവന പാതയിലെ സിറ്റിയിലെ യുവത്വം

നമ്മുക്ക് പരിചയപ്പെടാം!

-ശംസു മാടപ്പുര-

സമസ്യഷ്ടികളോടുള്ള കാരുണ്യം തൻ്റെ മതബാധ്യതയായെടുത്ത് സേവന പ്രവർത്തനത്തിലേർപ്പെട്ടു കോണ്ടിരിക്കുകയാണ് കണ്ണൂർ സിറ്റി ഞാലുവയലിലെ മുഹസിൻ അബൂബക്കർ.
ഈ കോറോണ കാലത്ത് ഇദ്ദേഹം ചെയ്ത സേവനങ്ങൾ നിരവധിയാണ്.
ആലംബഹീനർക്ക് മരുന്ന്,ഭക്ഷണം എത്തിക്കുക,രോഗികളെ ആശുപത്രിയിൽ ചെന്ന് സന്ദർശിക്കുക,മരുന്നുകൾ രോഗികളുടെ വീട്ടിൽ എത്തിച്ചു കൊടുക്കുക,
ആശുപത്രിയിലേക്ക് പോകാൻ വാഹന സൗകര്യം ഒരുക്കി കൊടുക്കുക തുടങ്ങിയ സേവനങ്ങളിലൂടെ
ശ്രദ്ധേയനായ വ്യക്തിയാണ് ഇദ്ദേഹം.
സൗദിയിലുള്ള ഒരു സഹോദരൻ ആവശ്യപ്പെട്ടതനുസരിച്ച് ഇരട്ടിയിൽ നിന്നും അമ്മാവനേയും കൊണ്ട് വന്ന മാതാവിനും ഭാര്യക്കും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആവശ്യമായ സഹായങ്ങൾ  ഒരുക്കി കൊടുക്കുകയും ചെയ്തു. കൂടാതെ കണ്ണൂർ നിലയത്തിന്റെ കീഴിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണാർത്ഥം പുനരുപയോഗത്തിനു സാധ്യമായ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനായി മരക്കാർകണ്ടി പ്രദേശത്ത് വീടുകളിൽ പ്രചരണം നടത്തുന്നതിലും വ്യാപ്രതനായി.
ആരോഗ്യ വകുപ്പുമായി ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ സ്ക്രീനിങ്ങിൽ വളണ്ടിയറായി സേവനമനുഷ്ഠിച്ചു എന്ന് മാത്രമല്ല   ഫയർ ഫോഴ്സുമായി ചേർന്ന് കണ്ണൂർ കലക്ട്രെറ്റിലും പോലീസ് ആസ്ഥാനത്തും കോർപ്പറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിലും   അണുനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ധനലക്ഷ്മി ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗിക്ക് രക്തം ആവശ്യമായി വന്നപ്പോൾ എസ്.ഡി. പി ഐ യുടെ കീഴിലെ "ക്ലിക്ക് റെസ്പോൺസു"മായി ബന്ധപ്പെട്ട് രക്തം എത്തിച്ചു കൊടുക്കാനും ഗ്യാസ് ഡെലിവറി നടക്കാത്ത വീടുകളിൽ വിറക് എത്തിച്ചു കോടുക്കാനും മുഹസിൻ സന്നദ്ധനായി.
കഴിഞ്ഞ ദിവസം ബ്ളഡ് ഡോണേർസ് കേരള (കണ്ണൂർ) നടത്തിയ രക്തദാന ബോധവൽക്കരണ ക്വിസ്സ് മത്സര പരിപാടിയിൽ  ഒന്നാം സ്ഥാനം നേടി.
 ഓട്ടോറിക്ഷ ഡ്രൈവറായ ഇദ്ദേഹം കേരള എമർജൻസി ടീം ( കെ.ഇ.ടി) കണ്ണൂർ ജില്ലാ മെമ്പർ കൂടിയാണ്.
 ബ്ളഡ് ഡോണേർസ് ജില്ലാ ഘടകത്തിലും ഫയർ സർവീസ് സിവിൽ ഡിഫൻസിലും ചേർന്ന് നിലവിൽ  പ്രവർത്തിക്കുന്നുണ്ട്.
എസ്.ഡി.പി.ഐ കണ്ണൂർ മണ്ഡലം ജോയിൻറ് സെക്രട്ടറി കൂടിയാണ്.
കപ്പണയിൽ അബൂബക്കറിൻ്റെയും മൈലാഞ്ചി മഠത്തിൽ സൈബുന്നിസയുടെയും മകനായ മുഹസിൻ്റെ ഭാര്യ കനീലകത്ത് ശുഹൈബയാണ്.
മക്കൾ : ഫാത്തിമ ഷെസ,
ആയിഷ മിൻഹ,
മുൻതസിർ,
സൽമാൻ.


2020 ജൂൺ 14, ഞായറാഴ്‌ച

കണ്ണൂർ സിറ്റിയുടെ പഴയ കഥകൾ-5


(ഒളി മങ്ങാത്ത ഓർമ്മകൾ അവസാനഭാഗം)

✍️ ഹുസൈന് അറക്കകത്ത്

ഇന്ന് കാണുന്ന അറക്കൽ ഗ്രൗണ്ട്  അന്ന് നാട്ടുകാർക്കിടയിൽ അറക്കൽ കെട്ടാണ്. ഇവിടെ അന്ന് കാലത്ത് ഗുസ്തി മത്സരം നടന്നിരുന്നു. മജീദ്, ഹമീദ് തുടങ്ങി പേര് ഓർമ്മയില്ലാത്ത മറ്റ് മല്ലന്മാരും അന്ന് ഗുസ്തി മത്സരത്തിൽ പങ്കെടുത്തിരുന്നു. വടകരയിൽ നിന്നും സിറ്റിയിൽ താമസമാക്കിയ ഫയൽവാൻ ഹമീദ് ഗുസ്തി മത്സരത്തിലെ അന്നത്തെ ഹീറോയാണ്. ഇദ്ദേഹം അറക്കൽ രാജഭടന്മാരിലൊരാളാണത്രെ. രാജഭരണവും ഗുസ്തി മത്സരവും അവസാനിച്ചപ്പോൾ ഖബർ കുഴിക്കുന്ന ജോലിയിലാണ്  പിന്നീട് ഏർപ്പെട്ടത്. അദ്ദേഹത്തിൻറെ വിയോഗത്തിന് ശേഷം മക്കൾ ഈ കർമ്മം ഏറ്റെടുത്തതായി  അറിഞ്ഞിരുന്നു.

റമദാനായാൽ പല പ്രദേശത്തുനിന്നും  കുട്ടികളും യുവാക്കളും ജുമ അത്ത് പള്ളിക്കടുത്തുള്ള മുനിസിപാലിറ്റി  ഓഫീസിന് മുമ്പിലുള്ള സ്ഥലത്ത് ഒത്തുകൂടും. അവിടെ  രാത്രികളിൽ   ബോർഡ് കളി നടക്കും.പുലർച്ചെ     രണ്ടുമണി വരെ നീളുന്ന ഈ കളി വർഷങ്ങളോളം നിലനിന്നിരുന്നു. അതേപോലെ നോമ്പുകാലത്ത് ചീനി മുട്ട് നടക്കാറുണ്ട്. ബാന്റുകാരൻ ഹംസയും കൂട്ടരും വീടുവീടാന്തരം കയറിയിറങ്ങി റമളാൻ രാത്രികളിൽ ബാൻഡ് മേളം നടത്തി പണം പിരിക്കും.

അന്ന് റമദാൻ അവസാനിക്കാറാകുമ്പോൾ ശവ്വാൽ  പിറ കണ്ട് മാസം ഉറപ്പിച്ച് പെരുന്നാൾ  അറക്കലിൽ നിന്ന് അറിയിക്കാറാണ് പതിവ്.ഇതറിയാനായി മഗ്രിബ് കഴിയുന്നതോടെ സിറ്റിയുടെ എല്ലാ ഭാഗത്തുനിന്നും കുട്ടികളും മുതിർന്നവരും  അറക്കൽ കെട്ടിൽ കൂടിച്ചേരും. ഒരോ മണിക്കൂറും ഇടവിട്ട് മണിമുട്ടുന്ന മൂസക്കാക്ക് ഇവർ ചില്ലറ തലവേദനയല്ല സ്യഷ്ടിക്കുന്നത്.

