ഞാൻ സ്‌കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ തായത്തെരുവിൽ നിന്ന് വീട് മാറി താഴെചൊവ്വയിലേക്ക് വന്നത്. എല്ലാ വർഷവും നോമ്പ് പതിനേഴാം രാവിൽ ഉമ്മാന്റെ അനിയത്തിമാരുടെ കൂടെ സിറ്റി മണപ്പുറത്തിന്റെ അടത്തുള്ള പുതിയ ഇസ്‌ലാം പള്ളിയിൽ പോവുമായിരുന്നു... നോമ്പോർമ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഏറെ സമ്പന്നമായ ഓർമ്മകളാണ് പതിനേഴാം രാവും പുതിയ ഇസ്‌ലാം പള്ളിയും...
എന്റെ ഉമ്മാമ്മയുടെ കാരണവർ മൂസക്കുട്ടി ഖൽഫ പുതിയ ഇസ്‌ലാം പള്ളിയിലാണ് ജോലി ചെയ്തിരുന്നത്. ആ പള്ളിയുടെ മുറ്റത്ത് തന്നെയാണ് അദ്ദേഹത്തിന്റെ ഖബർ. ഇസ്‌ലാം പള്ളിയുടെ മതിലിനോട് ചേർന്നുള്ള മണപ്പുറത്തിന്റെ ഭാഗത്താണ് ഞങ്ങൾ ആറ്റുമ്മ എന്ന് വിളിക്കുന്ന എന്റെ ഉമ്മാമ്മയുടെ ഉമ്മയുടെ ഖബറും.. നോമ്പ് പതിനേഴാം രാവിൽ ഇസ്‌ലാം പള്ളിയിലേക്കുള്ള യാത്ര ഞങ്ങൾക്ക് അവരുടെ ഖബർ സിയാറത്തിന്റേത് കൂടെയായിരുന്നു.
നോമ്പ് പതിനേഴാം രാവിൽ പുതിയ ഇസ്‌ലാം പള്ളിയിൽ ബദരീങ്ങളുടെ ആണ്ട് ആണ്. അസർ നിസ്കാരത്തിന് ശേഷം വീടുകളിലേക്കുള്ള ഭക്ഷണം വിതരണം ചെയ്യും . എല്ലാ വർഷവും ആ ദിവസം ഇസ്‌ലാം പള്ളിയിലേക്ക് നോമ്പ് തുറ വിഭവങ്ങൾ വീട്ടിൽ നിന്ന് കൊണ്ടു പോവുമായിരുന്നു... അവിടെ നോമ്പ് തുറ വിഭവങ്ങൾ ഏൽപ്പിച്ചു ആ പാത്രത്തിൽ ബദരീങ്ങളുടെ ആണ്ടിന്റെ ചോറ് അവർ തിരിച്ചു തരും... ചിലപ്പോൾ തിരിച്ചുള്ള യാത്രയിൽ വഴിയിൽ വെച്ച് കൈയിൽ കരുതിയ കാരക്ക കൊണ്ടാവും നോമ്പ് തുറക്കുക. അല്ലെങ്കിൽ ഇറങ്ങാൻ വൈകിയാൽ നോമ്പ് തുറന്നു മാത്രമേ പോവാൻ അവിടെയുള്ളവർ
അനുവദിച്ചിരുന്നുള്ളൂ.
വർഷങ്ങൾ കഴിഞ്ഞപ്പോൾ ക്രമേണ ആ യാത്രയൊക്കെയും നിന്നു. ഇപ്പോൾ അവധിക്കാലത്ത് അതിലെ പോവുമ്പോൾ അവയൊക്കെയും വെറുതെ ഓർക്കാറുണ്ട്. അതിലേറെ ആറ്റുമ്മയുടെയും എന്റെ മൂത്താപ്പയുടെയും ഖബർ സിറ്റി മണപ്പുറത്താണ്... അവർക്ക് സലാം പറഞ്ഞു അതിലെ അങ്ങനെ കടന്നു പോവും...
അസ്സലാമു അലൈക്കും യാ ദാറുൽ കൗമുൽ മുഅമിനീൻ ഇന്നാ ഇൻഷാ അല്ലാഹി ബിക്കും ലാഹികൂൻ..
~ സഹർ അഹമ്മദ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