2020 ജൂൺ 1, തിങ്കളാഴ്‌ച

രാത്രി കല്യാണങ്ങളും നാളു നിശ്ചയവും

കണ്ണൂരിലെ ഗതകാല മുസ്ലിം സമൂഹം: ഓർമ്മകളിൽ-4

അറുപതുകളിലെ മുസ്ലിം കല്യാണങ്ങൾ ഗവേഷണ ബുദ്ധിയിൽ പഠിക്കേണ്ടതു തന്നെയാണ്. ഇന്നത്തെപ്പോലെ റെഡിമെയ്ഡ് സൗകര്യങ്ങളോ ഇവന്റ് മേനേജ്മെന്റോ ഇല്ലാത്ത കാലം. ഒരു കല്യാണം എന്നത് ദീർഘ ഒരുക്കൾ നടത്തേണ്ട പരിപാടിയാണ്. നിശ്ചയം വലിയ ചടങ്ങു തന്നെയാണ്. പെൺ വീട്ടുകാർ ചെക്കന്റെ വീട്ടിലേക്ക് നിശ്ചയത്തിന് ക്ഷണിക്കപ്പെടും. വീട്ടിലിത്തെത്തിയാൽ കാരണവരുടെ ദൃഢസ്വരത്തിലെ ചോദ്യം-
"നിങ്ങൾ വന്ന ആവശ്യം"
ഉടനെ പെൺവീട്ട് കാരണവർ പയ്യനെ അന്വേഷിച്ച് വന്ന കാര്യം അച്ചടിച്ച സ്റ്റൈലിൽ പറഞ്ഞൊപ്പിക്കും.പിന്നെ തിയ്യതിക്കായി കലണ്ടർ നോക്കും. അടക്കിപ്പിടിച്ച ചർച്ചക്കൊടുവിൽ കാരണവർ തിയ്യതി പ്രഖ്യാപിച്ച് സമ്മതമെടുക്കും. മുൻകൂട്ടി നിശ്ചയിച്ചാലും നിശ്ചയ വേളയിൽ മേൽപ്പറഞ്ഞ കടമ്പകൾ കടക്കണം. ശേഷം കാരണവൻമാർ തമ്മിൽ സ്ത്രീധന കാര്യങ്ങളും പിരിവുകളും നിശ്ചയിച്ചുറപ്പിക്കും.ഇസ്ലാം ഹലാലും നിർബന്ധവുമാക്കിയ മഹറിന്റെ കാര്യത്തിൽ ഒരു ചർച്ചയും നടക്കാറില്ല എന്നത് വലിയ തമാശ തന്നെ. എല്ലാ ഭാരവും പാവം പെൺ വീട്ടുകാരുടെ തലയിൽ.
പിന്നെ നാള് നിശ്ചയക്കാര്യം എല്ലാ ബന്ധുവീട്ടിലും അറിയിക്കാൻ പോവുക നിർബ്ബന്ധമാണ്.. അതിന് പ്രത്യേക വനിതാ ടീമിനേയും നിയോഗിക്കാറുണ്ട്. നടന്നും കുതിരവണ്ടിയിലും ചെന്ന് നിശ്ചയവിവരം അറിയിച്ചിരിക്കും. അത് കഴിഞ്ഞ് മംഗലത്തിരക്കാണ്. ആദ്യം കല്യാണ സഭയിൽ എത്തുന്നവരെ   സ്വീകരിക്കാൻ വേണ്ട പാട്ടുകാരെ കണ്ടെത്തണം .അവരുടെ തിയതി  കിട്ടിയാലെ മംഗലം ഉറപ്പിക്കാനൊക്കൂ. പലപ്പോഴും നാളു നിശ്ചയത്തിന് മുമ്പേ പാട്ടുകാരെ ഉറപ്പിച്ചിരിക്കും. കല്യാണ വീട്ടിലെത്തുന്നവരെ അത്തർ കുടഞ്ഞ് ഗെയിറ്റ് മുതൽ അകത്തെ തണവരെ പാടി ആടി  സ്വീകരിച്ചാനയിക്കും.   അതിഥികളെ ഇരുത്തി വട്ടം വെച്ച് വീണ്ടും പാടി സ്വാഗതമരുളും. അതിഥികൾക്ക്  തളികയിൽ നിരത്തിയ  പേക്കടുക്കയും വെററിലയും നാരങ്ങ മുട്ടായിയും കൊടുത്ത ശേഷം    അടുത്ത ടീമിനെ തേടി പാട്ടുകാർ പോകും. വളപട്ടണത്തെ കറുത്ത-വെളുത്ത പാത്തൂഞ്ഞിമാർ,  സുഹറാ ടീം തുടങ്ങിയ സംഘത്തിനാണ് ഏറ്റവും ഡിമാന്റ്. കയ്യിലുള്ള കിങ്ങിണി മുട്ടി താളം ചവിട്ടി നൃത്തച്ചുവടുകളോടെയുള്ള പാട്ടുകൾ ഒറിജിനൽ മാപ്പിള ചുവയുള്ള ഗാനങ്ങളായിരുന്നു.
കല്യാണത്തിന് സ്വർണ്ണമുണ്ടാക്കാൻ തട്ടാൻ മാരെ കണ്ടെത്തൽ മറ്റൊരു പണിയാണ്. നല്ല ഡിസൈൻ കാണിച്ച് ആഭരണം സമയത്ത് പണിയിച്ചെടുക്കൽ തലവേദന തന്നെയാണ്. അതുപോലെ മണിയറ ഒരുക്കാൻ ആശാരിമാർ വേണം. മേക്കട്ടിയും കോച്ചും ഫർണ്ണിച്ചറുകളും  സമയബന്ധിതമായി ചെയ്യൽ മറ്റൊരു ഭാരമാണ്.