കണ്ണൂർ സെൻട്രൽ ഹോസ്പിറ്റലിലെ മരുന്നുകൾ സ്റ്റോക്ക് ചെയ്ത തോപ്പിന്
തീപിടിച്ച് വലിയ സ്ഫോടനങ്ങൾ അരങ്ങേറിയ കാഴ്ചക്ക് ദൃക്സാക്ഷി കൂടിയാണ് ഞാൻ. തോപ്പ് കത്തി നശിച്ചതോടെ അവിടെ  പ്രവർത്തിച്ചിരുന്ന കോയിക്കാന്റെ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

മുനിസിപാലിറ്റി കെട്ടിടം പ്രവർത്തിച്ചിരുന്ന ഭാഗത്ത്    കുതിര ചാപ്പയുണ്ട്. ഇന്ന് കാണുന്ന  ഓട്ടോറിക്ഷ സ്റ്റാൻഡ് പോലത്തെകുതിരവണ്ടി സ്റ്റാൻഡ്. പഴയകാലത്ത് യാത്രക്ക് ആശ്രയിച്ചിരുന്നത് കുതിരവണ്ടിയെയാണ്.
അന്ന് ഒന്നോ രണ്ടോ കാറ് മാത്രമേ ഉള്ളൂ. കല്യാണ വീടുകളിൽ
ആളുകളെ കൊണ്ടുവരാനും കല്യാണാനന്തരം തിരികെ കൊണ്ടുപോകാനും മൂന്നും നാലും കുതിരവണ്ടികൾ ഉപയോഗിച്ചിരുന്നു.

ഒന്നിലധികം ഹോട്ടലുകൾ പ്രവർത്തിച്ചിരുന്ന ഇവിടം ഭാഷാ ഹോട്ടൽ, കെ. സി ഹോട്ടൽ, ആവാന്റെ ഹോട്ടൽ എന്നിവ എടുത്തുപറയേണ്ടവയാണ്. നെല്ലുകുത്തി ഹമീദ്ക്കയുടെ വിറക് കട, ആമിക്കാന്റെയും ഹാഷിംക്കയുടെയും കാഹുഞ്ഞിക്കയുടെയും കൊച്ചാളിയുടെയും
അനാദി കടകൾ, ഫ്ലവർ മില്ലുകൾ തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്.

സിറ്റിയിൽ വർഷങ്ങളോളം     ഒരുപാടുപേർ  വിവിധ കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്നു. പച്ചക്കറി സമദ്ക്ക, വെറ്റില ക്കാരൻ മാമു, ബോബി ഖാലിദ്,ചുണ്ടൻ ഖാലിദ്,മൂസക്ക, ബർമ്മ മജീദ്, ടാങ്കി മഹമൂദ്, പൂട്ട് കുലുക്കി ഹസനിക്ക, ചാക്കു കാരൻ ഹമീദ് ഹാജി,വാച്ച് മൂസക്ക തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ്.

1959ൽ പഠനത്തോടൊപ്പം കെ സി യുടെ ഹോട്ടലിൽ ഞാൻ ജോലി ചെയ്യുകയുണ്ടായി. കെ സി മുസ്തഫ, കെ സി ഉസൈൻ എന്നിവരായിരുന്നു ഹോട്ടൽ ഉടമകൾ. ആ സമയം കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖത്തീബ് നൂറുദ്ദീൻ മൗലവിയായിരുന്നു. അന്ന് അദ്ദേഹം താമസിച്ചിരുന്നത് തോപ്പ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ താഴെയാണ്. അദ്ദേഹത്തിന് മൂന്ന് നേരവും ഭക്ഷണം കൊണ്ട് കൊടുക്കുന്ന പതിവ് എനിക്കുണ്ടായിരുന്നു. പിന്നീട് നൂറുദ്ദീൻ ഖത്തീബ് അബുദാബി സന്ദർശിച്ചപ്പോൾ  ഈ പരിചയം പുതുക്കാൻ എനിക്ക്  സാധിച്ചു.

ഇടാറയിൽ ഒരു പലകയും ഇട്ട് അതിൻറെ മേൽ അഞ്ചിന്റെ തിരിയും കത്തിച്ചു വെച്ച് പഠനത്തിൽ മുഴുകിയ ഇ. അഹമ്മദ് സാഹിബിനും അന്ന് ഹോട്ടൽ ജോലി എടുക്കുമ്പോൾ ഭക്ഷണം എത്തിച്ചു കൊടുത്തതിൽ   ഞാൻ അഭിമാനം കൊള്ളുന്നു. ഇന്നത്തെ പോലെ വൈദ്യുതി വ്യാപകമാകാത്ത കാലത്ത്  വളരെ കഷ്ടപ്പെട്ട് പഠിച്ചാണ് ഇദ്ദേഹം വക്കീലായതും ലോകം മുഴുവനും അംഗീകരിച്ച വ്യക്തിത്വത്തിനുടമയായതും. ഇദ്ദേഹത്തിൽ നിന്നും നമ്മുക്ക്   ഒരുപാട് പഠിക്കാനുണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ദീർഘകാലം അദ്ദേഹത്തിൻറെ സേവനം ഞങ്ങൾക്ക് ലഭിച്ചില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല എന്നതുപോലെ ഈ മുല്ലയുടെ പരിമളം തിരിച്ചറിയാൻ നാട്ടുകാർക്ക് സാധിച്ചില്ല എന്നതാണ് ഖേദകരമായ വസ്തുത.

കണ്ണൂർ സിറ്റിയിൽ ജനിച്ചു വളർന്ന് പ്രദേശവാസികൾ ക്കിടയിൽ സ്വീകാര്യനായ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് കുട്ടിയാപ്പിളത്ത് അബൂഞ്ഞിക്ക.
നാട്ടിലും വീട്ടിലും ഉണ്ടാവുന്ന സകലമാന പ്രശ്നങ്ങളിലും ഇടപെട്ട് മധ്യസ്ഥ റോൾ വഹിച്ചിരുന്ന വ്യക്തി കൂടിയായ ഇദ്ദേഹത്തോടൊപ്പം സമാന മനസ്കരായ ചിലരും കൂടെ ചേർന്ന് പ്രശ്ന് പരിഹാരത്തിലേർപ്പെട്ടിരുന്നു.
വഴക്കാളിയായ പുതിയാപ്പിളയെ നേരെയാക്കാനും, സ്വത്ത് പ്രശ്നങ്ങൾ പരിഹരിക്കാനും വേർപിരിഞ്ഞ ഇണകളെ കൂട്ടിയിണക്കാനും  തുടങ്ങിയ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ അവസാനവാക്കാണ് ഇദ്ദേഹവും കൂട്ടരും.ഏത് പ്രതിസന്ധിയിലും സിറ്റിക്കാർ ഇവരുടെ അടുക്കലാണ് ഓടിയെത്തുക.

മേൽ കുറിപ്പുകളിൽ  പ്രസ്താവിച്ച പലരും സിറ്റിയെ നെഞ്ചോട് ചേർത്ത് നമ്മോട് വിട ചൊല്ലിയവരാണ്. ഓർമ്മകളിൽ തെളിയാത്ത ചിലരൊക്കെ ഈ കുറിപ്പിൽ
വിട്ടുപോയിട്ടുണ്ട്. ഓരൊ കുറിപ്പിലും ചുവടെ കാണുന്ന കമൻ്റിൽ വായനക്കാർ അവരിൽ ചിലരെ ചൂണ്ടികാട്ടിയിട്ടുണ്ട്.

എല്ലാവർക്കും നന്ദി,കടപ്പാട്!

(അവസാനിച്ചു)

മനസ്സ് തൊട്ടറിയുന്ന തോട്ടടയിലെ ഡോക്ടർ

നമ്മുക്ക് പരിചയപ്പെടാം!

