2019 ഏപ്രിൽ 19, വെള്ളിയാഴ്‌ച

🌹വ്യക്തിപരിചയം💐


സിറ്റി ഭാഷയുടെ നാരീമണി

സിറ്റിയുടെ തനതായ ഭാഷയിൽ തൂലിക ചലിപ്പിക്കുന്ന അനുഗ്രഹീത എഴുത്തുകാരി എന്ന വിശേഷണത്തിന് അർഹയാണ് കയറുന്നിസ പാറപ്പുറത്ത്. വിവാഹാനന്തരം എറണാകുളം സിറ്റിയിലേക്ക് പറിച്ചുനട്ടെങ്കിലും ജന്മം നൽകിയ കണ്ണൂർ സിറ്റിയുടെ മുക്കിലും മൂലയിലും പാറി കളിക്കുകയായിരുന്നു മനസ്സ്. സിറ്റിയുടെ സ്വന്തം മക്കൾ ഫേസ്ബുക്ക് പേജിലൂടെ സിറ്റി യെക്കുറിച്ചും സിറ്റിയിൽനിന്ന് വേർപിരിയുന്നവരുടെ ചരമ വാർത്തകളും മറ്റും അറിയുമ്പോഴും താൻ കളിച്ചുവളർന്ന സിറ്റി യെക്കുറിച്ചുള്ള നൊസ്റ്റാൾജിയ എപ്പോഴും തീരാവേദന പോലെ മനസ്സിൽ കൊണ്ടു നടക്കുമായിരുന്നു. സ്നേഹതീരം വാട്സപ്പ് ഗ്രൂപ്പിലൂടെ ഒരുപാട് സിറ്റി ക്കാരെ കിട്ടിയപ്പോഴാണ് എല്ലാ സ്വന്തക്കാരും വിരൽത്തുമ്പിന്നരികിലുണ്ടല്ലോ എന്ന ആശ്വാസമുണ്ടായത്. പുതുതായി എഴുതി തുടങ്ങുന്നവരും എഴുതിത്തെളിഞ്ഞവരും അടങ്ങുന്ന കണ്ണൂർ സിറ്റിയിലെ ഏക വാട്സപ്പ് ആപ്പ് കൂട്ടായ്മയായ സ്നേഹതീരത്ത് വെച്ചാണ് കണ്ണൂർ സിറ്റിയുടെ തനതായ ഭാഷയിൽ എഴുത്താരംഭിച്ചത്.  നെഞ്ചോടേറ്റിയ സിറ്റിയുടെ സ്വന്തം ഭാഷ തൂലികയിലൂടെ നിർഗ്ഗളിച്ച പ്പോൾ സ്നേഹതീരം അതേറ്റെടുക്കുകയായിരുന്നു. പിന്നെ കണ്ണൂർ സിറ്റിയിലേക്ക് നിരന്തരം വരവായി. സ്നേഹ തീരത്തിന്റെ സകല പരിപാടികളിലും നിറസാന്നിധ്യമായി തിളങ്ങി. ഏതാനും മാസങ്ങൾക്ക് മുമ്പ് സ്നേഹതീരം ഉമ്മാമ സംഗമത്തിൽ വച്ച് സ്നേഹാദരവ് ഏറ്റുവാങ്ങി. 24 വർഷമായി കണ്ണൂർ സിറ്റിയുമായുള്ള  ബന്ധം നഷ്ടപ്പെട്ടിട്ട്. അതിൽ 20 വർഷത്തോളം സിറ്റി യെക്കുറിച്ച് അറിഞ്ഞത് നേരത്തെ പറഞ്ഞ പോലെ സോഷ്യൽ മീഡിയ വഴിയാണ്. ഇപ്പോൾ നാലു വർഷത്തോളമായി സിറ്റിയിലേക്ക് നിരന്തരം കടന്നുവരുന്നു. എറണാകുളത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിൽ തലശ്ശേരി എത്തിക്കഴിഞ്ഞാൽ പിന്നെ മനസ്സ് തിടുക്കം കൂട്ടുകയായി, എത്രയും വേഗം സിറ്റിയിലേക്ക് എത്തിച്ചേരാൻ. സ്നേഹതീരം വാട്സപ്പ് ആപ്പ് ഗ്രൂപ്പിലിരിക്കുമ്പോൾ സിറ്റിയിലെ ഏതോ ഇടവഴിയിലോ, തെക്യാബിന്റെ ചേയിമ്മലോ, കെജ്ജിമ്മലോ ഇരിക്കുന്ന ഒരു സുഖം പറഞ്ഞറിയിക്കാൻ വയ്യ.
