2014 നവംബർ 20, വ്യാഴാഴ്‌ച

UAE യുടെ ചരിത്രം (അനുഭവലേഖനം)

by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ
****************************************
1950 കളിൽ ഗൾഫ്‌ രാജ്യങ്ങളെ പൊതുവായി അറിയപ്പെട്ടിരുന്നത് അറേബ്യൻ ഗൾഫ്‌ (arabian gulf)എന്നായിരുന്നു. അന്നൊക്കെ കത്തുകൾ എഴുതുമ്പോൾ arabian gulf എന്ന A.G. എന്ന് എഴുതുമായിരുന്നു. ശേഷം കടൽകൊള്ളക്കാരിൽ നിന്നും രക്ഷകിട്ടുവാൻ ബ്രിട്ടന്റെ സംരക്ഷിതപ്രദേശമായി. അങ്ങിനെ അന്നത്തെ UAEയിലെ 7 സംസ്ഥാനങ്ങളും മസ്ക്കത് & ഒമാൻ (ഇന്നത്തെ സുൽത്താനേറ്റ് ഓഫ് ഒമാൻ) കൂടിയ സ്ഥലത്തിന്നു trucial oman coast എന്ന് പേര് വന്നു. എങ്കിലും അന്നൊക്കെ ജനങ്ങൾ പേർഷ്യൻ ഗൾഫ്‌ എന്നാണു പറഞ്ഞിരുന്നത്. പേർഷ്യക്ക് പോവുക, പേർഷ്യ എന്നൊക്കെ കേട്ടിട്ടില്ലേ? യഥാർത്ഥത്തിൽ അത് ശെരിയല്ല. കാരണം പേർഷ്യ എന്നത് ഇറാൻ ആണ്. ഇറാന്റെ ഭാഷ ഫാർസി ആണ്. അതിൽ നിന്നാണ് ഇറാന് പേർഷ്യ എന്ന് പേര് വന്നത്.
പിന്നീട് ബ്രിട്ടന്റെ കരാർ അവസാനിപ്പിച്ച 1969 കളിൽ ഇന്നത്തെ UAEയിൽ പെട്ട ഏഴ് എമിരേറ്റുകളും സ്റ്റേറ്റ് ഓഫ് ഖത്തറും സ്റ്റേറ്റ് ഓഫ് ബഹറിനും കൂടിയുള്ള ഒരു UAE ആക്കാൻ എല്ലാ ഭരണാധികാരികളും ഒപ്പിട്ട ഒരു അഗ്രീമെന്റ് വെച്ചു. പക്ഷെ പിന്നീട് സ്റ്റേറ്റ് ഓഫ് ഖത്തറും സ്റ്റേറ്റ് ഓഫ് ബഹറിനും അതിൽ നിന്ന് പിന്മാറി സ്വയം രാജ്യമാകാമെന്നു പ്രഖ്യാപിച്ചു.
അങ്ങിനെ 1971 ഡിസംബർ 2ന്ന് UAE നിലവിൽ വന്നു. അതിന്റെ പ്രഥമമീറ്റിംഗ് നടന്നത് ദുബായിലെ ജുമൈറയിൽ വെച്ചായിരുന്നു. അവിടെ കൂടിയ ജനാവലിയിൽ ഒരാളാവാനുള്ള മഹാഭാഗ്യം ഈ എനിക്കും ഉണ്ടായി. ആ UAEയിൽ അന്ന് റാസ്അൽഖൈമ ചേർന്നിരുന്നില്ല. പിന്നീട് മൂന്നു മാസം ആകാറായ ഫെബ്രുവരി ഒടുവിലാണ് റാസ്അൽഖൈമ ചേർന്നത്‌.
UAE രൂപവൽക്കരിക്കുന്നതിന്നു മുമ്പ് ഇന്ത്യയുടെ കറെൻസിയായിരുന്നു ഗൾഫ്‌ നാടുകളിൽ ഉണ്ടായിരുന്നത്. പിന്നീട് ദുബായിയും ഖത്തറും ചേർന്ന് QDR (ഖത്തർ ദുബൈ റിയാൽ) ഉണ്ടായി. അന്ന് അബൂദാബിയിൽ ഉണ്ടായിരുന്നത് ബഹ്‌റൈൻ ദിനാർ ആയിരുന്നു. ബഹ്‌റൈൻ ദിനാറും QDRഉം എല്ലാ എമിരേറ്റുകളിലും സ്വീകരിച്ചിരുന്നു. എന്നാൽ QDR അബുദാബിയിൽ ക്രയവിക്രയത്തിനു സ്വീകരിച്ചിരുന്നില്ല. പിന്നീടാണ് UAE ദിർഹം വന്നത്.
1971ലാണ് ഷൈഖ് മക്തൂം ബിൻ റാഷീദ് അൽമക്തൂമിന്റെ വിവാഹം നടന്നത്. പ്ലാസ സിനിമയുടെ ഭാഗമൊക്കെ കെട്ടിടങ്ങൾ ഇല്ലാതെ തുറസ്സായി കിടക്കുന്ന ഒരു മൈതാനമായിരുന്നു. ആ മൈതാനത്തിന്റെ ഒരു ഭാഗത്ത് രണ്ടു നിലയുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടായിരുന്നു. അതിലായിരുന്നു എന്റെ താമസം. മറ്റൊരു ഭാഗത്ത് ക്രീക്കിന്നടുത്തായിരുന്നു ഷൈഖിന്റെ വധൂഗ്രഹം. ആ ഭാഗത്ത്‌ ഇംഗ്ലീഷ് അക്ഷരത്തിലെ E ആകൃതിയിൽ ഒരു കെട്ടിടമുണ്ടായിരുന്നു. അതിൽ ഒരു സ്പെയർ പാർട്സ് കടയിൽ (അലി ബിൻ ഫർദാൻ) ആയിരുന്നു എനിക്ക് ജോലി. രാത്രിയിൽ ആ തുറസ്സായ സ്ഥലത്ത് വിവാഹത്തോടനുബന്ധിച്ചു പാട്ടുകളൊക്കെ ഉണ്ടായിരുന്നു. അറബികളുടെ ഹർബിയ ഡാൻസ്, ലീവ ഡാൻസ്, വാളുകൾ പിടിച്ചുള്ള ആയാല ഡാൻസ് ഒക്കെയുണ്ടായിരുന്നു. കൂട്ടത്തിൽ മലയാളികളുടെ അറവനമുട്ടും കോൽക്കളിയും ഉണ്ടായിരുന്നു.അന്ന് ഷൈഖ് സായെദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അബൂദാബിയിൽ നിന്ന് വന്നതും കളിക്കാർക്ക്‌ പാരിതോഷികം കൊടുക്കുന്നതും കാണാൻ കഴിഞ്ഞു.