➤മുഹമ്മദ് റഫീഖ്

കണ്ണുരിൽ   എല്ലാവർക്കും  സുപരിചിതനാണ് ഡോക്ടർ   താഹിർ ‌. തോട്ടടയിൽ സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഇദ്ദേഹം  അമ്പതു വർഷമായി കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്നു. കണ്ണൂർ സിറ്റിയിലെ എടപ്പകത്ത് തറവാട്ടിൽ ജനിച്ച  ഇദ്ദേഹത്തിന്റെ ജീവിതത്തിലെ  വലിയ ഒരു ഭാഗം ചിലവഴിച്ചത്    കടലായിൽ തന്നെയായിരുന്നു .
  കടലായിയിൽ നിന്ന് സിവിൽ സെർവിസിൽ  ഉദ്യോഗം കിട്ടിയ ആദ്യത്തെ വ്യക്തി ആയിരുന്നു ഇദ്ദേഹം.   അത് കൊണ്ടു തന്നെ സർക്കാർ കാര്യങ്ങൾ നടത്തി കിട്ടുവാൻ വേണ്ടി ആ കാലത്തു എല്ലാവരുടെയും  ഒരു അത്താണി  ആയിരുന്നു  താഹിർ സാഹിബ്‌ .  അന്ന് പത്തേമാരിയിലും മറ്റും പ്രവാസ ലോകത്തേക്ക് യാത്ര തിരിച്ച പലർക്കും തിരിച്ചു വരാനുള്ള പാസ് പോർട്ടും   മറ്റു യാത്രാ രേഖകളും ശരിയാക്കുന്ന കാര്യത്തിൽ ഇദ്ദേഹം ചെയ്ത സേവനങ്ങൾ എടുത്തു പറയേണ്ട ഒന്നാണ്. ഇന്നും അവരിൽ പലരും പ്രവാസ ജീവിതം നയിക്കുന്നു.  അന്ന്  കടലായിയിലെ  ഭൂരിപക്ഷം കുടുംബങ്ങൾക്കും ഒരു സഹായ ഹസ്തമായി വർത്തിച്ചിരുന്ന താഹിർക്കയെ നാട്ടുകാർ   ഇന്നും  നന്ദിയോടെ സ്മരിക്കുന്നുണ്ട്..  യാതൊരു അഴിമതിയാരോപണങ്ങൾക്കും വിധേയമാകാത്ത, കറ പുരളാത്ത   കണ്ണൂർ കളക്റ്ററേറ്റിലെ ഔദ്യോഗിക ജീവിതം നീണ്ട  മുപ്പത്തൊന്ന്   കൊല്ലം  വരെ തുടർന്നു. കടലായിൽ ആദ്യമായി ഒരു ഗ്രന്ഥശാല സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത് പ്രവർത്തിക്കുകയും അത് യാഥാർഥ്യമാക്കുകയും ചെയ്തതിൽ പ്രധാന പങ്ക് ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.  ആ വായനശാലയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയി ദീർഘകാലം ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുമുണ്ടായി. വായന ഇദ്ദേഹത്തിന്റെ ഒരു ജീവിത ചര്യ ആയിരുന്നു.വായനയിൽ നിന്നും ലഭിച്ച ഊർജ്ജം അദ്ദേഹത്തെ മനശാസ്ത്ര ലോകത്തേക്ക് ആകർഷിച്ചു.
 മറ്റുള്ളവർ പ്രത്യേകിച്ച് സ്വ.ന്തം നാട്ടുകാർ  അനുഭവിച്ചു കൊണ്ടിരിക്കുന്ന  മാനസികമായും ശാരീരികമായുള്ള  കഷ്ടപ്പാടുകൾക്ക് എങ്ങനെ പരിഹാരം കാണാൻ കഴിയുമെന്ന ചിന്ത ഉടലെടുത്തതോടെ  ഇദ്ദേഹം  മനഃശാസ്ത്രത്തിലും    അതിനോടനുബന്ധിച്ച്   വൈദ്യശാസ്തത്തിലും ഗവേഷണത്തിലും ഏർപ്പെട്ടു.  കടലായിയിൽ  വെച്ച്   അക്കാലത്തു തന്നെ ഇദ്ദേഹം  പല സെമിനാറുകളും നടത്തിയിട്ടുണ്ട്. മനഃശാസ്ത്ര വേദി എന്ന ഒരു സംഘടന ഉണ്ടാക്കി കടലായി സ്കൂളിൽ  എല്ലാ മാസവും പ്രഗത്ഭരായ മനഃശാസ്ത്ര വിദഗ്ധന്മാരെ കൊണ്ടു വന്നു ക്ലാസ്സ്‌ എടുപ്പിച്ചിരുന്നു. എടക്കാട് ബ്ലോക്കിലെ ഏഴോളം സ്കൂളുകളിൽ പരീക്ഷപ്പേടിയെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തിൽ നിരന്തരം കൗൺസിലിംഗ് നടത്തിപ്പോന്നിരുന്നു. വലിയ ഒരു ഗ്രന്ഥ ശേഖരത്തിന്റെ ഉടമയായ        ഇദ്ദേഹത്തിന്റെ വീട്ടിൽ വലിയ ഒരു ലൈബ്രറി തന്നെ ഉണ്ട്.  ഒപ്പം   ഇദ്ദേഹത്തിന്റെ ക്ലിനിക്കിലും നിരവധി ഗ്രന്ഥങ്ങളുടെ ശെഖരം തന്നെയുണ്ട്.
 എല്ലാ മതഗ്രന്ഥങ്ങളും സാഹിത്യം, മനഃശാസ്ത്രം, സയൻസ് തുടങ്ങിയ പുസ്തകങ്ങളും   ഇതിൽ  ഉൾപ്പെടുന്നു  ജോലിയുടെ കൂടെ തന്നെ ആരോഗ്യ രംഗത്തും മനശ്ശാസ്ത്രത്തിലും   അദ്ദേഹം അതീവ താല്പര്യത്തോട് കൂടി വർത്തിച്ചിരുന്നു   മനഃശാസ്ത്ര ഗുരുക്കന്മാരിൽ നിന്നും ധാരാളം അറിവുകൾ   ആർജ്ജിച്ചു കഴിഞ്ഞതോടെ   ഈ  വിഷയത്തിൽ ഗവേഷണങ്ങളും പരീക്ഷണ നിരീക്ഷണങ്ങളും ഈ കാലയളവിൽ തന്നെ നടത്തിയിരുന്നു.   അങ്ങനെയാണ്  സിവിൽ സർവീസ് സേവനത്തിനു ശേഷം അദ്ദേഹം ചൈതന്യ ക്ലിനിക് തോട്ടട  എസ്എൻ കോളേജിന് സമീപം ആരംഭിച്ചത്.  മാനസിക വിഷമം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു പാട് ആളുകൾക്ക് ആശ്വാസമായി നിലകൊള്ളുകയും   അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന പ്രവർത്തിയിൽ നിതാന്ത ജാഗ്രതയോടെ ഇന്നും ഇദ്ദേഹം  പ്രവർത്തിച്ചുവരുന്നു. .  ലോക പ്രശസ്ത മനഃശാസ്ത്രഞാൻമാരുടെ ഗ്രന്ഥങ്ങൾ  പഠനാർഹമാക്കി  അതീന്ദ്രിയ അനുഭവ  ജ്ഞാനത്തിൽ (parapsychology) അവഗാഹം നേടിയ   കേരളത്തിലെ ചുരുക്കം പേരിലൊരാളെന്ന പ്രത്യേകത കൂടി ഇദ്ദേഹത്തിന്നുണ്ട്..  ഇതിനകം   ഒരു പാട്  സങ്കീർണതകൾ നിറഞ്ഞ  കേസുകൾ കൈകാര്യം ചെയ്ത് പരിഹാരം കണ്ടെത്തിയ  ഇദ്ദേഹത്തിൻ്റെ   മനഃശാസ്ത്രത്തെ ആസ്പദമാക്കി സമർപ്പിച്ച  തിസീസിന് 2008ൽ ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായി.
മനഃശാസ്ത്രത്തെ പറ്റിയും അല്ലാതെയും ഒരു പാട് പുസ്തകങ്ങൾ രചിച്ചിട്ടുള്ള  ഇദ്ദേഹത്തിൻ്റെ ഒടുവിലത്തെ പുസ്തകമായ  "കാണാപ്പുറങ്ങളിലെ  മനസ്സ് " .
 കഴിഞ്ഞ  വർഷം ജനുവരിയിൽ   ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ പ്രകാശനം ചെയ്തു. മനസ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പറ്റിയ ഒരു റെഫെറൻസ് പുസ്തകമാണിതെന്ന്  മന്ത്രി   അഭിപ്രായപ്പെടുകയുണ്ടായി. ഇദ്ദേഹത്തിൻ്റെ 
" Facts about psychology and parapsychology"
 വായനക്കാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ച പുസ്തകമാണ്.    മുൻ ചീഫ് ജസ്റ്റിസ് എൻ. വി. കൃഷ്ണ വാരിയർ, ഇന്ത്യയിലെ തന്നെ മികച്ച മനോരോഗ വിദഗ്ധൻ ആയിരുന്ന Dr.മുരളീ കൃഷ്ണ എന്നിവർ ആ പുസ്തകത്തെ പ്രകീർത്തിച്ചു എഴുതുകയുണ്ടായി .അത് ഇദ്ദേഹത്തിന് മനഃശാസ്ത്ര മേഖലയിൽ വലിയ ഒരു അംഗീകാരം ആണ് നേടിക്കൊടുത്തത്  .
ആരോഗ്യ സംരക്ഷണത്തിനുള്ള ബോധവത്കരണം കണ്ണൂരിൽ  മാത്രം ഒതുങ്ങി നിന്നതായിരുന്നില്ല,  കണ്ണൂരിനു പുറത്തും നിരവധി  സ്കൂളുകളിലും കോളേജുകളിലും പൊതുവേദികളിലും ഇപ്പോഴും നടത്തി കൊണ്ടിരിക്കുന്നു,ഒരു പാട് സാഹിത്യ സാംസ്‌കാരിക മനഃശാസ്ത്ര ക്‌ളാസ്സുകളിൽ ഇദ്ദേഹത്തിന്റെ  ക്ലാസ് ഏറെ ശ്രദ്ധ ആകർഷിച്ചു പോന്നു .അമ്പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് നിരവധി കോളജുകളിലും ഇതര വിദ്യാഭാസ സ്ഥാപനങ്ങളിലും മോട്ടിവേഷനൽ ക്ലാസുകൾ ഇത് വരെ നൽകിയിട്ടുണ്ട്.  കൂടാതെ നിരവധി പുസ്തങ്ങൾ എഴുതുകയും ഡോക്യൂമെന്ററികൾ നിർമിക്കുകയും  ചെയ്തു.
കണ്ണൂരിൽ മാത്രമല്ല  ഇതര സംസ്ഥാനങ്ങളിലും പ്രശസ്തിയാർജിച്ച  വ്യക്തിയാണിദ്ദേഹം.കൂടാതെ   നിരവധി സാമൂഹിക മാധ്യമ ഗ്രൂപ്പകളിലെ  ചർച്ചകളിൽ ഇപ്പോഴും സഹകരിച്ചു മുന്നേറുന്നു.
കണ്ണൂർ സിറ്റി ഇടപ്പകത്ത് ആയിഷയുടെയും കരേരാട്ട് മൊയ്തുവിന്റയും മകനായി 1942 ലാണ് ജനനം.
അതീന്ദ്രിയ ജ്ഞാനത്തെ കുറിച്ച് പഠനം നടത്തിയിരുന്നു.
പാരാസൈക്കോളജിയിൽ ഇൻറർ നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. മൂന്ന് പ്രശസ്തി പത്രങ്ങളും നാല് അവാർഡുകളും ലഭിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് പത്ത് പുസ്തകങ്ങൾ രചിച്ചു.
"ഫാക്ട് എബൗട്ട് സൈക്കോളജി ആൻഡ് പാരാ സൈക്കോളജി അൺ കവേർഡ്" എന്ന ഇംഗ്ലീഷ് പുസ്തകവും 2016 ൽ "ഒരു പാരാ സൈക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തലുകൾ" എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെയും ഡോക്ടർ മുരളി കൃഷ്ണയുടെയും സഹായത്തോടെ പാരാ സൈക്കോളജിയെ കുറിച്ച് ഗവേഷണം നടത്തി. അഡ്വാൻസ്ഡ് സെയ്ക്ക് റിസർച്ച് സെൻറർ കേരള ചെയർമാൻ,  റിസർച്ച് ബോർഡ് ഓഫ് അമേരിക്കൻ ബയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, അഡ്വൈസർ പ്രശാന്ത് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു.
ഭാര്യ :സിത്താര. മക്കൾ : സിറാജ്,റജുല മിറാജ് ,റഹീസ.
തോട്ടട  എസ്.എൻ.  കോളേജ് റോഡ് തുഷാരയിലാണ് താമസം.

