ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്,ലബ്ബൈക്ക ലാ ശരീക്കലക്ക ലബ്ബൈക്ക്,ഇന്നൽ ഹംദ വന്നിഹ് മ്മത്ത ലക്ക വൽ മുല്ക്ക ലാ ശരീക്കലക്ക്....എന്ന തല്ബിയത്ത് ഓരോ ചുണ്ടുകളും മന്ത്രിച്ചു കൊണ്ടേയിരുന്നു.
പുണ്യഭൂമിയിലേക്ക് ബസ് പ്രവേശിച്ചു.എനിക്കും കുടുംബത്തിനും ഉംറ തീർത്ഥാടനത്തിനു ഭാഗ്യം ലഭിച്ച നിമിഷം.കാരുണ്യവാനായ അള്ളാഹുവിന് സ്തുതി.
ഉംറയുടെ പ്രഥമവും പ്രാധാന്യമേറിയതുമായ ഇഹ്റാമിൽ പ്രവേശിക്കാൻ സമയമായി.മീഖാത്ത് ലക്ഷ്യമാക്കി ബസ് നീങ്ങി.കവാടത്തിന്നരികിലുള്ള വഴിവാണിഭക്കാരിൽ നിന്നും ഇഹ് റാം കെട്ടാനുള്ള വസ്ത്രവും ബെൽട്ടും പാദരക്ഷയും വാങ്ങി.ഇവിടെ പുരുഷന്മാർ തുന്നിയ വസ്ത്രത്തിന്നു പകരം രണ്ട് വെള്ള വസ്ത്രങ്ങളാണ് ഉപയൊഗിക്കേണ്ടത്.ഒരു വസ്ത്രം ഉടുക്കുവാനും മറ്റൊന്ന് മേൽ മുണ്ടായും ധരിക്കും.പണവും മറ്റും സൂക്ഷിക്കാനുള്ള ബെൽട്ട് അരയിൽ കെട്ടാം.സ്ത്രീകൾക്ക് മുഖവും മുൻ കയ്യും ഒഴിച്ച് ശരീര ഭാഗങ്ങൾ മുഴുവനും മറയുന്ന അലങ്കാരങ്ങൾ ഇല്ലാത്ത വസ്ത്രം ഉപയോഗിക്കാം.
ഇഹ് റാമിൽ പ്രവേശിക്കുന്നതിനു മുമ്പ് കുളി സുന്നത്താണ് .പ്രത്യേകം സജ്ജമാക്കിയ കുളിമുറി നിരയായി കിടക്കുന്നു.ഓരോ കുളിമുറിക്കു മുമ്പിലും നീണ്ട ക്യൂ.എന്റെ ഊഴമെത്തി.
ഇഹ് റാമിനുവെണ്ടി കുളിക്കുന്നു എന്ന നിയ്യത്ത് കരുതി ശരീരമാസകലം വെള്ളമൊഴിച്ച് കുളിച്ച് ശുദ്ധിയായി.ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ഇഹ് റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ ശരീരത്തിൽ നിന്നും രോമം,നഖം എന്നിവ നീക്കം ചെയ്യാൻ പാടില്ല.ഇഹ് റാമിനു വെണ്ടി കുളിക്കുന്നതിനു മുമ്പ് അതൊക്കെ നീക്കം ചെയ്യലാണ് ഉത്തമം.
കുളി കഴിഞ്ഞ് ഇഹ് റാമിന്റെ വസ്ത്രങ്ങൾ ധരിച്ച ശേഷം അടുത്തുള്ള പള്ളിയിൽ ചെന്നു .‘ഇഹ് റാമിനു വേണ്ടി നിസ്ക്കരിക്കുന്നു’എന്ന് മനസ്സിൽ നിയ്യത്ത് കരുതി രണ്ട് റക്കഹത്ത് നിസ്ക്കരിച്ചു.പിന്നീട് ഉം റക്ക് നിയ്യത്ത് ചെയ്തു.“അല്ലാഹുവിനു വേണ്ടി ഞാൻ ഉംറയെ കരുതുകയും അതിനു വേണ്ടി ഇഹ് റാം കെട്ടുകയും ചെയ്തിരിക്കുന്നു.”
അതോടെ എല്ലാവരും ചിരിയും കളിയും ഒഴിവാക്കി.ഇഹ് റാം കെട്ടി ബസിൽ തിരിച്ചെത്തിയതോടെ എല്ലാ മനവും ഭക്തി സാന്ദ്രമായി.
അഞ്ചു നേരവും നിസ്ക്കരിക്കുമ്പോൾ ഏതൊരു ദിശയിലേക്കാണോ മുഖം തിരിച്ചത്.ആ കേന്ദ്ര ബിന്ദുവിനെ കൺ കുളിർക്കെ കാണാൻ ഓരോ ഹ്യദയവും തുടിക്കുകയായി.പുണ്യ ഗേഹം ലക്ഷ്യമാക്കി ബസ് യാത്ര തുടർന്നു.അതെ,അങ്ങകലെ ആകാശത്തോളം ഉയർന്നു നില്ക്കുന്ന ക്ളോക്ക് ടവർ ഒരു പൊട്ടു കണക്കെ ദ്യഷ്ടിയിൽ പെട്ടു.ബസ് മുന്നൊട്ട് നീങ്ങുന്നതിനനുസരിച്ച് അതിന്റെ വലുപ്പവും കൂടികൊണ്ടിരുന്നു.ഹറം ശരീഫ് അരികിലെത്തി എന്ന സൂചന ഭീമാകാരനായ ക്ളോക്ക് നല്കി കഴിഞ്ഞു.ബസിൽ മൈക്കിലൂടെ നേതാവിന്റെ സന്ദേശം.ഹറം ശരീഫിനു ഒരു വാര അകലെയുള്ള ഹോട്ടലിൽ നേരത്തെ ബൂക്ക് ചെയ്ത റൂമിൽ സാധന സാമഗ്രിയകൾ വെച്ച ശേഷം ക അബാലയം സ്ഥിതിചെയ്യുന്ന മസ്ജിദിൽ ഹറമിലേക്ക് പ്രവേശിക്കുമെന്ന് സൂചനക്ക് പുറമെ തവാഫിൽ ശ്രദ്ധിക്കെണ്ട കാര്യങ്ങളും ആ സന്ദേശത്തിലടങ്ങി .ഏറെ കഴിയും മുമ്പേ
വിശാലമായ ഹോട്ടലിനു മുമ്പിൽ ബസ് പാർക്ക് ചെയ്തു.തീർത്ഥാടകർ അവരവരുടെ ഭാണ്ഡകെട്ടുകൾ എടുത്ത് മുറി ലക്ഷ്യമാക്കി നടന്നു നീങ്ങി.(തുടരും)



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