2020 ജൂലൈ 1, ബുധനാഴ്‌ച

കഥ/താളപ്പിഴ

കഥ

"താളപ്പിഴ"

✍️ റൈഹാന,അലവിൽ

ഓർമ്മകളുടെ
കെട്ടുകൾക്കിടയിൽ കിടന്നു അവളുടെ
മനസ്സ്  പിടഞ്ഞു.
കഴിഞ്ഞുപോയ നാളുകളെ കുറിച്ചോർക്കാൻ അവളൊരിക്കലും ശ്രമിക്കാറില്ല.
കൂടപ്പിറപ്പുകൾക്കും പെറ്റുമ്മാക്കും വേണ്ടി വർണ്ണങ്ങൾ നിറഞ്ഞ മറ്റൊരു ലോകം കെട്ടിപ്പടുക്കാനുള്ള തന്ത്രപ്പാടിലായിരുന്നവൾ.
14 വർഷങ്ങൾക്ക് മുമ്പ് സ്വന്തം പിതാവിന്റെ മയ്യിത്ത് എടുത്ത് കൊണ്ട് വന്ന  നിഴൽ വീണ ഇടവഴി ഇരുട്ടുമൂടികിടന്നു.
അന്നൊരുനാൾ ആ ഇടവഴിയിലൂടെ ലക്ഷ്യമില്ലാതെ അവൾ നടന്നു നീങ്ങി.
 അന്നൊക്കെ വഴിയരികിലെ മുൾചെടികളിൽ ജലകണികകൾ തങ്ങിനിന്നു .
പിന്നീടവ ഇറ്റിറ്റു വീണു.
നിഴലിനെ ചവിട്ടി മറ്റെന്തിനെയൊക്കെയോ ചവിട്ടി മെതിക്കുന്ന നിർവ്യതിയോടെ ലക്ഷ്യം തേടി നടക്കുമ്പോൾ അവൾക്ക് തോന്നി മുൾച്ചെടികൾ തന്നെ നോക്കി ചിരിക്കുകയാണ്.
ഇറ്റിറ്റു വീഴുന്ന അവസാനത്തെ തുള്ളിയും കഴിഞ്ഞാൽ പിന്നെ തെളിഞ്ഞ പകലിൻ വെളിച്ചം മാത്രം.
പറക്കമുറ്റാത്ത എട്ട് മക്കളേയും ഉമ്മയേയും തനിച്ചാക്കി അകാലത്തിൽ വിടപറഞ്ഞ  വാപ്പക്ക് ചുറ്റും സ്വാർത്ഥരായ കുടുംബങ്ങൾ,
ശരിയും തെറ്റും ഒരുപോലെ ശരിവെക്കുന്ന സമൂഹം,
കഴുകൻ കണ്ണുള്ള പരദൂഷണപിശാചുക്കൾ.
എല്ലാ വർഷവും തന്റെ പിതാവിന്റെ മരണ ദിവസം വന്നാൽ ഞെട്ടറ്റുവീണ് കിടക്കുന്ന മനസ്സ്  അവളെ കഴിഞ്ഞ കാല ചിന്തകളിലേക്ക് വലിച്ചിഴക്കും,ഒരു ഓർമ്മപ്പെടുത്തലെന്നോണം.അത്
ശരീരമാസകലം പടരും.
അതേ.
പ്രിയപ്പെട്ട വാപ്പയുടെ വാക്കുകൾ അവളുടെ കാതിലലയടിക്കും. പണത്തിനു വേണ്ടി ഏതു ചെളികുണ്ടിലും കയ്യിട്ടുവാരരുത്,
പണത്തോടുള്ള ഭ്രമം കൊണ്ട് സമനിലതെറ്റരുത്,
പിന്നിട്ട കലിയുഗങ്ങളെ കുറിച്ചോർക്കരുത്,
നേടാനാവാത്ത
സ്വപ്നങ്ങളെ കുറിച്ചോർത്ത് സ്വയം ശപിക്കരുത്
ജാതിയും മതവും നോക്കി എന്റെ മോള് ആരേയും സ്നേഹിക്കരുത്!
വാപ്പയുടെ തത്വങ്ങളും വാക്കുകളും മുറുകെ പിടിച്ചവൾ ജീവിച്ചു.
സ്വന്തം കുടുംബത്തിന്റെ അനാഥത്വം അവൾ പേറി.
പ്രാരാബ്ദങ്ങൾ എന്നും ഒരു കരിനിഴൽ
കണക്കെ അവളെ പിൻതുടർന്നു.
എന്നിട്ടും
ഒരു അജ്ഞാത ശക്തി അവളെ പിൻതുടർന്നു കൊണ്ടേയിരുന്നു.
ആരും ഇല്ലാത്തവർക്ക് കൂട്ടായി പടച്ചവൻ ഉണ്ടെന്ന വചനം മുറുകെപിടിച്ചവൾ പരീക്ഷണങ്ങളോടു നിരന്തരം പൊരുതി സ്വയം ജയിച്ചെന്നുവരുത്തി.
ദുർഘടം പിടിച്ച ഓരത്തിലൂടെയുള്ള നിരന്തര സഞ്ചാരം മൂലം അവൾ ലക്ഷ്യസാഫല്യം നേടി.
ഇന്നെല്ലാമുണ്ടായിട്ടും പ്രിയപ്പെട്ട വാപ്പയുടെ വേർപ്പാടിന്റെ നൊമ്പരം അവളുടെ ഹൃദയത്തെ കീറിമുറിക്കുന്നു .
നഷ്ട്ടപ്പെട്ടതൊന്നും നേടിയെടുക്കാൻ
കഴിയില്ല എന്ന യാഥാർത്ഥ്യം ഒരു കുപ്പിച്ചില്ലു കണക്കെ അപ്പോഴും അവളുടെ മനസ്സിനെ
മുറിപ്പെടുത്തികൊണ്ടിരുന്നു. മനതാരിൽ
കാർ
മേഘങ്ങൾ ഉരുണ്ടു കൂടി.
പെയ്തുതോരാനൊരുങ്ങാത്ത  മഴയെ പോൽ മനസ്സ് വിങ്ങിപ്പൊട്ടി.
 വാപ്പാ....... നിങ്ങളിതൊന്നും അറിയുന്നില്ലല്ലോ?
കഴിഞ്ഞ് പോയ കാലങ്ങളിലെ രംഗങ്ങൾ  ഒരു   പെയ്തിറങ്ങാത്ത മഴയായി അവളുടെ മനസ്സിൽ ഘനീഭവിച്ചു.
അതോട അവളുടെ മനസ്സ് കലുഷമായി.
മനസ്സേ നീ ശാന്തമാകൂ എന്ന ആശ്വാസ വാക്കുകൾക്കായവൾ വേദനയുടെ കയത്തിൽ മുങ്ങിത്തപ്പി.





അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...