അബൂദാബിയുടേയും ദുബായിയുടെയും അതിർത്തിയിൽ ഒരു ചെക്ക്‌ പോസ്റ്റ്‌ ഉണ്ടായിരുന്നു. UAE രാജ്യത്തെ വിസയുള്ള പാസ്പോർട്ട് അവിടെ കാണിക്കണം. ആ പാസ്പോർട്ടിൽ ഒരു ചെറിയ സീൽ ചെയ്യും. നമ്മൾ ഇറങ്ങി ലൈൻ നിൽക്കേണ്ട. പകരം പോലീസ് നമ്മുടെ കാറിന്നടുത്തെക്ക് വരും. കാർഡ് പൂരിപ്പിച്ച് നൽകണം. അന്നൊക്കെ ചിലർ ദുബായിലൊട്ട് ലാഞ്ചിക്ക് പോകാറുണ്ട്. ലാഞ്ചി അടുപ്പിക്കുന്നത് കോർണീഷിലുള്ള ക്രിസ്ത്യൻ ചര്ച്ചിന്നു അടുത്താണ്. ഞായറാഴ്ചയാണ് ലാഞ്ചി വരിക. കാരണം അന്ന് ഇരുപതാളെ ഒന്നിച്ച് കാണണമെങ്കിൽ ഹംദാൻ സ്ട്രീറ്റിലെ TV ബിൽഡിങ്ങിലോ ഈ ചർച്ചിന്റെ അടുത്തോ മാത്രമേ ഉണ്ടാവൂ. അല്ലാത്തിടത്ത് കണ്ടാൽ പോലീസ് ചോദ്യം ചെയ്യും.
UAE വരുന്നതിന്നു മുമ്പ് ഓരോ എമിറേറ്റ്കൾക്കും പ്രത്യേക പൊസ്റ്റൽ സ്റ്റാമ്പ് ആണുണ്ടായിരുന്നത്. ഏതു സംസ്ഥാനത്തെ സ്റ്റാമ്പ് ആണ് ഒട്ടിക്കുന്നതെങ്കിൽ ആ സംസ്ഥാനത്ത് പോസ്റ്റ്‌ ചെയ്യണം. അബൂദാബിയിലും ദുബൈലും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പോസ്റ്റ്‌ ചെയ്‌താൽ നാട്ടിലേക്ക് കിട്ടാൻ രണ്ടു ദിവസം കൂടുതലാകും. തന്മൂലം മറ്റുള്ള സംസ്ഥാനത്തുള്ളവർ മിക്കവരും ദുബൈലേക്ക് കത്തുകൾ കൊടുത്തയച്ചു അവിടെ പോസ്റ്റ്‌ ചെയ്യും. അത് പോലെ നാട്ടിലേക്ക് ട്രങ്ക് ഫോണ്‍ മാത്രമേയുള്ളൂ. മിക്കതും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടാണ് ലൈൻ കിട്ടുക. ഈ 1975-ഇൽ എന്റെ ഭാര്യയെ കൊണ്ട് വരാനുള്ള വിവരം ഉപ്പാനെ അറിയീക്കാൻ മൂന്നു ദിവസം കഴിഞ്ഞിട്ടാണ് ലൈൻ കിട്ടിയത്. അതും വളരെ ഉറക്കെ സംസാരിക്കണം. അബൂദാബിയിൽ നിന്ന് ബോംബെ - മദ്രാസ് -എറണാകുളം - ഇരിഞ്ഞാലക്കുട വഴിയാണ് കാട്ടൂരിലേക്ക് ലൈൻ പോവുക. ഇടയിൽ മരം വീണോ മറ്റോ കമ്പി പൊട്ടിയാൽ അന്നത്തെ കാര്യം പോക്ക് തന്നെ. പിറ്റേന്ന് വീണ്ടും ബുക്ക്‌ ചെയ്യണം.
1971-ൽ ബ്രിട്ടീഷുകാർ പോകുന്നതിന്ന് മുമ്പ് എല്ലാ പെട്ടിക്കടക്കാർക്ക് പോലും ഒരു പാട് എൻട്രി വിസ കൊടുത്തു. അത് മനസ്സിലാക്കിയ അറബികൾ ഇംഗ്ലീഷ്കാര് കൊടുത്ത വിസക്കെല്ലാം ഗൾഫിൽ വന്നാൽ ഒരു മാസത്തിന്നുള്ളിൽ റെസിടെൻസ് വിസ അടിക്കണമെന്ന നിയമം കൊണ്ട് വന്നു. അത് ഇപ്പോഴും തുടരുന്നു. ബ്രിട്ടീഷുകാർ പോയി കഴിഞ്ഞ് UAE ആയപ്പോൾ പാസ്സ്പോർട്ടിൽ വിസ പേജിൽ പതിക്കാൻ ഇന്നത്തെ പോലെയുള്ള സ്റ്റാമ്പ് വന്നിട്ടുണ്ടായിരുന്നില്ല. പകരം 200 പേർക്ക് അന്നത്തെ പോസ്റൽ സ്റ്റാമ്പ് (10 ദിർഹം) ആണ് പതിച്ചിട്ടുള്ളത്. അതിൽ ഒരാൾ ഈ ഞാനാണ്. അതായത് എന്റെ വിസ പേജിൽ പതിച്ചിട്ടുള്ളത് പൊസ്റ്റൽ സ്റ്റാമ്പ് ആണ്.
UAEയുടെ ഇന്നത്തെ വളർച്ചക്കുള്ള കാരണം ഞാൻ എഴുതാം. അത് പെട്രോൾ പണം ഉണ്ട് എന്നുള്ളത് മാത്രമല്ല, അത് വേണ്ട രീതിയിൽ വിനിയോഗിക്കാനുള്ള കഴിവ്. പിന്നെ ഏറ്റവും വലിയതും കൂടുതൽ പെട്രോൾ ലഭിക്കുന്നതുമായ അബൂദാബിയും അത് പോലെ ഗൾഫിലെ വ്യാപാരപട്ടണവും ഏറ്റവും കൂടുതൽ പെട്രോൾ കിട്ടുന്നതുമായ ദുബായിയും ഏറ്റവും ചെറിയ സംസ്ഥാനങ്ങളായ അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ, മറ്റ് സംസ്ഥാനങ്ങളായ ഷാർജ, റാസ്‌അൽഖൈമയോടും വല്യേട്ടൻ മനോഭാവം കാണിക്കാത്തതാണ് കാരണം.
UAEയുടെ ചരിത്രം എഴുതുമ്പോൾ അന്നാട്ടുകാർക്കും വിദേശികൾക്കും മറക്കാൻ പറ്റാത്ത രണ്ടു പേരുണ്ട്. അബൂദാബിയുടെ ഭരണാധികാരിയായിരുന്ന H.E. ഷൈഖ് സായെദ് ബിൻ സുൽത്താൻ അൽനഹിയാനും ദുബൈ ഭരണാധികാരിയായിരുന്ന H.E. ഷൈഖ് റാഷീദ് ബിൻ സഈദ് അൽമക്തൂം എന്നവരുടെ ദീർഗവീക്ഷണം ഒന്ന് കൊണ്ട് മാത്രമാണ് ഈ ഐക്ക്യവും പുരോഗതിയും ഉണ്ടായത്.
അവർക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ എന്ന് ലോകരക്ഷിതാവിനോട്‌ പ്രാർഥിച്ചുകൊണ്ട് ഈ ലേഖനം നിറുത്തുന്നു.

