2012 ജൂൺ 26, ചൊവ്വാഴ്ച

മാലിന്യം ഉപയോഗമുള്ള വസ്തുവാക്കി മാറ്റാം


മാലിന്യ ദുരിതത്തില്‍ നിന്ന് രക്ഷനേടാനും മാലിന്യം ഉപയോഗമുള്ള വസ്തുവാക്കി മാറ്റാനും ഇതാ ഒരു എളുപ്പവിദ്യ. ഓരോ വീട്ടിലും ദിനംപ്രതിയുണ്ടാകുന്ന മാലിന്യം വീട്ടില്‍ തന്നെ സംസ്കരിച്ച് നഗരത്തെ മാലിന്യകൂമ്പാരത്തില്‍നിന്ന് രക്ഷിക്കാന്‍ നിങ്ങള്‍ മുടക്കേണ്ടത് വെറും ആയിരം രൂപ. ഇതില്‍ സര്‍ക്കാറിന്റെയും നഗരസഭയുടെയും വക സബ്സിഡി ലഭ്യമായാല്‍ ചെലവു വരുന്നത് 250 രൂപ മാത്രം. മാലിന്യശല്യം തീരുമെന്ന് മാത്രമല്ല, മികച്ച വളമാക്കി വീട്ടില്‍ തന്നെ അടുക്കളത്തോട്ടമുണ്ടാക്കുകയും ചെയ്യാം. തിരുവനന്തപുരം നഗരസഭയില്‍ നടത്തി വിജയിച്ച പൈപ്പ് കമ്പോസ്റ്റ് മാലിന്യ സംസ്കരണ രീതി കോഴിക്കോട്ട് നടപ്പാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. ഇതിനുള്ള പദ്ധതിരേഖ സര്‍ക്കാറിന് സമര്‍പ്പിച്ചുകഴിഞ്ഞു. എട്ടിഞ്ച് വ്യാസവും നാലു കെ.ജി മര്‍ദവുമുള്ള ഒന്നര മീറ്റര്‍ പി.വി.സി പൈപ്പ് മാത്രമാണ് ഇതിനുവേണ്ടത്. അടപ്പായി ടൈലോ മറ്റോ ഉപയോഗിക്കാം. ഈ കുഴല്‍ 15 സെന്റി മീറ്റര്‍ ആഴത്തില്‍ മണ്ണില്‍ കുഴിച്ചിടണം. വീട്ടിലുണ്ടാകുന്ന എല്ലാ മാലിന്യവും ഇതിലിടാം. പ്ലാസ്റ്റിക് പാടില്ല. വെള്ളവും ഒഴിവാക്കണം. ദിവസം ഓരോ വീട്ടിലും ശരാശരി 400 ഗ്രാം മാലിന്യം ഉണ്ടാകുമെന്നാണ് കണക്ക്. ഈ തോതില്‍ മൂന്നുമാസത്തെ മാലിന്യം ഉള്‍ക്കൊള്ളാന്‍ ഈ പൈപ്പിന് സാധിക്കും. ഇത് പകുതി നിറഞ്ഞാല്‍ മൂന്നു ചിരട്ട മണ്ണിട്ടശേഷം മാലിന്യ നിക്ഷേപം തുടരും. കുഴല്‍ നിറയാന്‍ 10 സെ.മീ ബാക്കിയുള്ളപ്പോള്‍ വീണ്ടും മണ്ണിട്ട് മൂടിവെക്കണം. ഈ സമയത്തേക്ക് ഇതേവലുപ്പത്തിലുള്ള മറ്റൊരു കുഴല്‍ കൂടി സ്ഥാപിക്കണം. ഒന്നു നിറഞ്ഞാല്‍ മറ്റേതില്‍ മാലിന്യമിടുക. അത് നിറയുമ്പോഴേക്ക് ആദ്യത്തേതിലെ മാലിന്യം നല്ല ജൈവവളമായിട്ടുണ്ടാകും. ഒരു കുഴലില്‍നിന്ന് ശരാശരി അഞ്ചു കി.ഗ്രാം വളം ലഭിക്കും. വീട്ടുവളപ്പില്‍ മാലിന്യം ഇല്ലാതാകുന്നതോടെ എലിയും പൂച്ചയും നായയുമൊന്നും ശല്യംചെയ്യാന്‍ വരുകയുമില്ല. പരിസ്ഥിതി മലിനീകരണവും തടയാം. നഗരത്തിലെ നൂറുകണക്കിന് റസിഡന്‍സ് അസോസിയേഷനുകള്‍ താല്‍പര്യമെടുത്താല്‍ നഗരത്തിലെ മാലിന്യമുക്തമാക്കാമെന്നു മാത്രമല്ല, അടുക്കളത്തോട്ടം വഴി അവനവനുവേണ്ട പച്ചക്കറി കൃഷിചെയ്യുകയോ പൂന്തോട്ടമുണ്ടാക്കുകയോ ചെയ്യാം.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...