(ഒളിമങ്ങാത്ത ഓർമ്മകൾ)
✍️ ഹുസൈൻ അറക്കകത്ത്
കണ്ണൂർ സിറ്റി ഹൈദ്രോസ് പള്ളി മുതൽ ഷെയ്ഖിന്റെ പള്ളി വരെ നീണ്ടുകിടക്കുന്ന ഇടവഴികൾ ഒരുകാലത്ത് കേളികേട്ട കച്ചവട പ്രദേശമായിരുന്നു. അരി ബസാർ, പാണ്ട്യാല, തുണി ബസാർ തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത്. അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിച്ചിരുന്ന സ്ഥലമാണിത്. വലുതും ചെറുതുമായ പാണ്ട്യാലകൾ ഇവിടെയുണ്ട്. മിനിക്കോയ് ദ്വീപിൽ നിന്നും (മെനക്കാത്) കൊണ്ടുവരുന്ന മാസും അറഫും കൊപ്രയും പാട ചക്കരയും ശേഖരിച്ച് വെക്കുന്ന സ്ഥലത്തിനാണ് പാണ്ട്യാല എന്ന് പൊതുവേ പറയപ്പെടുന്നത്. ഈ പാണ്ട്യാലകളിലാണ് മാസ് ഉണക്കാൻ നിരത്തിയിടുന്നത്. താഴെ പൂഴി നിരത്തി മുകളിൽ ഷീറ്റ് വിരിച്ച് മാസ് വെക്കാറാണ് പതിവ്. കച്ചവടക്കാരുടെയും യും ഉപഭോക്താക്കളുടെയും വലിയൊരു തിരക്ക് തന്നെ ഈ പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. ബഹളമയമായ അന്തരീക്ഷം. ഇതോടനുബന്ധിച്ചുള്ള കായി (പഴം), ചക്ക, മാങ്ങ, തേങ്ങ, ഈത്തപ്പഴം തുടങ്ങിയ കടകളിൽ കച്ചവട തിരക്ക് കൂടുതലായിരുന്നു. ശിപായി ആമൂഞ്ഞിക്കാൻറെ ചക്ക കടയും കായി ഹമീദ്ക്കാന്റെ കടയും കീർത്തി കേട്ടതാണ്.
അന്ന് കണ്ണൂർ സിറ്റിയിൽ പേരു കേട്ട തറവാട്ടിലെ ചിലർ കച്ചവടരംഗത്ത് സജീവമായിരുന്നു. ഉരുവിൽ വരുന്ന സാധനങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന ഈ സ്ഥലത്ത് ഒന്നിലധികം പാണ്ട്യാലകൾ സ്വന്തമാക്കിയവരുണ്ട്. തൂശിക്കണ്ണൻറെവിടുത്തെ ഒരാൾ(പേര് ഓർമ്മയില്ല) മേച്ചിറ ഹമീദ്, ഉമ്മർ എന്നിവരെ കൂടാതെ പുതിയകത്ത് ഹമീദും മെനക്കാ കച്ചവടക്കാരാണ്. ഇതിൽ മേച്ചറ ഹമീദ് രണ്ട് ഉരുവിന്റെ ഉടമകൂടിയാണ്. മെനക്കായിൽ നിന്നുമാണ് മാസ് അടക്കമുള്ള ചരക്കുകൾ ഉരുവിൽ ഈ മാർക്കറ്റിൽ എത്തിച്ചിരുന്നത് . സാധനം ഇറക്കി ഉരു തിരിച്ചുപോകുമ്പോൾ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ സിമൻറ്, കുമ്മായം എന്നീ വസ്തുവകകൾ മെനക്കായിയിലേക്ക് കൊണ്ടുപോകും. മെനക്കായിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് കാശ് നൽകുന്നതിന് പകരം മേൽവിവരിച്ച സാധനങ്ങളാണ് കയറ്റി അയക്കാറ് പതിവ്. ഇരു നാട്ടുകാർക്കും ഗുണകരമാകുന്ന രീതിയിലുള്ള ക്രയവിക്രിയമാണ് അന്ന് നടന്നിരുന്നത്.
ഇന്ന് കാണുന്ന മുക്കടവ് വാർഡിലെ പാലക്കാട്ട് ഇട അന്നത്തെ വാണിജ്യകേന്ദ്രം ആയിരുന്നല്ലോ. അന്ന് ഈ സ്ഥലത്ത് ആലങ്കാരികമായി പറഞ്ഞാൽ ഒരു ഈച്ചക്ക് പോലും പ്രവേശിക്കാൻ കഴിയാത്തത്ര തിരക്കനുഭവപ്പെട്ടിരുന്നു. കാലത്ത് മുതൽ വൈകുന്നേരം വരെ ഈ സ്ഥലങ്ങളിലൂടെയുള്ള യാത്ര ക്ളേശകരമായിരുന്നു.
ഷെയ്ഖിൻറെ പള്ളിയുടെ പിറക് വശം മുതൽ ശോഭ സ്റ്റോറിന്റെ ഇട വരെ നിരനിരയായി തുണി ബസാർ പ്രവർത്തിച്ചിരുന്നു. സിറ്റിയിൽ വരുന്ന കച്ചവടക്കാരും ദേശവാസികളും തുണിത്തരങ്ങൾക്കായി ആശ്രയിച്ചിരുന്നത് തുണി ബസാറിനെ ആയിരുന്നു. എൻറെ ചെറുപ്പത്തിൽ പെരുന്നാളിനും മറ്റും തുണിത്തരങ്ങൾ എടുത്തത് ഇവിടെ നിന്നാണ്. ഇതോടനുബന്ധിച്ച് ധാരാളം തുന്നൽ കടകളുണ്ട്. തുണിക്കടയിൽ നിന്നും തുണി എടുത്തതിന് ശേഷം തയ്ക്കാൻ വേണ്ടി അവിടെയാണ് കൊടുക്കാറ്. തുണി ബസാറിലെ അവശേഷിക്കുന്ന ഒരു കടയാണ് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ശോഭ സ്റ്റോർ. (ഇപ്പോഴും ഈ സ്ഥാപനം പ്രവർത്തിക്കുന്നോ എന്നറിയില്ല).
ഈ കച്ചവട കേന്ദ്രത്തിലെ അന്നത്തെ പ്രധാനപ്പെട്ട രണ്ടു ഹോട്ടലുകളാണ് കുഞ്ഞൂക്കയുടെ ഹോട്ടലും സലാം ഹോട്ടലും. വിൽപ്പനക്കാരും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും സമീപപ്രദേശത്തുള്ളവരും മുഖ്യമായും ആശ്രയിച്ചിരുന്ന ഭക്ഷണശാലകളാണിവ.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