2020 ജൂലൈ 2, വ്യാഴാഴ്‌ച

അനുസ്മരണം



"ടി. പി മഹമൂദ് ഹാജി"

മികച്ച സംഘാടകൻ,  സാമൂഹ്യപ്രവർത്തകൻ, സൗഹൃദങ്ങളുടെ  അംബാസിഡർ, തുടങ്ങിയ വിശേഷണങ്ങൾക്കർഹനായ ടി.പി മഹ്മൂദ് ഹാജി വിടപറഞ്ഞിട്ട് ജൂലൈ മൂന്നിന് (ഇന്ന്) ഏഴു വർഷങ്ങൾ പൂർത്തിയാവുകയാണ്. നർമ്മ രസം തുളുമ്പുന്ന  സംഭാഷണ ചാതുര്യമുള്ള ഇദ്ദേഹം പരിചയക്കാർ ക്കിടയിൽ മാമു ചുരുക്കപ്പേരിലറിയപ്പെട്ടിരുന്നത്. ഗൾഫ് ജീവിതത്തിൽ നിന്നും വിരമിച്ചതിനുശേഷം കണ്ണൂരിൽ സ്ഥിരതാമസമാക്കിയതോടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മത മേഖലകളിൽ തൻറെതായ വ്യക്തിമുദ്ര ഇദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രഭാതസവാരി സംഘമായ വാക്ക് ആന്റ് ലാഫ് സൗഹൃദ  കൂട്ടായ്മയുടെ അംബാസഡർ കൂടിയാണ്. എന്നും കാലത്ത് നടക്കാനിറങ്ങുന്ന 16 അംഗ സംഘത്തെ നയിച്ചിരുന്ന ഇദ്ദേഹം ഇവരുടെ മാസാദ്യ പാർട്ടികളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അംഗങ്ങൾക്ക് ഊർജ്ജം പകരുന്ന വ്യക്തി കൂടിയായിരുന്നു. മുസ്ലിം ലീഗ് രണ്ടായി പിളർന്ന സമയത്ത് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ലീഗിന്റെ കണ്ണൂരിലെ സ്ഥാപക നേതാക്കളിൽ ഒരാളായി. അതോടെ  മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തു.  തൻറെ സമയവും  ഉർജ്ജവും  സമുദായത്തിലെ അവശതയനുഭവിക്കുന്ന വിഭാഗങ്ങൾക്കായി മാറ്റിവെച്ച് മുന്നിട്ടിറങ്ങി. സമാന സ്വഭാവമുള്ള കമ്മിറ്റികളും  സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ അതീവ ശ്രദ്ധ പതിപ്പിച്ചു. എല്ലാവരോടും സഹവർത്തിത്വത്തോടെ പെരുമാറിയ ഇദ്ദേഹം നിരവധി സാമൂഹിക ഇടപെടലുകൾ നടത്തിയിട്ടുണ്ട്. എന്തിനേറെ പറയുന്നു. എൻറെ  മാസികയായ "സംസം"
1995-ൽ ഒരു പ്രതിസന്ധിയുടെ ഘട്ടത്തിലെത്തിയപ്പോൾ ഇദ്ദേഹത്തിൻറെ ഇടപെടലുകൾ നേരിട്ട് ഞാൻ അനുഭവിച്ചിട്ടുണ്ട്. എൻറെ ഭാര്യ ബന്ധുകൂടിയാണ്
(കുഞ്ഞള) ഇദ്ദേഹം. അന്ന് സംസം മാസികയിൽ ഡോക്ടർ മുഹമ്മദ് സാജിദ് എഴുതിയ മുസ്ലിം സ്ത്രീകൾക്ക് എന്തുപറ്റിയെന്ന ലേഖനം വിവാദത്തിന് വഴി മാറിയിരുന്നു.പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോയ ഡോക്ടർക്ക് വേണ്ടി ശബ്ദിച്ചതും പോലീസ് ഓഫീസറുമായി സംസാരിച്ചതും ഇദ്ദേഹമായിരുന്നു. അന്ന്  ഞാൻ ബന്ധപ്പെട്ട മുസ്ലിംലീഗിലെ സമുന്നത നേതാവ് എന്നോട് നിസ്സഹകരണം  കാണിച്ചപ്പോൾ യഥാർത്ഥത്തിൽ രക്ഷക്കെത്തിയത് ടി പി മഹമൂദ് ഹാജിയായിരുന്നു. യുഎഇയിൽ കരസേന വിഭാഗത്തിൽ ആശുപത്രി വാറണ്ടറായി ദീർഘകാലം സേവനം അനുഷ്ഠിച്ചത് കൊണ്ടാവണം ഇദ്ദേഹത്തിൻറെ നടത്തത്തിലും നോക്കിലും വാക്കിലും ശബ്ദത്തിലും ഒരു മിലിട്ടറി ചിട്ട ദർശിക്കാനായത്. പക്ഷേ, ഇദ്ദേഹത്തിൻറെ മനസ്സ് കുട്ടികളെ പോലെ നൈർമ്മല്യതായതാണെന്ന്  അടുപ്പമുള്ളവർക്ക് നന്നായി അറിയാം. യുഎഇയിൽ താമസിക്കുമ്പോൾ മത-സാംസ്കാരിക സംഘടനകളുമായി സഹകരിച്ച്  സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ചിരുന്നു.
