2020 ജൂൺ 6, ശനിയാഴ്‌ച

പുസ്തകം : തണൽ തൊട്ട വെയിൽ:വായന | സഹർ അഹമ്മദ്



പുസ്തകം : തണൽ തൊട്ട വെയിൽ
രചന : ഷേബാ
പ്രസാധകർ: വചനം ബുക്സ്
വില: 70 രൂപ
പേജ്: 62






കണ്ണൂർ സിറ്റി സ്വദേശിയായ ഷേബായുടെ ആദ്യ കവിതാസമാഹാരമാണ് വചനം ബുക്സ് പ്രസിദ്ധീകരിച്ച "തണൽ തൊട്ട വെയിൽ". ഞാൻ, നീ എന്നീ രണ്ടു ബിംബങ്ങളെ കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന പ്രണയാർദ്രമായ നാൽപ്പത്തിമൂന്ന് കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. പുസ്തകത്തിന്റെ തലകെട്ട് പോലും വെയിലിലേക്ക് കുടവിരിച്ച തണലിന്റെ പ്രണയത്തെ... കരുതലിനെയൊക്കെയാണ് സൂചിപ്പിക്കുന്നത്. മുഖ്താർ ഉദരംപൊയിലിന്റെ ചിത്രങ്ങൾ പുസ്തകത്തെ കൂടുതൽ മിഴിവുള്ളതാക്കുന്നു.

"പ്രണയത്തിന് നിഗൂഢമായ ഒരു ഭാഷയുണ്ട്. അത് ഹൃദയത്തിന്റെ ഭാഷയാണ്. അതിന് നിയതമായ ഒരു ലിപിയില്ല. ഭാവം തന്നെയാണ് അതിന്റെ രൂപം, അത് അവേഖ്യേയവുമാണ്. ആ ഹൃദയഭാഷ കവികൾക്കുമാത്രം സ്വന്തമാണ്. അത് വാസനബാലത്താൽ കിട്ടുന്നതുമാണ്. ഷേബാ എഴുതിയ ഭാവാത്മകമായ രചനകളിലൂടെ കണ്ണോടിച്ചപ്പോഴാണ് ഇത്രയും ചിന്തകൾ മനസ്സിലേക്ക് വന്നത്. ഭാവഗാനങ്ങളുടെ ഘടനയാണ് ഈ കവിതകൾക്ക്. ഒരു ഭാവത്തെ ആവാഹിച്ച് അതിന് അക്ഷരരൂപം നൽകുന്ന രീതിയാണ് ഷേബായുടേത്." എന്ന് പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത എഴുത്തുകാരൻ പി.പി.ശ്രീധരനുണ്ണി അഭിപ്രായപ്പെടുന്നു.

പ്രണയത്തെ ഭാവാത്മകമായി അവതരിപ്പിക്കുമ്പോഴും ആവർത്തന വിരസത വരികളിൽ കടന്നു വരുന്നില്ലയെന്നത് എഴുത്തിന്റെ പ്രത്യേകതയായി തോന്നി. ചിലപ്പോഴൊക്കെ പ്രണയം ആത്മീയ തലത്തിലേക്ക് കൂടി ഉയരുന്നു. അതിജീവനം, ഗഹനം, മോചനത്തിന്റെ പിടച്ചിലുകൾ തുടങ്ങിയ കവിതകൾ മറ്റുവിഷയങ്ങളിലേക്ക് കൂടി എത്തിനോക്കുന്നുണ്ട്.

"നീ എന്നെ
പുണർന്ന മാത്രയിലാ
സന്ധ്യയാമാം
എന്റെ നിലച്ചുപോയ
ഘടികാരം കണക്കെ
നിശ്ചലമായെങ്കിലെന്ന്
കൊതിച്ചീടുന്നുവല്ലോ
ഞാനുമെന്റെ
വിരഹാർദ്ര ഹൃദയവും."

പ്രണയത്തിന്റെ, ചിലരുടെ സാമിപ്യത്തിന്റെ നിമിഷങ്ങൾ അതുപോലെ തുടർന്നുപോയിരുന്നെങ്കിൽ എന്ന ചിന്ത ഈ വരികൾ ബാക്കിയാക്കുന്നു.

