2020 ജൂലൈ 2, വ്യാഴാഴ്‌ച

കാലത്തിനു മുമ്പേ സിറ്റിയെ നയിച്ചവർ- 3

പരമ്പര!

############
കോയിക്ക-തുടർച്ച
############

✍️ ഹനീഫ കുരിക്കളകത്ത്

അവുറാല എന്ന കെട്ടിടത്തിൽ വെച്ച് മത വിദ്യാഭ്യാസത്തോടൊപ്പം   വിദ്യാർത്ഥികൾക്ക് ഭൗതിക വിദ്യാഭ്യാസവും  നൽകിത്തുടങ്ങി. 1921-ൽ സർക്കാർ എൽ പി സ്കൂളിനുള്ള അംഗീകാരവും നൽകി. വിദ്യാർത്ഥികൾ വർദ്ധിച്ചതോടെ വീണ്ടും സ്കൂളിന്റെ സ്ഥലപരിമിതി പ്രശ്നമായി. അന്ന് അറക്കൽ സ്വരൂപം കോയിക്കയുടെ സഹായത്തിനെത്തി.രാജകുടുംബാംഗങ്ങളുടെ വിശ്രമത്തിനായി കടലോരത്ത് പണിത പാലമാടം എന്ന കെട്ടിടം സ്കൂളിനായി വിട്ടുനൽകി. 1929-ൽ എട്ടാം തരം വരെയുള്ള എലിമെൻററി സ്കൂളായി പരിവർത്തനം ചെയ്യപ്പെട്ടു.അറബിക്കിനോടൊപ്പം ഇംഗ്ലീഷ് ,ഉറുദു ഭാഷകൾ പഠിപ്പിക്കുന്ന കാര്യത്തിലും കോയിക്ക പ്രത്യേക താൽപര്യമെടുത്തിരുന്നു. ഇംഗ്ലീഷ് ഭാഷാ പഠനത്തിനായി ബ്രിട്ടീഷ് സർക്കാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി. ഉറുദു പഠിക്കുന്നവർക്കായി സ്കോളർഷിപ്പും ഏർപ്പെടുത്തുകയുണ്ടായി. സ്കൂളിൽ നല്ലൊരു ലൈബ്രറി സ്ഥാപിച്ചു. അറബി, ഇംഗ്ലീഷ്, മലയാളം, ഉർദു ,പാർസി ഭാഷകളിലുള്ള നിരവധി ഗ്രന്ഥങ്ങൾ ലൈബ്രറിയിലുണ്ടായിരുന്നു.കണ്ണൂർ സിറ്റിയോടൊപ്പം ജില്ലയുടെ അകത്തും പുറത്തുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോയിക്കയുടെ ശ്രമഫലമായി ആരംഭിക്കുകയുണ്ടായി. തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാം മദ്രസ, കക്കാട് തഹ്ദീബുൽ ഉലൂം മദ്രസ, വളപട്ടണം റൗളത്തുൽ മദ്രസ, ഇരിക്കൂർ കമാലിയ മദ്രസ, തലശ്ശേരി തഹലീമുൽ അവാം മദ്രസ തുടങ്ങി മാഹി, വടകര, കാസർകോട് എന്നീ ഭാഗങ്ങളിലുടനീളം  മദ്രസകൾ ആരംഭിച്ചു. ഇവിടങ്ങളിൽ ഭൗതിക വിദ്യാഭ്യാസത്തിനും തുല്യ പ്രാമുഖ്യം നൽകിയിരുന്നു.സിലബസ് അടിസ്ഥാനത്തിൽ കേരളത്തിൽ മദ്രസ പഠനവും പരീക്ഷ സമ്പ്രദായവും ആരംഭിച്ചത് കോയിക്കയാണ്. സിറ്റിയിലെ മഅദനുൽ ഉലൂം മദ്രസയിൽ 1930-ൽ ദർസ് ആരംഭിച്ചു.അറക്കൽ സുൽത്താൻ അലിരാജയുടെ സാന്നിധ്യത്തിൽ ആഘോഷപൂർവ്വം നടത്തിയ ദർസിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നത്തെ കേരള മുസ്‌ലിം പണ്ഡിത നിരയിലെ പ്രഗൽഭനായ ഖുത്ബി മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു.വിദ്യാഭ്യാസ പ്രവർത്തനത്തോടൊപ്പം ഭക്ഷണവും പഠനവും അന്യമായ അനാഥ മക്കളുടെ വേദനയ്ക്ക് പരിഹാരം കാണുവാനും അദ്ദേഹം സമയം കണ്ടെത്തി. അത്തരം കുട്ടികളെ തന്റെ വീട്ടിൽ താമസിപ്പിച്ച് പഠനവും ഭക്ഷണവും നൽകി സംരക്ഷിച്ചു. 1935-ൽ അനാഥാലയം എന്ന പേരിൽ തന്നെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു. തുടക്കത്തിൽ നാൽപ്പതോളം കുട്ടികൾ ഈ അനാഥാലയത്തിൽ ഉണ്ടായിരുന്നു. ഇവരിൽ പലരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു.സിറ്റിയിലും പരിസരങ്ങളിലുമുള്ള അനാഥക്കുട്ടികളെ അനാഥാലയത്തിൽ പാർപ്പിക്കാതെ അവരുടെ പഠനത്തിനും ഭക്ഷണത്തിനും ആവശ്യമായ സഹായങ്ങൾ അവരുടെ വീടുകളിൽ എത്തിക്കുന്ന രീതിയും അദ്ദേഹം നടപ്പിലാക്കി.കുട്ടികളുടെ പഠനം, അനാഥ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഭാരിച്ച സാമ്പത്തികബാധ്യത കണ്ടെത്തുകയെന്ന ഉത്തരവാദിത്വം കോയിക്കയുടെ ചുമലിലായിരുന്നു.സാമ്പത്തിക പ്രയാസത്തെ തുടർന്ന് ഒരിക്കൽ അദ്ദേഹത്തിന് സ്വന്തം ഭവനം പണയപ്പെടുത്തേണ്ടി വന്നു.അന്ന് കണ്ണൂർ സിറ്റി വാണിജ്യകേന്ദ്രമായിരുന്നതിനാൽ ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് സിറ്റിയിൽ കച്ചവടമാവശ്യം വരുമായിരുന്ന ചിലരിൽ നിന്നും അനാഥാലയത്തിന് സഹായങ്ങൾ ലഭിക്കാറുണ്ടായിരുന്നു.
ഇതിനുപുറമേ അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന സിലോൺ, ബർമ്മ, കറാച്ചി,ഡാക്ക, കൽക്കട്ട, മുംബൈ എന്നീ സ്ഥലങ്ങളിൽ ജോലി തേടി പോയ മലയാളികളെയാണ് കോയിക്ക ആശ്രയമായി കണ്ടിരുന്നത്. പലപ്പോഴും കോയിക്ക ഇവരെ അതാത് സ്ഥലത്ത് നേരിട്ട് പോയി കാണുക പതിവായിരുന്നു.ഒരിക്കൽ കോയിക്ക തൻറെ വിദ്യാർത്ഥികളിൽ ചിലരുമായി ഹൈദരാബാദിൽ ചെന്ന് നൈസാമിനെ കാണുകയുണ്ടായി. കോയിക്കയുടെ പ്രവർത്തനങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ച നൈസാം കൂടെ ചെന്ന വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
1958 ജൂൺ 27ന് തൊണ്ണൂറ്റി ഒൻപതാമത്തെ വയസ്സിൽ കോയിക്ക ഈ ലോകത്തോട് വിടപറഞ്ഞു.
തൻറെ പകൽ ജീവിതത്തിലെ തിരക്കൊഴിഞ്ഞ് കോയിക്ക വിശ്രമത്തിനും  ആത്മീയ സംതൃപ്തിക്കും വേണ്ടി രാത്രികാലങ്ങളിൽ ചെന്നിരിക്കാറുള്ള  സിറ്റി ജുമാ മസ്ജിദിന് അടുത്തുള്ള സയ്യിദ് മൗലാ മഖാം പരിസരത്ത്
കോയിക്കയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിൻറെ ഭൗതികശരീരം മണ്ണോടു ചേർന്നു.
(തുടരും)



അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...