2020 ജൂലൈ 14, ചൊവ്വാഴ്ച

സിറ്റിക്കാർ മറന്നുപോയത്

വായനക്കാരുടെ വരമൊഴി!
✍ മുസ്തഫ തൈക്കണ്ടി, തായത്തെരു.

സിറ്റിയുടെ ഭാവഗായകൻ എന്ന ശീർഷകത്തിൽ  കണ്ണൂർ ഷാഫിയുമായുള്ള അഭിമുഖത്തിൽ ഷാഫിയുടെ വീടിനടുത്തുള്ള മാപ്പിള സൗഹൃദയ സംഘം ക്ളബ്ബിനെക്കുറിച്ച്  പരാമർശിച്ചത് കണ്ടു. അവയിൽ ചില തിരുത്തലുകൾ  ആവശ്യമാണ്. പലരും ഓർമിക്കാത്തതും മറന്നു പോയതുമായ ഒരു ക്ലബ്ബാണിത്. വഴിനീളെ കൈമുട്ടിപ്പാട്ട് നടത്തുന്ന ഒരു ഗായകസംഘം സിറ്റിയിലുണ്ടായിരുന്നു. സി. എച്ച്.എം മാപ്പിള സംഗീത സംഘമാണത്.കണ്ണൂർ ശാഫിയുടെ വീടിൻറെ മതിലിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചിരുന്നത്.നന്നേ ചെറുപ്പത്തിലെ ഈ ക്ലബ്ബുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. പതിനെട്ടാം വയസ്സിൽ  ക്ലബ്ബിൻറെ ജന: സെക്രട്ടറി പദത്തിലേറി. ആ സമയത്ത് ഷാഫിയുടെ പിതാവ് സത്താർ സാഹിബ് ക്ലബ്ബുമായി നിരന്തരം ബന്ധപ്പെടുകയും വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകി സഹകരിക്കുകയും ചെയ്തിരുന്നു.
 ഈ ക്ലബ്ബിലായിരുന്നു ആദ്യമായി ഷാഫിയെ സത്താർക്ക പാടിപ്പിക്കുന്നത്. പൊറ്റച്ചിലകത്ത് മാമു,വെപ്പക്കാരൻ മുസ്തഫ,അനുജൻ അസീസ്,മമ്മുഞ്ഞി,അരിപ്പ അശ്റഫ് തുടങ്ങിയവരായിരുന്നു ഈ ക്ലബ്ബ് സ്ഥാപിച്ചത്.
യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന സമയത്താണ് ഞാൻ ക്ലബ്ബിന്റെ സഹകാരിയാവുന്നതും ഗായകസംഘത്തിൽ ചേരുന്നതും.
വഴി നീളെ കൈമുട്ടി പാടുന്ന  ഒരു സംഘത്തിന്നാണ് ആദ്യം തുടക്കമിട്ടത്.
ഇതിൻറെ സ്ഥാപകൻ സി എച്ച് മുഹമ്മദ് കുഞ്ഞി എന്ന കവിയാണ്. സിറ്റിയിലെ നിമിഷകവി എന്ന് വേണമെങ്കിൽ പറയാം. ഇച്ചാ മസ്താന്റെ വിരുത്തം പോലെ നിമിഷനേരം കൊണ്ട് കവിതാ സൃഷ്ടി നടത്തുന്ന ഒരാൾ. സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങളെ കുറിച്ച് പൂങ്കാവനം എന്ന കവിത രചിച്ചത് ഇദ്ദേഹമായിരുന്നു. ഞാൻ ക്ലബ്ബുമായി ബന്ധപ്പെടുന്നതിന് വർഷങ്ങൾക്കുമുമ്പേ ഇദ്ദേഹം മരണപ്പെട്ടിരുന്നു. മരണത്തിനു ശേഷം ആദരസൂചകമായാണ്  ഇദ്ദേഹത്തിൻറെ നാമകരണത്തിൽ ക്ലബ്ബ് അറിയപ്പെടാൻ തുടങ്ങിയതത്രേ. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ  ഒരു ഭാഗം തെക്യാബ് കമ്മിറ്റിക്കും മറ്റൊരു ഭാഗം പാട്ടുകാർക്ക് ചിലവിനും നൽകിയിരുന്നു. കൈമുട്ട് പാട്ടിന് പുറമേ സംഗീതോപകരണങ്ങൾ ഉപയോഗിച്ച് ഗാനമേള നടത്താൻ ക്ളബ്ബംഗങ്ങൾ തീരുമാനിച്ചതോടെ
