ഓൺലൈൻ അഭിമുഖം (അവസാനഭാഗം)
-ശംസു മാടപ്പുര-
📱സ്റ്റേജ് അനുഭവം ധാരാളമുള്ള വ്യക്തിയാണ് താങ്കൾ. അത് വായനക്കാർക്കായി പങ്കുവെക്കുമോ?
📲 കോഴിക്കോട് കടപ്പുറം മാതൃഭൂമി സംഘടിപ്പിച്ച
മലബാർ ഫുഡ് മേളയിൽ സ്റ്റേജ് പോഗ്രാം നടന്നിരുന്നു. ഈ ചടങ്ങിൽ വെച്ച് വിശിഷ്ടാതിഥി സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നെ മാതൃഭൂമിക്ക് വേണ്ടി പൊന്നാട അണിയിച്ച് ആദരിച്ചു. ഈ സ്റ്റേജിൽ പരിപാടി നടക്കുന്നതിന് തൊട്ടുമുമ്പ് ഒരു കൊച്ചു പെൺകുട്ടിയും ബാപ്പയും എന്നെ സമീപിച്ചു. കുട്ടിയെ സ്റ്റേജിൽ പാടിപ്പിക്കണമെന്നാണ് അവരുടെ ആഗ്രഹം.
സംഘാടകർ അതിനു വിസമ്മതിച്ചു. കാരണം കുട്ടി നന്നായി പാടുമോ എന്നറിയില്ലല്ലോ. ഒടുവിൽ എൻറെ നിർബന്ധത്തിനു വഴങ്ങി എൻറെ ഉത്തരവാദിത്വത്തിൽ ആ കുട്ടിക്ക് ഒരു ചാൻസ് കൊടുത്തു. കുട്ടി ആ സ്റ്റേജിൽ നന്നായി പാടി. അതോടെ കുട്ടിക്ക് മാതൃഭൂമി തന്നെ പിന്നീട് രണ്ടു മൂന്നോളം സ്റ്റേജുകളിൽ അവസരം നൽകി. ആ കുട്ടിയാണ് ഇന്ന് അറിയപ്പെടുന്ന ഗായിക യുംന.നല്ലൊരു ഗായികയായി സകല ചാനലിലും യുംന എന്ന പാട്ടുകാരി ഇന്നും അരങ്ങുതകർക്കുന്നു.
📱ആകാശവാണിക്ക് പുറമേ ഓഡിയോ കേസറ്റുകളിൽ താങ്കൾ പാടിയിരുന്നല്ലോ?
📲 അതെ ഒരുപാട് കാസറ്റുകളിൽ പാടാൻ അവസരം ലഭിച്ചിരുന്നു. 1995 ൽ പുറത്തിറങ്ങിയ കണ്ണൂർ നൗഷാദിന്റെ കിനാക്കിളി , എംപി ഉമ്മർകുട്ടി തലശ്ശേരിയുടെ സിഫത്ത്,ഹസ്സൻ തളിപ്പറമ്പിന്റെ കതിരൊളിയും ഹിന്ദി ട്യൂണിലെ പാരഡിഗാനവും, റഹ്മാൻ കണ്ണൂർ ഒരുക്കിയ കെട്ടുകൾ മൂന്നും കെട്ടി എന്ന കേസറ്റ്, സി വി മുഹമ്മദിൻറെ എല്ലാം അല്ലാഹുവിന് വേണ്ടി എന്ന കാസറ്റ്,ഫാത്തിമ ബുക്സ് മുനീറിന്റെ ബിസ്മി കാസറ്റ് തുടങ്ങിയവ പുറത്തിറങ്ങിയിരുന്നു. ഇതിലെ പല പാട്ടുകളും ഹിറ്റായിരുന്നു. കെട്ടുകൾ മൂന്നും കെട്ടി എന്ന കാസറ്റിൽ മൂസക്കയോടൊപ്പമാണ് പാടിയത്. എല്ലാം അല്ലാഹുവിനുവേണ്ടി എന്ന കാസറ്റിൽ പീർ മുഹമ്മദിന്റെ കൂടെ പാടാൻ കഴിഞ്ഞു. ഇതിലെ പാട്ടുകളും ഹിറ്റായിരുന്നു. ഒ.എം കരുവാരകുണ്ട്,പി.ടി അബ്ദുറഹ്മാൻ,സമാൻ കണ്ണൂർ സിറ്റി, ടി കെ കുട്ട്യാലി, ബക്കർ പുന്നൂർ, ഹാരിസ് തളിപ്പറമ്പ്, പ്രേം സൂറത്ത്, അരിയിൽ ഹാഷിം, അഹമ്മദ് സിറാജ്, കണ്ണൂർ സിറ്റിയിലെ ആദ്യകാല ഗാനരചയിതാവ് എം.എം ഖാലിദ്, അഹമ്മദ് പള്ളിക്കര, സിഎച്ച് ഹമീദ് തളങ്കര തുടങ്ങിയ പ്രഗൽഭരുടെ വരികൾക്ക് ശബ്ദം നൽകാൻ കഴിഞ്ഞത് ഒരു നേട്ടമായി ഞാൻ കരുതുന്നു. എന്നോടൊപ്പം കാസറ്റിൽ പാടിയ ചിലരാണ് രഹനയും മിൻമിനിയും.
