2020 ജൂൺ 4, വ്യാഴാഴ്‌ച

പാലോട്ട് മൂസ്സക്കുട്ടി ഹാജി

ശംസു മാടപ്പുര

"നമ്മുക്ക് പരിചയപ്പെടാം"

"മാന്യ സഹോദരന്മാരെ,
ഒരുറുപ്പിക അഞ്ചണ മുതല്‍ ആറേ കാല്‍ ഉറുപ്പിക വരെയുള്ള മുംമ്പായ് സുറുമകളും, ഉറുപ്പിക തൂക്കത്തിന് എട്ടണ മുതല്‍ ഇരുപത് ഉറുപ്പിക വരെയുള്ള അതി വിശേഷമായ അത്തറുകളും തുണി വസ്ത്ര സാമാനങ്ങളും മറ്റും ദൂരസ്ഥന്മാരുടെ ഇഷ്ടാനുസരണം വി.പി മൂലമായും  അയച്ച് കൊടുക്കുന്നതാണ്."

മുകളില്‍ പറഞ്ഞ പരസ്യ വാചകം   90 വര്‍ഷങ്ങള്‍ക്ക് മുമ്പ്  കണ്ണൂര്‍ ടൌണിലെ ബെല്ലാര്‍ഡ് റോഡിലെ വ്യാപാര സ്ഥാപനത്തിലെ അറബി മലയാളം  കലണ്ടറിലുള്ളതാണ്.അന്നത്തെ കച്ചവട പരസ്യങ്ങള്‍ പത്രങ്ങളിലൂടെയും പിന്നെ ഇത്തരം കലണ്ടറുകളിലൂടെയുമായിരുന്നു. അന്ന് പോസ്റ്റ് കാര്‍ഡിലോ ടെലിഗ്രാം വഴിയോ ആണ് ആളുകള്‍ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്തിരുന്നത്. പാക്കിസ്ഥാന്‍‍, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരെ ഇദ്ദേഹത്തിന് ഓർഡർ ലഭിച്ചിരുന്നുവത്രെ.
അന്ന്  "പി. മൂസക്കുട്ടി ഹാജി താജിറുല്‍ കുത്തുബ് വല്‍ അത്തര്‍" (പുസ്തകങ്ങളും അത്തറും വില്‍ക്കുന്നയാള്‍ എന്നര്‍ത്ഥം)
എന്നായിരുന്നു സ്ഥാപനത്തിന്‍റെ പേര്.ഇന്നത്  ടി.മുഹമ്മദ് കുഞ്ഞി ബുക്ക് സെല്ലർ യുനാനി ഹംദര്‍ദ് സ്റ്റോക്കിസ്റ്റ്  എന്ന പേരിൽ  അറിയപ്പെടുന്നു. സ്ഥാപനം  ഒരു നൂറ്റാണ്ട് പൂർത്തിയാവാൻ ഏതാനും വർഷങ്ങൾ മാത്രം ബാക്കി നിൽക്കെ,  സ്ഥാപക നേതാവ് പാലോട്ട് മൂസക്കുട്ടി സാഹിബിന്റെ വിശേഷങ്ങളിലേക്ക് ഒരെത്തിനോട്ടം.
മതപണ്ഡിതനും ഇസ്‌ലാമിക ജീവിതചര്യ  മുറുകെപ്പിടിച്ചു ജീവിച്ച മഹദ് വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇദ്ദേഹം. സൗദി അറേബ്യയിലെ മക്കയിൽ കുറച്ചുകാലം കഴിഞ്ഞ  ഇദ്ദേഹം വിവിധ രാജ്യങ്ങളിലുള്ള മതപണ്ഡിതന്മാരുമായി ഇടപഴകുകയും ഉപരിപഠനം നടത്തുകയും ചെയ്തു.
മഹാനായ യൂസുഫ് നബഹാനിയുടെ ശിഷ്യനായി മക്കത്ത് ഹറമിലും  മദീനയിൽ ബാബുസലാമിലും ദർസ് നടത്തിയിരുന്നു.
