2019 ഏപ്രിൽ 19, വെള്ളിയാഴ്‌ച

ഞാൻ കണ്ടുമുട്ടിയ മൂന്ന് അത്ഭുത മനുഷ്യർ





✍ ഷംസു മാടപ്പുര

സൗദി അറേബ്യയിലെ സുമൈസ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സ്നേഹതീരം വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമായ സൈനുദ്ദീന്റെ ആരോഗ്യനിലയിൽ മാറ്റം വന്നതിനെത്തുടർന്ന് യാത്ര ചെയ്യാമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് തുടർ ചികിത്സക്കായി ഇന്ന് കാലത്ത് സൈനുദ്ദീൻ നാടടഞ്ഞു. അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ വേണ്ടി എല്ലാവിധ സഹായങ്ങളും നൽകിയ  തിരുവനന്തപുരം സ്വദേശി ഷാജഹാൻ കല്ലമ്പലം, അതുപോലെ സൗദിയിലെ സ്നേഹതീരം ഗ്രൂപ്പ് അംഗങ്ങളായ അബുബക്കർ, പി വി അബ്ദുറഹ്മാൻ, മുഹമ്മദ് ഷബീർ, മുഹമ്മദ് മുനീർ എന്നിവരുടെ സേവനം എടുത്തുപറയേണ്ട ഒന്നാണ്. ഇവിടെ 3 അത്ഭുത മനുഷ്യരെ ഞാൻ കണ്ടുമുട്ടി. പ്രസംഗകലയിലെ ഉസ്താദായ അബ്ദുസമദ് സമദാനി തൻറെ പ്രസംഗത്തിൽ മൂന്ന് അൽഭുത മനുഷ്യരെക്കുറിച്ച്  പറയുന്നുണ്ട്. അതേ പോലത്തെ 3 അത്ഭുത മനുഷ്യർ സൈനുദ്ദീൻ സംഭവത്തിലൂടെ കടന്നുവന്നു.
തിരുവനന്തപുരം സ്വദേശിയായ ഒരാൾ കണ്ണൂർ സിറ്റിയിലുള്ള സൈനുദ്ദീന്  വേണ്ടി രംഗത്തിറങ്ങുക. ആശുപത്രി ചിലവ് സൗദി ഗവൺമെൻറിൻറെ വെൽഫെയർ ഫണ്ടിൽ നിന്നും ലഭ്യമാക്കി കൊടുക്കുകയും   എംബസി വഴി യാത്രക്കുള്ള ടിക്കറ്റുകളും മറ്റും ശരിയാക്കാൻ വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്ത ഷാജഹാൻ കല്ലമ്പലം എന്ന വ്യക്തി തന്നെയാണ് ആദ്യത്തെ അത്ഭുത മനുഷ്യൻ.  