-ഹനീഫ കുരിക്കളകത്ത്-
ചന്ദ്രികയുടെ കണ്ണൂർ യൂണിറ്റ് ഇൻചാർജായിരുന്ന ഒ. ഉസ്മാനാണ് സിറ്റിയുടെ മറ്റൊരു പ്രതിനിധി. കളിയെഴുത്തിലൂടെയാണ് തുടക്കം.പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ഉസ്മാൻ നിലവിൽ കേരള സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡൻറാണ്. ഉസ്മാന്റെ അനുജൻ ഒ. അബൂട്ടി കോളമിസ്റ്റും ഗ്രന്ഥകാരനും പ്രമുഖ പത്രങ്ങളിലെ എഴുത്തുകാരനുമാണ്. കണ്ണൂർ സിറ്റിയിൽ നിന്നും പ്രസിദ്ധീകരിച്ച കണ്ണൂർ എക്സ്പ്രസ് സായാഹ്ന പത്രത്തിൻറെ പത്രാധിപരും കൂടിയാരുന്ന ഇദ്ദേഹം മലയാള മനോരമയിലും പ്രവർത്തിച്ചിരുന്നു.
കാൽ നൂറ്റാണ്ടിലേറെ കാലം കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സ്ഫോടനം സായാഹ്ന പത്രത്തിൻറെ പത്രാധിപ എ. സൗജത്ത് കണ്ണൂർ സിറ്റിക്കാരിയാണ് .
മൈത്രി നാദം മാസികയുടെ പത്രാധിപർ ജമാൽ കണ്ണൂർ സിറ്റി പേരിനോടൊപ്പം കണ്ണൂർ സിറ്റിയെ ചേർത്തു നിർത്തിയവരിൽ ഒരാളാണ്.
മാധ്യമം ചീഫ് ന്യൂസ് എഡിറ്റർ പദവിയിൽ നിന്നും ഈയിടെ വിരമിച്ച സി കെ അബ്ദുൽ ജബ്ബാർ കണ്ണൂർ സിറ്റി സ്വദേശിയാണ്. പ്രമുഖ ദിനപത്രങ്ങളിൽ ഇന്നും കോളമിസ്റ്റമായി തുടരുന്ന സി.കെയുടെ നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ മാധ്യമത്തിലൂടെ വെളിച്ചം കണ്ടിരുന്നു. സംസ്ഥാന സർക്കാരിൻറെതുൾപ്പെടെയുള്ള പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കൈരളി ചാനലിലെ മിഡിൽ ഈസ്റ്റ് ഡയറക്ടറായ ഇ. എം അഷ്റഫ് അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ്.ഏറെക്കാലം കേരളകൗമുദിയിൽ പ്രവർത്തിച്ച അഷറഫ് പ്രിന്റഡ് മീഡിയയിലും വിഷ്വൽ മീഡിയയിലും ഒരുപോലെ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയാണ്.കേരള പ്രസ് അക്കാദമി, കേരള സർക്കാർ ചീഫ് അക്കാദമി തുടങ്ങിയ മേഖലയിൽ നിന്നും നിരവധി പുരസ്കാരങ്ങൾക്ക് അഷ്റഫ് അർഹനായി.
സാഹിത്യത്തിലും സിനിമയിലും താൽപര്യമുള്ള അഷ്റഫ് സിനിമ നിരൂപണം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അഷ്റഫിന്റെ ജേഷ്ഠസഹോദരൻ ഇ.എം ഹാഷിം അറിയപ്പെടുന്ന എഴുത്തുകാരനാണ്. നോവൽ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ്. ഇരുവരും കണ്ണൂർ സിറ്റിയിലാണ് ജനിച്ചുവളർന്നത്.
ഇംഗ്ലീഷ് പത്രങ്ങളിൽ സിറ്റിയുടെ സാന്നിധ്യമറിയിച്ച പി .മുഹമ്മദ് നസീർ ഇന്ത്യൻ കമ്മ്യൂണിക്കേറ്റിലൂടെയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. ഇവരുടെ മലയാള പത്രമായ സദ്‌വാർത്തയിലും നസീർ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ദ ഹിന്ദുവിന്റെ ഡെപ്യൂട്ടി എഡിറ്ററായി പ്രവർത്തിച്ചു വരുന്നു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