"തൊട്ടതെല്ലാം പൊന്നാക്കിയ സിറ്റിയുടെ സ്വന്തം സലാം"
-ശംസു മാടപ്പുര -
കച്ചവടത്തോടൊപ്പം കലയെയും നെഞ്ചിലേറ്റിയ സിറ്റിക്കാരൻ. "പുഞ്ചിരി"യിൽ നിന്നു തുടങ്ങി "സംഗമ"ത്തിൽ എത്തിയിരിക്കുന്നു ഇദ്ദേഹം. ഇതിനിടയിൽ രക്തത്തിലലിഞ്ഞു കൂടിയ കലയെ സ്വന്തം പ്രയത്നം കൊണ്ട് പരിപോഷിപ്പിക്കുന്നുമുണ്ട്.
കഠിനപരിശ്രമം, ശ്രദ്ധയോടെയുള്ള ചുവടുവെപ്പ്, സമർപ്പണ ബുദ്ധി ഇവയാണ് ഇദ്ദേഹത്തിൻറെ വിജയഗാഥ യുടെ രഹസ്യം. കണ്ണൂർ സിറ്റിയിൽ ജനിച്ചുവളർന്ന് മൂന്നോളം ലോഡ്ജ് കളുടെ ഉടമയായി തീർന്ന
തച്ചൻകണ്ടി സലാമിൻ്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്
കക്കാട് യുപി സ്കൂളിൽ ഒന്നാം ക്ലാസ്സ് പഠനത്തോടെയാണ്. തുടർന്ന് രണ്ടാം തരം മുതൽ അഞ്ചാം തരം വരെ കണ്ണൂർ ദീനുൽ ഇസ്ലാം സഭ സ്കൂളിലും ചേർന്ന് പഠിച്ചു. ആറാം തരത്തിലാവട്ടെ, സഹോദരിയുടെ ഭർത്താവിൻ്റെ നാടായ പുതിയങ്ങാടിയിലെ
ജി എം യുപി സ്കൂളിലാണ് വിദ്യാഭ്യാസം നേടിയത്. പിന്നീട് ഏഴാം തരം മുതൽ പത്താംതരം വരെ കണ്ണൂർ സിറ്റി ഗവൺമെൻറ് ഹൈസ്കൂളിൽ വെച്ച് പഠനം പൂർത്തീകരിച്ചു. തുടർന്ന് തോട്ടട ഐടിഐ യിൽ ചേർന്ന് പഠിച്ചു. ഐ ടി ഐ യിൽ പഠിക്കുന്ന കാലത്ത് കളമശ്ശേരിയിൽ വച്ച് നടന്ന യുവജനോത്സവത്തിൽ മോണോ ആക്റ്റ്, ഡാൻസ് അവതരിപ്പിച്ചു. തലക്കു മുകളിൽ മൺകൂജ വെച്ചുള്ള ഡാൻസ് അന്നത്തെ കാലത്ത് കാണികളിൽ കൗതുകമുണർത്തി രണ്ടാം സ്ഥാനത്തിനുള്ള സമ്മാനത്തിന് അർഹനായി തീരുകയും ചെയ്തു.
ചെറുപ്രായത്തിൽ തന്നെ സ്വന്തം പറമ്പിൽ ഉപ്പയുടെ കൂടെ കൃഷിയിൽ ഏർപ്പെട്ടിരുന്നു. പിതാവ് തച്ചൻ കണ്ടി അബ്ദുൽഖാദർ മകനെ കൃഷിയുടെ കാര്യത്തിൽ പ്രോത്സാഹിപ്പിച്ചു. കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന കിഴങ്ങുവർഗ്ഗങ്ങളും വാഴപ്പഴവും അങ്ങാടിയിൽ കൊണ്ടുപോയി വിറ്റഴിക്കുമായിരുന്നു. ചെറുപ്പം മുതലേ അധ്വാനശീലനും കച്ചവടത്തിൽ താൽപരനുമാണ് ബീറ്റ സലാം. പ്രവാസിയായിരിക്കെ പുഞ്ചിരി റെഡിമെയ്ഡ് ഷോപ്പ് ആരംഭിച്ച് കച്ചവട രംഗത്ത് ചുവടുറപ്പിച്ചു. പ്രവാസ ജീവിതം മതിയാക്കി കണ്ണൂർ ടൗണിൽ ബീറ്റ ഫൂട്ട് വെയർ എന്ന സ്ഥാപനം തുടങ്ങി. ക്രമേണ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് പ്രവേശിച്ചു. അതോടെ തൊട്ടതെല്ലാം പൊന്നാക്കുന്ന ചുരുക്കം ചിലരിൽ ഒരാളായി ബീറ്റ സലാം മാറി. സംഗമം ടൂറിസ്റ്റ് ഹോമുകളുടെ അധിപതിയാകാൻ ബീറ്റ സലാമിന് ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല. ഇന്ന് കണ്ണൂരിലെ ടൂറിസ്റ്റ് ഹോം അസോസിയേഷനിലെ തലയെടുപ്പുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം.
