2014 മേയ് 11, ഞായറാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് ! (ഒന്‍പത്)

പരിശുദ്ധ കഅബാലയത്തോട് സലാം പറഞ്ഞു  പിരിഞ്ഞതിനു ശേഷം ഹോട്ടല്‍ മുറിയില്‍ ചെന്ന് സാധനങ്ങള്‍ പാക്ക്‌ ചെയ്ത്  ബസില്‍ കയറ്റി.ഇന്ന് പുണ്യ നഗരിയോട് വിട പറയുകയാണ്.നാല് നാള്‍ മക്കയിലെ അതിഥികളായി മാറി  ആത്മീയ സായൂജ്യമടഞ്ഞു. ജീവിതാഭിലാഷത്തിലെ ഒരേട് പൂര്‍ത്തീകരിച്ച പ്രതീതിയിയോടെ പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ (സ : അ)  അന്ത്യ വിശ്രമം കൊള്ളുന്ന മദീന മുനവ്വറ ലക്ഷ്യമാക്കി ബസില്‍ യാത്ര തുടര്‍ന്നു .നേതാവിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് പുതു വസ്ത്രം ധരിച്ചാണ് യാത്ര. പ്രവാചകന്‍റെ പാദസ്പര്‍ശനമേറ്റ മണ്ണില്‍                                                         പുതുക്കക്കാരായി കാലുകുത്താനുള്ള സുവര്‍ണ്ണാവസരം ലഭിച്ചിരിക്കുന്നു .ഓരോ  ഖല്‍ബുകളും  പ്രവാചക സ്നേഹത്തിലലിഞ്ഞു. യാത്രയിലുടനീളം  ചുണ്ടുകളോരോന്നും  പ്രവാചക അപദാനങ്ങള്‍ വാഴ്ത്തി കൊണ്ടേയിരുന്നു .
സന്ധ്യയോടെ ബസ്‌ മസ്ജിദുന്നബവി  പരിസരത്തെത്തി.ദൂരെ നിന്ന് തന്നെ ദൂര നിയന്ത്രിത കുടകള്‍ യാത്രക്കാരുടെ    ദ്ര്യഷ്ടികളില്‍പ്പെട്ടിരുന്നു. തുറന്നു കിടക്കുന്ന കുടകള്‍ അസ്തമന സമയത്ത്‌  യാന്ത്രികമായി മടങ്ങുന്നു.ഒരു അടഞ്ഞ കുട രൂപത്തിലാകുന്ന ഈ പ്രിക്രിയ പുനരാരംഭിക്കുന്നത് പ്രഭാതഭേരിയിലാണ്.





                                                                                                         

പ്രഭാതത്തില്‍ കുട നിവരുന്നതോടെ  പകല്‍ മുഴുവനും തീര്‍ഥാടകര്‍ക്ക്  തണലേക്കാന്‍ പ്രാപ്തമാവുന്നു .ഒന്ന് മറ്റൊന്നിനോട് തൊട്ടുരുമ്മി കിടക്കും.പ്രഭാതം മുതല്‍ പ്രദോഷം വരെ പ്രവാചകന്റെ റൗളാ ശരീഫ്‌ ഉള്‍കൊള്ളുന്ന മസ്ജിദുന്നബവി പരിസരം മുഴുവന്‍  തണലേകുന്ന  ഈ  കുടകള്‍ സന്ദര്ശകരെ  ഏറെ ആകര്‍ഷിക്കുന്നവയില്‍ ഒന്നാണ് .
ബസ്‌ ഹറം ശരീഫിന് അര ഫര്‍ലോങ്ങ്‌ ദൂരത്തുള്ള വലിയ ഹോട്ടല്‍ സമുച്ചയത്തിന്നരികില്‍ നിറുത്തി.ഒമാനില്‍ നിന്നും യാത്രതിരിക്കും മുമ്പേ ടൂര്‍ കമ്പനിയുമായി ബന്ധപെട്ട് ബുക്ക്‌ ചെയ്ത മുറികള്‍ യാത്രികര്‍ പങ്കിട്ടു.
ഇശാ നമസ്കാരം മസ്ജിദുന്നബവിയില്‍ വെച്ച് നിര്‍വ്വഹിച്ചു. ചെറുതും വലുതുമായ ഇരുപത്തിനാല് കുബ്ബകളാല്‍ തലയുയര്‍ത്തി നില്ക്കുന്ന മസ്ജിദുന്നബവിയുടെ  അകത്തളം വിശ്വാസികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.പ്രാവാചകന്റെ മിമ്പറിന്നു എതിര്‍വശത്തുള്ള ഇളം പച്ച കാര്‍പെറ്റില്‍ നിസ്കരിക്കാനുള്ള തിരക്കിലാണെല്ലാവരും.മുമ്പിലത്തെ ഓരോ സഫ്ഫും മറികടന്നു ഇളം പച്ച കാര്‍പെറ്റില്‍ വെച്ച് നിസ്ക്കരിക്കാന്‍ ഒരിടം കണ്ടെത്തി .


