2020 ജൂൺ 13, ശനിയാഴ്‌ച

കണ്ണൂർ സിറ്റിയുടെ പഴയ കഥകൾ-3


(ഒളിമങ്ങാത്ത ഓർമകൾ)

➤ ഹുസ്സൈൻ അറക്കകത്ത്

അരി സംഭരിച്ച്  വെക്കുന്ന മറ്റൊരു സ്ഥലമാണ് പാലമാഠം. ഉൾകടലിൽ ഊളിയിട്ട ചരക്ക് കപ്പലിൽ നിന്നും ഉരുവിൽ സാധനങ്ങൾ കേറ്റി പാലമാഠത്തിന്നടുത്ത് എത്തിച്ചേരും. കരക്കടുപ്പിക്കാനാവാതെ ഒരു ഫർലോങ്ങ് ദൂരം നിർത്തിയിട്ട ഉരുവിൽ നിന്നും ചുമട്ടുകാർ  കഴുത്തോളം വെള്ളത്തിൽ മുങ്ങി സാധനങ്ങൾ തലച്ചുമടായി കൊണ്ടുവന്ന് ഗോഡൗണിൽ ഇറക്കാറാണ് പതിവ്.
ഉപ്പ് സൂക്ഷിച്ചിരുന്ന സ്ഥലമായ "ഉപ്പാല" അറക്കൽ കൊട്ടാരം സൂക്ഷിപ്പു കാരുടെ കീഴിലായിരുന്നു സംരക്ഷിച്ചിരുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഈ സ്ഥലത്ത് പ്രത്യേക അനുമതി നേടിയാണ് കച്ചവടക്കാർ ഉപ്പു വാങ്ങിയിരുന്നത്.പാലമാഠം മുതൽ ആയിക്കര മൊയ്തീൻ പള്ളിക്കടുത്തുവരെയുള്ള റോഡിനിരുവശവും  അരി സൂക്ഷിക്കുന്ന  കലവറകളാണ് സ്ഥിതിചെയ്തിരുന്നത്.
ഷെയ്ക്കിന്റെ പള്ളിക്കടുത്തുള്ള കടപ്പുറത്ത് ചെറിയ ഓടങ്ങളിൽ (വള്ളം)
ഏട്ട, സ്രാവ്, മത്തി  അയല ,ചെമ്മീൻ ചരു തുടങ്ങിയ മീനുകൾ സുലഭമായി ലഭിക്കുമായിരുന്നു. അന്ന് ഒരണക്ക് മൂന്ന് കിലോ ചെമ്മീൻ ലഭിക്കും. അവിടെ  മീൻ മാർക്കറ്റും ഏതാനും ഇറച്ചി കടകളും പ്രവർത്തിച്ചിരുന്നു. തൊട്ട് അല്പം മാറി ആട്ടിറച്ചി കടകളും ഉണ്ട്. അതിൻറെ പരിസരത്ത് പലചരക്ക്- പച്ചക്കറി കട, ഉണക്ക മീൻ കട, പാളയും കയറും വിൽക്കുന്ന കട , ഹോട്ടൽ, മത്സ്യബന്ധന സാധനങ്ങൾ വിൽക്കുന്ന കട, ഹാർഡ്‌വെയർ ഷോപ്പ് തുടങ്ങിയ കച്ചവടസ്ഥാപനങ്ങളുണ്ട്. മാലോട്ട് അസീസ്ക്കയുടെ ഹോട്ടലിനെ കൂടാതെ  ഹമീദ് ഹാജിക്കയുടെ  കടയും  പ്രധാനമായതാണ്. ഇവിടെയുള്ള    ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന    കാഹൂക്കാന്റെ കടയിൽ കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്നതിനുപുറമേ പലസ്ഥലത്തു നിന്നും   കൊണ്ടുവരുന്ന തൈലങ്ങളും മരുന്നുകളും കിട്ടും.  അതുപോലെ ഹുസൈനിക്കാന്റെ കടയിൽ പ്രധാനമായും വിറ്റിരുന്നത് പാളയും കയറുമാണ്. കവുങ്ങിന്റെ പാള മുറിച്ചെടുത്ത് ഒരു ചെറിയ ഓടത്തിന്റെ രൂപത്തിലാക്കി വിൽപ്പനക്ക് വെച്ചിട്ടുണ്ടാവും. അന്ന് കടലാസിനും സഞ്ചിക്കും പകരം പാളയാണ് മീൻ വാങ്ങാൻ ഉപയോഗിച്ചിരുന്നത്.
പുതിയകത്ത് ഉമ്മറിന്റെ പച്ചക്കറി കടയിൽ സാധനങ്ങൾ ഇട്ടു കൊടുക്കാൻ പാളക്ക് ദൗർലബ്യം വന്നപ്പോൾ   സഞ്ചി ഉപയോഗിക്കാൻ തുടങ്ങി. ഈ സഞ്ചി കണ്ണൂർ സിറ്റിയിലെ വിവിധ വീടുകളിൽ നിന്നാണ് നിർമ്മിച്ച് കൊണ്ടുവരുന്നത്. എൻറെ വന്ദ്യ പിതാവ് കുഞ്ഞി പുരയിൽ അബ്ദുല്ലക്കുഞ്ഞി ടയർ പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക്  ഷീറ്റ്  പലയിടത്തും വെച്ച് ശേഖരിച്ച് കൊണ്ടു വന്ന് വിവിധ വീടുകളിൽ എത്തിച്ചു കൊടുക്കും. ഒപ്പം സഞ്ചി   തുന്നലിനു വേണ്ടിയുള്ള  സാധനസാമഗ്രികളും നൽകും.  വീട്ടുകാർ കൈവേലയിലൂടെ സഞ്ചിയുണ്ടാക്കി ഉപ്പാക്ക് കൈമാറും.   എൻറെ പിതാവിന് സഞ്ചി കച്ചവടത്തോടൊപ്പം   തൊപ്പി കച്ചവടവുമുണ്ട്. ഉപ്പയുടെ വീട് സ്ഥിതി ചെയ്തിരുന്ന സിറ്റി   ജുമാഅത്ത് പള്ളി പരിസരത്തെ വീട്ടുകാരാണ്   തൊപ്പി തുന്നിയിരുന്നത്. കൊച്ചി തൊപ്പി എന്നും മടക്ക് തൊപ്പി എന്നും ഇതിന് പേരുണ്ട്. മൊത്ത കച്ചവടക്കാരനായ ഉപ്പ കൊച്ചിയിലും തൊപ്പി കയറ്റി അയക്കാറുണ്ട്.
കേരള സർക്കാരിൻറെ കീഴിലുള്ള ഹാന്റ് ലൂം  കമ്പനി മീൻ മാർക്കറ്റിന്നടുത്തുള്ള  കെട്ടിടത്തിന്റെ പിറകിലായി വലിയ ഗുദാമിൽ പ്രവർത്തിച്ചിരുന്നു.
പിന്നീട് ഈ കമ്പനി  കണ്ണൂരിലെ മറ്റിടങ്ങളിലായി പറിച്ചു നട്ടപ്പോൾ  ദിനേശ് ബീഡി കമ്പനിയായി ഇത്  മാറി.
(തുടരും)