📱സ്വന്തം നാട്ടുകാർ താങ്കൾക്ക് വേണ്ടത്ര പരിഗണന നൽകിയോ?
📲 നാട്ടുകാർ ആദരവോടെയാണ് കാണുന്നത്. സിറ്റിയിലെ വാട്സ്ആപ്പ് ഗ്രൂപ്പായ സ്നേഹതീരം കണ്ണൂർ മുസ്ലിം ജമാഅത്ത് അങ്കണത്തിൽ വച്ച് എന്നെ പൊന്നാട അണിയിച്ച് ആദരിച്ചു. എൻറെ ഗുരുക്കളിൽ ഒരാളായ അന്തീക്കയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. പൊന്നാട അണിയിച്ചതിനു പുറമേ അവർ എനിക്കൊരു സമ്മാനവും നൽകി.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നാണ് ഉപഹാരം ഏറ്റുവാങ്ങിയത്. അതുപോലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ആദരവ് ചടങ്ങിന് പങ്കെടുക്കാൻ പോയപ്പോൾ കണ്ണൂർ സിറ്റി നീർച്ചാലിയൻസ് എന്നെ പൊന്നാട അണിയിച്ച് ആദരിച്ചു. അതുപോലെ കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയുടെ കീഴിലുള്ള കെ.സി എഫ് .എൽ എനിക്ക് ഉപഹാരം നൽകി ആദരവ് പ്രകടിപ്പിച്ചു. ഷാർജ മുസ്ലിം ഓൾഡ് സ്റ്റുഡന്റ്സ് എന്ന സംഘടന ആദരവും ഗൾഫിൽ വെച്ച് ഏറ്റുവാങ്ങി.
ലീഡേഴ്സ് കോളേജ്, നീർച്ചാൽ യുപി സ്കൂൾ, കണ്ണൂർ ഫോക്ക് ലോർ അക്കാദമി, ടൗൺ പോസിറ്റീവ് കമ്മ്യൂണിറ്റി, പൈതൃകം-അറക്കൽ തുടങ്ങിയ എൻറെ ജന്മനാട്ടിലെ സംഘടനകളും സ്ഥാപനങ്ങളും എന്നെ ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ചില സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ പോലെ മാതൃഭൂമിയുടെ ആദരം അടൂർ ഗോപാലകൃഷ്ണനിൽ നിന്നും മലയാള മനോരമയുടെ ആദരം അന്നത്തെ മന്ത്രിയായിരുന്ന സി എഫ് തോമസിൽ നിന്നും പൊറ്റക്കാട് അനുസ്മരണ ചടങ്ങിൽ വെച്ച് മാതൃഭൂമി വക ഉപഹാരം സംവിധായകൻ കമലിൽ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്.
📱മുതിർന്ന ഗായകന്മാർ മാരുമായുള്ള ബന്ധം എങ്ങനെ?