ഓൾ കേരള ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പദം അലങ്കരിക്കുന്നു.
ഇദ്ദേഹത്തിൻറെ സഹോദരി സഹോദരൻമാരുടെ സ്ഥാപനങ്ങളും കണ്ണൂർ ടൗണിലുണ്ട്.
പ്രഥമ സംരംഭമായ
സ്ഥാപനത്തിൻറെ പേര് സൂചിപ്പിക്കുന്നതുപോലെ ആരോടും സദാ പുഞ്ചിരിക്കുന്ന ലോലഹൃദയൻ. ജോലിക്കാരെ സ്വന്തം സഹോദരങ്ങളെ പോലെ കരുതി പെരുമാറുന്ന മുതലാളി. ഇതിനെല്ലാം പുറമേ കലക്കു വേണ്ടി സമയം കണ്ടെത്തുന്ന ഒരാൾ.
സ്കൂൾ പഠന കാലം മുതലേ മിമിക്രി, മോണോ ആക്ട് എന്നീ അനുകരണകലയിൽ ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. പിന്നീട് കിട്ടുന്ന വേദികളിലും വാട്സ്ആപ്പ് പ്ലാറ്റ്ഫോമുകളിലും
തൻറെ കഴിവുകൾ അദ്ദേഹം തുറന്നുകാട്ടി. ഇന്നും പലരെയും അനുകരിച്ച് മിമിക്രി പൊടിപൊടിക്കുന്നു. ഇതിനിടയിൽ രണ്ടു സിനിമകളിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു. ഒരുപാട് ആൽബങ്ങളിൽ പാടി അഭിനയിച്ചു. കരോക്കി വെച്ച് പാടുന്ന വീഡിയോകളും പുറത്തിറക്കി. സിറ്റിയുടെ വാട്സപ്പ് ഗ്രൂപ്പ് സ്നേഹ സല്ലാപത്തിലും മറ്റൊരു ഗ്രൂപ്പായ ഖൽബിലെ കോട്ടക്കായിലും ബീറ്റ സലാം എന്ന സംഗമം സലാം പാടിയും അനുകരിച്ചും അരങ്ങുതകർക്കുന്നു.
ഇതര വാട്സപ്പ് ഗ്രൂപ്പുകളിലും ഇദ്ദേഹത്തിൻറെ സജീവസാന്നിധ്യം ശ്രദ്ധേയമായതാണ്.
വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന തത്ത്വം സാംശീകരിച്ച് മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയും ശേഷം പൊന്നു മക്കൾക്ക് അനുയോജ്യമായ വരന്മാരെ കണ്ടെത്തി കൊടുക്കുകയും ചെയ്തു. മകനെ വിദ്യാഭ്യാസത്തിനു പുറമേ കച്ചവട രംഗത്തേക്കും കൈപിടിച്ചുയർത്തി.തൻറെ ജന്മനാടിനെ അങ്ങേയറ്റം സ്നേഹിക്കുകയും താൻ ജനിച്ചു വളർന്ന കോട്ടക്കായിൽ ദേശത്തെ നെഞ്ചോടു ചേർക്കുകയും ചെയ്ത ബീറ്റ സലാം കണ്ണൂർ ടൗണിലെ ഒരുപാട് വ്യാപാരികളുമായി സൗഹൃദബന്ധം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. അവരിലൊരാളായി കഴിയുമ്പോഴും എപ്പോഴും വിനയാന്വിതനായി കഴിയാനാണ് ശ്രമിച്ചിട്ടുള്ളത്.
കണ്ണൂർ ടൗണിലെ ലോഡ്ജ് ഉടമകൾക്കിടയിൽ സംഗമം ഗ്രൂപ്പിൻറെ മാനേജിങ് ഡയറക്ടറായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ജീവിതത്തിൻറെ നാനാതുറകളിൽ കഴിവ് തെളിയിച്ച ഇദ്ദേഹത്തെ കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും നമുക്ക് മാതൃകയാക്കാവുന്നതാണ്.
(ഇദ്ദേഹത്തിൻറെ സ്ഥാപനമായ ബീറ്റ ഫുട്ട് വേയറിൽ ഒരുകാലത്ത് ഞാനും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഞാൻ കണ്ട മുതലാളിമാരിൽ നല്ല വ്യക്തിത്വത്തിൻ്റെ ഉടമയാണ് ഇദ്ദേഹം.
ഇദ്ദേഹത്തെക്കുറിച്ച് എഴുതാൻ സാധിച്ചതിൽ
അല്ലാഹുവിനെ സ്തുതിക്കുന്നു. അൽഹംദുലില്ലാഹ്!)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