✍️ ഹനീഫ കുരിക്കളകത്ത്
ചരിത്രത്തിൻറെ മുദ്രകൾ ചാർത്തിയ കണ്ണൂർ സിറ്റി മാധ്യമപ്രവർത്തകരുടെ നിറസാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ്. രാജ്യത്തിൻറെ ഭരണഘടനയുടെ നാലാംതൂൺ നിലനിർത്തുന്നതിൽ കണ്ണൂർ സിറ്റിക്ക് നല്ല പങ്കുണ്ട്. കേരളത്തിലെ മാധ്യമപ്രവർത്തകരുടെ കുലമെടുത്ത് പരിശോധിച്ചാൽ രണ്ട് ഡസൻ പേരെങ്കിലും കണ്ണൂർ സിറ്റിയിൽ നിന്നുള്ളവരാണെന്ന് കണ്ടെത്താൻ കഴിയും. വി. അബ്ദുൽ ഖയ്യൂം,ഇ. അഹമ്മദ് , കെ. കോയ തുടങ്ങിയവർ വെട്ടി തെളിയിച്ചതാണീ പാരമ്പര്യം. കാലയവനികക്കുള്ളിൽ മറഞ്ഞ അവരുടെ പാത പിൻപറ്റി സിറ്റിയുടെ സ്വകാര്യ അഹങ്കാരം നിലനിർത്തി പോകുന്നവരാണ് ഇന്നത്തെ മാധ്യമ പ്രവർത്തകർ.
സിറ്റിയുടെ മണ്ണിൻറെ മകനായി വളർന്ന് അന്തർദേശീയതലത്തിലേക്കുയർന്ന ഇ.അഹമ്മദ് സാഹിബിന്റെ പൊതുജീവിതം തുടങ്ങുന്നത് പത്ര പ്രവർത്തനത്തിലൂടെയാണ്. അക്കാലത്ത് കണ്ണൂരിലും മറ്റും നടന്നിരുന്ന പ്രമുഖ ഫുട്ബോൾ മത്സരങ്ങൾ ചന്ദ്രിക ദിനപത്രത്തിനു വേണ്ടി വാർത്തയാക്കിയിരുന്നത് ചന്ദ്രികയിലെ സബ് എഡിറ്റർ കൂടിയായ അഹമ്മദ് സാഹിബായിരുന്നു. പിന്നീട് രാഷ്ട്രീയത്തിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോഴും എഴുത്തിൻറെ മേഖലയിൽ നിന്ന് അദ്ദേഹം മാറി നിന്നില്ല . നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ഇ. അഹമ്മദ് സാഹിബ്
മരിക്കുന്നതുവരെ ചന്ദ്രിക ദിനപത്രത്തിൻറെ ഡയറക്ടറായിരുന്നു.
കളിക്കും കാലാവസ്ഥക്കും അക്ഷരങ്ങളുടെ ഊടും പാവും നൽകിയ കെ.കോയയും സിറ്റിയുടെ സന്തതിയാണ്. ആനിടുക്ക് റെയിൽവേ ഗേറ്റിന് അടുത്തുള്ള കടലാക്കാരന്റവിടെ ഖദീജയുടെയും ആയിക്കര പൂവളപ്പിലെ ടി.എം ഇബ്രാഹിമിന്റെയും മകനായ കോയ സിംഗപ്പൂർ രാഷ്ട്രീയത്തിൽ പോലും അലകളുയർത്തിയ ഇടതുപക്ഷ രാഷ്ട്രീയക്കാരനായിരുന്നു. സിംഗപ്പൂർ പ്രസിഡണ്ടായിരുന്ന ദേവൻ നായർ, പ്രധാനമന്ത്രി ലീൻക്യൂൻ തുടങ്ങിയവർ കോയയുടെ സഹപ്രവർത്തകരായിരുന്നു. കേരളത്തിലെ സ്പോർട്സ് മാധ്യമപ്രവർത്തകരായ മുഷ്താഖിനും വിംസിക്കുമൊപ്പം മലയാളത്തിലെ കളിയെഴുത്തിന് പുതിയൊരു മാനം കണ്ടെത്തിയ കോയ ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്നു. ദേശാഭിമാനി ദിനപത്രത്തിൽ നിന്നും വിരമിച്ച കോയ കേരളകൗമുദിയിൽ സ്പോർട്സ് എഡിറ്ററായി തുടർന്നു. 2008-ൽ തൊണ്ണൂറാം വയസ്സിൽ മരിക്കുന്നതുവരെ കോയ തൂലിക താഴെ വെച്ചിരുന്നില്ല. കളിയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും നന്നായി ഗ്രാഹ്യമുള്ള ഇദ്ദേഹം വായനക്കാരുടെ സ്മൃതിപഥത്തിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു.
ചന്ദ്രികയുടെ ആദ്യകാല പത്രാധിപ സമിതി അംഗമായിരുന്നു വി. അബ്ദുൽ ഖയ്യൂം.
സിറ്റിയുടെ അന്നത്തെ വാണിജ്യ കേന്ദ്രമായിരുന്ന അരി ബസാറിൽ താമസിച്ചിരുന്ന ഇദ്ദേഹം മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകൾ അർപ്പിച്ച വ്യക്തി കൂടിയാണ്. തുർക്കി വിപ്ലവം, അബലയുടെ പ്രതികാരം എന്നീ ഗ്രന്ഥങ്ങളിലൂടെ പ്രശസ്തനായിരുന്നു ഖയ്യൂം. ഇംഗ്ലീഷ് ഉർദു ഭാഷകൾ അനായാസം കൈകാര്യം ചെയ്യുമായിരുന്ന ഇദ്ദേഹം പ്രാചീന മലബാർ എന്ന ഗവേഷണ ഗ്രന്ഥവും രചിച്ചിരുന്നു. ചന്ദ്രിക ദിനപത്രത്തിൽ അക്കാലത്ത് മുസ്ലിം ലോക വാർത്തകൾ കൈകാര്യം ചെയ്തത് ഇദ്ദേഹമായിരുന്നു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