2020 മേയ് 16, ശനിയാഴ്‌ച

തോപ്പ് കത്തിയ കഥ

സിറ്റിയെ  നടുക്കത്തിലാഴ്ത്തിയ  രാപ്പകലുകൾ








-മർവാൻ  റിയാസ്-

ആകാശനീലിമയുടെ അനന്തതയിലേക്കുയർന്നു കൊണ്ടിരിക്കുന്ന കറുത്ത  പുക കണ്ട് ദൂരെ ദിക്കിലെ  ജനങ്ങൾ  പോലും  ഭയചിതരാകാൻ   തുടങ്ങി.
ഒരു വൻ ഗോപുരം കണക്കെ   മാനത്തത് പടർന്നു.   ആകാശം കറുത്തിരുണ്ടു.   നാട്ടുകാർ   പരിഭ്രാന്തരായി.
സിറ്റിയിലെന്തോ  ആപത്ത് സംഭവിച്ചിരിക്കുന്നവെന്ന് തിരിച്ചറിഞ്ഞവർ കണ്ണൂർ സിറ്റിയിലേക്ക് ഒഴുകി.
സിറ്റി   ജുമാമസ്ജിദിനോടും മൗലാന മഖാമിനോടും തൊട്ടുരുമ്മി കിടക്കുന്ന തോപ്പിനെ    അഗ്നി വിഴുങ്ങിയതോടെ ആകാശവും ഭൂമിയും കറുത്ത പുകപടലങ്ങളാൽ മൂടപ്പെട്ട കാഴ്ച്ച കണ്ടവർ ഞെട്ടിത്തരിച്ചു.





