ബസ് ഞങ്ങളെയും വഹിച്ച് മണല്‍ക്കാടുകള്‍ താണ്ടി ഒമാനിലേക്ക്
അതിവേഗത്തില്‍ കുതിച്ചുകൊണ്ടേയിരുന്നു.
കുട്ടികള്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഓതിയും പാട്ടുപാടിയും
ഇടയ്ക്കിടെ ഇണങ്ങിയും പിണങ്ങിയും
ബസിന്നകത്ത് ഓടികളിച്ചും അവരുടെ ലോകത്ത് വിഹരിച്ചു.
മുതിര്‍ന്നവര്‍ വിജ്ഞാനപ്രദമായ പ്രശ്നോത്തരിയില്‍ സമയം
ചിലവഴിച്ചു.
ഇതിനിടെ പലരും നിദ്രയിലഭയം കണ്ടെത്തി. നമസ്കാരത്തിനും
ഭക്ഷണത്തിനും വഴിയിലെവിടെയെങ്കിലും നിറുത്തും.വീണ്ടും ഉറക്കം തന്നെ ശരണം.
സൗദി അതിര്‍ത്തിയില്‍
നിന്നും ദുബായ് ബോര്‍ഡറില്‍ നിന്നും പാസ്പോര്‍ട്ടില്‍ എക്‌സിറ്റ് അടിച്ചു.സമയം
ഒട്ടും കവരാതെ എല്ലാം പെട്ടെന്ന് അടിച്ചു കിട്ടി.വന്നത് അബുദാബി ബോര്‍ഡര്‍
വഴിയാണെങ്കില്‍ തിരികെ യാത്ര അത്താ അതിര്‍ത്തി വഴി.അതിനാല്‍ വഴിദൂരം കുറഞ്ഞു.
ശനിയാഴ്ച്ച രാത്രിയോടെ ഒമാന്‍ അതിര്‍ത്തിയിലെത്തി.
പാതിരയോടെ സോഹാറില്‍ ബസ് നിറുത്തി.സി.കെ.മൊയ്തീന്‍,
അന്‍വര്‍ സാദത്തും കുടുംബവും,യാത്രയിലുടനീളം ക്ലാസ്സെടുത്ത് വിജ്ഞാനം പകര്‍ന്നു
നല്‍കിയ നമ്മുടെ പ്രിയങ്കരനായ സിയാദും സോഹാറില്‍ ഇറങ്ങി.
കദറയില്‍ മുനീറും കുടുംബവും സിക്കന്തറും കുടുംബവും ഇറങ്ങി.
ബര്‍ക്കയില്‍ സലീമും ഹാരിസും കുടുംബസമേതമിറങ്ങി.
തര്മത്തില്‍ കുട്ടീക്കയും കുടുംബവും യാത്ര പറഞ്ഞിറങ്ങുമ്പോള്‍
സ്വപ്നേന ഞാന്‍ വിചാരിച്ചിരുന്നില്ല അത് കുട്ടീക്കയുടെ അവസാന യാത്രാമോഴിയാണെന്ന്.
(ഉംറ യാത്രക്ക് ശേഷം ഏതാനും
മാസങ്ങള്‍ മാത്രമേ കുട്ടീക്ക ജീവിച്ചിരുന്നുള്ളൂ .കുടുംബസമേതം നാട്ടില്‍ പോയ
കുട്ടീക്കയെ ആകസ്മികമായി മരണം പിടികൂടുകയായിരുന്നു.ആ വാര്‍ത്ത കുട്ടീക്കയെ
അറിയാവുന്ന എല്ലാവരും ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്.അള്ളാഹു കുട്ടീക്കാക്ക്
മഗ്ഫിറത്തും മര്‍ഹമത്തും നല്കുമാറാകട്ടെ (ആമീന്‍)
ബസ് റുസൈല്‍ സ്റ്റാന്റിലെത്തി. സലാലയില്‍ നിന്നും
ഉംറക്കെത്തിയ ഫൈറൂസും കുടുംബവും സഹാസും മുഹമ്മദും യാത്ര ചോദിച്ചിറങ്ങി.ഏതാനും
നിമിഷങ്ങള്‍ക്കകം എത്തുന്ന സലാല ബസില്‍ യാത്രചെയ്യാനുള്ള ഒരുക്കത്തിലാണവര്‍.അവരുടെ
വാസസ്ഥലത്ത് എത്തിച്ചേരാന്‍ പന്ത്രണ്ട് മണിക്കൂര്‍ ബസ് യാത്ര അനിവാര്യം.
അതൈബ റൌണ്ട് അബൌട്ടില്‍ മമ്മൂക്കയും കുടുംബവും ഇറങ്ങി.
ബസ് ഞായറാഴ്ച ഒമ്പത് മണിയോടെ റൂവി ഖാബൂസ് മസ്ജിദ്
പരിസരത്തെത്തി .ബസില്‍ അവശേഷിച്ച ഫാസില്‍,ഫസല്‍.,അയ്യൂബ്
സൈദലവി,സിദ്ദീഖ്,അഹമ്മദ് മീരാനും
കുടുംബവും ,ശുഹൈബും കുടുംബവും, യാത്രാ അമീര്‍ മജീദ് സാഹിബും
കുടുംബവും,നമ്മുടെ പ്രിയപ്പെട്ട ഉമ്മയായ സൈനബ മാഹീനും പിന്നെ ഞാനും എന്റെ സഹധര്‍മ്മിണിയും
കൂടി പുറത്തേക്കിറങ്ങി.
യാത്രാമൊഴി ചൊല്ലി വിവിധ ഇടങ്ങളിലായി ഇറങ്ങിയവർ എല്ലാവരെയും കെട്ടിപിടിച്ചും സലാം ചൊല്ലിയും ചുംബനമർപ്പിച്ചും ശക്തമായ സഹോദര്യ ബന്ധത്തിന്‍റെ
മുത്തുകള്‍ കോര്ത്തിട്ടു.
ആര്‍ക്കും ആരെയും പിരിയാനാവാത്ത അവസ്ഥ .അത്രമേല്‍
സ്വാധീനം ഈ യാത്രക്കുണ്ടായിരുന്നു.
തുടര്‍ന്നു മത്രയിലെ വാസസ്ഥലത്ത് ഞങ്ങളെത്തിചെര്‍ന്നു.
പതിമൂന്നു ദിവസത്തെ യാത്ര എല്ലാവരെ പോലെ എന്നെയും ഏറെ
ക്ഷീണിതനാക്കി യിരുന്നു.(അവസാനിച്ചു)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