5/06/2020ന്
മക്കളുടെ ഓൺലൈൻ ക്ലാസ്സ് തുടങ്ങി. ആദ്യം മൂത്തയാളുടെ ഊഴം. പന്ത്രണ്ടിലാ പഠിക്കുന്നത്. അടുക്കളയിൽ വന്നവൻ പറഞ്ഞു.
"ഉമ്മാ ക്ളാസ്".
തെറ്റിദ്ധരിച്ച ഉമ്മാമ കയ്യിൽ ഒരു ഗ്ളാസ് എടുത്ത് കൊടുത്തു.
മോൻ അത് കയ്യിൽ പിടിച്ചു തിരിച്ചും മറിച്ചും ഉമ്മാമയെ നോക്കി ഊറിച്ചിരിച്ചു.
അവന് പരീക്ഷയാണ്.
ആയതിനാൽ അവനോടൊപ്പം ഓൺലൈൻ ഇരുന്നാലെ മതിയാവൂ. കോപ്പിയടിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുകയും വേണം. എട്ടാം തരത്തിലെ രണ്ടാമത്തെയാൾ
പ്രാതൽ ഭക്ഷണമെടുത്ത് മുറിയിലേക്ക് പോയി. ഞാൻ ഇടയ്ക്കിടെ
ലാപ്ടോപ്പിൽ എത്തിനോക്കും. ഗെയിം കളിക്കുന്നോ അതോ ഓൺലൈൻ ക്ലാസിൽ തന്നെയാണോ ശ്രദ്ധ.
അധ്യാപകൻ ക്ലാസ് എടുത്തോണ്ടിരിക്കുന്നു.
"ഉമ്മാ സർ കാണും" അവൻ കണ്ണുരുട്ടി.
അദ്ധ്യാപകന്റെ സമ്മതം എടുക്കാതെ ക്ലാസ്സ് മുറിയിൽ പോയ പോലെയായി. എന്റെ സെൽഫോണിൽ തുരു തുരാ സന്ദേശം വന്നു തുടങ്ങി.
ഓരോ സബ്ജെക്ടിനും ഓരോ വാട്സ്ആപ്പ് ഗ്രൂപ്പ് .
ഇതിനായി വേറെ ഫോൺ വേണ്ടിവരുമെന്ന് എനിക്കുറപ്പായി. മക്കൾ ഏതുനേരത്തും മൊബൈലിൽ കുത്തിയിരിക്കേണ്ടാന്നു വിചാരിച്ചാ അൺലിമിറ്റഡ് വൈഫ് എടുക്കാതിരുന്നേ. ഇത് രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും എന്ന പോലെയായി.
അടുത്ത മോനെ വിളിച്ചു കുളിപ്പിച്ചു. ഓൺലൈൻ ക്ലാസിൽ അധ്യാപകർക്ക് കുട്ടികളെ സ്കൂൾ യൂണിഫോമിൽ കാണണമത്രേ. യൂണിഫോം ധരിപ്പിക്കുന്നതിനിടെ ചെറിയ മോന്റെ ചോദ്യം. "കൊറോണ പോയാ ഉമ്മാ..."
ഇല്ല മോനെ പോയില്ല എന്ന മറുപടി കേട്ട് മകനിൽ നിന്ന് മറുചോദ്യം .
"പിന്നെന്തിനു സ്കൂളി പോകുന്നെ"
"അത് ടീച്ചർക്ക് മോനെ സ്ക്രീനിലൂടെ കാണാൻ. ടെലിവിഷൻ ഓൺ ചെയ്തു. വിക്ടർ ചാനലിൽ
ക്ലാസ്സ് തുടങ്ങി.
ടീച്ചർ ക്ലാസിനിടയിൽ പറഞ്ഞു . എല്ലാ കുട്ടികളും ഇന്ന് പരിസ്ഥിതി ദിനമായൊണ്ട് ഓരോ തയ് നടണം. എന്നിട്ട് പഠന പദ്ധതിയുടെ ഭാഗമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ അയക്കുക. വൈകുന്നേരത്തോടെ ഒരു മാവിൻ തൈ നടീപ്പിച്ച് വീഡിയോ എടുത്തയച്ചു. എല്ലാം ഭംഗിയായി കഴിഞ്ഞു എന്ന് കരുതി സമാധാനത്തിലിരിക്കുമ്പോ അടുത്ത സന്ദേശമതാ വരുന്നൂ, മദ്രസ്സയിൽ നിന്ന്.
"ശനിയാഴ്ച മുതൽ മുതൽ പഠനം ആരംഭിക്കും. google meet download ചെയ്യുക!
✍️ Rooshna Oden

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