ഹാർമോണിയം വായിക്കാൻ വികെസി തങ്ങളെയും, ബി.എം അഞ്ചുക്കണ്ടിയേയും തബലിസ്റ്റ് ലാസറിനേയും കൂടെ കൂട്ടി. അനന്തരം  കല്യാണവീടുകളിൽ  ഗാനമേളക്ക് പോകാൻ തുടങ്ങി.
 മ്യൂസിക്കൽ ഗാനമേളയും വഴിനീളെ യുള്ള കൈമുട്ടിപ്പാട്ടും ക്ലബ്ബിൻറെതായി നിലവിൽ വന്നെങ്കിലും   ഗായക സംഘത്തെ സുഗമമായി മുന്നോട്ട് നയിക്കാൻ വേണ്ടി സ്വന്തമായി ഒരു ഹാർമോണിയം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അന്ന് കണ്ണൂർ സിറ്റിയിൽ ആദ്യമായി കാഥികൻ അബ്ദുൽ അസീസിനെ കൊണ്ടുവന്ന് കഥാപ്രസംഗം നടത്തി. പഴയ തോപ്പ് അങ്കണത്തിലിയിരുന്നു പരിപാടി. ടിക്കറ്റ് വെച്ച് മൂന്നു ദിവസത്തെ കഥാപ്രസംഗം നടത്തി. പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് അഞ്ചു ദിവസത്തേക്ക് ആ പരിപാടി നീണ്ടുനിന്നു. സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവം കൂടിയാണിത്.
പരിപാടി കഴിഞ്ഞ് തിരിച്ചു പോകാനൊരുങ്ങിയ എം. എ അസീസിനോട് ക്ലബ്ബിൽ ഒരു ഹാർമോണിയം വേണമെന്ന ആവശ്യം ഉന്നയിച്ചു. അദ്ദേഹം വലിയൊരു ഹാർമോണിയം  സംഘടിപ്പിച്ചു തന്നു. കുറച്ച് കാശ് അദ്ദേഹത്തിന് കൊടുത്ത് ഹാർമോണിയം സ്വന്തമാക്കി. അതോടെ ക്ലബ്ബിൽ എല്ലാദിവസവും വൈകുന്നേരത്തോടെ മ്യൂസിക് അധിഷ്ഠിത ഗാനമേള നടക്കുന്നത് പതിവായി. സിറ്റിയിലുളള പലരും പാട്ടുകേൾക്കാൻ ക്ലബ്ബിൽ എത്തുമായിരുന്നു.  വാച്ച് മേക്കർ  മൂസക്ക,പള്ളി മൂപ്പൻ മഹമൂദ് എന്നിവരൊക്കെ അവിടെ വന്നിരുന്ന് പാടി.
വികെസി തങ്ങൾ ഹാർമോണിയവും എസ്. ടി മഹമൂദ് തബലയും വായിച്ചു. ഈ സമയത്ത് തന്നെയാണ് നന്നേ ചെറുപ്പമായിരുന്ന ഷാഫി ക്ലബ്ബുമായി ബന്ധപ്പെടുന്നതും പാടുന്നതും.

(നീണ്ടകാലം പ്രവാസ ജീവിതം നയിച്ച്, ഇപ്പോൾ നാട്ടിൽ കഴിയുന്ന കുറിപ്പുകാരൻ നിലവിൽ ഐഎൻഎൽ കണ്ണൂർ ടൗൺ ആക്ടിംഗ് പ്രസിഡണ്ടും ബൈത്തുന്നൂറിന്റെ ചെയർമാനുമാണ്)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...