 (ലേഖകൻ യു.എ ഇ   ഇത്തി സാലാത്ത് മുൻ   ജീവനക്കാരനാണ്. 35 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു)


2020 ജൂൺ 13, ശനിയാഴ്‌ച

കണ്ണൂർ സിറ്റിയിലെ പഴയ കഥകൾ-4

(ഒളിമങ്ങാത്ത ഓർമ്മകൾ)

➤ ഹുസ്സൈൻ അറക്കകത്ത്

കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് അനുഭവപ്പെടാറുണ്ടെന്ന് നേരത്തെ പ്രസ്താവിച്ചുവല്ലോ.
നീർച്ചാൽ,തയ്യിൽ പ്രദേശങ്ങളും    ഈ മാർക്കറ്റുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. നീർച്ചാലിൽ ഉസ്മാനിക്കാൻ്റെ  കടയിലും കെട്ടിട നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും വിൽക്കാറുണ്ട്.
തയ്യിലെ മാർക്കറ്റിൽ വലിയ വലിയ കച്ചവടങ്ങൾ പൊടിപൊടിച്ചിരുന്നു.
അരി കച്ചവടക്കാരൻ അലീക്കയും ഹോട്ടലുകാരൻ മൂസക്കയും ചക്ക ക്കാരൻ  അന്ത്രൂക്ക, പുതിയാണ്ടി ഹസനിക്ക തുടങ്ങിയവർ ഇവരിൽ പ്രധാനികളാണ്. അന്ത്രൂക്ക എൻറെ വലീപ്പയുടെ അനുജനും പുതിയാണ്ടി ഹസ്സൻ എൻറെ ഉമ്മാൻ്റെ  ഉപ്പയുമാണ്.