2014 നവംബർ 10, തിങ്കളാഴ്‌ച

നിക്കാഹ് സ്മരണ!


1990 ആഗസ്റ്റ്‌ 5 : എന്ഗേജ്മെന്റ് (മോതിരമിടല്‍ ചടങ്ങ് ) നടന്നു.
ശേഷം തൊഴിലാവശ്യാര്‍ത്ഥംഅഹമ്മദാബാദിലെത്തി. 
വിസ വന്നതോടെ 1991 ആഗസ്റ്റ്‌ 5 ന് ബഹ്‌റൈനില്‍ കാലുകുത്തി .
പ്രവാസിയുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറത്ത് സംഭവിക്കുന്ന 
ചില കാര്യങ്ങളുണ്ട്; അതെന്റെ ജീവിതത്തിലും നടന്നു.
എന്റെയും പ്രിയ മകളുടേയും നിക്കാഹ് കര്‍മ്മം നടന്നു കാണാന്‍
ഏറെ ആശിച്ച ഭാര്യാ മാതാവിന്റെ ആകസ്മിക മരണം.
1991 ആഗസ്റ്റ്‌ 28,ബുധനാഴ്‌ച പുലര്‍ച്ചെ അവര്‍ മരണമടഞ്ഞു.
വല്ലാത്ത ഒരു ഷോക്ക്‌ തന്നെയായിരുന്നു അത്.
ഗള്‍ഫിലേക്ക്‌ പറക്കാനുള്ള തയ്യാറെടുപ്പ്‌ നടക്കുമ്പോള്‍
"നിക്കാഹ് കഴിച്ചു പോയിക്കൂടെ "-എന്ന അവരുടെ ആവശ്യം എനിക്ക്
പൂര്‍ത്തീകരിക്കാനാവാത്ത സങ്കടത്തിലായി ഞാന്‍.
അല്ലാഹുവിന്റെ വിധി ആര്‍ക്ക് മറികടക്കാനാവും?
ഒടുവില്‍ നിക്കാഹിന് ബഹ്‌റൈന്‍ വേദിയായി.
എന്റെ പ്രതിശ്രുതവധുവിന്‍റെ അമ്മാവന്‍ മാമു വലിയ്യായി
ആവള മൊയ്തു മൗലവിയുടെ കാര്‍മ്മികത്വത്തില്‍
KMCC പ്രസിഡണ്ട് അന്തുമോനും ആനയിടുക്ക്‌ ഹിദായത്തുല്‍ ഇസ്ലാം
മദ്രസ്സ പ്രതിനിധി സത്താര്‍ ആനയിടുക്കും സാക്ഷികളായി ഒപ്പിട്ട്
KMCC ഓഡിറ്റോറിയത്തില്‍ വെച്ച് 1991 നവംബര്‍ പത്തിന് എന്റെ
നിക്കാഹ് നടന്നു .
ബഹറിനിലുള്ള മലബാറിലെ വിവിധ പ്രദേശത്തെ സുഹൃത്തുക്കള്‍
ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.
ഞാന്‍ സ്വപ്നനേന വിചാരിക്കാത്ത കാര്യമാണ് എന്റെ നിക്കാഹിന്
ബഹ്‌റൈന്‍ വേദിയാവുക എന്നത്.
അതെ മനുഷ്യന്റെ ഇച്ഛാശക്തിയിലല്ല ദൈവീക നടപടി.
ഇന്ന് ഇരുപത്തി മൂന്ന്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍
മാമു അമ്മാവനും സാക്ഷികളില്‍ ഒരാളായ അന്തുമോനും
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.
അള്ളാഹു എന്റെ ഭാര്യാ മാതാവിന്റെയും മാമു അമ്മാവന്റെയും
അന്തുമോന്‍ സാഹിബിന്റെയും കബറിടം വിശാലമാക്കി കൊടുക്കട്ടെ
(ആമീന്‍).അവര്‍ക്ക്‌ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ
(ആമീന്‍)
അതോടൊപ്പം എന്‍റെയും പച്ചുവിന്റെയും ദാമ്പത്യ ജീവിതം അല്ലാഹു ഇഷ്ടപ്പെടുന്ന
മാര്‍ഗ്ഗത്തിലാകട്ടെ (ആമീന്‍)
ദുഹായോടെ,
നിങ്ങളുടെ
ഷംസു മാടപ്പുര

2014 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ഖബറാളിയുടെ ഗദ്ഗദം


മണ്ണില്‍ നിന്നും സ്യഷ്ടിച്ചു
മണ്ണിലേക്ക്‌ തന്നെ മടക്കം
മൂന്നുപിടി മണ്ണുവാരി
കുഴിയിലിട്ടവര്‍
യാത്രാമൊഴി ചൊല്ലി പിരിഞ്ഞു
ഈ ആറടി മണ്ണിലിടം തേടി
വര്‍ഷങ്ങളെത്ര കഴിഞ്ഞു
എണ്ണിതിട്ടപെടുത്താന്‍
കഴിയില്ലിന്നെനിക്ക്
ഇസ്രാഫിലിന്റെ സൂറന്ന
കാഹളമോത്ത് കേള്‍ക്കുംവരെ
ഖബര്‍ തന്നെയാണെനിക്കഭയം
ഭൌതിക ജീവിതത്തില്‍
ഉണ്ടാക്കിയ സ്വത്തൊക്കെ
മരണത്തോടെ
കൈവിട്ടു പോയെനിക്ക്‌
സ്വത്ത്‌ സമ്പാദന വഴികളുടെ
കണക്കെണ്ണി പറയേണ്ട
ഗതികേടിലാണിപ്പോള്‍ ഞാന്‍
ഞാന്‍ വിട്ടേച്ചുപോയ
സമ്പത്ത്‌ കൈക്കലാക്കാന്‍
മക്കളും മരുമക്കളും
പടപോരുതുകയാണിപ്പോള്‍
എന്റെ ഖബറിന്നരികിലൂടെ
കടന്നുപോകുന്ന മക്കള്‍
ഒരിക്കലെങ്കിലും ഈ
ബാപ്പാക്കുവേണ്ടി
ദുഹാ ഇരന്നെങ്കില്‍...
ആശ ഒരു നിരാശയായി
വഴിമാറമ്പോഴും
അകന്നുപോയ മക്കളുടെ
പരാജയം നിറഞ്ഞ
ആഖിറം ഓര്‍ത്ത്‌
നെടുവീര്‍പ്പിടുന്നു ഞാന്‍
മനുഷ്യന്‍ ദുര്‍ബലനായി
ഖബറിടത്തിലെത്തുമ്പോഴുള്ള
അവസ്ഥ വല്ലാത്ത
ഒരവസ്ഥ തന്നെ
ജീവിച്ചിരിക്കുന്നവര്‍
അതോര്ത്താല്‍ എത്ര നന്ന് !



2014 മേയ് 20, ചൊവ്വാഴ്ച

ആശങ്കയുടെ നിഴലില്‍ ഞാന്‍

എവിടെയാണെങ്കിലും എന്റെ റബ്ബ് കൂടെയുണ്ടെന്ന കാര്യം
പലപ്പോഴും വിസ്മരിക്കുന്നു ഞാൻ 

മനുഷ്യ സഹജമായ ദൗര്‍ബല്യങ്ങള്‍ക്ക്
അടിമയാണ് ഞാന്‍
തെറ്റു കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നു
ദേഹേച്ഛയോട്‌ പടപൊരുതാന്‍
പോരാളിയാകുന്നില്ല ഞാന്‍

കുറ്റവിമുക്തി എന്റെ നിഘണ്ടുവില്‍ ഒട്ടുമില്ല  താനും
കുറ്റബോധം വേട്ടയാടുമ്പോള്‍
ദൈവ സന്നിധിയില്‍ പാപിയാണ് ഞാന്‍

പാപമോചന യാചനയുമായി
ദുഹാ ഇരക്കാന്‍ നേരമൊട്ടില്ല താനും.
ഭൌതിക ജീവിത തിരക്കില്‍
അടിയോഴുക്കുകളാണെറെ

അടിതെറ്റി വീണപ്പോള്‍
എന്റെ മണ്ടത്തരമോര്ത്ത് വിലപിച്ചു.
ഞാനെന്തൊരു മണ്ടന്‍!

ജീവിതം നരകകുണ്ടിന്റെ  
വക്കത്തെത്തി നില്‍ക്കുന്നു
ഇടവേളകളില്‍ അന്തരംഗം
നീറി പുകയുന്നു

മുഴുവന്‍ പാപഭാരമിറക്കി
ദൈവത്തിങ്കല്‍ അഭയം തേടാനാശിച്ചു
പിശാചിന്റെ വഴിയില്‍ നിന്നുള്ള
മോചനമാണാവശ്യം

ഭയഭക്തി   വീണ്ടെടുക്കാന്‍
ആയുസ്സ്‌ നീട്ടിയിരിക്കുന്നു
കരുണാമയനായ ദൈവം

കഴിഞ്ഞതൊക്കെയും ശാപദിനങ്ങളായി
പരിണമിച്ചു
വരാനിരിക്കുന്നത്  മോചനദിനങ്ങളായി
പരിഗണിക്കാം

ശിഷ്ടകാലം ആത്മീയതയുടെ
നവജീവിത പാത വെട്ടിതെളിക്കണം

പാത ഏറെ ദുര്‍ഘടമെങ്കിലും
മനതാരില്‍ പൂവിട്ട ഉല്‍ക്കടമായ
ആഗ്രഹം നിറവേറ്റാന്‍
ആസൂത്രണ പാടവം അനിവാര്യം

ഈ തിരിച്ചറിവില്‍
വിജയം സുനിശ്ചിതമാവുമോ?
 അനുഭവിച്ചറിയുക തന്നെ!





