സിറ്റിയുടെ സ്വന്തം സീനിയർ എഡിറ്റർ
-ഷംസു മാടപ്പുര-
മലയാളമാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മാധ്യമം ദിനപത്രത്തിന്റെ വാർത്താ മുറിയിൽ സുപ്രധാനമായ ഒരു പദവിയിലിരുന്ന് കൃത്യ നിർവ്വഹണത്തിൽ മുഴുകുന്ന സിറ്റിയുടെ സ്വന്തം സീനിയർ എഡിറ്ററെന്ന വിശേഷണത്തിന്നർഹനായ ഫസലിനെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നത് ലക്ഷ്യ പൂർത്തീകരണത്തിനുള്ള ചുവട് വെപ്പായിരുന്നു. നന്നേ ചെറുപ്പം തൊട്ട് കൊതിച്ച താവളമായിരുന്നു പത്രപ്രവർത്തനം. ഓർമ വെച്ച നാൾ തൊട്ട് വാർത്തകളുടെ ലോകത്തായിരുന്ന ഫസൽ
വീട്ടിലെ മർഫി റേഡിയോയിൽ നിന്ന് അതിരാവിലെ പ്രാദേശിക വാർത്തകൾ കേട്ടായിരുന്നു ഉറക്കത്തിൽ നിന്നെഴുന്നേറ്റിരുന്നത്.പിന്നാലെ രാത്രി ഉപ്പ വീട്ടിൽ കൊണ്ടുവരുന്ന ചന്ദ്രിക, മാതൃഭൂമി പത്രങ്ങളുടെ പഴകിയ വായനയും. പത്രവായന ഹരമായപ്പോൾ ഉപ്പ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്കായി ഓരോ പ്രഭാതവും. രണ്ട് പത്രങ്ങളും അരച്ചുകലക്കി കുടിച്ച് തൊട്ടു മുമ്പിലെ വായനശാലയിലേക്കായിരുന്നു അടുത്ത ചുവട് വെപ്പ്. പത്രവായനയിലൂടെ അൽപം രാഷ്ട്രീയവും ലോകവിവരവുമൊക്കെ ആയെന്ന അഹങ്കാരത്തിലാണ് എഴുതാൻ തുടങ്ങിയത്.ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സാഹസം .ആദ്യമൊക്കെ വാരികകളിലെ ചോദ്യോത്തര പംക്തികളിലും ഫലിത ബിന്ദുക്കളിലും കത്തെഴുത്ത് കോളത്തിലും അച്ചടി മഷി പുരണ്ടു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മലർവാടിയിലെ ആശകൾ അഭിലാഷങ്ങൾ എന്ന പംക്തിയിൽ സാഹിത്യകാരനാവണമെന്ന പൂതി പടം സഹിതം അച്ചടിച്ചുവന്നത് നിർണായക വഴിത്തിരിവായി.
ക്ലാസിൽ മലർവാടി മാലോകരോട് ആ കാര്യം വിളിച്ചു പറഞ്ഞ അബ്ദു മാഷും അത് കണ്ട് ഒപ്പം കൂടിയ രാധാമണി ടീച്ചറും വൽസം ടി. ജോർജ് എന്ന ഏറ്റവും പ്രിയങ്കരിയായ ക്ലാസ് ടീച്ചറും നൽകിയ പ്രോത്സാഹനം പത്രപ്രവർത്തകനാകണമെന്ന സ്വപ്നങ്ങൾക്ക് ചിറകേകി.
പിന്നാലെ കെ.മഹറൂഫ് എന്ന അനുഗ്രഹീതനായ ചിത്രകാരന്റെ സഹായത്തോടെ പുറത്തിറക്കിയ കൈയ്യെഴുത്ത് പത്രം സ്കൂൾ മൊത്തം ചർച്ച ചെയ്യപ്പെട്ടു. തൊട്ടുപിറകെ ശബ്ദം എന്ന പേരിൽ കൈയ്യെഴുത്ത് മാസികയും പിറന്നു.
മാതൃഭൂമിയിലെ എൻ.അബ്ദുറഹീ മായിരുന്നു (റഹീംക്ക ) മാതൃക. ഏറെ കഴിയും മുമ്പെ ഒ അബൂട്ടി, ഒ.ഉസ്മാൻ തുടങ്ങിയവരുമായി പരിചയപ്പെട്ടു . ആ സമയത്താണ് എം.അബ്ദു റഹ്മാൻ സിറ്റി യിലേക്ക് താമസം മാറുന്നത്. അദ്ദേഹവുമായുള്ള സഹവാസം പത്രപ്രവർത്തകൻ എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുപ്പിച്ചു . കളിയെഴുത്തിനോടുള്ള കമ്പം ആ പാതയിലേക്ക് വഴി തുറന്നു. ചന്ദ്രികയിലും കേരളകൗമുദിയിലും നിരന്തരം ലേഖനങ്ങൾ വന്നു. ഫുട്ബാൾ ഫ്രണ്ടിലും മാധ്യമത്തിലും (മാധ്യമം തുടങ്ങിയത് മുതൽ പി.കെ. നിയാസിലൂടെ) ലേഖനങ്ങൾ വെളിച്ചം കണ്ടു.