ഞൊടിയിടക്കുള്ളിൽ  അഗ്നിശമന സേനയുടെ വാഹനം മണിമുഴക്കിക്കൊണ്ടു ചീറിപ്പാഞ്ഞു വന്നു.  സിറ്റിയെ വൻ  ആപത്തിൽ നിന്നും രക്ഷപ്പെടുത്താൻ  വേണ്ടി  ആബാല വ്യദ്ധം  ജനങ്ങൾ    കൂട്ടം കൂട്ടമായി   എത്തി തുടങ്ങി. തീ അണക്കാനുള്ള പരിശ്രമത്തിൽ   ഫയർ ഫോഴ്സിനൊടൊപ്പം അവരും പങ്കാളികളായി.
1969 മാർച്ച് മാസത്തിലെ ഇരുപത് എന്ന  കറുത്ത വ്യാഴാഴ്ച്ച.
 സിറ്റിയുടെ ഹൃദയം പിളർത്തിയ ആ  വൻ ദുരന്തത്തിനു  സാക്ഷ്യം വഹിച്ച ദിനം. അന്ന്, ദീനുൽ ഇസ്ലാം സഭ ഓഫീസും, യത്തീംഖാനയും, സ്ക്കൂളും, സർക്കാർ ആശുപത്രിയുടെ മരുന്നു സംഭരണ കേന്ദ്രവുമൊക്കെയായി    പ്രവർത്തിച്ചു  വരുന്ന  'തോപ്പ്' എന്ന പേരിൽ അറിയപ്പെടുന്ന കെട്ടിടത്തിനാണ് തീ പിടിച്ചിരിക്കുന്നത്.
ആദ്യ ദൃഷ്ടി പതിഞ്ഞപ്പോൾ തന്നെ നാട്ടുകാരിൽ ആശ്ചര്യത്തിന്റെ ഞെട്ടലുളവാക്കിയെങ്കിലും അടുത്ത നിമിഷം തന്നെ അതൊരു പോരാട്ടത്തിന്റെ വർദ്ധിത വീര്യമായ് പരിണമിക്കുകയുമാണു ചെയ്തത്. അവർ കയ്യും മെയ്യും മറന്നു കൊണ്ട് തീയണയ്ക്കാനുള്ള അശ്രാന്ത പരിശ്രമങ്ങളിൽ ഏർപ്പെട്ടു. സംഭവത്തിന്റെ ഗതിവിഗതികൾ അറിഞ്ഞും അറിയാതെയും ആ പ്രദേശത്തെത്തിപ്പെടുന്ന സകല മനുഷ്യരും ആ അതിജീവന പ്രക്രിയകളിൽ പങ്കാളികളായി മാറി.
അഗ്നിശമന സേനാംഗങ്ങൾ യന്ത്രപ്പൈപ്പുകളുപയോഗിച്ചു കൊണ്ട് തുടരെത്തുടരെ വെള്ളം ചീറ്റിത്തെറിപ്പിച്ചു .  കയ്യിൽ കിട്ടിയ സാധനങ്ങളെല്ലാം അഗ്നിക്കെതിരേയുള്ള ആയുധങ്ങളായി സ്വീകരിച്ചു കൊണ്ട്  അവിടെയെത്തുന്ന ഓരോ മർത്ത്യജന്മവും ധർമ്മ മൂല്യങ്ങളുടെ ഉത്തമ ഉദാഹരണങ്ങളായി മാറി.
സംഹാരത്തിന്റെ എല്ലാ അർത്ഥതലങ്ങളിലുമൂന്നി   അഗ്നി അതിന്റെ ഊർജ്ജം വർദ്ധിപ്പിച്ചു കൊണ്ടേയിരുന്നു . മരുന്നു സംഭരണ മുറികളിൽ നിന്നുയർന്ന      തീ     അഗ്നിശമന സേനാംഗങ്ങളുടെയും നാട്ടുകാരുടെയും എല്ലാ പ്രതീക്ഷകളും അസ്തമിപ്പിക്കാനുതകുന്നതായിരുന്നു. പ്രാണവായു നിറച്ചു സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾക്കിടയിലേക്കുള്ള അഗ്നിയുടെ കടന്നാക്രമണത്തിൽ  ഒരു പൂരക്കാഴ്ച്ചയൊരുക്കിയ അത്യുഗ്രസ്ഫോടനങ്ങൾ സിറ്റിയെന്ന പ്രദേശത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചു. രാസപദാർത്ഥങ്ങൾക്കിടയിലേക്കുള്ള അഗ്നിയുടെ  സംഹാരതാണ്ഡവം    ഒരു വലിയ പൂത്തിരി കത്തിച്ച പൂരപ്പറമ്പു പോലെ ആ പ്രദേശമാകെ വർണ്ണാഭമായി.  ഓക്സിജൻ സിലിണ്ടറുകളുടെയും   ഓടുകളുടെയും പൊട്ടിത്തെറിയിൽ തോപ്പ് എന്ന ആ കെട്ടിട സമുച്ഛയത്തിന്റെ ഭാഗങ്ങൾ വിദൂരങ്ങളിലേക്കു തെറിച്ചു കൊണ്ടേയിരുന്നു.  തൊട്ടടുത്തു കിടക്കുന്ന വീടുകൾക്കരികിലുള്ള കേരവൃക്ഷങ്ങൾ അഗ്നിയുടെ നക്കി തുടച്ചു.
അഗ്നിയുടെ വ്യാപനം തടയുന്നതിനു വേണ്ട പ്രക്രിയകൾ തുടർന്നു കൊണ്ടേയിരുന്നു.  തൊട്ടടുത്ത വീടുകളിൽ നിന്നും ആൾക്കാരെ ഒഴിപ്പിച്ചു. വെള്ളം പമ്പു ചെയ്തും മറ്റും എടുത്തിരുന്ന മുഖ്യ നീരുറവയായ വലിയകുളം ഒരു പരിധി വരെ  തീ അണക്കാൻ  സഹായകമായി.  തോപ്പിനു മുൻപിലുണ്ടായിരുന്ന വലിയ ജലസംഭരണിയിൽ നിന്നും തൊട്ടടുത്ത വീടുകളിലെ കിണറുകളിൽ നിന്നുമൊക്കെ യന്ത്രസാമഗ്രികളുടെ സഹായത്താലും മെയ്ക്കരുത്തിന്റെ പാടവം കൊണ്ടും വെള്ളം എടുത്തു കൊണ്ടേയിരുന്നു.  തീ പടരാതിരിക്കാനായി   സിറ്റിയിലെ ഓടുമേഞ്ഞതും ഓലമേഞ്ഞതുമൊക്കെയായ എല്ലാ കെട്ടിടങ്ങൾക്കു മുകളിലേക്കും വെള്ളം കോരിയൊഴിച്ചു നനച്ചു . അഗ്നിശമന സേനാംഗങ്ങൾ   കൂടാതെ പോലീസും പട്ടാളക്കാരും അതീവ ജാഗരൂകരായി തീ അണക്കൽ ദൗത്യത്തിൽ പങ്കാളികളായി.