2014 മേയ് 19, തിങ്കളാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പതിനാറ് )

ബസ്‌ ഞങ്ങളെയും വഹിച്ച് മണല്‍ക്കാടുകള്‍ താണ്ടി ഒമാനിലേക്ക് അതിവേഗത്തില്‍ കുതിച്ചുകൊണ്ടേയിരുന്നു.
കുട്ടികള്‍  ഖുര്‍ആന്‍ വചനങ്ങള്‍ ഓതിയും പാട്ടുപാടിയും ഇടയ്ക്കിടെ  ഇണങ്ങിയും പിണങ്ങിയും ബസിന്നകത്ത് ഓടികളിച്ചും അവരുടെ ലോകത്ത്‌ വിഹരിച്ചു.
മുതിര്‍ന്നവര്‍ വിജ്ഞാനപ്രദമായ പ്രശ്നോത്തരിയില്‍ സമയം ചിലവഴിച്ചു.
ഇതിനിടെ പലരും നിദ്രയിലഭയം കണ്ടെത്തി. നമസ്കാരത്തിനും ഭക്ഷണത്തിനും വഴിയിലെവിടെയെങ്കിലും നിറുത്തും.വീണ്ടും ഉറക്കം തന്നെ ശരണം.
 സൗദി അതിര്‍ത്തിയില്‍ നിന്നും ദുബായ് ബോര്‍ഡറില്‍ നിന്നും പാസ്പോര്‍ട്ടില്‍ എക്‌സിറ്റ് അടിച്ചു.സമയം ഒട്ടും കവരാതെ എല്ലാം പെട്ടെന്ന് അടിച്ചു കിട്ടി.വന്നത് അബുദാബി ബോര്‍ഡര്‍ വഴിയാണെങ്കില്‍ തിരികെ യാത്ര അത്താ അതിര്‍ത്തി വഴി.അതിനാല്‍ വഴിദൂരം കുറഞ്ഞു.
ശനിയാഴ്ച്ച രാത്രിയോടെ ഒമാന്‍ അതിര്‍ത്തിയിലെത്തി.
പാതിരയോടെ സോഹാറില്‍ ബസ്‌ നിറുത്തി.സി.കെ.മൊയ്തീന്‍, അന്‍വര്‍ സാദത്തും കുടുംബവും,യാത്രയിലുടനീളം ക്ലാസ്സെടുത്ത് വിജ്ഞാനം പകര്‍ന്നു നല്‍കിയ നമ്മുടെ പ്രിയങ്കരനായ സിയാദും  സോഹാറില്‍ ഇറങ്ങി.
കദറയില്‍ മുനീറും കുടുംബവും സിക്കന്തറും കുടുംബവും ഇറങ്ങി.
ബര്‍ക്കയില്‍ സലീമും ഹാരിസും  കുടുംബസമേതമിറങ്ങി.
തര്മത്തില്‍  കുട്ടീക്കയും കുടുംബവും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സ്വപ്നേന ഞാന്‍ വിചാരിച്ചിരുന്നില്ല അത് കുട്ടീക്കയുടെ  അവസാന യാത്രാമോഴിയാണെന്ന്.
(ഉംറ യാത്രക്ക് ശേഷം ഏതാനും മാസങ്ങള്‍ മാത്രമേ കുട്ടീക്ക ജീവിച്ചിരുന്നുള്ളൂ .കുടുംബസമേതം നാട്ടില്‍ പോയ കുട്ടീക്കയെ ആകസ്മികമായി മരണം പിടികൂടുകയായിരുന്നു.ആ വാര്‍ത്ത കുട്ടീക്കയെ അറിയാവുന്ന എല്ലാവരും   ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്.അള്ളാഹു കുട്ടീക്കാക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്കുമാറാകട്ടെ (ആമീന്‍)
ബസ്‌ റുസൈല്‍ സ്റ്റാന്റിലെത്തി. സലാലയില്‍ നിന്നും ഉംറക്കെത്തിയ ഫൈറൂസും കുടുംബവും സഹാസും മുഹമ്മദും യാത്ര ചോദിച്ചിറങ്ങി.ഏതാനും നിമിഷങ്ങള്‍ക്കകം എത്തുന്ന സലാല ബസില്‍ യാത്രചെയ്യാനുള്ള ഒരുക്കത്തിലാണവര്‍.അവരുടെ വാസസ്ഥലത്ത്‌ എത്തിച്ചേരാന്‍ പന്ത്രണ്ട് മണിക്കൂര്‍ ബസ് യാത്ര അനിവാര്യം.
അതൈബ റൌണ്ട് അബൌട്ടില്‍ മമ്മൂക്കയും കുടുംബവും ഇറങ്ങി.
ബസ്‌ ഞായറാഴ്ച ഒമ്പത്‌ മണിയോടെ റൂവി ഖാബൂസ് മസ്ജിദ്‌ പരിസരത്തെത്തി .ബസില്‍ അവശേഷിച്ച  ഫാസില്‍,ഫസല്‍.,അയ്യൂബ് സൈദലവി,സിദ്ദീഖ്‌,അഹമ്മദ്‌ മീരാനും  കുടുംബവും ,ശുഹൈബും കുടുംബവും, യാത്രാ അമീര്‍ മജീദ്‌ സാഹിബും കുടുംബവും,നമ്മുടെ പ്രിയപ്പെട്ട ഉമ്മയായ സൈനബ മാഹീനും പിന്നെ ഞാനും എന്റെ സഹധര്‍മ്മിണിയും കൂടി പുറത്തേക്കിറങ്ങി.
യാത്രാമൊഴി  ചൊല്ലി വിവിധ ഇടങ്ങളിലായി ഇറങ്ങിയവർ എല്ലാവരെയും  കെട്ടിപിടിച്ചും സലാം ചൊല്ലിയും ചുംബനമർപ്പിച്ചും ശക്തമായ സഹോദര്യ ബന്ധത്തിന്‍റെ മുത്തുകള്‍ കോര്ത്തിട്ടു.
ആര്‍ക്കും ആരെയും പിരിയാനാവാത്ത അവസ്ഥ .അത്രമേല്‍ സ്വാധീനം ഈ യാത്രക്കുണ്ടായിരുന്നു.
തുടര്‍ന്നു മത്രയിലെ വാസസ്ഥലത്ത് ഞങ്ങളെത്തിചെര്‍ന്നു.
പതിമൂന്നു ദിവസത്തെ യാത്ര എല്ലാവരെ പോലെ എന്നെയും   ഏറെ ക്ഷീണിതനാക്കി യിരുന്നു.(അവസാനിച്ചു)