 അന്ന് കല്യാണം രാത്രികളിലായിരുന്നു. ഇശാ മുതൽ സുബഹി വരെ നീളുന്ന മാമാങ്കം. ബന്ധുവീട്ടിലെ സ്ത്രീകളെ ക്ഷണിക്കാൻ വൈകുന്നേരത്തോടെ ടാക്സികൾ അയച്ചു തുടങ്ങും. നേരത്തെ നിശ്ചയിച്ച  സമയപ്രകാരം  കാറുകൾ  ഓരോ വീട്ടിലുമെത്തും.ഡ്രൈവറും സഹായിയും    അവിടെ കുറേ നേരം കാത്തു നിന്ന് ബന്ധുക്കളെ കാറിൽ കയറ്റി മംഗല വീട്ടിലെത്തിക്കും.
നമ്മെ വിട്ടുപിരിഞ്ഞ മമ്മനും ഇക്റാമുമാണ് എന്റെ ഓർമ്മയിലെ പ്രധാന ടാക്സി കാർ ഉടമകൾ . ഇശാ നമസ്ക്കാരവും ഭക്ഷണവും കഴിഞ്ഞ് പുതിയാപ്ലയേയും കൂട്ടി നടന്നാണ് നിക്കാഹിനും പെൺ വീട്ടിൽ കൂടലിനും പോകാറ്. പെട്രോൾ മാക്സ് ചുമലിലേററി നടക്കുന്ന ചെറുപ്പക്കാരാണ് സംഘത്തിന് വെളിച്ചം നൽകുന്നത്.പെട്രോൾ മാക്സ് ലഭിക്കുന്ന   പ്രധാന ഉറവിടം അന്ന് സി.പി.ഹമീദ് കാന്റെ കടയാണ്. മാക്സ് കത്തിക്കുമ്പോൾ പൊട്ടിത്തെറിച്ച് ഹമീദ് ക്കാക്ക് പൊള്ളലേറ്റത് ഓർമ്മയിൽ തങ്ങി നിൽക്കുന്നു. പുതിയാപ്ലയുടെ റോഡ് ഷോയിൽ   പലപ്പോഴും തീബേൻ്റ്    അകമ്പടിയുണ്ടാകും. വായിൽ നിന്ന് തീ ഉതിത്ത് തീ കൊണ്ട് മലക്കം മറിഞ്ഞ് അഭ്യാസം നടത്തുന്ന സിറ്റിയിലെ തീബേൻറുകാർ വഴിയാത്രക്കാർക്ക് കൗതുകമേകുന്നു. ഓരോ പള്ളിക്ക് മുമ്പിലും ദുആ നടത്തി പുതിയാപ്പിളയും സംഘവും  പെൺ    വീട്ടിലെത്തുമ്പോൾ പാതിരയായിരിക്കും.
 രാത്രി കല്യാണത്തിന് തെങ്ങിന്റെ മേൽ കോളാമ്പി  കെട്ടി   ഉച്ചത്തിൽ പാട്ടു വെക്കുന്നതും ചിലയിടത്ത് കാണാറുണ്ട്. സിറ്റിയിലെ റിജൻസി കാഉക്ക, കൊച്ചിപ്പള്ളിക്കടുത്തുള്ള ഉമ്പായിക്ക, താണയിലെ ഹമീദ് ക്ക ഇവരൊക്കെയായിരുന്നു അന്നത്തെ രാത്രി കലാണത്തിന്റെ ശബ്ദവും വെളിച്ചവും.
വലിയ സ്വീകരണമാണ് നാട്ടുകാർക്ക് കല്യാണത്തിന് ലഭിക്കാറ്. ബിരിയാണിക്ക് പുറമെ വിവിധ നിറങ്ങളിലുള്ള ഗോട്ടി അടപ്പുള്ള ക്രഷ് സോഡകൾ, സിഗററ്റ്, പേക്കടക്ക, മദിരാശി വെറ്റില അടക്ക തുടങ്ങിയവ കല്യാണ വീട്ടിൽ സുലഭമായി ലഭിച്ചിരുന്നു. നേരത്തെ വിവരിച്ച സ്വീകരണം   പോലെ കല്ല്യാണവും   കഴിഞ്ഞ് ബന്ധുക്കളെ ടാക്സി കാറിൽ     കയറ്റി  വീട്ടിൽ തിരിച്ചെത്തിത്തിക്കുമ്പോഴാണ് കല്യാണം അവസാനിക്കുക.
അതിഥികൾക്ക് മാന്യതയും ബഹുമാനവും നൽകിയിരിന്ന പഴയ കല്യാണങ്ങൾ നാം ഓർത്തുകെണ്ടേയിരിക്കുക. ഇന്ന്  കല്യാണമണ്ഡപത്തിൽ പരസ്പരം കാണാതെ പ്ലെയിറ്റുമായി ജാള്യതയോടെ ക്യൂവിൽ നിൽക്കുമ്പോൾ പഴയ തൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും.

" old is Gold, God is truth "

വാൽകഷ്ണം

രാത്രി കല്യാണത്തിനിടയിൽ പെട്രോമാക്സ് കത്തിച്ച് ഇരുട്ടുള്ള സ്ഥലത്ത്  വെക്കാൻ    ബഷീർ എന്ന സഹായിയോട് മഹമൂദ് ഹാജിക്ക പറഞ്ഞ കഥ ഓർക്കുന്നു. ചുമലിൽ കത്തിച്ച മാക്സുമായി നടന്നു ഇരുട്ടു കാണാതെ തിരിച്ചെത്തിയി ബഷീറിനോട് ഹാജിക്ക പൊട്ടിത്തെറിച്ചു
." ചുമലിൽ പെട്രോൾ മാക്സ് ഉള്ള നിന്റെ തലമണ്ടയിൽ തന്നെയെടാ വലിയ ഇരുട്ട്. "

-തുടരും-



വി.മുനീർ

1 അഭിപ്രായം:

zamzammagazine പറഞ്ഞു...

പാത്തൂഞ്ഞി മാർ രണ്ടും കണ്ണൂർ സിറ്റിക്കാരാണ്, ഇവരെക്കാൾ പ്രശസ്തരാണ് കോഴിക്കോട് നിന്നുള്ള പാട്ടുകാരത്തി------- ഇവർക്ക് ശേഷമാണ് വളപട്ടണത്തുള്ള പാട്ടുകാരി ടീമുകൾ

-നിസാമുദ്ദീൻ-

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...