കഥ
അന്നു പെയ്തിറങ്ങിയത് തീയായിരുന്നു!
ജലകണികകൾ പടർത്തിയ തീ!!
അതിരാവിലെ തന്നെ വീട്ടുമുറ്റത്തേക്ക് ഒഴുകിപ്പരന്ന് തൻ്റേതായ സ്ഥാനം കയ്യേറിയിരിക്കുന്ന ചെറിയ വെള്ളക്കെട്ട് കണ്ടപ്പോൾ മനസ്സിൽ സന്തോഷത്തിൻ്റെ പുതുനാമ്പ് പൊട്ടി വിരിഞ്ഞു. ആ വെള്ളക്കെട്ടിനെ കാൽപ്പാദങ്ങൾ കൊണ്ട് തഴുകുമ്പോൾ നഷ്ട ബാല്യത്തിലെ പെരുമഴക്കാലത്തേക്കാണ് ഓർമ്മകളെ കൊണ്ടെത്തിച്ചത്. എന്തു മനോഹരമായ വ്യവസ്ഥിതികൾ. വേനലിൽ നിദ്രയിലാണ്ട ജീവനെ മഴ തഴുകിയുണർത്തുന്നു. അനുഗ്രഹമാണത്. അനുഗ്രഹവർഷം.. പക്ഷേ - അന്നത്തെ ആ അനുഗ്രഹവർഷത്തിൻ്റെ ആഴത്തിലെവിടെയോ ആളിപ്പടരാൻ വെമ്പുന്ന നാശത്തിൻ്റെ തീ നാളങ്ങൾ ഒളിഞ്ഞിരിക്കുന്നത് ഒരിക്കൽ പോലും കണ്ടില്ല. അപ്പോഴും വിശ്വസിച്ചു പോയി.
'മഴ ചതിക്കില്ല.. അത് അനുഗ്രഹമാണല്ലോ...'
വീട്ടുപടിയും കടന്ന് ഉമ്മറക്കോലായിയിലേക്ക് വെള്ളം കയറാൻ തുടങ്ങുമ്പോൾ ചിന്തകൾക്കകത്ത് ചെറിയൊരു സന്ദേഹം ആളിപ്പടരാൻ തുടങ്ങി. നാട്ടുകാരും അയൽവാസികളുമൊക്കെ എത്തി 'വീട്ടുകാരെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും മാറ്റണം' എന്ന് ആവശ്യപ്പെട്ടപ്പോൾ ചിന്തകളിലെ സന്ദേഹം സിരകളിലേക്ക് പടർന്നു പിടിച്ചു. അപ്പോഴേക്കും അടുക്കളയിൽ നിലത്തുണ്ടായിരുന്ന ചെമ്പുപാത്രങ്ങൾ ജലത്തിൻ്റെ താളത്തിൽ നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നു.
പിന്നീടങ്ങോട്ട് ദ്രുതഗതിയിലായിരുന്നു കാര്യങ്ങൾ നടന്നത്. വീട്ടിലുള്ളവരെ മൊത്തം കുറച്ചകലെയുള്ള മറ്റൊരു വീട്ടിലേക്ക് മാറ്റി. പ്രളയത്തിൻ്റെ അധിനിവേശത്തിനു മുമ്പേയുള്ള നിസ്സഹായതയുടെ പാലായനം.
സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത സ്ഥാനത്തെത്തിച്ച് തിരിച്ചു വന്നപ്പോഴേക്കും വീട് പാതി ഭാഗം മുങ്ങിയിരുന്നു. നാട്ടുകാരുടെ സഹായത്താൽ എല്ലാ വീടുകളിലെയും സാധന സാമഗ്രികൾ സുരക്ഷിതമാക്കാനുള്ള പ്രക്രിയ നടക്കുന്നു. ഫർണ്ണിച്ചറുകളും മറ്റും പരമാവധി ഉയർത്തി വെച്ചും കയ്യിലെടുക്കാവുന്നവ എടുത്തുമുള്ള അതിജീവനത്തിൻ്റെ ഓട്ടപ്പാച്ചിലുകൾ.