അതിൽ ഇടപഴകുമ്പോഴാണ് സിറ്റി വർത്തമാനം വരിക. എല്ലാവർക്കും അത് ഇഷ്ടമാണ്. ഒരുപാട് പ്രോത്സാഹനങ്ങൾ ഒക്കെ സ്നേഹതീരം തന്നിട്ടുണ്ട്. എഴുത്തിൻറെ വഴിയിൽ അതൊരു മുതൽക്കൂട്ടായി.
പത്തുവർഷത്തോളം എറണാകുളത്ത് കൊച്ചുകുട്ടികളുടെ ടീച്ചറായി. ഇപ്പോൾ സോഷ്യൽ ആക്ടിവിറ്റിസി ലൂടെ സമൂഹത്തിൽ ഇടപെടുന്നു.
എറണാകുളത്തിന്റെ പ്രൗഡിയും പത്രാസും എത്ര കണ്ടാലും  ഓണപ്പൂക്കളമിട്ട പോലത്തെ ചാണോനും മുല്ലപ്പൂ വിതറിയപോലെ റോഡിൽ കാണുന്ന ആട്ടും മുട്ടയും ചവിട്ടി സിറ്റിയിലെ ഇടവഴികളിലൂടെ നടക്കാനാണ് ഇപ്പോഴും കയറുന്നിസയുടെ മനസ്സ് കൊതിക്കുന്നത്.
കണ്ണില്ലാത്തപ്പോഴല്ലേ കണ്ണിൻറെ കാഴ്ചയുടെ വില അറിയൂ എന്നതുപോലെ സിറ്റിയിൽനിന്നും വേറൊരിടത്തേക്ക് പറിച്ചു നട്ടാലാണ് നമ്മുടെ നാട്ടിലെ മഹത്വം അറിയൂ. അത് വേണ്ടുവോളം അനുഭവിച്ചവളാണ് കയറു ന്നിസ.
 രണ്ട് നീറാലും രണ്ട് കിണറും അടങ്ങിയ പാറപ്പുറം എന്ന തറവാടിലെ എളാമ മൂത്തമ്മ മക്കൾ എന്ന കൂട്ടുകുടുംബം നഷ്ടപ്പെട്ട് അണുകുടുംബമായി ഭർത്താവും മക്കളുമായി എറണാകുളത്ത് താമസിക്കുന്ന കയറുന്നീസയുടെ നഷ്ടവസന്തങ്ങൾ ആണ് മത്സ്യ കാറ്റ് ഒഴുകുന്ന ആയിക്കരയും പ്രൗഡിയയോടെ തലയുയർത്തിനിൽക്കുന്ന സിറ്റി ജുമാഅത്ത് പള്ളി യും.
പാറപ്പുറത്ത് ഖദീജ-മായിൻ ദമ്പതികളുടെ മകൾ. മുഴപ്പിലങ്ങാട് സ്വദേശിയും എറണാകുളത്ത് ബിസിനസുകാരനുമായ അബ്ദുൽ ജബ്ബാറിന്റെ പ്രിയപത്നി. കയറുന്നീസക്ക് 5 സഹോദരികളും ഒരു സഹോദരനും ഉണ്ട്.
രണ്ടു പെൺമക്കളിൽ ഒരാൾ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എം എസ് സിക്ക് പഠിക്കുന്നു. മറ്റൊരാൾ പ്ലസ് ടു കഴിഞ്ഞ് റിസൽട്ടിനായി കാത്തിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...