📲 ഗുരു തുല്യമായാണ് ഞാൻ അവരെ കാണുന്നത്. കേരളക്കരയിൽ അറിയപ്പെട്ട മാപ്പിളപ്പാട്ടിൻറെ കുലപതികളോടൊപ്പം സ്റ്റേജ് പങ്കിടാൻ സാധിച്ചു. എരഞ്ഞോളി മൂസ, വി എം കുട്ടി, പീർ മുഹമ്മദ്, എം.പി ഉമ്മർകുട്ടി, ബോംബെ എസ് കമാൽ, അസീസ് തായിനേരി, തലശ്ശേരി റഫീഖ്, എ.ഉമ്മർ, എ.വി മുഹമ്മദ്, താജുദ്ദീൻ വടകരയുടെ പിതാവ് കുഞ്ഞിമൂസ, സലാം പുഷ്പഗിരി, കാഥികരായ എം. എ അസീസ്, റംലാബീഗം, ലൈലാ ബീഗം, ഐഷാബീഗം തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
📱ഈ ഫീൽഡിൽ ആരോടെങ്കിലും കടപ്പാട് ഉണ്ടോ?
📲 ഉണ്ട്. എന്നെ ഈ നിലയിലെത്താൻ സഹായിച്ച പിതാവ് മുതൽ കണ്ണൂർ സിറ്റി ക്ക് അകത്തും പുറത്തുമുള്ള തറവാട്ടുകാർ വരെ.
ഇതിൽ എടുത്തു പറയേണ്ടവരാണ്
തലശ്ശേരി പിലാക്കണ്ടി മുഹമ്മദ് അലീക്കയും കുടുംബാംഗങ്ങളും. 15 വയസ്സു മുതൽ ആ കുടുംബവുമായി ഞാൻ ബന്ധം സ്ഥാപിച്ചിരുന്നു. മാപ്പിളപ്പാട്ട് ഗായകരുടെ ഈറ്റില്ലമായ തലശ്ശേരിയിൽ അവർക്ക് വേണ്ട പ്രോത്സാഹനം നൽകുന്നത് ഇത്തരം തറവാട്ടുകാരാണ്. എനിക്കു വേണ്ട കരുതലും സ്നേഹവും സഹകരണവും പ്രോത്സാഹനവും പിലാക്കണ്ടി തറവാട്ടിൽ നിന്ന് ധാരാളം ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ആ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. അതുപോലെ മറ്റൊരു കുടുംബം കോഴിക്കോടാണ്. കോഴിക്കോട് വേദികളിലും സ്റ്റേജിലും കല്യാണവീടുകളിലും പാടാനുള്ള അവസരം ഒരുക്കിത്തന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ കുടുംബത്തെ എനിക്കൊരിക്കലും മറക്കാനാവില്ല. ഉസ്മാൻ വടക്കുമ്പാട് (തലശ്ശേരി), കീബോർഡിസ്റ്റ് റസാഖ് കരിവെള്ളൂർ, വെൽഫെയർ പാർട്ടിയുടെ സൈനുദ്ദീൻ കരിവെള്ളൂർ എന്നിവരും ഈ ഫീൽഡിൽ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട്. ഗൾഫിൽ ആദരം ഏറ്റുവാങ്ങാൻ പോയപ്പോൾ നീർച്ചാലിയൻസ് കണ്ണൂർ സിറ്റിയുടെ ജനറൽ സെക്രട്ടറി മുനീർ ഐക്കോടിച്ചി, ലീഡേഴ്സ് കോളേജ് ചെയർമാൻ അർഷദ് എന്നിവർ നിഴലായി കൂടെ നടന്ന് എല്ലാവിധ സഹായസഹകരണങ്ങളും നൽകിയത് നന്ദിയോടെ ഞാൻ സ്മരിക്കുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷനും യുഎഇയിലെ സകല സംഗീത കൂട്ടായ്മയിലും എന്നെ പരിചയപ്പെടുത്തുകയും എന്നെ ചേർത്തു പിടിക്കുകയും ചെയ്ത മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ പാടുന്ന യുഎഇ കലാകാരൻ കണ്ണൂർ സിറ്റിയുടെ സ്വന്തം മുഹമ്മദ് ഷഫീഖ് തൂശിയോടുള്ള കടപ്പാട് വാക്കുകളിൽ ഒതുങ്ങുന്നതല്ല.
📱ചാനലുമായുള്ള ബന്ധം?