2014 മേയ് 18, ഞായറാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പതിനഞ്ച്)
ആകാശം ചുവന്നു തുടുത്തു.അസ്തമയ സൂര്യന്‍ വിടപറഞ്ഞു.അന്തിച്ചുവപ്പ്‌ മാനത്ത്‌ പടര്‍ന്നതോടെ മദീനാ പള്ളി ദീപാലംക്യതമായി.
അകത്തളത്തില്‍ നിന്നും മഗരിബ് ബാങ്കിന്‍റെ അലയൊലികള്‍ വാനത്തോളമുയര്‍ന്നു.
അള്ളാഹു അക്ബര്‍ ....അള്ളാഹു അക്ബര്‍.....
ബാങ്ക് വിളി കേട്ടതോടെ സംസം വെള്ളം കുടിച്ച് ഞങ്ങള്‍ സുന്നത്ത്‌ നോമ്പ്‌ മുറിച്ചു.സിരകളില്‍ വെള്ളം കടന്നതോടെ റബ്ബിന് സ്തുതിഗീതമോതുന്ന പ്രാര്‍ത്ഥന ചൊല്ലി.
നോമ്പ്‌ തുറ വിഭവ സമ്യദ്ധമായിരുന്നു.സംസം വെള്ളം,ജ്യൂസ്.പഴവര്‍ഗ്ഗങ്ങള്‍.ഈത്തപഴം നിരന്നു കിടക്കുന്നു.മസ്ജിദുന്നബവിയുടെ  ഒരുഭാഗത്ത്‌ വട്ടം കൂടിയിരുന്ന് നോമ്പ്‌ മുറിച്ചു. റമദാന്‍ നോമ്പിനെ അനുസ്മരിപ്പിക്കും വിധം ഒരു ഒത്തുചേരല്‍.
മഗരിബിനുശേഷം റൂമിലെത്തി.ബിരിയാണി ഓരോ റൂമിലും എത്തികഴിഞ്ഞു.
നോമ്പ് തുറപ്പിക്കാന്‍ നിയ്യത്ത് ചെയ്ത സഹോദരങ്ങള്‍ വിഭവങ്ങള്‍ ഒരുക്കാനും യഥാസമയം എത്തിക്കാനും ഏറെ ശ്രദ്ധ പുലര്‍ത്തി.അള്ളാഹു അവര്‍ക്ക്‌ ഉദ്ദേശിച്ച പ്രതിഫലം നല്കുമാറാകട്ടെ (ആമീന്‍).
ഇശാ നമസ്ക്കാരത്തിന് ശേഷം മസ്ജിദുന്നബവിക്ക് സമീപത്തുള്ള ഈത്തപഴ മാര്‍ക്കറ്റില്‍ ഞങ്ങള്‍ ചെന്നു.
മദീനയില്‍ വിളഞ്ഞ മുന്തിയ ഇനം ഈത്തപഴങ്ങളുടെ ഈറ്റില്ലം .പാകിസ്ഥാനികളുടെയും  മലയാളികളുടെയും ഉടമസ്ഥതയിലുള്ള ഈത്തപഴ കടകള്‍ നിരനിരയായി കിടക്കുന്നു.
നിരവധി വര്‍ണ്ണങ്ങള്‍.വിത്യസ്ത നാമങ്ങള്‍.വിവിധ ആക്യതി.രുചി ഒന്നിനൊന്നു മെച്ചം.

ആവശ്യമുള്ള ഈത്തപഴങ്ങള്‍ രുചിച്ചു നോക്കി .എല്ലാം കുറേശ്ശെ വാങ്ങി മാര്‍ക്കറ്റില്‍ നിന്നിറങ്ങി.


ഫജര്‍ സാദിഖ്‌ വെളിവാകുന്നു എന്നറിയിച്ചുകൊണ്ട് പ്രഭാതം പൊട്ടി വിടര്‍ന്നു.സുബഹി നമസ്കാരത്തോടെ വെള്ളിയാഴ്ച്ചയെ വരവേറ്റു.
മസ്ജിദുന്നബവിയില്‍ വെച്ച് ജുമുഅ നമസ്ക്കാരം നിര്‍വ്വഹിച്ചു.ലോകത്തുള്ള പള്ളികളില്‍വെച്ച് നമസ്കാരത്തിനു പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന രണ്ടാമത്തെ പള്ളിയായ മസ്ജിദുന്നബവിയില്‍ വെച്ച് ജുമുഅ ഖുതുബ കേള്‍ക്കാനും ജുമുഅ നിര്‍വ്വഹിക്കാനും സാധിച്ചതില്‍ ഹ്യദയം തളിരിതമായി.
ഇനി ഹബീബായ മുത്ത്‌ റസൂലിനോട്‌ സലാം പറഞ്ഞു പിരിയാന്‍ സമയമായി..അതെ ഞങ്ങള്‍ മൂന്നു ദിവസം മദീനയിലെ  അതിഥികളായി കഴിഞ്ഞ സ്ഥിതിക്ക്‌  ആതിഥ്യം അവസാനിപ്പിച്ച് മദീനയോടു വിടപറയുകയാണിന്ന്.
ജുമുഅ നമസ്കാരാനന്തരം റൗള ശരീഫിലെത്തി.വിശ്വാസികളുടെ തിരക്ക്‌ മൂലം ക്യൂവില്‍ നിന്ന് നബി തിരുമേനിക്ക്‌ അഭിവാദ്യങ്ങള്‍ ഓതി മുന്നോട്ട് നടന്നു.റസൂല്‍ അന്ത്യ വിശ്രമം കൊള്ളുന്ന റൗളാ ശരീഫിലെത്തിയപ്പോള്‍ അറിയാവുന്ന ഭാഷയില്‍ റസൂലിനോടു സലാം ചൊല്ലി.തൊട്ടടുത്ത്‌ അബൂബക്കര്‍ (റ)വിനോടും അതിനടുത്ത്‌ ഉമര്‍ (റ) വിനോടും സലാമോതി മുന്നോട്ട് നീങ്ങി.
ഇനി എപ്പോഴാണ് നബിയുടെ റൗള  സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുക? മനസ്സകത്തില്‍ ഈ ചോദ്യം ഒരു വിങ്ങലായി അവശേഷിച്ചു.
റസൂലിന്റെ മദീന പള്ളിയില്‍ നിന്നും പുറത്ത് കടക്കുമ്പോള്‍ ഹ്യദയത്തില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു.
ഉച്ച ഭക്ഷണം കഴിച്ച് മുറിയില്‍ നിന്നും സാധനങ്ങള്‍ ബാഗുകളിലാക്കി സഹയാത്രികര്‍ക്കൊപ്പം ഞാനും സഹധര്‍മ്മിണിയും നേരെ ബസിന്നടുത്തേക്ക് നടന്നു.
നബിയെയും അനുചരന്മാരെയും സ്വീകരിച്ച് സംരക്ഷിച്ച പരിശുദ്ധ മദീനയുടെ ഒരുപാട് കദനകഥകള്‍  അയവിറക്കാന്‍ ഈ സന്ദര്‍ശനം സഹായകമായി. സന്ദര്‍ശിച്ച പുണ്യ സ്ഥലങ്ങളിലൂടെ മനോമുകുരം ഊളിയിട്ടു പറന്നപ്പോള്‍ ധന്യമായ 
യാത്രക്കനുമതി നല്‍കിയ അല്ലാഹുവിനു മുമ്പിൽ ഞാൻ ശിരസ്സ് കുനിച്ചു.
അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ 

(തുടരും)

2014 മേയ് 16, വെള്ളിയാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! ( പതിനാല് )