കച്ചവടസംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും സ്ഥാപനം തുറക്കാൻ കഴിയാതെ വിഷമിക്കുകയും ചെയ്യുന്ന ഒരു സങ്കീർണ്ണഘട്ടത്തിൽ, മാനസികമായ വിഷമിക്കുന്ന ഒരവസ്ഥയിൽ സ്നേഹതീരത്തിലൂടെ മാത്രം പരിചയപ്പെട്ട സൈനുദ്ദീന് വേണ്ടി സൗദിയിലെ ഇതര ഗ്രൂപ്പ് അംഗങ്ങളോടൊപ്പം നിരന്തരം ആശുപത്രി സന്ദർശിക്കുകയും  സൈനുദ്ദീനെ നാട്ടിലേക്ക് അനുഗമിക്കുകയും ചെയ്യാൻ മനസാ വാചാ കർമ്മണാ രംഗത്തിറങ്ങിയ മുഹമ്മദ് മുനീർ തന്നെയാണ് രണ്ടാമത്തെ അത്ഭുതമനുഷ്യൻ. മറ്റൊന്ന് ആശുപത്രിയിൽ നഴ്സായി സേവനം അനുഷ്ഠിക്കുന്ന കൊല്ലം സ്വദേശി ജെസ്സി എന്ന മാലാഖയാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 7 മണിക്ക് പോകേണ്ട ആ മഹതി   സൈനുദ്ദീന് വേണ്ടി നൽകിയ സേവനം സ്തുത്യർഹമായ ഒന്നായിരുന്നു. മികച്ച പരിചരണം നൽകുക മാത്രമല്ല എയർപോർട്ട് വരെ അനുഗമിക്കുകയും ചെയ്തതിനുശേഷം വിശ്രമമില്ലാതെ വീണ്ടും വൈകിട്ട് ആശുപത്രിയിൽ ഡ്യൂട്ടിക്ക് ചേർന്ന വലിയൊരു മനസ്സിൻറെ ഉടമയായ, സേവന സന്നദ്ധത പ്രകടിപ്പിച്ച ആ മാലാഖ തന്നെയാണ് മൂന്നാമത്തെ അൽഭുത മനുഷ്യൻ.
ഈ അവസരത്തിൽ മൂവർക്കും വേണ്ടി പ്രാർഥിക്കുന്നതോടൊപ്പം എൻറെ ബിഗ് സല്യൂട്ട്!!!
ഇതോടനുബന്ധിച്ച് ഒരു കാര്യം അടിവരയിട്ട് സൂചിപ്പിക്കട്ടെ!
സൗദി ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന നിരാലംബരായ, അവശത അനുഭവിക്കുന്ന, സാമ്പത്തിക ഞെരുക്കം മൂലം ആശുപത്രി ബിൽ അടയ്ക്കാൻ സാധിക്കാത്ത രോഗികളുടെ ജീവ സുരക്ഷയ്ക്ക് വേണ്ടി ഒരു വെൽഫെയർ ഫണ്ട് തന്നെ ഗവൺമെൻറ് ഒരുക്കിയിട്ടുണ്ട്.  രോഗികളുടെ ചികിത്സാചെലവ് ലക്ഷത്തിലധികം വരികയാണെങ്കിൽ പോലും അത് ഗവൺമെൻറ് തലത്തിൽ നിന്നും ലഭ്യമാക്കണം എന്നാണ് സൗദി ഭരണകൂടത്തിന്റെ നിർദ്ദേശം. ഈ ആനുകൂല്യം നേടിയെടുക്കാൻ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. ഇന്ത്യൻ എംബസിയുടെ വെൽഫെയർ വിംഗ് അധികാരപ്പെടുത്തിയ ഷാജഹാൻ കല്ലമ്പലം പോലുള്ളവർക്ക് മാത്രമേ ഇക്കാര്യത്തിൽ ഇടപെടാൻ പറ്റൂ. അത് കൃത്യമായി നിറവേറ്റാൻ ആ മനുഷ്യസ്നേഹി തയ്യാറായി എന്നതാണ് വാസ്തവം.