നീർച്ചാലിന്റെ കഥ പറയുകയാണെങ്കിൽ ഏതു നേരത്തും ജനനിബിഡമായിരുന്ന പ്രദേശം .  നേരം പുലരുന്നതുവരെ നീർച്ചാലിലും പരിസരപ്രദേശങ്ങളായ ശാന്തി മൈതാനത്തും നീർച്ചാൽ സ്കൂളിന്നടുത്തും ചെറുപ്പക്കാർ തടിച്ചുകൂടിയിരിക്കും. അന്ന് ഒരുപാട് കച്ചവടം ചെയ്തിരുന്ന ഈ ഭാഗത്തുള്ള കടകൾ ഇന്ന് അടഞ്ഞു കിടപ്പാണ്. കച്ചവടങ്ങൾ കണ്ണൂർ ടൗണിൽ കേന്ദ്രീകരിച്ചപ്പോൾ പഴയ സിറ്റിയുടെ പ്രതാപം മങ്ങി. നീർച്ചാൽ പാലത്തിനടുത്ത്  ധാരാളം മുറികൾ അടങ്ങിയ ഉത്താറകത്ത് വക ബിൽഡിംഗ് ഉണ്ട്. അവിടെ കച്ചവടം ചെയ്തവരാണ് സൈക്കിളുകാരൻ ലിബർട്ടി   ഉമ്പായിക്കയും   ചക്ക-മാങ്ങ-ബത്തക്ക എന്നീ സീസൺ ഫ്രൂട്ടുകൾ വിൽക്കുന്നവരായ സേക്കാലി കോയഞ്ഞിയും  പാക്കിസ്ഥാനി മുസ്തഫയും, കുട നന്നാക്കുന്ന കുട മുസ്തഫയും.
അതിന്നരികിലായി കള്ളപിയ്യാപ്ള (പേരറിയില്ല)  എന്ന വിളിപ്പേരിൽ അറിയപ്പെടുന്നവരുടെ വിറക്  കച്ചവടവും നടന്നിരുന്നു. നീർച്ചാലിൽ സ്കൂളിലേക്ക് കയറുന്നിടത്ത് കൊച്ചാളിയുടെ അനാദി കട പേരുകേട്ടവയിലൊന്നാണ് താനും.
അന്നത്തെ പ്രധാന ഇറച്ചി മാർക്കറ്റ് കണ്ണൂർ സിറ്റി സെൻട്രലിലാണ്. പതിനെട്ടോളം ഇറച്ചി കടകളാണുണ്ടായിരുന്നത്. ഒരു ചെറിയ കുന്ന് പോലെയാണ് ആ സ്ഥലം. മൂരി ഇറച്ചി വില്പനശാലകളാണവ. അന്ന് സ്വന്തമായി പാകം ചെയ്ത് നല്ലവണ്ണം ഭക്ഷിച്ചിരുന്നു പ്രദേശവാസികൾ. ഇന്നത്തെ ഫാസ്റ്റ് ഫുഡ് അന്ന് ഓർക്കാൻ പോലും പറ്റാത്ത നിലയിലുള്ളതാണ്.
1954 ലാണ്  ഞാൻ  നീർച്ചാൽ സ്കൂളിൽ ചേർന്ന് പഠിക്കുന്നത്. എൻറെ സഹപാഠികളിൽ ചിലരാണ്  സിറ്റിയിലെ ഡോക്ടർ മുസ്തഫ, ഉരുവച്ചാൽ മുഹമ്മദ് കുഞ്ഞി, അവരുടെ  സഹോദരി,   മൈതാനപ്പള്ളി പ്രദേശത്തു നിന്ന് വരുന്ന അഹമ്മദ് കുഞ്ഞി, കളത്തിൽ അലി ,മുഹമ്മദ് കുഞ്ഞി ,മഹമൂദ് എന്നിവർ.
നീർച്ചാൽ സ്കൂളിലെ പഠനത്തിനുശേഷം ഞാൻ നാലാം ക്ലാസ് മുതൽ പുതിയ പീടിക സ്കൂളിലാണ്  (ഇന്നത്തെ സിറ്റി ഗവ: ഹൈസ്കൾ)    തുടർ പഠനം ആരംഭിച്ചത്. പുതിയ പീടിക സ്കൂൾ റോഡരികിൽ വെച്ച്   കക്കിരി കച്ച്, ബത്തക്ക, പുർത്തി മാങ്ങ ( കയ്യമാങ്ങ) , കൈരിക്ക തുടങ്ങിയവ  വിറ്റിരുന്നത് സ്ത്രീകളാണ്. കുറുവ ,കടലായി, കാക്കത്തോട് പ്രദേശത്തുനിന്നും ഇവർ സാധനങ്ങളുമായി വന്ന് സ്കൂൾ പരിസരത്ത്  കച്ചവടത്തിൽ ഏർപ്പെടും. സിറ്റിയിലെ തങ്ങളവിടുത്തെ വീട് വരെ  നിരനിരയായി അവരിരുന്ന്   കച്ചവടം ചെയ്യും.അണ്ടി എടുത്തു മാറ്റിയ കയ്യമാങ്ങ ഈർക്കിലിൽ കൊളുത്തിയാണ് വിൽക്കാറുള്ളത്. ഇതു വാങ്ങി കഴിക്കുമ്പോൾ ഇതിൻറെ ചാറ്  വീണ് കുപ്പായത്തിൽ കറ പുരളും.
സ്കൂളിന്നപ്പുറമുള്ള കൊളറക്ക പള്ളിയുടെ അടുത്തുള്ള അബ്ദുല്ല വൈദ്യർ നാടൻ ചികിത്സ നടത്തിയിരുന്നയാളാണ്. അപസ്മാരം പോലെയുള്ള  ചികിത്സകൾക്ക് ഇദ്ദേഹത്തിൻറെ അരികിലാണ് രോഗികൾ എത്താറുള്ളത്. അബ്ദുല്ല വൈദ്യരുടെ കാലശേഷം മകനാണ് ക്ലിനിക് നടത്തി പോന്നിരുന്നത്.  ഈ  പ്രദേശത്താണ് കുട്ടൂസ്ക്കയുടെ വീട്. ഇവിടെനിന്നുമാണ് ഇന്നും പ്രചാരത്തിലുള്ള കുട്ടൂസ്ക്കാന്റെ നെയ്യ്  ഉൽപാദിപ്പിച്ചിരുന്നത്.ഈ നെയ്യ് തേച്ചാൽ ഗുണം രണ്ടാണ്. വ്രണങ്ങളുള്ള രോഗികൾ ആദ്യം ഈ നെയ്യ് തേച്ചാൽ ശരീരത്തിലെ വ്രണങ്ങൾ  പഴുത്തിട്ട് പൊട്ടി ചോരയും നീരും ഒഴുകും. അതിനു മുകളിൽ വീണ്ടും ഇത് തേച്ചാൽ ക്രമേണ വ്രണങ്ങൾ ഉണങ്ങും.
ഇക്കാരണം കൊണ്ടാവാം നാടൻ മൊഴിയിൽ "കുട്ടൂസ്ക്കാന്റെ നെയ്യ് പോലെ"  എന്ന പദപ്രയോഗം കടന്നുവന്നത്. നല്ലതിനും മതി, വെടക്കിനും മതി എന്നർത്ഥം.
നേരത്തെ സൂചിപ്പിച്ച അരി ബസാറും പാണ്ട്യാലയും തുണി ബസാറും ഉൾപ്പെട്ട സ്ഥലം  ഇന്ന് മുക്കടവ് വാർഡ് അഥവാ പാലക്കാട്ടിട എന്ന പേരിലാണ് അറിയപ്പെടുന്നത്.
തൊഴിൽതേടി കണ്ണൂർ സിറ്റിയിൽ എത്തിയ പാലക്കാട് നിവാസികളായ പലരും കാലക്രമേണ   കുടിയേറിപ്പാർത്ത് കുടിലുകൾ സ്വന്തമാക്കി. വൃത്തിഹീനമായ ചുറ്റുപാടിലാണ് അവരുടെ താമസം. മുസ്ലിം ലീഗിൻറെ വോട്ട് ബാങ്ക് കൂടിയാണ് ഇവിടം.
 ഇ. അഹമ്മദ് സാഹിബിനെ പോലുള്ള പ്രമുഖ ലീഗ് നേതാക്കൾ   ഇവിടെ നിന്നും ജനവിധി തേടിയിട്ടുണ്ട്. ഈ ഗെല്ലികളിലൂടെ സഞ്ചരിക്കുന്നവർക്ക് പഴയ ശേഷിപ്പ് കാണാനൊക്കില്ല. ഇവിടവും എതിർവശത്തുള്ള കടൽക്കരയും കൊച്ചു  കുടിലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
അന്നത്തെ സിറ്റി വളരെ ശാന്തമാണ്.മറ്റ് പ്രദേശങ്ങളിൽ നിന്നും    ചിലരൊക്കെ വന്ന് കുഴപ്പം സൃഷ്ടിക്കുന്നത് ഒഴിച്ചാൽ പരസ്പരം സ്നേഹത്തിൽ കഴിയുന്നവരാണ് സിറ്റിക്കാർ. രാഷ്ട്രീയ കലഹം കേട്ടുകേൾവി ഇല്ലാത്ത കാലം. പരസ്പരം ഉണ്ടും ഉറങ്ങിയും കഴിഞ്ഞകാലം. അയൽപക്ക ബന്ധത്തിന് വില കൽപ്പിച്ച  അക്കാലത്ത് അടുപ്പിൽ ഇടുന്ന അരി പോലും അയൽക്കാരന് അവകാശപ്പെട്ടതാണെന്ന് ബോധത്തോടുകൂടി സഹവർത്തിത്വത്തോടെ കഴിഞ്ഞവർ. അതൊരു സുവർണകാലഘട്ടം തന്നെയായിരുന്നു. എല്ലാവരും ഏകോദര സഹോദരങ്ങൾ. എല്ലാ വീടുകളും ഒറ്റ വീട് പോലെ. അതിർത്തികളോ അതിർത്തി തർക്കങ്ങളോ ഇല്ല. അണുകുടുംബമെന്നത് ചിന്തിക്കാത്ത കാലം. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന അക്കാലത്ത് മനുഷ്യബന്ധങ്ങളുടെ ഇഴകൾ പരസ്പരം കൂട്ടിയിണക്കുന്നതിൽ
ഓരോരുത്തരും പരസ്പരം മത്സരിച്ചിരുന്നു.

(തുടരും)


കണ്ണൂർ സിറ്റിയുടെ പഴയ കഥകൾ-3


(ഒളിമങ്ങാത്ത ഓർമകൾ)

