2020 ജൂലൈ 6, തിങ്കളാഴ്‌ച

സിറ്റിയിലെ ബഹുമുഖ പ്രതിഭ

നമുക്ക് പരിചയപ്പെടാം!

✍️ ശംസു മടപ്പുര

എഴുത്തുകാരൻ,ചിത്രകാരൻ, നാടക രചയിതാവ്, ഗായകൻ, നടൻ, ഷോർട്ട് ഫിലിം സംവിധായകൻ എന്നീ ബഹുമുഖ പ്രതിഭയാണ് കണ്ണൂർ സിറ്റിയിലെ സാഹിർ പുത്തലത്ത്. കുട്ടിക്കാലം മുതൽ വരയോടാണ് താല്പര്യം. അന്ന് കരി കഷ്ണം എടുത്തു വീടിൻറെ ചുമരുകളിൽ വരക്കുമായിരുന്നു. വരയെ പ്രണയിച്ച് വളരുന്തോറും ചിത്രകലയിൽ പുതിയമാനങ്ങൾ തേടിക്കൊണ്ടിരുന്നു. ചിത്രരചന പഠിപ്പിക്കുന്ന ഗീതാഞ്ജലി കോളേജ് ഓഫ് ഫൈൻ ആർട്സിൽ ചേർന്നെങ്കിലും അത് മുഴുമിപ്പിക്കാനായില്ല. എന്നിരുന്നാലും സ്വത സിദ്ധമായ കഴിവ് ഉപയോഗിച്ച് ചിത്രം വരച്ചു കൊണ്ടേയിരുന്നു. സാഹിറിൻറെ ചിത്ര കൂട്ടിൽ മലയാളസാഹിത്യ തറവാട്ടിലെ വൈക്കം മുഹമ്മദ് ബഷീർ അടക്കം പലരും തെളിഞ്ഞു നിന്നു.ഒരുപാട് നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്തിട്ടുമുണ്ട്.സ്കൂൾ കുട്ടികൾക്കായി നാടകമെഴുതി കൊടുക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഏറ്റവും നല്ല നാടകങ്ങൾക്കുള്ള പ്രൈസുകൾ  സാഹിറിന്റെ നാടകങ്ങൾ കരസ്ഥമാക്കി.
വിദ്യാർത്ഥിയായിരിക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീർ സാഹിത്യം ഒരു ലഹരിയെന്നോണം തലക്ക് പിടിച്ചു.
ബഷീറിനെപ്പോലെ ഒരു യാത്രികൻ ആവുക, അനുഭവങ്ങൾ സ്വായത്തമാക്കുക എന്ന ചിന്ത ഉടലെടുത്തപ്പോൾ എസ്.എസ്.എൽ.സിക്ക്  ശേഷം വീടുവിട്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ചു. ചില സ്ഥലങ്ങളിലൊക്കെ തൊഴിലെടുത്തു. മൂന്നു വർഷക്കാലത്തെ സഞ്ചാരത്തിനിടയിൽ ചില തീക്താനുഭവങ്ങൾക്ക് വിധേയമായെങ്കിലും ലക്ഷ്യ  സാക്ഷാത്കാരം പൂർത്തിയായില്ല. എങ്കിലും കലയോടുള്ള  അഭിനിവേശം മനസ്സിൽ താലോലിച്ച് വളർത്തി.
നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം അമ്മാവൻ  വിസ അയച്ചതിനെ തുടർന്ന്  ഗൾഫിൽ എത്തി.
ഗൾഫിൽ ജോലി ചെയ്യവേ ഒരു പത്ര പരസ്യത്തിലൂടെ നാടക മത്സരം നടക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടു. ആ മത്സരത്തിൽ പ്രൊഫഷണൽ നാടകങ്ങൾ മാറ്റുരച്ചു. സ്വന്തമായി  നാടകട്രൂപ്പ് ഇല്ലാത്തതിനാൽ ഫാക്ടറി തൊഴിലാളികളിൽ ചിലരെയൊക്കെ തെരഞ്ഞെടുത്ത് നാടകമെഴുതി സംവിധാനം ചെയ്ത് അവരിൽ ഒരു നടനായി നാടക മത്സരത്തിൽ പങ്കെടുത്തു.  ഏറ്റവും നല്ല  സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.  യു.എ. ക്യൂ റേഡിയോയിലെ കെ. പി.കെ വേങ്ങര, സി ജെ കണ്ണമൂട് എന്നിവരായിരുന്നു വിധികർത്താക്കൾ. അവരിൽ നിന്ന് തന്നെയാണ് പുരസ്കാരം സാഹിർ ഏറ്റുവാങ്ങിയത്.
ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ചന്ദ്രിക എന്നീ ദിനപത്രങ്ങളിൽ ഇദ്ദേഹത്തിൻറെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
ഇപ്പോൾ നാട്ടിൽ കഴിയുന്ന സാഹിർ വരയും രചനയും തപസ്യയായി കൊണ്ടുനടക്കുന്നു. ഇതിനിടയിൽ സ്വന്തമായി എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമുകൾ യൂട്യൂബിലൂടെ പുറത്തിറക്കിയിട്ടുണ്ട്.
പൊതുസമൂഹത്തിൽ അറിയപ്പെടുന്നതിൽ താല്പര്യമില്ലാത്ത ഇദ്ദേഹം എൻറെ നിർബന്ധത്തിനു വഴങ്ങിയാണ് ഈ പരിചയപ്പെടുത്തലിനു സഹകരിച്ചത്.
ഏതായാലും ഇദ്ദേഹത്തെ പോലുള്ള എളിയ കലാകാരന്മാർ പൊതുധാരയിലേക്ക് കടന്ന് വന്ന് തങ്ങളുടെതായ കയ്യൊപ്പ് ചാർത്തിയ കലകളുടെ കലവറ പ്രേക്ഷക സമക്ഷം സമർപ്പിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അനുബന്ധ കുറിപ്പ്:
"ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ"എന്ന തലക്കെട്ടോടെ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള സാഹിറിന്റെ വരകൾ ദുബായ്  ദല സാംസ്കാരിക വേദി സംഘടിപ്പിച്ച ബഷീറിൻറെ നൂറാം ജന്മദിനം എന്ന പരിപാടിയിൽ  പ്രദർശനത്തിന് വെച്ചിരുന്നു. അന്ന് പല പ്രമുഖരുടെയും പ്രശംസ ഈ ചിത്രങ്ങൾ ഏറ്റുവാങ്ങി. വേദിയിൽ വെച്ച് എം മുകുന്ദനും ഇ എം അഷ്റഫും പറഞ്ഞതനുസരിച്ച്
20 വർഷങ്ങൾക്കു മുമ്പ് ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ വെച്ച്  ചിത്രങ്ങൾ ഫാബി ബഷീറിന് കൈമാറി. ഇന്നും അവിടെയുള്ള ബഷീർ മ്യൂസിയത്തിൽ ഈ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.



സാഹിറിന്റെ  ബേപ്പൂർ സുൽത്താൻ വരകളിൽ ചിലത് താഴെ!










അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...