വ്യക്തിപരിചയം



സിറ്റിയുടെ സ്വന്തം സീനിയർ എഡിറ്റർ

-ഷംസു മാടപ്പുര-

മലയാളമാധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മാധ്യമം ദിനപത്രത്തിന്റെ വാർത്താ മുറിയിൽ സുപ്രധാനമായ ഒരു പദവിയിലിരുന്ന് കൃത്യ നിർവ്വഹണത്തിൽ മുഴുകുന്ന സിറ്റിയുടെ സ്വന്തം  സീനിയർ എഡിറ്ററെന്ന വിശേഷണത്തിന്നർഹനായ ഫസലിനെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നത് ലക്ഷ്യ പൂർത്തീകരണത്തിനുള്ള ചുവട് വെപ്പായിരുന്നു. നന്നേ ചെറുപ്പം തൊട്ട് കൊതിച്ച താവളമായിരുന്നു പത്രപ്രവർത്തനം. ഓർമ വെച്ച നാൾ തൊട്ട് വാർത്തകളുടെ ലോകത്തായിരുന്ന ഫസൽ
വീട്ടിലെ മർഫി റേഡിയോയിൽ നിന്ന് അതിരാവിലെ പ്രാദേശിക വാർത്തകൾ കേട്ടായിരുന്നു ഉറക്കത്തിൽ നിന്നെഴുന്നേറ്റിരുന്നത്.പിന്നാലെ രാത്രി ഉപ്പ വീട്ടിൽ കൊണ്ടുവരുന്ന ചന്ദ്രിക, മാതൃഭൂമി പത്രങ്ങളുടെ പഴകിയ വായനയും. പത്രവായന ഹരമായപ്പോൾ ഉപ്പ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്കായി ഓരോ പ്രഭാതവും. രണ്ട് പത്രങ്ങളും അരച്ചുകലക്കി കുടിച്ച് തൊട്ടു മുമ്പിലെ വായനശാലയിലേക്കായിരുന്നു അടുത്ത ചുവട് വെപ്പ്. പത്രവായനയിലൂടെ അൽപം രാഷ്ട്രീയവും ലോകവിവരവുമൊക്കെ ആയെന്ന അഹങ്കാരത്തിലാണ് എഴുതാൻ തുടങ്ങിയത്.ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സാഹസം .ആദ്യമൊക്കെ വാരികകളിലെ ചോദ്യോത്തര പംക്തികളിലും ഫലിത ബിന്ദുക്കളിലും കത്തെഴുത്ത് കോളത്തിലും അച്ചടി മഷി പുരണ്ടു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ  മലർവാടിയിലെ ആശകൾ അഭിലാഷങ്ങൾ എന്ന പംക്തിയിൽ സാഹിത്യകാരനാവണമെന്ന പൂതി പടം സഹിതം അച്ചടിച്ചുവന്നത് നിർണായക വഴിത്തിരിവായി.
ക്ലാസിൽ മലർവാടി മാലോകരോട് ആ കാര്യം വിളിച്ചു പറഞ്ഞ അബ്ദു മാഷും അത് കണ്ട് ഒപ്പം കൂടിയ രാധാമണി ടീച്ചറും വൽസം ടി. ജോർജ് എന്ന ഏറ്റവും പ്രിയങ്കരിയായ ക്ലാസ് ടീച്ചറും നൽകിയ പ്രോത്സാഹനം പത്രപ്രവർത്തകനാകണമെന്ന സ്വപ്നങ്ങൾക്ക് ചിറകേകി.
പിന്നാലെ കെ.മഹറൂഫ് എന്ന അനുഗ്രഹീതനായ ചിത്രകാരന്റെ സഹായത്തോടെ പുറത്തിറക്കിയ കൈയ്യെഴുത്ത് പത്രം സ്കൂൾ മൊത്തം ചർച്ച ചെയ്യപ്പെട്ടു. തൊട്ടുപിറകെ ശബ്ദം എന്ന പേരിൽ കൈയ്യെഴുത്ത് മാസികയും പിറന്നു.
 മാതൃഭൂമിയിലെ എൻ.അബ്ദുറഹീ മായിരുന്നു (റഹീംക്ക ) മാതൃക. ഏറെ കഴിയും മുമ്പെ ഒ അബൂട്ടി, ഒ.ഉസ്മാൻ തുടങ്ങിയവരുമായി പരിചയപ്പെട്ടു . ആ സമയത്താണ് എം.അബ്ദു റഹ്മാൻ സിറ്റി യിലേക്ക് താമസം മാറുന്നത്. അദ്ദേഹവുമായുള്ള സഹവാസം പത്രപ്രവർത്തകൻ എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുപ്പിച്ചു . കളിയെഴുത്തിനോടുള്ള കമ്പം ആ പാതയിലേക്ക്  വഴി തുറന്നു. ചന്ദ്രികയിലും കേരളകൗമുദിയിലും നിരന്തരം ലേഖനങ്ങൾ വന്നു. ഫുട്ബാൾ ഫ്രണ്ടിലും മാധ്യമത്തിലും (മാധ്യമം തുടങ്ങിയത് മുതൽ പി.കെ. നിയാസിലൂടെ) ലേഖനങ്ങൾ  വെളിച്ചം കണ്ടു.