➤ ഹുസ്സൈൻ അറക്കകത്ത്

അരി സംഭരിച്ച്  വെക്കുന്ന മറ്റൊരു സ്ഥലമാണ് പാലമാഠം. ഉൾകടലിൽ ഊളിയിട്ട ചരക്ക് കപ്പലിൽ നിന്നും ഉരുവിൽ സാധനങ്ങൾ കേറ്റി പാലമാഠത്തിന്നടുത്ത് എത്തിച്ചേരും. കരക്കടുപ്പിക്കാനാവാതെ ഒരു ഫർലോങ്ങ് ദൂരം നിർത്തിയിട്ട ഉരുവിൽ നിന്നും ചുമട്ടുകാർ  കഴുത്തോളം വെള്ളത്തിൽ മുങ്ങി സാധനങ്ങൾ തലച്ചുമടായി കൊണ്ടുവന്ന് ഗോഡൗണിൽ ഇറക്കാറാണ് പതിവ്.
ഉപ്പ് സൂക്ഷിച്ചിരുന്ന സ്ഥലമായ "ഉപ്പാല" അറക്കൽ കൊട്ടാരം സൂക്ഷിപ്പു കാരുടെ കീഴിലായിരുന്നു സംരക്ഷിച്ചിരുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഈ സ്ഥലത്ത് പ്രത്യേക അനുമതി നേടിയാണ് കച്ചവടക്കാർ ഉപ്പു വാങ്ങിയിരുന്നത്.പാലമാഠം മുതൽ ആയിക്കര മൊയ്തീൻ പള്ളിക്കടുത്തുവരെയുള്ള റോഡിനിരുവശവും  അരി സൂക്ഷിക്കുന്ന  കലവറകളാണ് സ്ഥിതിചെയ്തിരുന്നത്.
ഷെയ്ക്കിന്റെ പള്ളിക്കടുത്തുള്ള കടപ്പുറത്ത് ചെറിയ ഓടങ്ങളിൽ (വള്ളം)
ഏട്ട, സ്രാവ്, മത്തി  അയല ,ചെമ്മീൻ ചരു തുടങ്ങിയ മീനുകൾ സുലഭമായി ലഭിക്കുമായിരുന്നു. അന്ന് ഒരണക്ക് മൂന്ന് കിലോ ചെമ്മീൻ ലഭിക്കും. അവിടെ  മീൻ മാർക്കറ്റും ഏതാനും ഇറച്ചി കടകളും പ്രവർത്തിച്ചിരുന്നു. തൊട്ട് അല്പം മാറി ആട്ടിറച്ചി കടകളും ഉണ്ട്. അതിൻറെ പരിസരത്ത് പലചരക്ക്- പച്ചക്കറി കട, ഉണക്ക മീൻ കട, പാളയും കയറും വിൽക്കുന്ന കട , ഹോട്ടൽ, മത്സ്യബന്ധന സാധനങ്ങൾ വിൽക്കുന്ന കട, ഹാർഡ്‌വെയർ ഷോപ്പ് തുടങ്ങിയ കച്ചവടസ്ഥാപനങ്ങളുണ്ട്. മാലോട്ട് അസീസ്ക്കയുടെ ഹോട്ടലിനെ കൂടാതെ  ഹമീദ് ഹാജിക്കയുടെ  കടയും  പ്രധാനമായതാണ്. ഇവിടെയുള്ള    ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന    കാഹൂക്കാന്റെ കടയിൽ കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്നതിനുപുറമേ പലസ്ഥലത്തു നിന്നും   കൊണ്ടുവരുന്ന തൈലങ്ങളും മരുന്നുകളും കിട്ടും.  അതുപോലെ ഹുസൈനിക്കാന്റെ കടയിൽ പ്രധാനമായും വിറ്റിരുന്നത് പാളയും കയറുമാണ്. കവുങ്ങിന്റെ പാള മുറിച്ചെടുത്ത് ഒരു ചെറിയ ഓടത്തിന്റെ രൂപത്തിലാക്കി വിൽപ്പനക്ക് വെച്ചിട്ടുണ്ടാവും. അന്ന് കടലാസിനും സഞ്ചിക്കും പകരം പാളയാണ് മീൻ വാങ്ങാൻ ഉപയോഗിച്ചിരുന്നത്.
പുതിയകത്ത് ഉമ്മറിന്റെ പച്ചക്കറി കടയിൽ സാധനങ്ങൾ ഇട്ടു കൊടുക്കാൻ പാളക്ക് ദൗർലബ്യം വന്നപ്പോൾ   സഞ്ചി ഉപയോഗിക്കാൻ തുടങ്ങി. ഈ സഞ്ചി കണ്ണൂർ സിറ്റിയിലെ വിവിധ വീടുകളിൽ നിന്നാണ് നിർമ്മിച്ച് കൊണ്ടുവരുന്നത്. എൻറെ വന്ദ്യ പിതാവ് കുഞ്ഞി പുരയിൽ അബ്ദുല്ലക്കുഞ്ഞി ടയർ പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക്  ഷീറ്റ്  പലയിടത്തും വെച്ച് ശേഖരിച്ച് കൊണ്ടു വന്ന് വിവിധ വീടുകളിൽ എത്തിച്ചു കൊടുക്കും. ഒപ്പം സഞ്ചി   തുന്നലിനു വേണ്ടിയുള്ള  സാധനസാമഗ്രികളും നൽകും.  വീട്ടുകാർ കൈവേലയിലൂടെ സഞ്ചിയുണ്ടാക്കി ഉപ്പാക്ക് കൈമാറും.   എൻറെ പിതാവിന് സഞ്ചി കച്ചവടത്തോടൊപ്പം   തൊപ്പി കച്ചവടവുമുണ്ട്. ഉപ്പയുടെ വീട് സ്ഥിതി ചെയ്തിരുന്ന സിറ്റി   ജുമാഅത്ത് പള്ളി പരിസരത്തെ വീട്ടുകാരാണ്   തൊപ്പി തുന്നിയിരുന്നത്. കൊച്ചി തൊപ്പി എന്നും മടക്ക് തൊപ്പി എന്നും ഇതിന് പേരുണ്ട്. മൊത്ത കച്ചവടക്കാരനായ ഉപ്പ കൊച്ചിയിലും തൊപ്പി കയറ്റി അയക്കാറുണ്ട്.
കേരള സർക്കാരിൻറെ കീഴിലുള്ള ഹാന്റ് ലൂം  കമ്പനി മീൻ മാർക്കറ്റിന്നടുത്തുള്ള  കെട്ടിടത്തിന്റെ പിറകിലായി വലിയ ഗുദാമിൽ പ്രവർത്തിച്ചിരുന്നു.
പിന്നീട് ഈ കമ്പനി  കണ്ണൂരിലെ മറ്റിടങ്ങളിലായി പറിച്ചു നട്ടപ്പോൾ  ദിനേശ് ബീഡി കമ്പനിയായി ഇത്  മാറി.
(തുടരും)

പിൻകുറി: കഴിഞ്ഞ രണ്ട് ലക്കങ്ങൾ വായിച്ച് വായനക്കാർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. അതിൻറെ മറുപടിയാണ് താഴെ !

⇰ കുഞ്ഞിമൂസക്കയെ പോലെ അറിയപ്പെടുന്ന രണ്ട് വ്യക്തികളാണ് വയറൻ ആമുഞ്ഞിക്കയും ചിരി മുറിയൻ ഉച്ചൂക്കയും. ആജാനുബാഹുവായ ഇവർ  കായിക, കളരി അഭ്യാസത്തിൽ പ്രാഗൽഭ്യം തെളിയിച്ച വരായിരുന്നു. അന്നത്തെ ഒരുപാട് ചെറുപ്പക്കാർ കായികാഭ്യാസം പഠിച്ചത് ഇവരിൽ നിന്നാണ്.തലയെടുപ്പുള്ള ഇവരെ നാട്ടുകാർ ബഹുമാനത്തോടെയാണ് കണ്ടത്.

⇰ ചെറുപ്പം മുതലേ ഞാൻ കാണുന്ന റെയിൽവേ സ്റ്റേഷൻ നിലവിലുള്ളത് തന്നെയാണ്.

⇰ തോട്ടോൻ അബ്ദുൽ ഖാദർ അരി ബസാറിലെ അറിയപ്പെടുന്ന കച്ചവടക്കാരനിൽ ഒരാളാണ്. തോട്ടോൻ സൂപ്പൂട്ടിക്ക ഈത്തപ്പഴ കച്ചവടമാണ് ചെയ്തുകൊണ്ടിരുന്നത്.

⇰ കായിക്കാരൻ മഹമൂദ്ക്ക പഴത്തിനു പുറമേ ബത്തക്ക കച്ചവടത്തിലും ഏർപ്പെട്ടിരുന്നു.

⇰ കൊച്ചിപള്ളിക്കടുത്തുള്ള ഇരുമ്പന്റവിടെ നിസാറിൻ്റെ   ഉപ്പ ഹംസൂക്ക മെനക്കാ സുർക്കയും മാസും വിൽപ്പന നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചവ്യക്തിയാണ്.


