കഥ
✍️ റൈഹാന, അലവിൽ
കഴിഞ്ഞ ഇടവം പാതി പിന്നിട്ടിട്ടും
മഴയ്ക്ക് വരാൻ ഉദ്ദേശമില്ലാതിരുന്ന,
ഒരുച്ച തിരിഞ്ഞ നേരത്ത്,
ഇടത്തെ കൈയ്യിൽ ഒരു കപ്പ് ബ്രൂ കോഫിയും
വലത്തെ കൈയ്യിൽ രണ്ടു ഹോർലിക്സ് ബിസ്ക്കറ്റുമായി ഞാൻ അടുക്കളയിൽ നിന്ന് ഹാളിലേയ്ക്ക് പ്രവേശിക്കുമ്പോഴാണ് ,
ആരോ ഗേറ്റ് തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ടത്.
റബ്ബേ..!
അല്ലേലുമിത് പതിവാ...
എന്തേലും ആഗ്രഹിച്ചുണ്ടാക്കുമ്പോൾ ആരെന്കിലുമെത്തും.
ഇന്ന് ഒരാഗ്രഹം തോന്നി കോഫിയുണ്ടാക്കിയതാണ്,
അതും ഒരൊറ്റ കപ്പ് മാത്രം.
ഹാളിലെ സെറ്റിയിലിരുന്ന് മൊബൈൽ ഗെയിമിനനുസരിച്ച് മുന്നോട്ടായുകയും തിരിയുകയും ചെയ്യുന്ന മകൻ ഇതൊന്നുമറിയുന്നേയില്ല.
ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന,
നീണ്ട കറുത്ത വള്ളികളുടെ അറ്റത്തെ ചെറിയ മൊട്ടുകൾ അവൻ്റെ ചെവികളിലേക്ക് തിരുകി വച്ച് ലോകത്തിൻ്റെ ശബ്ദം തടുത്തിരിക്കുന്നു.
ഞാൻ തിരിഞ്ഞ് കോഫി അടുക്കളയിൽ വച്ചു വരാന്തയിലേയ്ക്കെത്തി.
നന്നേ ഉയരം കുറഞ്ഞ ഒരു പെൺകുട്ടി
ഏന്തി വലിഞ്ഞ് ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നുണ്ട്. അവളുടെ മുതുകിൽ വലിയൊരു ബാഗുമുണ്ട്.
വീടുകൾ തോറും നടന്ന് വീട്ടുസാധനങ്ങൾ വില്ക്കുന്ന പെൺകുട്ടിയാണെന്നു തോന്നുന്നു.
ആ ബാഗിൻ്റെ ഭാരം താങ്ങാനാവാതെ അവൾ ഒടിഞ്ഞു വീണേക്കുമോ എന്നു ഞാൻ ഭയന്നു.
സാധനങ്ങളൊന്നും വേണ്ടന്ന്
ഒട്ടും മുഖം ചുളിക്കാതെയാണ് ഞാൻ പറഞ്ഞതെങ്കിലും
അകത്തു കയറാനോ നിർബന്ധിച്ചെന്തെങ്കിലും വാങ്ങിപ്പിക്കാനോ ശ്രമിക്കാതെ,
അടുത്ത വീട് ലക്ഷ്യമാക്കി അവൾ മുന്നോട്ടു നടന്നു.
ഞാൻ തിരികെ വന്നു മകൻ്റെ ചെവിയിലെ ഇയർഫോൺ ഊരി മാറ്റി,
കോഫിയും ബിസ്ക്കറ്റുമെടുത്ത് ഹാളിലിരുന്നു. ഒരു ബിസ്ക്കറ്റ് പകുതി കഴിച്ചു,
കോഫി കപ്പ് ചുണ്ടോട് ചേർപ്പിക്കുമ്പോൾ വീണ്ടും ഗേറ്റു കരയണ ശബ്ദം.
കപ്പ് ടീപ്പോയിൽ വച്ച്, ചുമന്ന ജാലക വിരി മാറ്റി നോക്കി.