കർണ്ണകഠോരമായ ശബ്ദത്തോടു കൂടി മരുന്നു കുപ്പികളും മേൽക്കൂരയിലെ ഓടുകളും പൊട്ടിത്തെറിച്ചു  കൊണ്ടിരിക്കവേ,   വിദ്യാലയത്തിൽ   പോയ കുഞ്ഞുമക്കളെയും തിരഞ്ഞ് രക്ഷിതാക്കൾ    നെട്ടോട്ടമോടി.  ആ ബഹളത്തിനിടയിൽ കുടുങ്ങിപ്പോയ തങ്ങളുടെ പൈതങ്ങളെ തേടിപ്പിടിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ച ശേഷം തീയണയ്ക്കാനുള്ള വ്യഗ്രതയിൽ  ശീഘ്രവേഗത്തിൽ തിരിച്ചെത്തി അവർ തങ്ങളാലാവുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊണ്ടിരിക്കുന്നു. തങ്ങളുടെ നാടിനെ വേരോടെ വിഴുങ്ങാനായ് വാ പിളർത്തി ദ്രുതഗതിയിൽ പാഞ്ഞടുക്കുന്ന അഗ്നിയെന്ന വ്യാളീ ഭീകരനിൽ നിന്നും രക്ഷനേടാനായി    പ്രപഞ്ചനാഥനെ പ്രകീർത്തിച്ചും പ്രാർത്ഥിച്ചും കൊണ്ട്   നാടൊന്നാകെ ഊണും ഉറക്കവുമില്ലാതെ കഠിന പ്രയത്നം ചെയ്തു കൊണ്ടിരുന്നു.
അഗ്നി അതിന്റെ രൗദ്രഭാവത്തോടു കൂടി ആളിക്കത്തിക്കൊണ്ടിരിക്കുന്നു.
മണിക്കൂറുകൾ ദിവസങ്ങളായി മാറാൻ തുടങ്ങി.  വലിയകുളത്തിന്റെ അടിത്തട്ട് കണ്ടു തുടങ്ങിയിരിക്കുന്നു. ജലത്തിന്റെ ലഭ്യത കുറഞ്ഞു . അടുത്തുള്ള വ്യാപാര കേന്ദ്രമായ ഇറച്ചി മാർക്കറ്റ്  (ഇന്നത്തെ സിറ്റി സെന്റർ) പരിസരത്തു പോലും അഗ്നിയുടെ ശാഖ അലയടിച്ചു.  ദൂരദേശങ്ങളിൽ നിന്നു പോലും അഗ്നിശമന സേനകളുടെ കൂടുതൽ യൂണിറ്റുക\ൾ  എത്തി.   തോപ്പിന്റെ തൊട്ടടുത്തുള്ള മഖാമിലേക്കും ജുമാ മസ്ജിദിലേക്കും വീടുകളിലേക്കും തീ പടരുമോ എന്ന ഭയാശങ്ക  നിലനിന്നു.   സന്നദ്ധ പ്രവർത്തകരും നാട്ടുകാരും അഗ്നിക്കെതിരെയുള്ള  പോരാട്ടത്തിൽ മുഴുകി.
അഗ്നിശമന സേനയുടെ അതിസാഹസിക പ്രകടനങ്ങൾക്കു മുന്നിൽ, പട്ടാളക്കൂട്ടത്തിന്റെ കൈക്കരുത്തിനു മുന്നിൽ, പോലീസുകാരുടെ അതിസാമർത്ഥ്യ പ്രവർത്തനങ്ങൾക്കു മുന്നിൽ, നാട്ടുകാരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അഗ്നി മെല്ലെ  കെട്ടടങ്ങി.
നാടിനെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിറുത്തിയ  തീ പിടുത്തത്തിനു ശേഷം     ചാരക്കൂമ്പാരം  ഒരു വലിയ മലയ്ക്കു സമാനമായി   ആ പൂന്തോപ്പ് നിലനിന്നിരുന്ന സ്ഥലത്ത് പൊങ്ങിക്കിടന്നു. 
 അഗ്നിയുടെ തേരോട്ടത്തിനൊടുവിൽ തങ്ങളുടെ നാടിന്റെ അഭിമാനസ്തംഭമായ് തലയുയർത്തി നിന്നിരുന്ന തോപ്പ് എന്ന കെട്ടിട സമുച്ചയം തകർന്നു തരിപ്പണമായ് മാറിയത് നാട്ടുകാരുടെ മനസ്സിൽ ദുഃഖത്തിന്റെ വേലിയേറ്റം തന്നെ തീർത്തു. അഗ്നിയുടെ ഉറഞ്ഞു തുള്ളലിനൊടുവിൽ ബാക്കിയുണ്ടായിരുന്ന കൽമതിലുകൾ ഖലാസിക്കൂട്ടത്തിന്റെ മെയ്ക്കരുത്തിന്റെ സഹായത്തോടു കൂടി അവസാനം തകർത്തു തരിപ്പണമാക്കേണ്ടി വന്നു. ചാരക്കൂമ്പാരമായി മാറിയ തോപ്പിൻ്റെ അവശിഷ്ടങ്ങൾ   പട്ടാള-പോലീസ്-അഗ്നിശമന സേനകളുടെ നേതൃത്വത്തിൽ അറബിക്കടലിന്റെ ഓരത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്കു  നീക്കം ചെയ്തു .
അന്നൊരു കാഴ്ച്ചക്ക് പലരും സാക്ഷ്യം വഹിച്ചു.
ചാരക്കൂമ്പാരത്തിനിടയിൽ തന്റെ പുസ്തകത്താളുകൾ തിരഞ്ഞിറങ്ങിയ ഒരു കുരുന്ന്, അതു കൈക്കലാക്കിയ സന്തോഷത്തോടെ, പാതി കത്തിപ്പോയ ആ പുസ്തകവും നെഞ്ചോടു ചേർത്തു പിടിച്ചു പുഞ്ചിരി തൂകിക്കൊണ്ട് ഓടിയകന്ന കാഴ്ച്ചയായിരുന്നു അത്.
ഒരു പക്ഷേ  അന്നത്തെ ആ സംഭവ വികാസങ്ങൾക്കിടയിൽ ഏറ്റവും ഭാഗ്യം സിദ്ധിച്ചവരും, എന്നാൽ ഏറ്റവും ദുഃഖിതരും ഒരു കൂട്ടരായിരിക്കാം. തോപ്പ് എന്ന അപരനാമത്തിൽ അറിയപ്പെട്ട ആ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ പഠിച്ചിരുന്ന കുരുന്നുകൾ.
തീ പിടിക്കുന്നതിൻ്റെ തൊട്ടു മുമ്പ്   സ്ക്കൂളിലെ     കായിക മത്സരങ്ങൾ നടക്കുന്നതിനാൽ  തൊട്ടടുത്തുള്ള അറക്കൽക്കെട്ട് മൈതാനിയിലേക്കു ആ കുരുന്നുകൾ  പോയില്ലായിരുന്നുവെങ്കിൽ,  സിറ്റിയുടെ ചരിത്രം തന്നെ മാറ്റി മറിക്കാനുതകുന്ന വൻ ദുരന്തത്തിനു അവർ ഇരയാവുമായിരുന്നു.   
ഇന്നും അതൊരു തീരാ    വേദനയായി  സിറ്റിയുടെ ചരിത്രത്തിൽ ഇടം പിടിച്ചേനേ. 



അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...