ഇതിനിടെ ഡിഗ്രിക്ക് പഠിക്കുമ്പോൾ കലിക മിനിമാഗസിൻ തുടങ്ങി. പത്രാധിപ സ്ഥാനം അലങ്കരിച്ചു.ഒപ്പം ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ആർക്കും വേണ്ടാത്ത ഒരു കണ്ണ് എന്ന കഥാസമാഹരം സിറ്റിയിൽ നിന്ന് പുറത്തിറക്കി.ഇതോടെ ആകാശവാണിയിൽ സ്പോർട്സ് പരിപാടികൾ അവതരിപ്പിക്കാനും അവസരം തുറന്നു.
രാഷ്ട്രീയമടക്കം ഒരുപാട് ഗുലുമാലിറ്റുസുകൾക്കിടയിൽ കഷ്ടിച്ച് ഡിഗ്രി ജയിച്ച് പി.ജിക്ക് ചേർന്നപ്പോഴാണ് മാധ്യമത്തിൽ പത്രപ്രവർത്തക പരിശീലനത്തിനുള്ള അപേക്ഷ കണ്ടത്.
വലിയ ആത്മവിശ്വാസത്തോടെ അപേക്ഷിച്ചു. എഴുത്ത് പരീക്ഷ അത്ര നന്നായില്ലെന്ന ബോധ്യം ഇപ്പോഴുമുണ്ടെന്കിലും കളിയെഴുത്തിലെ കമ്പമാവാം  പത്ര സ്ഥാപനത്തിലേക്കുള്ള വാതിൽ തുറന്ന് തന്നതെന്ന് ഫസൽ ഉറച്ചുവിശ്വസിക്കുന്നു.1993- ൽ സബ് എഡിറ്റർ ട്രെയിനിയായി മാധ്യമത്തിൽ ചേർന്നു.
മാധ്യമത്തിലെ തുടർന്നങ്ങോട്ടുള്ള ഓരോ മണിക്കൂറും പരിമിതികളെ അതിജയിക്കാനുള്ള നിതാന്ത പരിശ്രമങ്ങളായിരുന്നു. ഒപ്പം വന്നവരിലും മുമ്പെ വന്നവരിലും പലരും നിലനിൽപിന് വേണ്ടി കഷ്ടപ്പെട്ടപ്പോൾ ആത്മാർഥമായ ആ പരിശ്രമങ്ങൾക്ക് വളരെ വേഗം അംഗീകാരം കിട്ടി. താൻ പോലും പ്രതീക്ഷിക്കാത്ത നേരത്ത് മെയിൻ ന്യുസ് ഡസ്കി ലേക്ക് മാറ്റം .കണ്ണൂരിലും മലപ്പുറത്തം എഡിറ്റോറിയൽ ചുമതല വഹിച്ചു. ഇപ്പോൾ മദർ ഡസ്കിൽ സീനിയർ ന്യൂസ് എഡിറ്ററുടെ സുപ്രധാന റോൾ. നിരവധി ദേശീയ അന്തർദേശീയ മൽസരങ്ങൾ റിപ്പോർട്ട് ചെയ്തു.നിരവധി പ്രമുഖരുമായി പരിചയപ്പെട്ടു.
ഒറ്റ ലക്ഷ്യത്തിലേക്ക് സമർപ്പണബോധത്തോടെ ചുവട് വെച്ചാൽ
എന്തും സാധ്യമാണെന്ന് സ്വന്തം ജീവിതം തന്നെ ഉദാഹരണമെന്ന് ഫസൽ.
കോമൺവെൽത്ത് ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ
സാഫ് ഫുട്ബാൾ, സാഫ് അത് ലറ്റിക് മീറ്റ്, ദേശീയ ഗെയിംസ് ,ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 15 ഇന്റെർനാഷനൽ മൽസരങ്ങൾ, ഐ.പി.എൽ ക്രിക്കറ്റ്, സന്തോഷ് ട്രോഫി
ഫെഡറേഷൻ കപ്പ് 'തുടങ്ങി നിരവധി ദേശീയ അന്തർദേശീയ മൽസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആകാശവാണി കണ്ണുർ, കോഴിക്കോട് നിലയങ്ങളിൽ അൻപതിലേറെ കായികപരിപാടികൾ അവതരിപ്പിക്കാനും സാധിച്ചു.
സാമൂഹ്യ സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി, ഫ്രൈഡേ ക്ലബ് ജനറൽ സെക്രട്ടറി എന്നിവയ്ക്കുപുറമേ കണ്ണൂർ പ്രസ്സ് ക്ലബ്ബിൻറെ വൈസ് പ്രസിഡണ്ടായും ട്രഷററായും സേവനമനുഷ്ഠിച്ചു. കണ്ണൂർ സിറ്റി വട്ടക്കണ്ടി യിലെ പരേതനായ അബ്ദുൽ മജീദ്- ഫാത്തിമ ദമ്പതികളുടെ മകൻ. ഭാര്യ സൗജത്ത് കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മക്കൾ മൂന്ന് പേർ:ഡോ. ഫാത്തിമത്തുൽ ഫസ്ന,BASLP വിദ്യാർത്ഥിനിയായ ഫസീഹ ജബീൻ, ഒമ്പതാം തരം വിദ്യാർത്ഥിനി  ഫറാ തബ്സൂം. ഫൈസൽ, ഫൗസിയ എന്നിവർ സഹോദരങ്ങളാണ്. ഇപ്പോൾ മുണ്ടയാട് ജേണലിസ്റ്റ് നഗറിലാണ് താമസം.