"ഹലോ.. "
തവിട്ടു നിറത്തിലെ ചുരിദാറണിഞ്ഞ മറ്റൊരു പെൺകുട്ടി മുറ്റത്ത് നിൽക്കുന്നു. മുഖത്തിനിരുവശങ്ങളിലൂടെയും
വിയർപ്പു ചാലുകൾ താഴേയ്ക്ക്
ചാടാൻ വെമ്പി ഒഴുകുന്നുവെങ്കിലും
പ്രസന്നത നിറഞ്ഞ ആ മുഖത്ത്
പ്രതീക്ഷയുടെ മഴവിൽ വർണ്ണങ്ങൾ !
അവളുടെ മുതുകിലുമുണ്ട്
വലിയ ബാഗ്..
"മാഡം... കുറച്ചു തണുത്ത വെളളം തരാമോ..?"
ഇവിടുണ്ടായിരുന്ന നന്നേ പ്രായമായ ഫ്രിഡ്ജ് ആക്രിക്കാരനു വിറ്റതിനു ശേഷം, പുതിയതൊന്നു ഇനിയും വാങ്ങിച്ചിട്ടില്ലാത്ത ഞാൻ.
തണുത്ത വെള്ളം ഇല്ലന്നു പറഞ്ഞത് വിശ്വസിക്കാനാവാതെ അവൾ ചോദിച്ചു,
"തണുത്ത വെള്ളം ഇല്ലന്നോ..?"
"ആ... ഇല്ല. "
"എങ്കിൽ കുറച്ചു കുടി വെള്ളം തരാമോ..?"
വെള്ളമെടുക്കാനായി എണീറ്റപ്പോഴാണ് കുറച്ചു ദിവസം മുന്നേ,
നഗരത്തിലൊരു വീട്ടിൽ സാധനങ്ങൾ വില്ക്കാനെന്ന ഭാവേന എത്തിയ പെൺകുട്ടി കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും,
വെള്ളം എടുക്കാനായി വീടിനുള്ളിലേക്കു
പോയ വീട്ടമ്മയെ
പെൺകുട്ടിയും ഗേറ്റിനു വെളിയിൽ നിന്നെത്തിയ കൂട്ടാളിയും ചേർന്ന് കെട്ടിയിട്ട് കവർച്ച നടത്തിയ വാർത്ത, എൻ്റെ മനസ്സിലേയ്ക്ക് വേഗതയാർന്ന ഒരോട്ടക്കാരനെപ്പോലെ
ഓടി കയറിയത്.
"ഇവിടെ കുടിവെള്ളമില്ല..., ''
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു.
ഗെയിമിൽ കണ്ണും നട്ട് ഇരുന്ന മകൻ കണ്ണുകൾ ഉയർത്തി, അവിശ്വസനീയതയോടെ എന്നെ നോക്കി.
അടുക്കളയിൽ രണ്ടു വലിയ പാത്രം
തിളപ്പിച്ച വെള്ളമിരിക്കവെ,
അവൻ്റെയുമ്മ വെള്ളമില്ലന്ന്
കണ്ണു പൊട്ടുന്ന നുണ പറഞ്ഞിരിക്കുന്നു.
അവൻ്റെ നോട്ടം നേരിടാനാവാതെ ഞാൻ ലജ്ജയോടെ തല താഴ്ത്തി.
ഇയർഫോൺ അവൻ്റെ ചെവിയിൽ നിന്ന് മാറ്റേണ്ടിയിരുന്നില്ല.
"അതെന്താ നിങ്ങളാരും വെള്ളം കുടിക്കില്ലേ..?"
നല്ല ചോദ്യം.പെങ്കൊച്ച് മിടുക്കിയാണ്...!
''വെള്ളമെടുക്കാൻ ആള് പോയിട്ടുണ്ട്,
വന്നിട്ട് വേണം തിളപ്പിച്ച് കുടിക്കാൻ."
