(അവസാന ഭാഗം)
-ഹനീഫ കുരിക്കളകത്ത്-
കണ്ണൂർ സിറ്റിക്കാരുടെ കളിയെഴുത്ത് പാരമ്പര്യം നിലനിർത്തിപ്പോരുന്നവരാണ് ബി. കെ ഫസലും ടി.സാലിമും. മാധ്യമം ചീഫ് ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുന്ന ബി.കെ ഫസൽ ആഫ്രോ -ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ പ്രസ് ക്ലബ് ട്രഷറർ ആയിരുന്നു.
ജിദ്ദയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസിന്റെ സ്പോർട്സ് എഡിറ്ററായ ടി.സാലിം ദോഹ- ഏഷ്യാഡ് ഉൾപ്പെടെയുള്ള അന്തർദേശീയ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തയാളാണ്.ഫുട്ബോൾ കളിയും കളിക്കാരെയും പരിചയപ്പെടുത്തി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച "ലോങ്ങ് പാസ്സ്" എന്ന പുസ്തകത്തിൻറെ കർത്താവാണ്.
മലയാള മനോരമയുടെയും ചന്ദ്രികയുടെയും ലേഖകനായി പ്രവർത്തിച്ച മഷൂദ് സൂപ്പ്യാർ നിലവിൽ റേഡിയോ മാംഗോ യിൽ കോപ്പി റൈറ്ററാണ്. ഇദ്ദേഹത്തിൻറെ ജേഷ്ഠൻ ഫിൽസർ സൂപ്പിയാറും പത്ര ലോകത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാണിജ്യ നികുതി വകുപ്പിൽ ഉദ്ധ്യോഗസ്ഥനായ ഫിൽസർ മാധ്യമത്തിലെ മുൻ റിപ്പോർട്ടറായിരുന്നു.
ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ പട്ടികയിലും കണ്ണൂർസിറ്റിക്കു വ്യക്തമായസ്ഥാനമുണ്ട് . രണ്ടോ മൂന്നോ പത്രങ്ങൾക്ക് മാത്രം കണ്ണൂരിൽ സ്വന്തം ന്യൂസ് ഫോട്ടോഗ്രാഫർമാരുള്ള ഒരുകാലമുണ്ടായിരുന്നു. അന്ന് മറ്റ് പത്രങ്ങൾക്ക്
ഫോട്ടോഗ്രാഫർമാരുടെ കുറവ് പരിഹരിച്ചു കൊടുത്തിരുന്നത് ചിറക്കൽ കുളം സൗദി സ്റ്റുഡിയോ ഉടമ പരേതനായ മുസ്തഫ ചിറക്കൽ കുളമായിരുന്നു. സമരങ്ങളുൾപെടെ കണ്ണൂരിൽ നടന്നിരുന്ന പ്രധാന സംഭവങ്ങൾ മുസ്തഫ ക്യാമറയിൽ പകർത്തിയത് പത്രങ്ങൾക്ക് വേണ്ടിയായിരുന്നു.
തേജസിൻറെ കണ്ണൂരിലെ പ്രഥമ ഫോട്ടോ ഗ്രാഫറാണ് കസാനകോട്ടയിലെ വി. ടി നവാസ്. അബൂദാബിയിലുള്ള നവാസ് ടൈംസ് ഒാഫ് ഇന്ത്യ മക്തബ് സായാഹ്നപത്രത്തിനു വേണ്ടിയും പ്രവർത്തിച്ചിരുന്നു.
മികച്ച ട്രാവൽ ഫോട്ടോഗ്രാഫറായ ഷഹൻ അബ്ദു സമദിൻറെ തുടക്കം കേരള കൗമുദി ന്യൂസ് ഫോട്ടോഗ്രാഫറായിട്ടാണ്.
മീഡിയ വൺ ചാനൽ ഡൽഹി ബ്യൂറോ ക്യാമറമാൻ മോഹിഷ് മോഹൻ വെത്തില പള്ളിസ്വദേശിയാണെന്ന് എത്രപേർക്കറിയാം. സിറ്റി ചാനൽ ന്യൂസിൻറെ ക്യാമറമാനായിരുന്ന റിഷാനും സിറ്റികാരനാണ്.
(അവസാനിച്ചു)
അനുബന്ധ കുറിപ്പ്:
കണ്ണൂർ സിറ്റിയിൽ നിന്നും ധാരാളം പത്ര-മാസികകളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബിന്റെ "നവപ്രഭ"കൂടാതെ എൺപതുകളുടെ അവസാനത്തിൽ പുറത്തിറങ്ങിയ ശംസു മാടപ്പുര യുടെ "സംസം", ബി.കെ ഫസലിന്റെ "കലിക" ഇല്ലൻഡ് മാഗസിൻ, സൈനുദ്ദീന്റെ "സംഗമം", മുഹമ്മദ് ആരിഫിന്റെ "നയനം", ബി. എം ബഷീറിൻറെ "നവ സരണി", എസ്.എം സാലിയുടെ "കണ്ണൂർ എക്സ്പ്രസ്"സിറ്റിയിൽ നിന്നും പ്രസിദ്ധീകൃതമായിട്ടുണ്ട്.
ഒ.അബൂട്ടിയുടെ ഇംഗ്ലീഷ് ഡിഷ്ണറികളും ജമാൽ കണ്ണൂർ സിറ്റിയുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകകളും സഹർ അഹ്മദ് ,ഷേബ, സെയ്ഫുദ്ദീൻ തൈക്കണ്ടി എന്നിവരുടെ കവിതാ സമാഹാരങ്ങളും കേരളത്തിലെ പ്രമുഖ പുസ്തക പ്രസാധകരിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.
(സിറ്റിയുടെ സ്വന്തം മക്കൾ)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