🌹വ്യക്തിപരിചയം🌹

സിറ്റിയുടെ സ്വന്തം ഡിസൈനർ

✍ ഷംസു മാടപ്പുര

വിദ്യാർത്ഥിനിയായിരിക്കുമ്പോൾ വിവിധ രൂപത്തിലുള്ള മൈലാഞ്ചി ചോപ്പ് മറ്റുള്ളവരുടെ കൈ തടങ്ങളിൽ വിരിയിക്കാനുള്ള മോഹം. ആദ്യമൊക്കെ വീട്ടിലുള്ളവരുടെ കൈകളിലായിരുന്നു പരീക്ഷണം. നിരന്തരമായ പരിശ്രമം മൂലം വിവിധ ഡിസൈനുകളിലുള്ള മൈലാഞ്ചി ഇടൽ ആരംഭിച്ചു. മണവാട്ടിയുടെ കരങ്ങളിൽ മൈലാഞ്ചി പൂക്കളിടാനും  പെരുന്നാൾ പോലുള്ള വിശേഷ ദിനങ്ങളിൽ പരിചയമുള്ളവരുടെ കൈകളിൽ മൈലാഞ്ചി ചോപ്പണിയിക്കാനും സാധിച്ചു. മൈലാഞ്ചിയിടൽ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് സമ്മാനങ്ങൾ കരസ്ഥമാക്കി. കൂടാതെ സ്കൂൾ കോളേജ് തലത്തിൽ നടക്കുന്ന മൈലാഞ്ചിയിടൽ മത്സരങ്ങളിൽ ജഡ്ജിയാകാനുള്ള അവസരങ്ങളും ലഭിച്ചു. ഇതോടെ ഷറഫു മൈലാഞ്ചിയുടെ ഭാര്യ ഷഹനാസ് പള്ളി വളപ്പിൽ മൈലാഞ്ചി പ്രിയരുടെ കണ്ണിലുണ്ണിയായി. പിന്നീട് മറ്റ് മേഖലയിലേക്ക് കണ്ണുനട്ടു. വരയോടും ഗ്ലാസ്, ഓയിൽ പെയിൻറിംഗിനോടും താല്പര്യം വർദ്ധിച്ചതോടെ ഇൻറീരിയൽ ഗ്ലാസ് ഷോപ്പിൽ ആർട്ടിസ്റ്റായി സേവനമനുഷ്ഠിച്ചു. രണ്ടുവർഷം ഗ്ലാസ് ഡിസൈനറായി ആ സ്ഥാപനത്തിൽ കഴിഞ്ഞുകൂടി.
ഇതിനിടെ ഫാഷൻ രംഗത്ത് വഴിതെളിഞ്ഞു. സ്റ്റിച്ചിംഗിനോടും ഡിസൈനിംഗിനൊടുമുള്ള കമ്പം തിരിച്ചറിഞ്ഞ പ്രിയതമൻ ഷറഫു മൈലാഞ്ചി ഡിസൈൻ പഠിക്കാനയച്ചു. ഭർത്താവിൻറെ നിർലോഭമായ സഹകരണവും പ്രോത്സാഹനവും ഫാഷൻ ഡിസൈനിംഗ് രംഗത്ത് ചുവടുറപ്പിക്കാൻ സാധിച്ചു.  വീട്ടിൽനിന്നും തുടക്കം കുറിച്ച ഡിസൈനിംഗ് കണ്ണൂർ ടൗണിലെ ഒരു സ്ഥാപനത്തിൽ നിന്നും വന്ന ഓഫർ സ്വീകരിച്ച് അവർക്ക് വേണ്ടിയുള്ള വർക്കുകൾ ചെയ്യാൻ തുടങ്ങി. രണ്ടര വർഷം പിന്നിട്ടതോടെ മറ്റൊരു സ്ഥാപനത്തിലേക്ക് ചേക്കേറി. ഈ രംഗത്ത് ചുവടുറപ്പിച്ചതോടെ  വിപണിയുടെ സാധ്യത മനസ്സിലാക്കാൻ പറ്റി.  ഫാഷൻ ഡിസൈനറായ അഞ്ചുവർഷത്തെ അനുഭവങ്ങളിലേക്ക് ഊളിയിടുമ്പോൾ ഒരുപാട് പാഠങ്ങൾ പഠിച്ചു. ചൂടാവുന്ന കസ്റ്റമറോട് മയത്തിൽ സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഒരു സ്ഥാപനത്തിന്റെ വിജയത്തിന്റെ നിദാനം.