മഴ തിമിർത്തു പെയ്തു കൊണ്ടിരിക്കുന്നു. പ്രദേശത്തെ വിദ്യുച്ഛക്തി പൂർണ്ണമായും വിച്ഛേദിച്ചിരിക്കുന്നു. പ്രളയം കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുന്നു. എങ്ങും ജലത്തിൻ്റെ തേരോട്ടം.
പ്രളയത്തിൻ്റെ നാവു നീട്ടലിൽ അടുത്തുള്ള മരക്കമ്പനികളിലെ യന്ത്രസാമഗ്രികൾ പൂർണ്ണമായും മുങ്ങിക്കിടക്കുന്നു. പ്രദേശത്തെ കടകളിലെ സാധനങ്ങൾ പ്രളയത്തിൻ്റെ അധിനിവേശത്താൽ മുങ്ങി നശിച്ചിരിക്കുന്നു. നാട്ടുകാർ സംഘടിപ്പിച്ച തോണിയിൽ വളർത്തു മൃഗങ്ങളെയും അവശ്യ സാധനങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു കൊണ്ടിരിക്കുന്നു. തോണിയുടെ തൊട്ടു മുന്നിലുണ്ടായിരുന്ന മതിൽ പ്രളയത്തിൻ്റെ അള്ളിപ്പിടുത്തം താങ്ങാനാവാതെ തകർന്നു വീണത് കാഴ്ച്ചയിലും ചിന്തയിലും വലിയൊരു ഓളം തന്നെ സൃഷ്ടിച്ചു. ആ നിസ്സഹായതയുടെ നേരത്ത് ഓർത്തു പോയ ചിന്തകൾ മനസ്സിനകത്ത് ഇന്നും ഒരു ദീർഘനിശ്വാസത്തിൻ്റെ അകമ്പടിയോടെ പ്രതിധ്വനിക്കുന്നു.
'ഈ ദുരന്തം ഒരു തീപ്പിടുത്തമായിരുന്നെങ്കിൽ അതിജീവനത്തിനായി എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു... ഇത്.. ഈ പ്രളയം കണ്ടു നിൽക്കാനല്ലേ സാധിക്കുന്നുള്ളൂ...'
ലോക്ഡൗൺ കാലത്ത് വീട്ടിനകത്തിരുന്നു കൊണ്ട് ചിന്തിച്ചു പോയത് ഇതിനേക്കാൾ ഭയാനകം.
'ഈ ദുരന്തം ഒരു പ്രളയമായിരുന്നെങ്കിൽ കണ്ടു നിൽക്കാനെങ്കിലും സാധിച്ചേനേ.. ഇത്.. കാണാൻ പോലും പറ്റാത്ത ദുരന്തമായിപ്പോയല്ലോ...'
'അപ്പോൾ നാളെ വരാനിരിക്കുന്ന ദുരന്തമെന്ത്?!..
കൊറോണ എന്നത് അറിയാനെങ്കിലും സാധിച്ചു!!..
നാളെ വരാനിരിക്കുന്നത് അറിയാൻ പോലും സാധിക്കാനാവാത്ത ദുരന്തമോ???!!!....'
ഓർക്കുക..
മനുഷ്യർ സാഹോദര്യത്തോടെ മനുഷ്യരായി ജീവിച്ചാൽ ഈ ദുരന്തങ്ങളൊക്കെ നമുക്ക് മറികടക്കാനാവും..
മറിച്ച്...
ഓരോ മനുഷ്യനും സ്വാർത്ഥത മാത്രം മുൻനിർത്തി മൃഗതുല്യനായാൽ ഈ ദുരന്തങ്ങളൊക്കെ നമ്മെ പാടേ വിഴുങ്ങുക തന്നെ ചെയ്യും...
അവിടെയായിരിക്കും നമ്മുടെ തോൽവി പതിയിരിക്കുന്നത്...
തീർച്ച..
✒️മർവാൻ റിയാസ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