"പ്രണയ തീവ്രതയിൽ
നിന്റെ ഇഷ്ടങ്ങൾ
എന്നോട് ചേർത്ത്
ഞാൻ നീയായി മാറി.
തിരിച്ചറിവുകൾക്കൊടുവിൽ
ഞാൻ എന്നെ
എവിടെ ഉപേക്ഷിച്ചതെന്നറിയാതെ
ഇരുട്ടിലും പകലിലും
ഞാൻ എന്റെ സ്വത്വം
തിരിഞ്ഞു നടക്കുന്നു."

പ്രണയത്തിന്റെ തീവ്രതയിൽ അവനിൽ അലിഞ്ഞുചേർന്ന് തന്റെ സ്വത്വം ഉപേക്ഷിക്കപ്പെട്ടവളുടെ വ്യഥയാണ് ഈ വരികൾ മുൻപോട്ട് വെക്കുന്നത്. എല്ലാം ഉപേക്ഷിച്ചിടത്ത് നിന്ന് തന്നിലേക്ക് തിരിച്ചു നടന്ന് തന്റെ ഇഷ്ടങ്ങളെ, സ്വത്വത്തെ തിരിച്ചു പിടിക്കാനുള്ള അവളുടെ ആഗ്രഹത്തെ കവി മനോഹരമായി അടയാളപ്പെടുത്തുന്നു.

"എന്റെ
ചെറിയ പ്രാണനിൽ നിന്നും
ഒരിത്തിരി നോവേ
ഞാൻ നിന്നോട്
പങ്കിട്ടുള്ളൂ.
നീ ആണെങ്കിലോ
നോവിൻ മേൽ
അതെൻന്നേർക്കു തന്നെ
തൊടുത്തുവിടുന്നു."

പ്രണയത്തിനിടയിലെ ചില നോവുകൾ, പരിഭവങ്ങൾ, പൊട്ടിത്തെറികൾ എന്നിവ പ്രതികാരമെന്ന കവിതയിലൂടെ കവി വരച്ചുകാട്ടുന്നു.

"ഒരു നിമിഷത്തിന്റെ
പകുതിയേ ഞാൻ
നിന്നോട് പങ്കിട്ടുള്ളൂ.
നീ ആണെങ്കിലോ
യുഗാന്തരങ്ങളുടെ അനുഭൂതി
എന്നിൽ ബാക്കിയാക്കിയിരിക്കുന്നു.
ഞാൻ എന്നിൽ
ഒറ്റപ്പെടും മുൻപ്
നീ എന്നിലേക്ക്
തിരികെ അണയുക."

ഒരു നിമിഷത്തിന്റെ പകുതിക്ക് പകരം യുഗാന്തരങ്ങൾ തന്നവനെ കുറിച്ച് അവന്റെ കരുതലിനെ കുറിച്ച് ലയനമെന്ന കവിതയിൽ കവി വാചാലയാവുന്നു.

"അഗ്നി പരീക്ഷണങ്ങളിൽ
ഇറങ്ങി നടന്നവർ
സംശയത്തിന്റെ
പാപഭാരം പേറാനാവാതെ
വിണ്ടലം പിളർന്നു
പോയവർ..
ഏതശരീരി കേട്ടാണ്
ആ ചതുപ്പിൽ നിന്ന്
മുളപൊട്ടി ഉയർന്നത്.'

മോചനത്തിന്റെ പിടച്ചിലുകൾ എന്ന കവിതയിൽ വേദനയുടെ വിളികളെ കവി തുറന്നുവെക്കുന്നു. കൂരിരുട്ടിലും പ്രകാശത്തിന്റെ പരലുകൾ തിരയാൻ പെണ്ണകങ്ങൾ പഠിച്ചിരിക്കുന്നുവെന്ന് കവി പറയുന്നു. മാറ്റത്തിന്റെ നിശ്ശബ്ദ വിപ്ലവങ്ങൾക്ക് കാലം സാക്ഷ്യം പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് കവി പ്രത്യാശ പ്രകടിപ്പിക്കുന്നു.

സിറ്റി സ്നേഹസല്ലാപം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഷേബായുടെ കവിതകളെ പരിചയപ്പെടുന്നത്. എഴുത്തിന്റെ വഴികളിൽ ഇനിയും മുന്നേറാൻ ഈ കവിക്ക് കഴിയുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. അതിനായുള്ള ശ്രമങ്ങൾ ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. നന്മകൾ നേരുന്നു, ഒപ്പം പ്രാർത്ഥനയും.

https://m.facebook.com/story.php?story_fbid=3100049566741626&id=182568888489723

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...