മതത്തിൻറെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാതിരുന്ന ഇദ്ദേഹം  ഖാദിയാനി മതപ്രചാരണത്തിന് തടസ്സം നിൽക്കുന്ന  വ്യക്തിയെന്ന നിലയിൽ  1913-ൽ ഹ്രസ്വ കാലം ജയിലിൽ കഴിയേണ്ടി വന്നു. അന്ന് കൊച്ചിയിൽ വച്ചാണ് മൂസക്കുട്ടി ഹാജി സാഹിബിനെ അറസ്റ്റ് ചെയ്തത്. മലബാറിലെ സ്വാതന്ത്ര പ്രസ്ഥാനങ്ങളിൽ ഇദ്ദേഹവും പങ്കാളിയായി. ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ആഹ്വാനമനുസരിച്ച് 1919-ൽ വിദേശവസ്ത്രം ഉപേക്ഷിച്ച മലബാറിലെ പണ്ഡിതന്മാരിൽ കണ്ണൂരിൽ നിന്നും മൂസക്കുട്ടി ഹാജിയുണ്ടായിരുന്നു.
1920 ലെ ഒറ്റപ്പാലം ഖിലാഫത്ത് കോൺഫ്രൻസിൽ ബ്രിട്ടീഷ് പോലീസ് തേർവാഴ്ച നടത്തിയപ്പോൾ പരിക്കുപറ്റിയ വരിൽ ഒരാളായിരുന്നു മൂസക്കുട്ടി ഹാജി. അതോടെ തികഞ്ഞ ദേശാഭിമാനിയും ബ്രിട്ടീഷ് വിരോധിയുമായിത്തീർന്നു ഇദ്ദേഹം.1937 മുതൽ മുസ്ലിം ലീഗ് ആദർശത്തിൽ ആകൃഷ്ടനായ ഇദ്ദേഹം ലീഗിൻറെ സമുന്നത നേതാക്കളിൽ ഒരാളായി തീർന്നു.
കച്ചവടത്തിൽ ഇസ്ലാമിക നിഷ്കർഷത പുലർത്തിയിരുന്ന ഇദ്ദേഹം ഒരേസമയം കിത്താബ് കച്ചവടത്തിലും ഹോട്ടൽ മേഖലയിലും  വ്യാപൃതനായി .
ദേഷ്യം പിടിക്കുന്ന സമയത്ത് ഒക്കെ പെട്ടെന്ന് ശാന്തനായി തീരുകയും പശ്ചാതാപ മന്ത്രം ഉരുവിടുകയും ചെയ്യുന്ന ഇദ്ദേഹം അർദ്ധ രാത്രിയിലെ നമസ്കാരം നിത്യ ജീവിതത്തിൻറെ  ഭാഗമാക്കിയിരുന്നു.
കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ യുടെ പ്രഥമ പ്രവർത്തന മണ്ഡലങ്ങളിൽ വിശിഷ്ട സേവനം അനുഷ്ഠിച്ച ഇദ്ദേഹം സമസ്ത രൂപീകരണത്തിലും വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കുന്നതിലും മുന്നിട്ടിറങ്ങിയ വ്യക്തി കൂടിയാണ്.
1953ൽ അദ്ദേഹത്തിന്റെ ഭൗതികശരീരം മണ്ണിലേക്കെടുത്തപ്പോൾ പതിനായിരങ്ങൾ വിങ്ങി പൊട്ടുകയായിരുന്നു. കണ്ണൂർ സിറ്റി ജുമാ മസ്ജിദിന്റെ പടിഞ്ഞാറുവശം (മിഹ്റാബിന് പിറകിലായി) അദ്ദേഹത്തിൻറെ ഖബർ സ്ഥിതി ചെയ്യുന്നു .
അദ്ദേഹത്തിൻറെ വിയോഗത്തെ തുടർന്ന് മകൻ ടി മുഹമ്മദ് കുഞ്ഞി സ്ഥാപനം ഏറ്റെടുത്തു .1930 ല്‍ ജനിച്ച  മുഹമ്മദ് കുഞ്ഞി  2005 ല്‍ മരണപ്പെട്ടതോടെ മകൻ മുഹമ്മദ് ഹാഷിമാണ് ഇന്ന് അതിൻ്റെ  നടത്തിപ്പുകാരൻ.
ഹംദര്‍ദ് യുനാനി ഔഷധങ്ങള്‍കൂടി കച്ചവടത്തിന്‍റെ ഭാഗമായി.
ആദ്യ കാലങ്ങളില്‍ ഹംദര്‍ദ് നേരിട്ട് ഡല്‍ഹിയില്‍ നിന്ന് ഡോക്ടറെ അയക്കുകയുണ്ടായിരുന്നു.
പിന്നീട് കേരളത്തില്‍ നിന്ന് ആദ്യമായി യുനാനി ഡിഗ്രി എടുത്ത ഡോക്ടര്‍ ആയ കെ.ടി അജ്മല്‍  എല്ലാ വ്യാഴായ്ചയും കണ്ണൂർ  ടൗണിലെ മൊയ്തീൻ പള്ളിക്കടുത്തുള്ള  ഈ സ്ഥപനത്തിൽ  പരിശോധന നടത്തി വരുന്നു.



