-ഹനീഫ കുരിക്കളകത്ത്-
മാതൃഭൂമിയുടെ സ്റ്റാഫ് റിപ്പോർട്ടറായിരുന്നു എൻ. അബ്ദുറഹീം. അൻപതുകളുടെ തുടക്കത്തിൽ പത്രപ്രവർത്തനം ആരംഭിച്ച സിറ്റിക്കാരൻ. പൗര ശബ്ദം, ചന്ദ്രിക എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക അംഗമായിരുന്നു. കണ്ണൂർ പ്രസ്സ് ക്ലബ്ബിൻറെ പ്രസിഡണ്ടായി ഒന്നിലേറെ തവണ
തെരഞ്ഞെടുക്കപ്പെട്ടു. സത്യദൂതൻ മാസികയുടെ പത്രാധിപരായി നീണ്ടകാലം പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിന് മുൻപ് സത്യ ദൂതന്റെ പത്രാധിപരായിരുന്ന എൻ .അബ്ദുൽ ഹമീദ് സിറ്റി ക്കാരനാണ്.സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ അധ്യാപകനായിരുന്ന അബ്ദുൽ ഹമീദ് ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
സജീവ രാഷ്ട്രീയ രംഗത്ത് നിന്ന് പത്രപ്രവർത്തനത്തിലേക്ക് കടന്നുവന്ന എം. അബ്ദുറഹ്മാൻ മരണംവരെയും സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു.
കണ്ണൂർ എസ്.എൻ കോളേജിലെ അധ്യാപകവൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ അബ്ദുറഹ്മാൻ കരുണാകരൻ ആദ്യമായി മുഖ്യമന്ത്രി പദത്തിലേറിയപ്പോൾ അദ്ദേഹത്തിൻറെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ തുടക്കത്തിലെ സഹ പത്രാധിപരാണ്. വീക്ഷണം ഇടയ്ക്ക് പ്രസിദ്ധീകരണം നിർത്തിയപ്പോൾ കേരളകൗമുദിലേക്ക് മാറി. ചീഫ്, സബ് എഡിറ്റർ എന്ന തസ്തികകൾ കൈകാര്യം ചെയ്ത അബ്ദുറഹ്മാൻ സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
എംസി ഹമീദെന്ന സിറ്റിക്കാരൻ കേരള ലത്തീൻ കത്തോലിക്കാ സഭയുടെ മുഖപത്രമായ കേരളടൈംസിന്റെ കണ്ണൂർ ജില്ലാ ലേഖകനായിരുന്നു. ഹമീദിന്റെ മരണം അകാലത്തിലായിരുന്നു.
ചന്ദ്രിക ദിനപത്രത്തിൻറെ പത്രാധിപരായിരുന്ന സി.സി. സാലി സിറ്റിയിലെ കോട്ടിക്കുളം തറവാട്ടിലെ അംഗമാണ്.കവി കൂടിയായിരുന്ന സ്വാലിഹിൻറെ മുസ്ലിം ലോകത്തെ കുറിച്ചുള്ള ചന്ദ്രികയിലെ പ്രതിവാര കോളം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിറ്റി നിവാസികളുടെ ഒ.കെ. തങ്ങൾ ഒരു പത്രാധിപർ ആണെന്ന വസ്തുത അറിയുന്നവർ ചുരുക്കമായിരിക്കും.
1959 ൽ കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച നവപ്രഭ ദിനപത്രത്തിന്റെ പത്രാധിപർ ഒ .കെ മുഹമ്മദ് കുഞ്ഞി സാഹിബാണ്. നവപ്രഭ ,ചന്ദ്രിക തുടങ്ങിയ പത്രങ്ങളിൽ പതിവായി ലേഖനം എഴുതാനുള്ള എം. അബൂബക്കർ സിറ്റി ക്കാരനാണ്.ഉറുദു അധ്യാപകനായിരുന്ന അബൂബക്കർ എം.എ. മുൻഷി എന്ന തൂലികാനാമത്തിലാണ് ലേഖനങ്ങൾ എഴുതാറ് പതിവ്. എഴുത്തുകാരൻ കൂടിയായ പരേതനായ പ്രൊഫസർ പി .വി ഇക്ബാൽ മുൻഷിയുടെ മകനാണ്.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