ബദര്‍ ലക്ഷ്യമാക്കി യാത്ര തുടരവേ ബസില്‍ വെച്ച് സഹോദരന്‍ സിയാദ്‌ ബദര്‍ അനുസ്മരണം നടത്തി.പ്രസക്ത ഭാഗങ്ങള്‍ ചുവടെ.
മുന്നൂറ്റി അഞ്ച് മുസ്ലിം യോദ്ധാക്കള്‍.വേണ്ടത്ര സന്നാഹങ്ങള്‍ ഒന്നുമില്ല.എഴുപത് ഒട്ടകവും വാളും മാത്രം.ശത്രുപക്ഷത്തോ പതിനായിരക്കണക്കിനു ഖുറൈശികള്‍ എല്ലാവിധ സന്നാഹങ്ങളുമായി  മുഹമ്മദിനെയും കൂട്ടരെയും എതിരിടാനായി പുറപ്പെട്ടു കഴിഞ്ഞു.
മുസ്ലിം സൈന്യത്തിന്റെ മുന്‍ നിരയില്‍ നിന്ന് നബി തിരുമേനി അണികള്‍ ശരിപ്പെടുത്തി .ശേഷം അബൂബക്കറിനെയും കൂട്ടി സ്വന്തം കൂടാരത്തിലേക്ക് ചെന്നു.ഖുറൈശികളുടെ പടയോരുക്കവും സ്വന്തം അനുയായികളുടെ എണ്ണക്കുറവും യുദ്ധ സാമഗ്രികളുടെ ദൌര്‍ലഭ്യവും മൂലം ഹ്യദയത്തെ പൂര്‍ണ്ണമായും അല്ലാഹുവിങ്കലേക്ക് തിരിച്ച് തനിക്ക്‌ വിജയം നല്‍കേണമേ എന്ന് നബി തിരുമേനി മനമുരുകി പ്രാര്‍ത്ഥിച്ചു.
നിരന്തരമായ പ്രാര്‍ത്ഥനയില്‍ നേരിയ മയക്കം നബിയെ ബാധിച്ചു .അനന്തരം ദിവ്യസഹായത്തെ കുറിച്ചുള്ള വെളിപാട്‌ വന്നു.ഉണര്ന്നെഴുന്നറ്റ്  അനുയായികള്‍ക്ക് ആവേശം പകര്‍ന്നു.
“മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ;അവനില്‍ സത്യം.പിന്തിരിഞ്ഞോടാതെ,പ്രതിഫലകാംക്ഷയോടെയും സഹനത്തോടെയും ആര്‍ ശത്രുസൈന്യത്തെ നേരിട്ട് വീര ചരമം പ്രാപിക്കുന്നുവോ അവനെ നിശ്ചയമായും അള്ളാഹു സ്വര്‍ഗ്ഗാവകാശിയാക്കും”.നബി (സ) പ്രഖ്യാപിച്ചു.
വിശ്വാസികളുടെ ആത്മവീരം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു.തങ്ങളുടെ അംഗസംഖ്യ മറന്ന് യോദ്ധാക്കള്‍ ശത്രുനിരയിലേക്ക് തുളച്ചുകയറി.”ഏകന്‍---ഏകന്‍ “ എന്നാര്‍ത്തു വിളിച്ചവര്‍ മുന്നേറി.അള്ളാഹു മലക്കുകളെ അയച്ചുകൊണ്ടവരെ സഹായിച്ചു.
സത്യനിഷേധികളുടെ തലയറുത്ത് കൊണ്ട് മരണത്തിന്റെ മാലാഖ സ്വൈരവിഹാരം നടത്തുന്ന പോര്‍ക്കളത്തില്‍ നബിയും നിലയുറപ്പിച്ചു.
ബദര്‍ യുദ്ധം സംബന്ധിച്ച് അവതീര്‍ണ്ണമായ ഖുര്‍ ആന്‍ വചനങ്ങള്‍ അത് നമ്മെ തെര്യപ്പെടുത്തുന്നു.
“ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്.അതുകൊണ്ട് അടിയുറച്ചുനില്‍ക്കുക! എന്ന് നിന്റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം! സത്യനിഷേധികളുടെ ഹ്യദയത്തില്‍ ഞാന്‍ ഭയം ജനിപ്പിക്കും.അതുകൊണ്ട് സത്യനിഷേധികളുടെ തലയറത്തു കൊള്ളുക.അവരുടെ സര്‍വ്വാംഗുലിയും വെട്ടി മുറിച്ചു കൊള്ളുക!’’
“എന്നാല്‍ നിങ്ങളവരെ വധിച്ചിട്ടില്ല. മറിച്ച് അല്ലാഹുവാണ് വധിച്ചത്‌.നീ അമ്പെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ നീയല്ല അമ്പെയ്തത്! മറിച്ച് അല്ലാഹുവാണ് അമ്പെയ്തത് !”
അള്ളാഹു അവന്റെ വാഗ്ദത്തം പാലിച്ചു.അറേബ്യയെ ഒന്നടങ്കം ഇസ്ലാമിന്റെ കൊടിക്കീഴില്‍ അണിനിരത്താന്‍ ബദര്‍ യുദ്ധം സഹായകമായി.
മുസ്ലിം പക്ഷത്ത് നിന്ന് പതിനാലുപേര്‍ ശഹീദായി.ഖുറൈശി പ്രമുഖര്‍ പലരും വാളിന്നിരയായി.
ബദര്‍ പുണ്യ ഭൂമിക്ക്‌ കുറച്ചകലെയായി ബസ്‌ നിറുത്തി.കാല്‍നടയായി ഞങ്ങള്‍ പുണ്യഭൂമിക്കരികിലെത്തി.
രണ്ടാള്‍ പൊക്കത്തില്‍ കെട്ടിയുയത്തിയ മതിലിനുള്ളില്‍ ബദര്‍ യുദ്ധഭൂമി സ്ഥിതിചെയ്യുന്നു.അകത്തേക്ക്‌ പ്രവേശിക്കാന്‍ വലിയൊരു ഇരുമ്പ്‌ ഗെയിറ്റുണ്ട്.താഴിട്ടുപൂട്ടിയിരിക്കുന്നു.പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നര്‍ത്ഥം.
ഞങ്ങള്‍ മതിലില്‍ കയറി യുദ്ധഭൂമി കണ്ടു.കൊച്ചു കൊച്ചു  കുന്നുകളാല്‍ വിശാലമായ യുദ്ധഭൂമിയില്‍ രക്തസാക്ഷിത്വം വരിച്ച മുസ്ലിം യോദ്ധാക്കളും കൊല്ലപ്പെട്ട അവിശ്വാസികളും അന്തിയുറങ്ങുന്നു.അവിടമാകെ ഒരു തണല്‍ രൂപപ്പെട്ടത്‌ പോലെ തോന്നി.
മതിലില്‍ നിന്ന് താഴെയിറങ്ങി.ഗെയിറ്റിനു മുമ്പിലെ റോഡിന്റെ മദ്ധ്യഭാഗത്ത് വലിയൊരു ശിലാ ഫലകം കണ്ടു.ബദറില്‍ ശഹീദായ പതിനാലു ശുഹദാക്കളുടെ പേര് വിവരങ്ങളാണത് .

ഉമൈര്‍ ബിന്‍ അബീ വഖാസ്‌

സഫ് വാന്‍ ബിന്‍ വഹബ്
ദുല്‍ ശമാലീന്‍ ബിന്‍ അബ്ദു ഉമൈദ്‌
മഹ്ജാഹ് ബിന്‍ സ്വാലിഹ്
അഖീല്‍ ബിന്‍ അല്‍ ബഷര്‍
ഉബൈദ്‌ ബിന്‍ ഹാരിസ്‌
സൗദ് ബിന്‍ കൈതമ
മുബശ്ശിര്‍ ബിന്‍ അബ്ദുല്‍ മുഖദ്ദര്‍
ഹാരിസ്‌ ബിന്‍ സുറാഖ്
റാഫിഹ് ബിന്‍ അല്‍ മഹ് ല
ഉമൈര്‍ ബിന്‍ ഹമാം
യസീദ് ബിന്‍ ഹാരിസ്‌
മുഗ് വദ് ബിന്‍ ഹാരിസ്‌
ഔഫ്‌ ബിന്‍ ഹാരിസ്‌

