2020 ജൂലൈ 10, വെള്ളിയാഴ്‌ച

സിറ്റിയുടെ ഭാവഗായകൻ -3

ഓൺലൈൻ അഭിമുഖം



-ശംസു മാടപ്പുര-

📱ക്ലാസ് മുറിയിൽ വെച്ച് ആദ്യ അരങ്ങേറ്റം നടന്നതിനുശേഷം എപ്പോഴാണ് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടത് ?

📲 അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കണ്ണൂരിലെ സെൻറ് മൈക്കിൾസ് സ്കൂൾ അങ്കണത്തിൽ നടന്ന എംഇഎസ് സംസ്ഥാന സമ്മേളന വേദിയിൽ വെച്ചാണ്  ഒമ്പത് വയസ്സ് പ്രായമുള്ള ഞാൻ സ്റ്റേജിൽ കയറുന്നത്.
ദുബൈയിലെ കീബോർഡിസ്റ്റായ സി.ആശിഖിന്റെ പിതാവ് എം.ടി മുസ്തഫ,
ഫസൽ ഗഫൂറിന്റെ ഉപ്പ ഗഫൂർ സാഹിബ് (എംഇഎസ് പ്രസിഡണ്ട്) എന്നിവർ അടക്കമുള്ള ജനനിബിഢമായ സദസ്സിൽ വെച്ച് വി.കെ.സി തങ്ങളുടെ ഹാർമോണിയം ഈണത്തിനനുസരിച്ച് ഞാൻ പാടി. അന്ന് ആഷിക്കിന് 11 വയസ്സ് പ്രായം കാണും. എൻറെ പാട്ടിന് ആഷിക് ചെറുതായി
തബല വായിച്ചു.
എംഇഎസ് സംഘടനാ പാട്ട് ഫീമെയിൽ വോയിസിൽ ആലപിച്ചത് ഇഷ്ടപ്പെട്ട
ഗഫൂർ സാഹിബ് എന്നെ ചേർത്തുപിടിച്ച് ഷാൾ അണിയിച്ച് സമ്മാനവും നൽകി. കൊച്ചു തബലിസ്റ്റ്
ആഷിഖിനും ഒരു ഉപഹാരം സമ്മാനിച്ചു.

📱കല്യാണ വീടുകളിലെ പാട്ട് പരിപാടിക്ക് പോയതെങ്ങനെ?

📲 എംഇഎസ് പ്രോഗ്രാമിന് ശേഷമാണ് കല്യാണ വീടുകളിലെ സ്റ്റേജിലേക്ക് ഞാൻ പോകുന്നത്.  അതോടെ അബൂബക്കർ സ്മാരക മ്യൂസിക്കൽ ക്ലബ്ബിൻറെ പാട്ടുകാരനായി ഞാൻ മാറി.അന്തീക്ക, ഹസ്സൻ ബാവ ,സോമൻ കുറുവ, സി എച്ച് അഷ്റഫ് എന്നിവരാണ് സഹ പാട്ടുകാർ. എൻറെ ഉപ്പയുടെ സ്നേഹിതനായ അന്തീക്കയാണ് അബുബക്കർ സ്മാരക മ്യൂസിക് ക്ലബ്ബിലേക്ക് എന്നെ അയക്കാൻ ഉപ്പയോട് ആവശ്യപ്പെട്ടത്. അത് പ്രകാരം  ക്ലബ്ബിൽ പോയി ഞാൻ പാടി.

📱താങ്കൾ പൊതുവേ അറിയപ്പെടുന്നത് അന്തീക്കയുടെ സംഘത്തിലെ ഗായകനാണ്.

📲 ശരിയാണ്. അബൂബക്കർ സ്മാരക മ്യൂസിക് ക്ലബ്ബിൽ നിന്നും അന്തീക്ക വിട്ടുനിന്നതിന് ശേഷം  അന്തീക്ക സിറ്റി മ്യൂസിക്കൽ അക്കാദമി ആരംഭിച്ചു. അന്തീക്ക ക്ലബ്ബ് തുടങ്ങിയിട്ടും ഞാനവിടെ പോയിരുന്നില്ല. പിന്നീട് ഉപ്പയേ നിർബന്ധിച്ചതിനെ തുടർന്ന്  ഞാൻ അന്തീക്കയുടെ സംഘത്തിൽ ചേർന്നു.  പതിനൊന്നാം വയസ്സിലാണ് അന്തീക്ക യുടെ കൂടെ ചേർന്നത്. ഇതിനിടയിൽ വികെസി തങ്ങളുടെ കൂടെയും അബൂബക്കർ സ്മാരക മ്യൂസിക് ക്ലബ്ബിൻറെ കൂടെയും  കല്യാണ പരിപാടിക്ക് പോയിരുന്നു. പിന്നീട് ഈ ക്ലബ്ബിൽ ഉള്ളവരിൽ പലരും അന്തീക്കാന്റെ കൂടെ കൂടി. അങ്ങനെ അന്തീക്കയുടെ ശിഷ്യനായി. അന്ന് അന്തീക്ക കല്യാണവീടുകളിലെ ഹീറോയായിരുന്നു.  അതോടെ ഞാനും ഈ സംഘത്തിലെ  ഒരഭിവിഭാജ്യഘടകമായി തീർന്നു.
അന്ന് ആഴ്ചതോറും കിട്ടുന്ന വേതനം കുടുംബത്തിനൊരാശ്വമായിരുന്നു. .ഗാന പരിപാടി മുന്നോട്ടു പോയപ്പോൾ സ്കൂൾ ജീവിതം നഷ്ടപ്പെട്ടത് വേറെ കാര്യം. അന്നത്തെ ചുറ്റുപാടിൽ  വരുമാനമാർഗ്ഗം മുഖ്യ ഘടകം തന്നെ. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ കാര്യത്തിൽ വലിയ മുൻഗണന കൊടുത്തില്ല . കുടുംബത്തിൽ നിന്നും ഗാന ലോകത്തേക്കുള്ള പ്രോത്സാഹനമാണേറെ ലഭിച്ചിരുന്നത്.

📱ഇനിയും ധാരാളം വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ട്. നമുക്ക് ഒരു ഇടവേള യിലേക്ക് പോകാം. താങ്കളുടെ ഒരു ഗാനം കൂടെ വായനക്കാർ ആസ്വദിക്കട്ടെ.

📲 ശരി, പൊന്നു സഖിയുടെ ഈണത്തിൽ, വരികൾക്ക് മാറ്റം വരുത്തി സമാൻ കണ്ണൂർ സിറ്റി രചിച്ച, ഞാനും മിനിയും ആലപിച്ച ഗാനം വായനക്കാർ കേട്ട് ആസ്വദിക്കട്ടെ. ഇത് ഇന്നത്തെ ഗൾഫുകാരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്.
(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...