അത് കൊണ്ടാവാം കസ്റ്റമറിൽ പലരും തന്റെ അടുത്ത ചങ്ങാതിമാരുടെ ലിസ്റ്റിൽ ഇടം പിടിച്ചതെന്ന് ഷഹനാസ് ഷറഫു. കുട്ടികൾ മുതൽ 80 വയസ്സ് പ്രായമുള്ളവർ വരെ അടുത്ത സുഹൃത്തുക്കളായി മാറി. ഒന്നാം ക്ലാസ് മുതൽ ഉയർന്ന ക്ലാസ്സ് വരെ തൻറെ കൂടെ പഠിച്ച പലരും വഴികാട്ടിയായി രംഗത്തുണ്ട്. പല ഗ്രൂപ്പുകളിലും സജീവ സാന്നിധ്യമുള്ളത് കൊണ്ടുതന്നെ വലിയൊരു സുഹൃത്തുക്കളുടെ വലയം തന്നെ തനിക്കുണ്ട്. സിറ്റിയുടെ തനത് സംസാരഭാഷ കേൾക്കാൻ വേണ്ടി പ്രായമേറിയ ആൾക്കാരോട് സംസാരിച്ചിരിക്കാൻ  ഏറെ ഇഷ്ടമാണ്.   ഉമ്മയുടെയും ഉമ്മാമയുടെയും കാരണവരുടെയും ഭാഷാശൈലി തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
അവരുടെ ഭാഷ കടമെടുത്തിട്ടാണ് സിറ്റി ഭാഷയിൽ തൂലിക ചലിപ്പിക്കുന്നത്. കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും അനുഭവങ്ങൾ ചെറുകഥ രൂപത്തിൽ എഴുതാറുള്ളതും സിറ്റി ഭാഷയിൽ തന്നെ.  വൃദ്ധസദനങ്ങൾ സന്ദർശിച്ച് അവരോടൊന്നിച്ച് സമയം ചിലവഴിക്കാൻ കിട്ടുന്ന അവസരങ്ങൾ  മനസ്സിന് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്.
ഡിസൈനിംഗ് സംബന്ധമായ സംശയങ്ങളുമായി തൻറെ അരികിലെത്തുന്നവർക്ക് നിവാരണം നൽകുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ പതിപ്പിക്കുന്ന ഷഹനാസിന് എല്ലാവിധ പിന്തുണയും നൽകുന്നത് സ്വന്തം വീട്ടുകാരും ഭർത്താവിൻറെ വീട്ടുകാരുമാണ്. ഓർമ്മ തോപ്പിന്റെ എക്സിക്യൂട്ടീവ് അംഗംകൂടിയാണ്. കണ്ണൂർ സിറ്റി പള്ളി വളപ്പിൽ ഖദീജ ബീവിയുടെയും കുറുവയിലെ പുതിയപുരയിൽ ഇബ്രാഹിം ഹാജിയുടെയും ഒമ്പതാമത്തെ മകൾ. ഭർത്താവ് മൈലാഞ്ചിക്കൽ ഷറഫുദ്ദീൻ. മക്കൾ രണ്ടുപേർ. അമൻ പർവീസ് ഒമ്പതാം തരത്തിലും സോയാ മെഹ്സബീൻ അഞ്ചാം തരത്തിലും പഠിക്കുന്നു. സഹോദരങ്ങൾ:
ഷമീമമുസ്തഫ,അസ്ഗറലി,നാസ്നിൻ സഫറുള്ള, വാഹിദസലിം,ആസിഫ്,
നസ്റീൻ മഷൂദ്(ഒമാൻ ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ വനിതാ ഗ്രൂപ്പ്‌ മെമ്പർ),അഫ്സൽ, അക്തർഷ.