അറബിയില്‍ ലിഖിതം ചെയ്ത പേരുവിവരങ്ങള്‍ കടലാസില്‍ പകര്‍ത്തി.
ഒരിക്കല്‍ കൂടി ബദറിന്റെ മതിലുകളില്‍ കണ്ണോടിച്ചു.അപ്പുറത്ത്‌ അല്ലാഹുവിന്റെ കല്പന പ്രകാരം മലായിക്കുകള്‍ വന്നിറങ്ങി യുദ്ധം ചെയ്ത സ്ഥലം.അന്ന് അല്ലാഹുവിന്റെ ഇടപടലുണ്ടായില്ലെങ്കില്‍ ഇന്ന് ഭൂമുഖത്ത്‌  ഇസ്ലാമിന്റെ പൊടിപോലും കാണുമായിരുന്നില്ല.ബദര്‍ വിശ്വാസികള്‍ക്ക്‌ ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്.ചരിത്രാന്വേഷികള്‍ക്ക്  ബദര്‍ ഒരു വിസ്മയം തന്നെയാണ്.
ആ വിസ്മയ തുമ്പത്ത് പറന്നെത്താന്‍ കഴിഞ്ഞതില്‍  റബ്ബിന് ഒരായിരം സ്തുതി.അല്‍ഹംദുലില്ലാ !!!  (തുടരും)



2014 മേയ് 14, ബുധനാഴ്‌ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പതിമൂന്ന്‌)

മടക്കയാത്രക്കിടയില്‍ ബസില്‍ വെച്ച് നേതാവ്‌ മൈക്കിലൂടെ നാളെത്തെ ദിവസത്തിന്റെ പ്രത്യേകത ഓര്‍മ്മിപ്പിച്ചു. “നാളെ വ്യാഴാഴ്ചയാണ്; എല്ലാവരും സുന്നത്ത്‌ നോമ്പെടുക്കണം.മസ്ജിദുന്നബവിയില്‍ വെച്ച് നമ്മുക്ക് നോമ്പ്‌ മുറിക്കാം.ഒപ്പം ബദര്‍ പുണ്യഭൂമി സന്ദര്‍ശിക്കാനുള്ള നിയ്യത്ത് മനസ്സില്‍ കരുതണം.സാധാരണ ഗതിയില്‍ ഇതര ഉംറ ഗ്രൂപ്പുകള്‍ ബദര്‍ സന്ദര്‍ശിക്കാറില്ല.ഭരണകൂട അനുമതി ലഭിക്കാത്തതാണ് പ്രധാന കാരണം.എങ്കിലും അവിടം ചെന്ന് ബദര്‍ സന്ദര്‍ശിക്കാന്‍ ശ്രമം നടത്താം.കുട്ടികള്‍ ഒഴികെ മുതിര്‍ന്നവര്‍ ബസ്‌ ഡ്രൈവര്‍ക്ക്‌ ഇരുപത്തിയഞ്ച് സൗദി റിയാല്‍ വാടകയായി നല്‍കേണ്ടിവരും”-
കേട്ടപാതി എല്ലാവരും ബദര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായി.ഇസ്ലാമിലെ പ്രഥമ യുദ്ധം നടന്ന പരിശുദ്ധ മണ്ണ് കാണാന്‍ വല്ലാത്തൊരു പൂതി.
ബസിന്റെ പിറകിലെ സീറ്റില്‍ നിലയുറപ്പിച്ച സഹോദരങ്ങളില്‍  ചിലര്‍ നോമ്പ്‌ മുറിക്കാനുള്ള വിഭവങ്ങളുടെ ചിലവ് തങ്ങള്‍ വഹിക്കാമെന്ന തീരുമാനം അറിയിച്ചു.
വൈകുന്നേരത്തോടെ ബസ്‌ ഹോട്ടല്‍ കവാടത്തിലെത്തി.ഹോട്ടല്‍ മുറിയില്‍ ചെന്ന് ശുദ്ധി വരുത്തി നേരെ മസ്ജിദുന്നബവിയിലെത്തി.
മസ്ജിദുന്നബവിയുടെ പിറകില്‍  വിശാലമായ ഖബറിടമുണ്ട്.”ജന്നത്തുല്‍ ബഖീ


കവാടത്തിനു മുകളില്‍ ബഖീ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.അനറബികളായ സന്ദര്‍ശകര്‍ ജന്നത്തുല്‍ ബഖീ എന്ന് സംബോധന ചെയ്യുന്നു എന്നതാണ് നേര്.
ഒരു പാട് ചെറുതും വലുതുമായ ഖബറുകള്‍ വരിവരിയായി കണ്ടു.കെട്ടിപോക്കുകയോ.പെയിന്റ് അടിക്കുകയോ,നാമം കൊത്തി വെച്ച ഫലകങ്ങളോ അവിടെ എങ്ങും കണ്ടില്ല.ഓരോ ഖബറും ആരുടേതാണെന്ന് തിരിച്ചറിയാന്‍ പ്രയാസം.ഒടുവില്‍ സൌദി പൌരനായ ഗൈഡിനെ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു.
“ഇവിടം നിങ്ങള്‍ ജന്നത്തുല്‍ ബഖീ എന്ന് വിശേഷിപ്പിക്കരുത്. അന്ത്യനാള്‍ കഴിഞ്ഞ് പരലോക വിചാരണ കഴിഞ്ഞാല്‍ മാത്രമല്ലേ  സ്വര്‍ഗ്ഗ-നരക വാസികളെ അല്ലാഹു തിരഞ്ഞെടുക്കുന്നത് ? പിന്നെങ്ങനെ ഇത് ജന്നത്തുല്‍ ബഖീയാവും?”മറുപടിയായി അദ്ദേഹം ഒരു ചോദ്യചിഹ്നമിട്ടു.ശേഷം ലഘു വിവരണം നല്കി.
 ഉഹദിലെ  രക്ത സാക്ഷികളും കൊല്ലപ്പെട്ട  അവിശ്വാസികളും ഇവിടെ അന്തിയുറങ്ങുന്നുണ്ട്.സ്വര്‍ഗ്ഗം കൊണ്ട് വാഗ്ദാനം നല്‍കപ്പെട്ട മൂന്നാം  ഖലീഫ ഉസ്മാന്‍(റ)വും നബിയുടെ പ്രിയ പുത്രി ഫാത്തിമ (റ) വും ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. 

ബഖീയുടെ മണ്ണില്‍  കിടക്കുന്ന ഖബറാളികള്‍ക്ക് വേണ്ടി ദുഹാ ചെയ്ത് മസ്ജിദുന്നബവിയില്‍ കയറി .

മഗരിബും പിന്നീട് ഇശായും നമസ്കരിച്ച് നാളത്തെ സുന്നത്ത്‌ നോമ്പിന്റെ നിയ്യത്തും കരുതി വിശ്രമത്തിന്നായി വീണ്ടും ഹോട്ടല്‍ മുറിയിലേക്ക്‌ നടന്നു.(തുടരും)

2014 മേയ് 13, ചൊവ്വാഴ്ച

ഒരു ഉംറയുടെ ഓര്‍മ്മക്ക് !!! (പന്ത്രണ്ട് )