ഞാൻ പച്ചപ്പുല്ലിന് തീ പിടിക്കുന്ന അടുത്ത നുണ
വീണ്ടും പറഞ്ഞു.
അപ്പോഴേയ്ക്കും അവൾ ബാഗ് താഴെയിറക്കി, അപ്പച്ചട്ടിയെ കുറിച്ച് വിശദീകരിക്കുകയും
എടുത്തു നോക്കാൻ എന്നെ
പുറത്തേയ്ക്ക് ക്ഷണിക്കുകയും ചെയ്തു,
എക്സ്ചേഞ്ച് ഓഫർ ഉണ്ടെന്നും,
വില കുറച്ചു തരാമെന്നും, അവൾ പറഞ്ഞങ്കിലും ഹാളിനു വെളിയിലിറങ്ങാതെ അസ്വസ്ഥതയോടെ,
എനിയ്ക്ക് ചട്ടി വേണ്ടന്ന് പറഞ്ഞു.
തേയിലയോ, ഏറെ നേരം സുഗന്ധം നിലനിൽക്കുന്ന സോപ്പുകളോ ലോഷനോ എന്തെങ്കിലുമൊന്ന് വാങ്ങാൻ പിന്നേയും അവൾ നിർബന്ധിച്ചു.
ഒരേ കണ്ണുകൾ കൊണ്ടു എല്ലാവരേയും കാണേണ്ടി വരുന്നതാവാം,
സാമ്യം തോന്നുകയും,
നെല്ലും പതിരും തിരിച്ചറിയാതാവുകയും ചെയ്യുന്നത്.
അവസാനം അവളെന്തെല്ലാമോ പിറുപിറുത്തു ബാഗു ചുമലിലേറ്റി, ഗേറ്റടയ്ക്കാതെ പോയി.
ഇങ്ങോട്ട് വന്നപ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന
മഴവില്ല് ഇപ്പോൾ മാഞ്ഞിരിക്കുന്നു.
എക്കാലത്തും അതിവേഗം തെളിയുകയും മായുകയും ചെയ്യുന്ന ഒന്നാണ് പ്രതീക്ഷ.
സെറ്റിയിലേക്കിരുന്നു വീണ്ടും
കോഫി കപ്പ് എടുക്കുമ്പോഴാണ്,
മോനു കുടിക്കാനായി,അവനരുകിൽ വെള്ളം നിറച്ചു വച്ചിരുന്ന സ്റ്റീൽ ജഗ്ഗിൽ എൻ്റെ കൈ തട്ടി മറിഞ്ഞ് വെള്ളം നിലത്തൊഴുകിയത്.
ജനാലയുടെ അഴികൾക്കിടയിലൂടെയെങ്കിലും അല്പം വെള്ളം അവൾക്കു കൊടുക്കേണ്ടതായിരുന്നു.
അവൾക്കും ഒരമ്മയുണ്ടാവും.
ദാഹിച്ചു വലഞ്ഞു വരുന്ന അവളെ നോക്കി
വേദനിച്ചു നിൽക്കുന്ന ഒരമ്മയുടെ രൂപം
എൻ്റെ മനസ്സിൽ തെളിഞ്ഞു.
എൻ്റെ തൊണ്ടയിൽ നിന്നും കോഫി ഇറക്കാനാവാത്ത വിധം കുറ്റബോധത്തിൻ്റെ അണക്കെട്ടായി ആ ചിത്രം രൂപാന്തരപ്പെട്ടു.
കയ്യിലിരുന്ന് വീർപ്പുമുട്ടിയ ബിസ്ക്കറ്റ്
വേസ്റ്റ് കുട്ടയിലേയ്ക്കിട്ട്,
മോഹിച്ചുണ്ടാക്കിയ കോഫി ഞാൻ വാഷ്ബേസിനിൽ കമിഴ്ത്തി കളഞ്ഞു.
മനുഷ്യത്വത്തിനു മേൽ,
സ്വാർത്ഥതയുടെ കനൽ വീഴുമ്പോൾ മഴവില്ലുകൾ മായുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