2020 ജൂൺ 12, വെള്ളിയാഴ്‌ച

കണ്ണൂർ സിറ്റിയുടെ പഴയ കഥകൾ-2


(ഒളിമങ്ങാത്ത ഓർമ്മകൾ)

✍️ ഹുസൈൻ അറക്കകത്ത്

കണ്ണൂർ സിറ്റി ഹൈദ്രോസ് പള്ളി മുതൽ ഷെയ്ഖിന്റെ പള്ളി വരെ നീണ്ടുകിടക്കുന്ന ഇടവഴികൾ ഒരുകാലത്ത് കേളികേട്ട കച്ചവട പ്രദേശമായിരുന്നു. അരി ബസാർ, പാണ്ട്യാല, തുണി ബസാർ തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത്. അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിച്ചിരുന്ന സ്ഥലമാണിത്.  വലുതും ചെറുതുമായ പാണ്ട്യാലകൾ ഇവിടെയുണ്ട്. മിനിക്കോയ് ദ്വീപിൽ നിന്നും (മെനക്കാത്) കൊണ്ടുവരുന്ന മാസും അറഫും കൊപ്രയും പാട ചക്കരയും ശേഖരിച്ച് വെക്കുന്ന സ്ഥലത്തിനാണ് പാണ്ട്യാല എന്ന് പൊതുവേ പറയപ്പെടുന്നത്. ഈ പാണ്ട്യാലകളിലാണ് മാസ് ഉണക്കാൻ നിരത്തിയിടുന്നത്. താഴെ പൂഴി നിരത്തി മുകളിൽ ഷീറ്റ് വിരിച്ച്  മാസ്  വെക്കാറാണ് പതിവ്. കച്ചവടക്കാരുടെയും യും ഉപഭോക്താക്കളുടെയും വലിയൊരു തിരക്ക് തന്നെ ഈ പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. ബഹളമയമായ അന്തരീക്ഷം. ഇതോടനുബന്ധിച്ചുള്ള കായി (പഴം), ചക്ക, മാങ്ങ, തേങ്ങ, ഈത്തപ്പഴം  തുടങ്ങിയ കടകളിൽ കച്ചവട തിരക്ക് കൂടുതലായിരുന്നു. ശിപായി ആമൂഞ്ഞിക്കാൻറെ ചക്ക കടയും കായി ഹമീദ്ക്കാന്റെ  കടയും കീർത്തി കേട്ടതാണ്.
അന്ന് കണ്ണൂർ സിറ്റിയിൽ പേരു കേട്ട തറവാട്ടിലെ ചിലർ കച്ചവടരംഗത്ത് സജീവമായിരുന്നു. ഉരുവിൽ വരുന്ന സാധനങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന ഈ സ്ഥലത്ത് ഒന്നിലധികം  പാണ്ട്യാലകൾ സ്വന്തമാക്കിയവരുണ്ട്. തൂശിക്കണ്ണൻറെവിടുത്തെ ഒരാൾ(പേര് ഓർമ്മയില്ല) മേച്ചിറ ഹമീദ്, ഉമ്മർ എന്നിവരെ കൂടാതെ പുതിയകത്ത് ഹമീദും മെനക്കാ  കച്ചവടക്കാരാണ്. ഇതിൽ മേച്ചറ ഹമീദ് രണ്ട് ഉരുവിന്റെ ഉടമകൂടിയാണ്. മെനക്കായിൽ നിന്നുമാണ് മാസ് അടക്കമുള്ള ചരക്കുകൾ ഉരുവിൽ ഈ മാർക്കറ്റിൽ എത്തിച്ചിരുന്നത് . സാധനം ഇറക്കി ഉരു തിരിച്ചുപോകുമ്പോൾ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ സിമൻറ്, കുമ്മായം എന്നീ വസ്തുവകകൾ മെനക്കായിയിലേക്ക് കൊണ്ടുപോകും. മെനക്കായിയിൽ നിന്നും  ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് കാശ് നൽകുന്നതിന് പകരം മേൽവിവരിച്ച സാധനങ്ങളാണ് കയറ്റി അയക്കാറ് പതിവ്. ഇരു നാട്ടുകാർക്കും ഗുണകരമാകുന്ന രീതിയിലുള്ള  ക്രയവിക്രിയമാണ് അന്ന് നടന്നിരുന്നത്.
ഇന്ന് കാണുന്ന  മുക്കടവ് വാർഡിലെ പാലക്കാട്ട് ഇട അന്നത്തെ വാണിജ്യകേന്ദ്രം ആയിരുന്നല്ലോ. അന്ന് ഈ സ്ഥലത്ത് ആലങ്കാരികമായി പറഞ്ഞാൽ ഒരു ഈച്ചക്ക് പോലും പ്രവേശിക്കാൻ കഴിയാത്തത്ര തിരക്കനുഭവപ്പെട്ടിരുന്നു. കാലത്ത് മുതൽ വൈകുന്നേരം വരെ ഈ സ്ഥലങ്ങളിലൂടെയുള്ള യാത്ര ക്ളേശകരമായിരുന്നു.
ഷെയ്ഖിൻറെ പള്ളിയുടെ പിറക് വശം മുതൽ ശോഭ സ്റ്റോറിന്റെ ഇട വരെ നിരനിരയായി തുണി ബസാർ  പ്രവർത്തിച്ചിരുന്നു. സിറ്റിയിൽ വരുന്ന കച്ചവടക്കാരും ദേശവാസികളും തുണിത്തരങ്ങൾക്കായി ആശ്രയിച്ചിരുന്നത് തുണി ബസാറിനെ ആയിരുന്നു. എൻറെ ചെറുപ്പത്തിൽ പെരുന്നാളിനും മറ്റും തുണിത്തരങ്ങൾ എടുത്തത് ഇവിടെ നിന്നാണ്. ഇതോടനുബന്ധിച്ച്  ധാരാളം തുന്നൽ കടകളുണ്ട്.  തുണിക്കടയിൽ നിന്നും  തുണി എടുത്തതിന് ശേഷം തയ്ക്കാൻ വേണ്ടി അവിടെയാണ് കൊടുക്കാറ്. തുണി ബസാറിലെ അവശേഷിക്കുന്ന ഒരു കടയാണ് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന  ശോഭ സ്റ്റോർ. (ഇപ്പോഴും ഈ സ്ഥാപനം പ്രവർത്തിക്കുന്നോ എന്നറിയില്ല).
ഈ കച്ചവട കേന്ദ്രത്തിലെ  അന്നത്തെ പ്രധാനപ്പെട്ട രണ്ടു ഹോട്ടലുകളാണ്   കുഞ്ഞൂക്കയുടെ ഹോട്ടലും സലാം ഹോട്ടലും. വിൽപ്പനക്കാരും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും സമീപപ്രദേശത്തുള്ളവരും മുഖ്യമായും ആശ്രയിച്ചിരുന്ന ഭക്ഷണശാലകളാണിവ.
(തുടരും)


2020 ജൂൺ 11, വ്യാഴാഴ്‌ച

കണ്ണൂർ സിറ്റിയുടെ പഴയ കഥകൾ-1

(ഒളിമങ്ങാത്ത ഓർമ്മകൾ)