കെഎംസിസി, ചന്ദ്രിക റീഡേഴ്സ് ഫോറം, സുന്നി സെൻറർ, ഇന്ത്യൻ സോഷ്യൽ ക്ലബ് തുടങ്ങിയ സംഘടനകളിൽ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. സ്വദേശമായ കക്കാട് ദാറുന്നജാത്ത് യതീംഖാന കറസ്പോണ്ടന്റ്, കൗസർ ബൈത്തുസക്കാത്ത് സെക്രട്ടറി എന്നിവയ്ക്കുപുറമേ കണ്ണൂർ മുസ്ലിം ജമാഅത്ത്, വി.പി മഹമൂദ് ഹാജി മെമ്മോറിയൽ ഹൈസ്കൂൾ, ഐ. സി.എം ഹിഫ്ള് ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ ഡയലോഗ് സെൻറർ, കൗസർ ലൈബ്രറി, ഖിദ്മ ട്രസ്റ്റ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. കൂടാതെ ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ഡയാലിസിസ്  പ്രവർത്തനങ്ങളിലും സിറ്റിയിലെ പാവപ്പെട്ട  കുടുംബങ്ങൾക്കായി നാലുവയൽ ഐ.സി.എം നിർമ്മിച്ച വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലും ഇദ്ദേഹം മുന്നിട്ടിറങ്ങി. കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിക്കുകയും തടവുകാർക്ക് ക്ലാസ് എടുക്കുകയും അവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള വെൽഫെയർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു.
ഇദ്ദേഹത്തിൻറെ ആകസ്മികമായ മരണം  അന്ന് കണ്ണൂർ നഗരത്തിന് നൽകിയത് താങ്ങാനാവാത്ത വേർപ്പാടാണ്. കണ്ണൂർ ടൗൺ മാർക്കറ്റിൽ സെഞ്ചുറി ഡിസ്പോസബിൾ എന്ന സ്ഥാപനം നടത്തിവരികേ കടയടച്ച് വീട്ടിലേക്ക് പോകും വഴിയിൽ വെച്ച് സ്വാഭാവിക മരണം സംഭവിക്കുകയായിരുന്നു. മരണവാർത്ത കേട്ടവർക്ക് വിശ്വസിക്കാനായില്ല. സൗഹൃദങ്ങളുടെ കൂട്ടായ്മയിലെ ഈ രാജകുമാരന്റെ വിടവ് അവർക്കിടയിൽ കണ്ണീർ കടലായി രൂപപ്പെട്ടു. മരണപ്പെട്ടതിന്റെ പിറ്റേന്ന് ഉച്ചയോടെ മയ്യത്ത് കക്കാട് ഖബർ ശ്മശാനത്തിൽ മറവ് ചെയ്യാൻ വേണ്ടി എത്തിച്ചേർന്നത് ആയിരക്കണക്കിനാളുകളായിരുന്നു. ഇന്നും ഇദ്ദേഹത്തെ കുടുംബത്തിലുള്ളവരും ചങ്ങാതിമാരും ഒരിറ്റു കണ്ണീരോടെ മാത്രമേ ഓർക്കാറാള്ളൂ.
ഭൂമിയിൽ നന്മ വിതച്ച് പരലോകത്ത് നേട്ടം കൊയ്യാനായി നേരത്തെ തന്നെ അല്ലാഹുവിൻറെ സന്നിധിയിലേക്ക് യാത്ര പോയ പ്രിയപ്പെട്ട മഹമൂദ് ഹാജിക്ക് (എന്റെ കുഞ്ഞളാക്ക്)അല്ലാഹു സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
അഞ്ചു കണ്ടി തലക്കൽ സുലൈഖയാണ് ഭാര്യ.
മക്കൾ: ഫൈസൽ (അബുദാബി), ജമീൽ അഹ്മദ് (അമേരിക്ക), സുഹൈൽ (ദുബായ്), നൗഫൽ (ഷാർജ), ഷാമിൽ (ഒമാൻ), മുന(കണ്ണൂർ)
മരുമക്കൾ:
അദീബ് (കണ്ണൂർ), റോസിന, റഷ (കോഴിക്കോട്)
ഷർമിന, ഫറ (കണ്ണൂർ)
ഈമാൻ (ഈജിപ്ത്).
സഹോദരങ്ങൾ: പരേതനായ ടി.പി അബ്ദുൽ ജബ്ബാർ,
യൂസുഫ് ടി.പി (കണ്ണൂർ), അബ്ദുനാസർ ടി.പി (ദുബായ്), ഫാത്തിമ, സൈനബ, സൈബു (കണ്ണൂർ).


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...