പിൻകുറി: കഴിഞ്ഞ രണ്ട് ലക്കങ്ങൾ വായിച്ച് വായനക്കാർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. അതിൻറെ മറുപടിയാണ് താഴെ !

⇰ കുഞ്ഞിമൂസക്കയെ പോലെ അറിയപ്പെടുന്ന രണ്ട് വ്യക്തികളാണ് വയറൻ ആമുഞ്ഞിക്കയും ചിരി മുറിയൻ ഉച്ചൂക്കയും. ആജാനുബാഹുവായ ഇവർ  കായിക, കളരി അഭ്യാസത്തിൽ പ്രാഗൽഭ്യം തെളിയിച്ച വരായിരുന്നു. അന്നത്തെ ഒരുപാട് ചെറുപ്പക്കാർ കായികാഭ്യാസം പഠിച്ചത് ഇവരിൽ നിന്നാണ്.തലയെടുപ്പുള്ള ഇവരെ നാട്ടുകാർ ബഹുമാനത്തോടെയാണ് കണ്ടത്.

⇰ ചെറുപ്പം മുതലേ ഞാൻ കാണുന്ന റെയിൽവേ സ്റ്റേഷൻ നിലവിലുള്ളത് തന്നെയാണ്.

⇰ തോട്ടോൻ അബ്ദുൽ ഖാദർ അരി ബസാറിലെ അറിയപ്പെടുന്ന കച്ചവടക്കാരനിൽ ഒരാളാണ്. തോട്ടോൻ സൂപ്പൂട്ടിക്ക ഈത്തപ്പഴ കച്ചവടമാണ് ചെയ്തുകൊണ്ടിരുന്നത്.

⇰ കായിക്കാരൻ മഹമൂദ്ക്ക പഴത്തിനു പുറമേ ബത്തക്ക കച്ചവടത്തിലും ഏർപ്പെട്ടിരുന്നു.

⇰ കൊച്ചിപള്ളിക്കടുത്തുള്ള ഇരുമ്പന്റവിടെ നിസാറിൻ്റെ   ഉപ്പ ഹംസൂക്ക മെനക്കാ സുർക്കയും മാസും വിൽപ്പന നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചവ്യക്തിയാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...