📲 ഏഷ്യാനെറ്റ്, കൈരളി,ജീവൻ തുടങ്ങിയ ചാനലുകളുമായി തുടക്കത്തിൽ സഹകരിച്ചിരുന്നു. മാപ്പിളപ്പാട്ട് സംബന്ധമായ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നതിനു വേണ്ടി ആദ്യമൊക്കെ കൈരളി എന്നെ ബന്ധപ്പെട്ടിരുന്നു. കൈരളിയിൽ മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിംകുട്ടി അവതരിപ്പിച്ച ഒരു മാസക്കാലത്തെ റമദാൻ പരിപാടിയുടെ കോഡിനേറ്റർ ഞാനായിരുന്നു.
ഈ പരിപാടിയിൽ കൂടിയാണ് വടകരയിലുള്ള സീനാ രമേശ് ആദ്യമായി ചാനലിൽ എത്തുന്നത്.
📱ഓൺലൈൻ അഭിമുഖം അവസാനിപ്പിക്കുന്നതിനു മുമ്പ് താങ്കൾക്ക് പറയാനുള്ളത്.
📲 സംഗീതംത്തെ ഒരു ആരാധനാ മനോഭാവത്തോടെയാണ് ഞാൻ കാണുന്നത്. മാത്രമല്ല. മാനസിക പ്രയാസങ്ങളെ മറികടക്കാനുള്ള മരുന്നു കൂടി അത് പ്രധാനം ചെയ്യുന്നു.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയുടെ ഘട്ടങ്ങൾ കടന്നുവന്നിട്ടുണ്ട്. ഒരു മൂളിപ്പാട്ട് പാടുന്നതോടെ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് അയവ് വരും. അതുകൊണ്ട് തന്നെയാണ് ഷാഫിയുടെ ജീവൻറെ തുടിപ്പുകൾ ഇന്നും നിലനിൽക്കുന്നത്.
അവസാനമായി ഞാൻ ഒരു കാര്യം കൂടി പറയട്ടെ!
ഗാനരചയിതാവും സംഗീത സംവിധായകനുമായ കൊല്ലം ഷാഫിയെ കാണാനും പരിചയപ്പെടാനും അടുത്തറിയാനും ഇതേവരെ സാധിച്ചിട്ടില്ല. അദ്ദേഹം എന്നെക്കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. നല്ലൊരു സ്റ്റേജ് അവതാരകൻ കൂടിയാണ് അദ്ദേഹം.വിനയാന്വീതനും പരിചയപ്പെട്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയും കൂടിയായ കൊല്ലം ഷാഫിയെ കണ്ടുമുട്ടുമെന്നുള്ള പ്രതീക്ഷ തന്നെയാണ് എനിക്കുള്ളത്.
പിരിയും മുൻപേ ഒരു ഗാനം പ്രേക്ഷകർക്കായി സമർപ്പിക്കാം.
സമാൻ കണ്ണൂർ സിറ്റി രചിച്ച,മുനീർ തലശ്ശേരി നിർമ്മിച്ച കാസറ്റിൽ ഞാനും മിനിയും കൂടി ആലപിച്ച ഗാനം. ഒപ്പം പൊന്നു സഖിയുടെ വരികളും കേൾക്കാം.
(ഈ ഗാനത്തോടുകൂടി ഓൺലൈൻ അഭിമുഖം അവസാനിക്കുന്നു)
പിൻകുറി:
ഈ അഭിമുഖം വായിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ കണ്ണൂർ ശാഫിയോട് ചോദിക്കാൻ ഞങ്ങൾ അവസരം സൃഷ്ടിക്കുന്നു. നിങ്ങളുടെ ചോദ്യം വോയിസ് ക്ലിപ്പിലൂടെ വാട്സ്ആപ്പിൽ അറിയിക്കുക.
മറുപടിയുടെ വോയിസ് ക്ലിപ്പും നിങ്ങളുടെ ചോദ്യ ക്ലിപ്പും സിറ്റിയുടെ സ്വന്തം മക്കൾ ഫേസ്ബുക്ക് പേജിലൂടെ കേൾക്കാം.
വോയിസ് ക്ലിപ്പ് അയക്കുക!
00968 93158894