ഇതിനിടെ ഡിഗ്രിക്ക് പഠിക്കുമ്പോൾ കലിക മിനിമാഗസിൻ തുടങ്ങി. പത്രാധിപ സ്ഥാനം അലങ്കരിച്ചു.ഒപ്പം ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ആർക്കും വേണ്ടാത്ത ഒരു കണ്ണ് എന്ന കഥാസമാഹരം സിറ്റിയിൽ നിന്ന് പുറത്തിറക്കി.ഇതോടെ ആകാശവാണിയിൽ സ്പോർട്സ് പരിപാടികൾ അവതരിപ്പിക്കാനും അവസരം തുറന്നു.
രാഷ്ട്രീയമടക്കം ഒരുപാട് ഗുലുമാലിറ്റുസുകൾക്കിടയിൽ കഷ്ടിച്ച് ഡിഗ്രി ജയിച്ച് പി.ജിക്ക് ചേർന്നപ്പോഴാണ് മാധ്യമത്തിൽ പത്രപ്രവർത്തക പരിശീലനത്തിനുള്ള അപേക്ഷ കണ്ടത്.
വലിയ ആത്മവിശ്വാസത്തോടെ അപേക്ഷിച്ചു. എഴുത്ത് പരീക്ഷ അത്ര നന്നായില്ലെന്ന ബോധ്യം ഇപ്പോഴുമുണ്ടെന്കിലും കളിയെഴുത്തിലെ കമ്പമാവാം പത്ര സ്ഥാപനത്തിലേക്കുള്ള വാതിൽ തുറന്ന് തന്നതെന്ന് ഫസൽ ഉറച്ചുവിശ്വസിക്കുന്നു.1993- ൽ സബ് എഡിറ്റർ ട്രെയിനിയായി മാധ്യമത്തിൽ ചേർന്നു.
മാധ്യമത്തിലെ തുടർന്നങ്ങോട്ടുള്ള ഓരോ മണിക്കൂറും പരിമിതികളെ അതിജയിക്കാനുള്ള നിതാന്ത പരിശ്രമങ്ങളായിരുന്നു. ഒപ്പം വന്നവരിലും മുമ്പെ വന്നവരിലും പലരും നിലനിൽപിന് വേണ്ടി കഷ്ടപ്പെട്ടപ്പോൾ ആത്മാർഥമായ ആ പരിശ്രമങ്ങൾക്ക് വളരെ വേഗം അംഗീകാരം കിട്ടി. താൻ പോലും പ്രതീക്ഷിക്കാത്ത നേരത്ത് മെയിൻ ന്യുസ് ഡസ്കി ലേക്ക് മാറ്റം .കണ്ണൂരിലും മലപ്പുറത്തം എഡിറ്റോറിയൽ ചുമതല വഹിച്ചു. ഇപ്പോൾ മദർ ഡസ്കിൽ സീനിയർ ന്യൂസ് എഡിറ്ററുടെ സുപ്രധാന റോൾ. നിരവധി ദേശീയ അന്തർദേശീയ മൽസരങ്ങൾ റിപ്പോർട്ട് ചെയ്തു.നിരവധി പ്രമുഖരുമായി പരിചയപ്പെട്ടു.
ഒറ്റ ലക്ഷ്യത്തിലേക്ക് സമർപ്പണബോധത്തോടെ ചുവട് വെച്ചാൽ
എന്തും സാധ്യമാണെന്ന് സ്വന്തം ജീവിതം തന്നെ ഉദാഹരണമെന്ന് ഫസൽ.
കോമൺവെൽത്ത് ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ
സാഫ് ഫുട്ബാൾ, സാഫ് അത് ലറ്റിക് മീറ്റ്, ദേശീയ ഗെയിംസ് ,ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 15 ഇന്റെർനാഷനൽ മൽസരങ്ങൾ, ഐ.പി.എൽ ക്രിക്കറ്റ്, സന്തോഷ് ട്രോഫി
ഫെഡറേഷൻ കപ്പ് 'തുടങ്ങി നിരവധി ദേശീയ അന്തർദേശീയ മൽസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആകാശവാണി കണ്ണുർ, കോഴിക്കോട് നിലയങ്ങളിൽ അൻപതിലേറെ കായികപരിപാടികൾ അവതരിപ്പിക്കാനും സാധിച്ചു.
സാമൂഹ്യ സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി, ഫ്രൈഡേ ക്ലബ് ജനറൽ സെക്രട്ടറി എന്നിവയ്ക്കുപുറമേ കണ്ണൂർ പ്രസ്സ് ക്ലബ്ബിൻറെ വൈസ് പ്രസിഡണ്ടായും ട്രഷററായും സേവനമനുഷ്ഠിച്ചു. കണ്ണൂർ സിറ്റി വട്ടക്കണ്ടി യിലെ പരേതനായ അബ്ദുൽ മജീദ്- ഫാത്തിമ ദമ്പതികളുടെ മകൻ. ഭാര്യ സൗജത്ത് കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മക്കൾ മൂന്ന് പേർ:ഡോ. ഫാത്തിമത്തുൽ ഫസ്ന,BASLP വിദ്യാർത്ഥിനിയായ ഫസീഹ ജബീൻ, ഒമ്പതാം തരം വിദ്യാർത്ഥിനി ഫറാ തബ്സൂം. ഫൈസൽ, ഫൗസിയ എന്നിവർ സഹോദരങ്ങളാണ്. ഇപ്പോൾ മുണ്ടയാട് ജേണലിസ്റ്റ് നഗറിലാണ് താമസം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