“പ്രവാചകസൈന്യം മക്കക്കാരെ പ്രതീക്ഷിച്ചു നിലയുറപ്പിച്ചു.പിന്നി നിന്നുള്ള ആക്രമണം തടയാനായി കുറച്ചു അമ്പെയ്ത്തുകാരെ പ്രവാചകൻ ഉഹദ് മലയുടെ മുകളി വിന്യസിച്ചിരുന്നു ;എന്തു സംഭവിച്ചാലും താഴെയിറങ്ങരുതെന്നാണ് പ്രവാചക കല്പന.
വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടുകയാണ്.യുദ്ധം കൊടുമ്പിരി കൊണ്ടു.മുസ്ലിം പോരാളികള്‍ വിജയത്തേരിലേറി .ശത്രുക്കള്‍ പിന്തിരിഞ്ഞതോടെ ഉഹദ് മലയുടെ പലഭാഗങ്ങളില്‍ നിലയുറപ്പിച്ച അമ്പെയ്ത്തുകാരായ മുസ്ലിം യോദ്ധാക്കള്‍ യുദ്ധമുതല്‍ സംഭരിക്കാനായി പ്രവാചകകല്പ്പന ധിക്കരിച്ച് മലയില്‍ നിന്നിറങ്ങി.തക്കം പാര്‍ത്തിരുന്ന ശത്രുക്കള്‍ ഖാലിദു ബിനു വലീദിന്റെ (അന്ന് ഖാലിദ്‌ അവിശ്വാസിയായിരുന്നു)നേത്രത്വത്തില്‍  മലയുടെ പിന്നിലൂടെ കറങ്ങി വന്ന്‌  മുസ്ലിങ്ങളെ പിന്നില്‍ നിന്ന് ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തി മുസ്ലിം സൈന്യം ഛിന്നഭിന്നമായി .ഫലത്തില്‍ മുസ്ലിങ്ങള്‍ പരാജയം എറ്റുവാങ്ങുകയാണുണ്ടായത്.
യുദ്ധത്തിനിടയില്‍  പ്രവാചകന് പരിക്കേറ്റു. പ്രവാചക വധിക്കപ്പെട്ടു എന്നുള്ള കിംവദന്തി പരന്നു. പലരും അങ്കലാപ്പിലായി.സ്വഹാബാക്കളില്‍ ചിലര്‍ പ്രവാചകന് ചുറ്റും അണിനിരന്നു രക്ഷാ കവചം തീര്ത്തതോടെ പ്രവാചകന്‍ സുരക്ഷിതനായി.
പിന്നീട് മുസ്ലിംക ഖുറൈശികളെ തുരത്തിയെങ്കിലും മുസ്ലിംകക്ക് കനത്ത നഷ്ടമുണ്ടായി. ഹസ്രത്ത്‌ ഹംസ (റ),മിസ്‌ ഹബ് ബിനു ഉമൈര്‍ (റ) തുടങ്ങിയ പ്രമുഖരടക്കം എഴുപതോളം മുസ്ലിംക യുദ്ധത്തി വധിക്കപ്പെട്ടു.


ഉഹദ് മലമുകളിലെത്തിയ ഞങ്ങള്‍ സഹോദരന്‍ സിയാദിന്റെ ചരിത്ര വിവരണം ലൌഡ് സ്പീക്കറിലൂടെ കേള്‍ക്കുകയാണ്.ഹ്യദയ സ്പര്‍ശിയായ  അവതരണം കേള്‍വിക്കാരായ ഞങ്ങളെ കണ്ണീഴിലാഴ്ത്തി.
അബു സുഫിയാന്റെ ഭാര്യ ഹിന്ദിന്റെ പ്രേരണയാല്‍ ഹംസ()വിനെ വഹ്ശി ചതിച്ചു കൊന്നത്. പ്രതികാര ദാഹിയായ ഹിന്ദ്‌ ഹംസ () കരള്‍ ചവച്ചു തുപ്പിയത്.റസൂലിനെ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി ശത്രുക്കള്‍ തൊടുത്തു വിടുന്ന ഓരോ അമ്പും സ്വന്തം മുതുകത്ത് ഏറ്റുവാങ്ങി  രക്തസാക്ഷിത്വം വഹിച്ച  ധീരനായ സ്വഹാബി അബൂ ദുജാന......... തുടങ്ങി ഉഹദ് രണാങ്കണത്തിലേ മുഹൂര്‍ത്തങ്ങള്‍ ഓരോന്നും സിയാദ്‌ തന്റെ വാമൊഴിയിലൂടെ ഞങ്ങള്‍ക്ക്‌ മുമ്പില്‍ വരച്ചുകാട്ടി.
വലിയൊരു പേമാരി ഉഹദ് മലയില്‍ പെയ്തിറങ്ങിയ പോലെ. .ചരിത്ര സത്യത്തോട്‌ നീതി പുലര്‍ത്തി സിയാദ്‌ വിഷയത്തില്‍ നിന്നും വിരമിച്ചു. അപ്പോഴും കേൾവിക്കാരായ  ഞങ്ങളുടെ ഹ്യദയം വിതുമ്പുകയായിരുന്നു.
ഉഹദ് ചരിത്രത്തിന്റെ ഭാരവും പേറി ഞങ്ങള്‍ മലയില്‍ നിന്നിറങ്ങി.
വഴിവാണിഭക്കാര്‍ മദീനയിലെ ഈത്തപഴ വില്‍പ്പനയുമായി താഴ്ഭാഗത്ത്‌ തമ്പടിച്ചിരുന്നു.പല നിറത്തിലും രൂപത്തിലും നാമത്തിലുമുള്ള ഈത്തപഴങ്ങള്‍ സന്ദര്‍ശകര്‍  വാങ്ങുന്ന തിരക്കാണവിടെ.
ഈത്തപ്പഴ കൌതുകത്തില്‍ കണ്ണോടിച്ച് മുന്നോട്ട് നീങ്ങി.തൊട്ടടുത്ത അര മതില്‍ക്കെട്ടിനുള്ളില്‍   അന്ത്യ വിശ്രമം കൊള്ളുന്ന ഉഹദ് യുദ്ധത്തില്‍ ശഹീദായ മൂന്നു സ്വഹാബികളുടെ ഖബറിടം സന്ദര്‍ശിക്കാന്‍ ചെന്നു. കെട്ടിടത്തിനു ചുറ്റും കമ്പി വേലികള്‍. അകത്താര്‍ക്കും പ്രവേശനമില്ല. വേലിക്കിപ്പുറത്ത് നിന്ന് ആ മഹാന്മാര്‍ക്ക് വേണ്ടി സന്ദര്‍ശകര്‍ക്ക്‌ പ്രാര്‍ത്ഥിക്കാം. പ്രസ്തുത പ്രാര്‍ത്ഥനാ വാചകം (ദുഹാ) അറബി ലിപികളില്‍ എഴുതി പ്രധാന കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്നു.
ഹംസ (റ) വിന്റെ സഹോദരി  പുത്രനും മുലകുടി ബന്ധത്തിലെ സഹോദരനുമായ അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ കൂടെയാണ് ഹംസ (റ )വിനെ റസൂൽ (സ) ഖബറടക്കിയത് .
ഹംസ (),  അബ്ദുല്ലാഹിബിനു ജഹ്ശ്  (റ) ,മിസ്‌ഹബ് (),എന്നിവരുടെ ഖബറിടം നോക്കി പ്രസ്തുത ദുഹാ ഓതി ഞങ്ങള്‍ കണ്ണീരിന്റെ താഴ് വാരത്തിൽ നിന്നും  മടക്ക യാത്രയാരംഭിച്ചു.     മദീനയിലെ ഖുര്‍ആന്‍ അച്ചടി ശാലയ്ക്ക് സമീപത്തായി വാഹനം നിറുത്തി.സ്ത്രീകള്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചതിനാല്‍ സ്ത്രീകളെയും കുട്ടികളെയും ബസിലിരുത്തി ഞങ്ങള്‍ -പുരുഷന്‍മാര്‍-നീണ്ട ക്യൂവില്‍ നിലയുറപ്പിച്ചു . ഊഴമെത്തിയതോടെ അച്ചടിശാലയില്‍ കയറി ഖുര്‍ആന്‍ അച്ചടിക്കുന്ന യന്ത്രസാമഗ്രികള്‍ കണ്ടു.
തിരികെ വരുമ്പോള്‍ ഖുര്‍ആന്റെ ഒരു പ്രതി സൌജന്യമായി കിട്ടി.അല്‍ഹംദുലില്ലാഹ്! (തുടരും) 
ഖുർആൻ  അച്ചടിശാല









അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...