-ഹുസ്സൈൻ അറക്കകത്ത്-

പഴമക്കാർക്കിടയിൽ കണ്ണൂർ  സിറ്റി ഇറച്ചി മാർക്കറ്റ് എന്ന പേരിലാണ് അറിയപെട്ടിരുന്നത്.എത്ര എഴുതിയാലും തീരാത്ത കഥകൾ കണ്ണൂർ സിറ്റിക്ക് പറയാനുണ്ടാവും.രാജവാഴ്ച്ചയുടേയും രാജ ഭടന്മാരുടെയും പറങ്കികളോട് ഏറ്റുമുട്ടി വീര ചരമം പ്രാപിച്ച ശുഹദാക്കളുടെയും മല്ലന്മാരും താന്നോന്നികളുമായ അന്നത്തെ തലയെടുപ്പുള്ളവരുടെയും  മിനിക്കോയ് ദ്വീപ്,അറെബ്യ എന്നിവിടങ്ങളിൽ കച്ചവടത്തിലേർപ്പെട്ട് കണ്ണൂരിൻ്റെ പേർ വാനോളമുയർത്തിയവരുടെയും വിഷാദരോഗത്തിന്നടിമയായി പരിഹാസ കഥാപാത്രങ്ങളായി തീർന്നവരുടെയും കഥകൾക്ക് പുറമെ ദീനി സേവനരംഗത്തും മത-രാഷ്ടീയ-സാമൂഹ്യ -പത്ര പ്രവർത്തന രംഗത്തും ഭരണ സിരാ കേന്ദ്രങ്ങളിലും തങ്ങളുടേതായ സംഭാവനകൾ അർപ്പിച്ചവരുടേയും കഥകൾ കൂടി സിറ്റിക്ക് പറയാനുണ്ട്.
സിറ്റിയെ കുറിച്ച് എനിക്കറിയാവുന്നത് ഒളിമങ്ങാത്ത ഓർമ്മക്കുറിപ്പിലൂടെ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു.
1950 നു ശേഷം കണ്ണൂർ സിറ്റിയുടെ അഭിമാനമായി നിലകൊണ്ടവരിൽ ചിലരാണ്    കുഞ്ഞിമൂസക്ക, ഉമ്പിച്ചിക്ക, ടാപ്പി ഹമീദ്ക്ക, മൂസാഫിക്ക.
നല്ല ആരോഗ്യ ദൃഢഗാത്രരും    കായിക ശേഷിയിൽ   മുന്നിട്ട് നിൽക്കുന്നവരുമാണിവർ.ഇവരുടെ പ്രത്യേകത
ഒന്നിൽ കൂടുതൽ ആളുകളോട് മല്ലിടാൻ പ്രാപ്തിയുള്ളവരാണ് എന്നതാണ്.
1960 ൽ മുക്കുവ കുടിയുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമായതോടെ കണ്ണൂർ സിറ്റി കടപ്പുറം ഒരു സംഘർഷത്തിന്റെ വക്കിലെത്തി.അന്ന്   അവരോട് പൊരുതിയവരിൽ പ്രമുഖനായിരുന്നു കുഞ്ഞിമൂസ. എട്ടോളം പേരെ ഒരേ സമയം  എതിരിടുകയും  നിലംപരിശാക്കുകയും ചെയ്ത  അദ്ദേഹത്തെ തളക്കാൻ പെട്ടെന്ന് ആർക്കും സാധിക്കുമായിരുന്നില്ല.ഒരു സംഘം പൊലീസുകാർ ചേർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു  സ്റ്റേഷനിൽ കൊണ്ടുപോയത്. അദ്ദേഹത്തിൻറെ ശൗര്യത്തിന്റെ തീവ്രത കുറക്കാൻ സ്റ്റേഷനിൽ വച്ച് ഞരമ്പ് മുറിച്ചുമാറ്റി. അതേപോലെ അദ്ദേഹത്തിൻറെ സഹോദരിയും ഉറച്ച ശരീരത്തിന്റെ ഉടമയും ശത്രുക്കളെ കായികമായി നേരിടുന്നതിൽ മുൻപന്തിയിലുമുള്ളവരാണ്. ഈ സ്ത്രീയുടെ ഞരമ്പും മുറിച്ചു മാറ്റിയെന്നാണ് അന്ന് പൊതുവേ കേട്ടിരുന്നത്. ഇവർ താമസിച്ചിരുന്നത് നീർച്ചാൽ പാലത്തിന്നടുത്താണ്. ഇവരൊക്കെ ജീവിച്ചിരുന്ന കാലഘട്ടം കണ്ണൂർ സിറ്റി നിവാസികളെ സംബന്ധിച്ചിടത്തോളം സുവർണ്ണ ഘട്ടം തന്നെയായിരുന്നു. ആരെയും പേടിക്കണ്ട, ആരോടും ഓച്ഛാനിച്ചു നിൽക്കേണ്ട, മതപരമായ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും   തയ്യാറാവേണ്ട എന്നതിലുപരി സിറ്റിക്ക് ചുറ്റും തിങ്ങിപ്പാർക്കുന്ന മുസ്ലീങ്ങൾക്ക്   ഇസ്സത്തായ ജീവിതം കൂടി ഇവർ സമ്മാനിച്ചിരുന്നു

(തുടരും)


കണ്ണൂർ സിറ്റി യുടെ സ്വന്തം ലേഖകർ-5


(അവസാന ഭാഗം)

-ഹനീഫ കുരിക്കളകത്ത്-

കണ്ണൂർ സിറ്റിക്കാരുടെ കളിയെഴുത്ത് പാരമ്പര്യം നിലനിർത്തിപ്പോരുന്നവരാണ് ബി. കെ ഫസലും ടി.സാലിമും. മാധ്യമം ചീഫ് ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുന്ന ബി.കെ ഫസൽ  ആഫ്രോ -ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ പ്രസ് ക്ലബ് ട്രഷറർ ആയിരുന്നു.
ജിദ്ദയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസിന്റെ സ്പോർട്സ് എഡിറ്ററായ ടി.സാലിം ദോഹ- ഏഷ്യാഡ് ഉൾപ്പെടെയുള്ള അന്തർദേശീയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തയാളാണ്.ഫുട്ബോൾ കളിയും കളിക്കാരെയും പരിചയപ്പെടുത്തി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച "ലോങ്ങ് പാസ്സ്" എന്ന പുസ്തകത്തിൻറെ കർത്താവാണ്.
മലയാള മനോരമയുടെയും ചന്ദ്രികയുടെയും ലേഖകനായി പ്രവർത്തിച്ച മഷൂദ് സൂപ്പ്യാർ നിലവിൽ റേഡിയോ മാംഗോ യിൽ കോപ്പി റൈറ്ററാണ്. ഇദ്ദേഹത്തിൻറെ ജേഷ്ഠൻ ഫിൽസർ  സൂപ്പിയാറും പത്ര ലോകത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാണിജ്യ നികുതി വകുപ്പിൽ ഉദ്ധ്യോഗസ്ഥനായ ഫിൽസർ മാധ്യമത്തിലെ മുൻ റിപ്പോർട്ടറായിരുന്നു.
ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ പട്ടികയിലും കണ്ണൂർസിറ്റിക്കു വ്യക്തമായസ്ഥാനമുണ്ട് . രണ്ടോ മൂന്നോ പത്രങ്ങൾക്ക് മാത്രം കണ്ണൂരിൽ സ്വന്തം ന്യൂസ് ഫോട്ടോഗ്രാഫർമാരുള്ള ഒരുകാലമുണ്ടായിരുന്നു. അന്ന് മറ്റ് പത്രങ്ങൾക്ക്
 ഫോട്ടോഗ്രാഫർമാരുടെ കുറവ് പരിഹരിച്ചു കൊടുത്തിരുന്നത്  ചിറക്കൽ കുളം സൗദി സ്റ്റുഡിയോ ഉടമ പരേതനായ മുസ്തഫ ചിറക്കൽ കുളമായിരുന്നു. സമരങ്ങളുൾപെടെ കണ്ണൂരിൽ നടന്നിരുന്ന പ്രധാന സംഭവങ്ങൾ  മുസ്തഫ ക്യാമറയിൽ പകർത്തിയത് പത്രങ്ങൾക്ക് വേണ്ടിയായിരുന്നു.
തേജസിൻറെ കണ്ണൂരിലെ പ്രഥമ ഫോട്ടോ ഗ്രാഫറാണ് കസാനകോട്ടയിലെ വി. ടി നവാസ്. അബൂദാബിയിലുള്ള നവാസ് ടൈംസ് ഒാഫ് ഇന്ത്യ മക്തബ്   സായാഹ്നപത്രത്തിനു വേണ്ടിയും പ്രവർത്തിച്ചിരുന്നു.
മികച്ച ട്രാവൽ ഫോട്ടോഗ്രാഫറായ ഷഹൻ അബ്ദു സമദിൻറെ തുടക്കം കേരള കൗമുദി ന്യൂസ് ഫോട്ടോഗ്രാഫറായിട്ടാണ്.
മീഡിയ വൺ ചാനൽ ഡൽഹി ബ്യൂറോ ക്യാമറമാൻ മോഹിഷ് മോഹൻ വെത്തില പള്ളിസ്വദേശിയാണെന്ന് എത്രപേർക്കറിയാം.  സിറ്റി ചാനൽ ന്യൂസിൻറെ ക്യാമറമാനായിരുന്ന റിഷാനും സിറ്റികാരനാണ്.

(അവസാനിച്ചു)

അനുബന്ധ കുറിപ്പ്:
കണ്ണൂർ സിറ്റിയിൽ നിന്നും ധാരാളം പത്ര-മാസികകളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബിന്റെ "നവപ്രഭ"കൂടാതെ എൺപതുകളുടെ അവസാനത്തിൽ പുറത്തിറങ്ങിയ ശംസു മാടപ്പുര യുടെ "സംസം", ബി.കെ ഫസലിന്റെ "കലിക" ഇല്ലൻഡ് മാഗസിൻ, സൈനുദ്ദീന്റെ "സംഗമം", മുഹമ്മദ് ആരിഫിന്റെ "നയനം", ബി. എം ബഷീറിൻറെ "നവ സരണി", എസ്.എം സാലിയുടെ "കണ്ണൂർ എക്സ്പ്രസ്"സിറ്റിയിൽ നിന്നും പ്രസിദ്ധീകൃതമായിട്ടുണ്ട്.
ഒ.അബൂട്ടിയുടെ ഇംഗ്ലീഷ് ഡിഷ്ണറികളും ജമാൽ കണ്ണൂർ സിറ്റിയുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകകളും സഹർ അഹ്മദ് ,ഷേബ, സെയ്ഫുദ്ദീൻ തൈക്കണ്ടി  എന്നിവരുടെ കവിതാ സമാഹാരങ്ങളും കേരളത്തിലെ പ്രമുഖ പുസ്തക പ്രസാധകരിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.
(സിറ്റിയുടെ സ്വന്തം മക്കൾ)

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...