അമിതമായ ഉത്ക്കണ്ഠ, ഭാവിയെക്കുറിച്ചുള്ള ഭയാശങ്ക, ഇതിൽനിന്നെല്ലാം ഉത്ഭവിക്കുന്ന മാനസിക പിരിമുറുക്കം, ശാരീരിക അവശത എന്നിവയിൽനിന്ന് സ്വയം മോചിതരാകാൻ തയ്യാറാവണമെന്നാണ് കോവിഡ് കാലത്തെ ലോക് ഡൗൺ നമ്മെ തെര്യപ്പെടുത്തുന്നത്.
മാനസിക സമ്മർദ്ദമേറുമ്പോൾ നാം അനുഭവിക്കുന്ന ശാരീരിക വേദനയിൽ ഒന്നാണ് ഗ്യാസ്ട്രബിൾ.മിക്കവാറും അതൊരു തോന്നൽ ആവാനാണു സാധ്യത.
ഉയർന്ന നെഞ്ചിടിപ്പും ശരീരത്തിൻറെ പലയിടങ്ങളിലും അസഹ്യമായ വേദനയും അനുഭവപ്പെടുന്നവർ ഇതൊരു വായു രോഗമാണെന്ന് കണക്കാക്കാതെ മനസ്സിൻറെ രോഗമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഇത്തരക്കാർ എത്രയും പെട്ടെന്ന് മനശാസ്ത്ര വിദഗ്ധരെയോ, കൗൺസിലിംഗ് സേവകരെയോ. ഡോക്ടർമാരെയോ ആശ്രയിക്കുകയായിരിക്കും ഉത്തമം.
നേരിൽ ബന്ധപ്പെടാൻ പരിമിതിയുള്ള ഈ പ്രത്യേക സാഹചര്യത്തിൽ നിങ്ങൾക്ക് ഒമാനിലെ സന്നദ്ധ സംഘടനാ പ്രവർത്തകരുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും.
അവരൊക്കെ ഇക്കാര്യത്തിൽ വേണ്ടത്ര സഹായങ്ങൾ ചെയ്തുവരുന്നുണ്ട്. ഫോണിലൂടെ നിങ്ങൾക്ക് മേൽപ്പറഞ്ഞ വിദഗ്ധരുടെ ഉപദേശനിർദേശങ്ങൾ അവർ ലഭ്യമാക്കി തരും.
നിലവിലെ തൊഴിൽ പ്രതിസന്ധിയെക്കുറിച്ച് തൊഴിലാളികളും കച്ചവട ബാധ്യതകളെക്കുറിച്ച് മുതലാളിമാരും ധാരാളം മാനസിക സംഘർഷങ്ങളിൽ കടന്നുപോവുകയാണ്. ഇതിലൂടെ നമ്മുടെ മനസ്സിന്റെ ആരോഗ്യം നാം നഷ്ടപ്പെടുത്തരുത്. അത്തരം ചിന്തകളിൽ നിന്നും മാറിനിന്ന് "ഈ കോവിഡ് കാലവും കടന്നുപോകും. എല്ലാം അതിജീവിക്കും." എന്ന ആത്മവിശ്വാസത്തോടെ മുന്നേറാൻ നമുക്കാവണം.
ആരോഗ്യമുണ്ടെങ്കിൽ നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കാൻ ഇനിയും നമുക്ക് സമയമുണ്ട്. ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ ഈ സമയം നമുക്ക് ഉപയോഗിക്കാം.
കടുത്ത മാനസിക പീഡയിൽ നിന്നും രക്ഷ നേടാൻ നമ്മുക്ക് ലഭിച്ച ഈ സമയം ക്രിയാത്മകമായി വിനിയോഗിക്കാം. നമ്മുടെ മനസ്സിലെ വിഷമങ്ങൾ സഹ മുറിയൻമാരോട് പറഞ്ഞും നാം ഏറ്റവും ഇഷ്ടപ്പെടുന്നവരുമായി ഫോണിലൂടെ സംസാരിച്ചും നാം വിശ്വസിക്കുന്ന മതങ്ങളിലെ ആരാധന ക്രമങ്ങൾ നിഷ്ഠയോടെ പാലിച്ചും നമ്മുടെ മനസ്സിനെ നല്ലൊരു നാളേക്ക് വേണ്ടി വാർത്തെടുക്കാം.
എങ്കിൽ, കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ മാധ്യമങ്ങളിൽ ഇടം നേടിയ ഗൾഫിലെ ഹൃദയാഘാത മരണങ്ങളിൽ നിന്നും സ്വയം ജീവനൊടുക്കുന്നതിൽ നിന്നും നമുക്ക് മുക്തരാകാം.നമ്മുക്ക് എല്ലാം അവഗണിച്ച് സധൈര്യം മുന്നേറാം. ആരോഗ്യമുള്ള മനസ്സിൻറെ ഉടമയായി,നമ്മെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾക്ക് ഒരത്താണിയായി നമുക്ക് നിലകൊള്ളാം.
ഷംസു മാടപ്പുര
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