🌹വ്യക്തിപരിചയം🌹





സിറ്റിയുടെ സ്വന്തം പാചകറാണി

അടുക്കളയിൽ കയറാൻ മടി കാണിച്ചവരെ അടുക്കളയിൽ കയറ്റി കൊണ്ട് ഒരു അടുക്കള വിപ്ലവം തന്നെ  സൃഷ്ടിക്കുകയായിരുന്നു മിസ്രിയ ആഷിക്.
പാചകത്തോടും പാചക കലയോടുമുള്ള പിരിശം മൂലം ഇറങ്ങിത്തിരിച്ചപ്പോൾ കുടുംബിനികളുടെ സ്നേഹവും സഹകരണവും  തനിക്ക് ഊർജ്ജം പകർന്നു. ഉമ്മാമയുടെ കൈപ്പുണ്യം പകർന്നുകിട്ടിയെന്ന വിശ്വാസത്തോടെ മുന്നിട്ടിറങ്ങിയപ്പോൾ നല്ലപാതിയുടെ നിർലോഭമായ സഹകരണവും പ്രോത്സാഹനവും വേണ്ടുവോളം ലഭിക്കുകയുണ്ടായി.  മാസികകളിൽ കാണുന്ന പാചകക്കുറിപ്പ് മുറിച്ചെടുത്ത് സൂക്ഷിച്ചുവെക്കുകയും ചിലതൊക്കെ എഴുതി വെക്കുകയും ചെയ്യുക എന്നത് ഇളം പ്രായത്തിലെ ഹോബിയായിരുന്നു.  അടുക്കളയിൽ ഉമ്മയെ സഹായിച്ച് ചിലതൊക്കെ സ്വായത്തമാക്കി. വിവാഹത്തിനുശേഷം ഭർത്താവിനോടൊപ്പം മസ്കത്തിൽ താമസിക്കുമ്പോഴാണ് അടുക്കള സ്വാതന്ത്ര്യം ലഭിച്ചത്. ഒറ്റക്ക് പാചകംചെയ്യാനും വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ കൊണ്ട് വിഭവങ്ങൾ ഒരുക്കാനും അതോടെ സാധിച്ചു. പുഡ്ഡിംഗിന് പുറമേ ചിക്കൻ കൊണ്ടുള്ള നിരവധി ഐറ്റംസും ഉണ്ടാക്കി തുടങ്ങി. പരമ്പരാഗത ശീതളപാനീയങ്ങളിൽ മാറ്റം വരുത്തി തന്റേതായ ഡ്രിങ്ക്സ് രൂപപ്പെടുത്തി. സോഷ്യൽ മീഡിയയിൽ സജീവമായതോടെ
നാലു വർഷം മുമ്പാണ്  "നാഫിസ് കിച്ചൻ" വാട്സ്ആപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത്.
ബന്ധുക്കളെ മാത്രം ഗ്രൂപ്പ് അംഗങ്ങൾ ആക്കി ആരംഭിച്ച നാഫിസ് കിച്ചൻ പിന്നീട് ഫേസ്ബുക്കിലും ചുവടുറപ്പിച്ചു. പാചക കലയെ സ്നേഹിക്കുന്ന നിരവധി പേരുടെ പങ്കാളിത്വമുള്ള മുഖപുസ്തകത്തിന് പുറമേ ഇൻസ്റ്റാഗ്രാമിലും നാഫിസ് കിച്ചൻ തൻറെ തായ വ്യക്തിമുദ്ര ചാർത്തി. ഒരുപാട് പേരുടെ പാചക വൈദഗ്ധ്യം വെളിച്ചത്തു കൊണ്ടുവരാനും മോട്ടിവേറ്റ് ചെയ്യാനും ഇതുമൂലം സാധിച്ചു എന്നത്  അഭിമാനാർഹമാണ്. വൈവിധ്യമാർന്ന ഫുഡ് ഡെക്കറേഷൻ കൊണ്ട് പലരുടെയും പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. തനിക്ക് ലഭിച്ച അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ സദാ ജാഗ്രത പുലർത്തുന്ന മിസ്രിയ ആഷിക് ഇതിനകം അവരുമായി  ധാരാളം റസിപ്പികൾ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങളുടെ പാചക അഭിരുചി കണക്കിലെടുത്ത് മത്സര പരിപാടികൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കണ്ണൂർ ചേംബർ ഹാളിൽ വെച്ച് 2018-ൽ
 പ്രഥമ ഫുഡ് & ