2020 മേയ് 10, ഞായറാഴ്‌ച

മാതൃദിനത്തിലെ സമർപ്പണം





  1. പൊക്കിൾ



ഉമ്മത്തണൽ
കാണാമറയത്തെങ്കിലും
ഉമ്മയോർമ്മകൾ
ഉറങ്ങിയിരിപ്പാണ്
ചുരുണ്ടയീ ചെറുചുഴിയിൽ

വലിച്ചൂറ്റിയ ചുടു,
ചോര പാടുകൾ,

ഊമ്പി കുടിച്ചാ
രുചി ഭേദങ്ങൾ,

ആഞ്ഞു വലിച്ചാ
ശ്വാസ കുമിളകൾ,

ഇടക്കിടെ
ചുഴ്ന്നമർന്നേന്തി
വലിഞ്ഞെത്തി 
നോക്കുന്നത് കാണാം

അറുത്ത് മുറിച്ച്
എറിഞ്ഞുടച്ചത്
ബന്ധമുരിയാനല്ല,


വിഹായസ്സിൻ
വിശാലതയിൽ
സ്വാതന്ത്യം നുകരനാണ്.

മാരിവില്ലഴകിനോർമ്മ-
കുളിരലകൾ
മാരി പെയ്ത്തായ്
കനിഞ്ഞിറങ്ങനാണ്

മരിച്ച് മണ്ണടിഞ്ഞാലും
ഉമ്മയോർമ്മകളെ
ഞെരിച്ച് കൊല്ലാതിരിക്കാനാണ്

പൊക്കിൾച്ചുഴി
വെറുമൊരു ചുഴിയല്ല
അത് ചിലപ്പോൾ
ഓർമ്മകളുടെ
പെരിയ കൊടുങ്കാറ്റായി
ആഞ്ഞ് വിതയ്ക്കും

ചില നേരങ്ങളിൽ
നൻമ മരത്തിന്റെ
വർണ്ണ പൂവിതിളുകൾ
വാരിക്കോരി വിതറും


ഉമ്മ മരിച്ചാലും
ഉമ്മയോർമ്മകൾ
ഉറങ്ങിയിരിപ്പാണീ
ചുരുണ്ടയീ ചെറുചുഴിയിൽ

്്്്്്്്്്്്്്്്്്്്്്്്്്്്്്

         2.  ഉമ്മ


ഭാരം താങ്ങി
വക്ക് പൊട്ടി
ചൂടേറ്റ്
കരുവാളിച്ച്
പല്ല് കൊഴിഞ്ഞ
അടുപ്പാണുമ്മ

എരിഞ്ഞൊടുങ്ങും
കൂർത്ത മുട്ടൻ വിറകു -
കൊള്ളികൾക്കിടയിലെ
പ്രതീക്ഷ പുലർത്തും
പ്രാർത്ഥന നാളമാണുമ്മ

്്്്്്്്്്്്്്്്്്്്്്്്്്്്്്്്്

       3.   ഉമ്മ


നിലവിളക്കായ്
പ്രകാശം വിതച്ച്
എരിഞ്ഞൊടുങ്ങിയ
കരിവിളക്ക്

്്്്്്്്്്്്്്്്്്്്്്്്്്്്്്്്്


4.   ഉമ്മ മരിച്ച വീട്


പാത്രങ്ങൾ
അവ തമ്മിലുള്ള
കലമ്പലുകൾ
മതിയാക്കിയെങ്കിൽ -

അടുക്കള
മഹാ മാനത്തിൽ
ഉൾവലിഞ്ഞെങ്കിൽ

വിഴപ്പു ശീലകൾ
കുമ്പാരമായെങ്കിൽ

വക്കു പൊട്ടിയ
അടപ്പുകല്ലുകൾ
തണുത്തുറഞ്ഞ്
നമ്മെ നോക്കിയാക്കി -
പല്ലിളിച്ച് ചിരിക്കുന്നുവെങ്കിൽ

തൊടിയിൽ
വലിച്ചേച്ച് കെട്ടിയ
അയലുകൾ ശൂന്യമെങ്കിൽ

ജീവാമൃതം കോരും
തുരമ്പിച്ച കപ്പിയുടെ
മുരളലും തേങ്ങലും
നിശ്ചലമായെങ്കിൽ

കിണറ്റിൻക്കര വക്കിലെ
നീരൊഴുക്കും നനവും
പച്ചമണ്ണിന്നഗാധതയിൽ
നൂണിറങ്ങിയെങ്കിൽ

ഇത്തിരി വട്ടത്തിൽ
ഒത്തിരി വളർന്നാ-
തരുലതാദികൾ
നടു കുഴഞ്ഞ് വളഞ്ഞ്
ആടാതെ പാടാതെ
തല കുമ്പിട്ടിരിപ്പുവെങ്കിൽ

പിൻ വാതിലും
കിളിവാതിലും
ചാരാൻ മറക്കുന്നുവെങ്കിൽ

ഉപ്പ്
മുളക്
പഞ്ചസാര
അരി
പൊടി എന്നിത്യാദി
പാത്രങ്ങളുടെയിടം
എവിടെയെന്നറിയുന്നില്ലായെങ്കിൽ

ഊണിൻ അരിയളവ്
പാനീയത്തിൻ മധുര നില
എളിയവരുടെയും
മൂത്തവരുടെയും
രുചിഭേദങ്ങൾ ..
അച്ഛന്റെ മരുന്നളവ്‌
തിരിച്ചറിയിന്നില്ലായെങ്കിൽ.....

സുനിശ്ചയമാ-
കോവിലിലെ പ്രാർത്ഥനാളം
കെട്ടണത്ത് നാഥനിൽ
സവിധം പുൽകിയതാവാം

മരണം അതിഥിയായ്
ഉമ്മയാകും തേജസ്സിനെ
കൊളുത്തി വലിച്ചതാവാം

നിലവിളക്കായ് തിളങ്ങി -
ഒടുവിൽ കരിവിളക്കായ്
ശുഭ്ര ശീലക്കെട്ടിൽ
വരിഞ്ഞ് മുറുക്കി
നാഥനിൽ ചാരെയണിഞ്ഞതാവാം


വി.ഹശ്ഹാശ്, കണ്ണൂർ സിറ്റി


മാതൃദിനത്തിൽ എല്ലാ അമ്മമാർക്കുമായി സമർപ്പിക്കുന്നു👆🏼🙏

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...