പിൻ കുറി :

 കാമ്പസാറിനെ അന്നത്തെ പരസ്യത്തില്‍ ഖാന്‍ ബസാര്‍ എന്നാണ് രേഖപ്പെടുത്തി കാണുന്നത്.  ആ പേരിന് വല്ല ചരിത്രസത്യവും ഉണ്ടോ എന്നറിയില്ല.
ബ്രിട്ടീഷുകാർ പട്ടാള ക്യമ്പായി ഉപയോഗിച്ച സ്ഥലമാണ് കാംബസാർ എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

വിവരങ്ങൾക്ക് കടപ്പാട് : 
1) ഒ.കെ മുഹമ്മദ് സാഹിബിൻ്റെ കുറിപ്പിൽ നിന്ന് :   1987 ൽ പുറത്തിറങ്ങിയ ദീനുൽ ഇസ്ലാം സഭ സ്മരണിക .
2)  പേര മകൻ -  സി .കെ. ഉനൈസ്


3 അഭിപ്രായങ്ങൾ:

zamzammagazine പറഞ്ഞു...

സമസ്ത രൂപീകരിക്കുന്നതിൽ അദ്ദേഹത്തിനുള്ള പങ്ക് എടുത്തു പറഞ്ഞത് വളരെ നന്നായി

-ഇക്ബാൽ പൂക്കുണ്ടിൽ-

zamzammagazine പറഞ്ഞു...

അതുപോലെതന്നെ കണ്ണൂർ സിറ്റി കാർക്ക് സർവ്വേന്ത്യാ മുസ്ലിം ലീഗ് രൂപീകരിക്കുന്നതിനും (അലി രാജാ)
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് രൂപീകരിക്കുന്നതിൽ അതിനുശേഷം നടന്ന അഖിലേന്ത്യാ മുസ്ലിം ലീഗിൻറെ പിളർപ്പും
(സിഎച്ച് അറക്കൽ പാലസ്ഗ്രൗണ്ടിൽ നടത്തിയ പ്രസംഗവും പൊളിച്ച എംഎസ്എഫ് ഓഫീസിൽ നടന്ന രഹസ്യ യോഗവും)

അതുപോലെതന്നെ
സേട്ടൂസാഹിബിന്റെ നേതൃത്വത്തിൽ ഖായിദെമില്ലത്ത് കൾച്ചറൽ ഫോറം വന്നതിലും ഓക്കേ കണ്ണൂർ സിറ്റി പ്രദേശത്തിനും അതിൻറെ തായ് ഉള്ള പങ്ക് നിർവഹിക്കുവാൻ സാധിച്ചിട്ടുണ്ട്

പക്ഷേ ഉപ്പാപ്പ ആനയുടെ മുഗളിൽയാത്ര ചെയ്തു എന്ന് കരുതി മക്കളുടെ ചന്തിക്ക് തഴമ്പ് ഉണ്ടാവുകയില്ല
അവർക്ക് വേണമെങ്കിൽ അവർ തന്നെ കയറണം ചരിത്രം പറയാൻസാധിക്കും
ചരിത്രം രചിക്കണമെങ്കിൽ പ്രതലത്തിൽ ഇറങ്ങണം കണ്ണൂർ സിറ്റി കാർ പ്രതലത്തിൽ ഇറങ്ങാൻ സാധിക്കുന്ന വിഭാഗമാണ്
ഇവരുടെ പരമ്പര യുടെ ജീന് പോരാട്ടത്തിൻ ഉള്ളവരുടെതാണ്

-ഇക്ബാൽ പൂക്കുണ്ടിൽ-

zamzammagazine പറഞ്ഞു...

ഖാൻ ബസാർ എന്നത് അവിടെ പട്ടാളം ക്യാമ്പ് ചെയ്തത് കൊണ്ട് മാത്രം എല്ലാപട്ടാണികൾ ആയിരുന്നു ഭാഗങ്ങളിൽ കൂടുതലായി വസിച്ചിരുന്നത് എന്നും പറയുന്നുപട്ടാണികൾ ബോരികളും ഭാഗത്തുണ്ട്.
വിലപ്പെട്ട വിവരം പങ്കുവെച്ചതിന് നന്ദി, ചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത നിരവധി മഹാൻമാർ' ഇനി യും നമ്മുടെ പൂർവ്വികരായി കടന്നു പോയിട്ടുണ്ടാകാം. അവരെ കൂടി പരിചയപ്പെടുത്താനുള്ള ശ്രമം ആരംഭിക്കണം.ഈ വിവരം കണ്ണൂരിന്റെ രേഖപ്പെടുത്തിയ ചരിത്രം തന്നെ മാറ്റാൻ കാരണമാകാം. കാംബസാറിന്റെ പിന്നിലുള്ള ഖാൻബസാറിന്റെ കഥയും പുറം ലോകം അറിയണം.ബോരികളു മായി ബന്ധമുള്ള ചില ഫാമിലി കണ്ണൂർ സിറ്റി ഭാഗത്തുമുണ്ട്

-സമീർ അന്നിമൽ-

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...