                                                      സ്വര്‍ഗ്ഗാനുഭൂതി വിരിയുന്ന ഈ സ്ഥലത്ത്‌ വെച്ചുള്ള രണ്ട് റകഹത്ത് സുന്നത്ത്‌ നമസ്കാരവും പ്രാര്ത്ഥനയും ഏറെ പ്രതിഫലാര്‍ഹമാണ്.
തുടര്‍ന്ന് പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫാ തങ്ങളും, നബിയുടെ കൂട്ടുകാരനും ഇസ്ലാം സ്വീകരിച്ച ആദ്യ പുരുഷ കേസരിയും പ്രഥമ ഖലീഫയുമായ അബൂബക്കര്‍ സിദ്ധീഖ്‌ (റ)യും ,ഇസ്ലാമിന്റെ ഉയര്ത്തെഴുന്നേല്‍പ്പിനു ശക്തമായി നിലകൊണ്ട  രണ്ടാം ഖലീഫ ഉമറുബിനു ഖത്താബ് (റ ) യും അന്ത്യ വിശ്രമം കൊള്ളുന്ന റൗളാ ശരീഫ്‌  സിയാറത്ത്‌ ചെയ്തു.  ആദ്യം റസൂലിന്റെ,പിന്നെ അബൂബക്കറിന്റെ,തൊട്ടടുത്ത്‌ ഉമറിന്റെ മഖ്ബറകള്‍ സ്വര്‍ണ്ണ നിറം പൂശിയ ഉരുക്ക് കമ്പികളാല്‍ വലയം ചെയ്തിരിക്കുന്നു..അവിടം നിന്ന് കൊണ്ട് റസൂലിനും ഖലീഫമാര്‍ക്കും അഭിവാദ്യങ്ങള്‍ നേർന്നു.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചിരിക്കുന്നു. 1991-ല്‍ അജ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ മനസ്സ്‌ കൊതിച്ചതാണീ സന്ദര്‍ഭം. അല്‍ഹംദുലില്ലാഹ് !!! നബി(സ;അ)യുടെ റൗളാ ശരീഫ്‌ കണ്‍കളിക്കെ കാണാന്‍ ജഗന്നിയന്താവ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെയും അനുഗ്രഹിച്ചിരിക്കുന്നു.


                                          മസ്ജിദുന്നബവി 

ക്യൂവില്‍ നിന്നും  തിക്കിത്തിരക്കി റസൂലിന്റെ സാമീപ്യമെത്തിയപ്പോള്‍ എന്റെ ഹബീബായ മുത്ത്‌ റസൂലിനോട്‌  സലാം ചൊല്ലി.”അസ്സലാമു അലൈക്ക യാ റസൂലുല്ലാഹ് “ ..ചുറ്റുപാടും കൂടി നിന്ന വിശ്വാസികളോടൊപ്പം  ഞാനും അര്‍പ്പിച്ചു; മഹത്തായ അഭിവാദ്യങ്ങള്‍ !!! “യാ നബിയേ സലാം !!!,യാ ഹബീബെ സലാം !!! ശഫീയുല്ലാ സലാം’!!!. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...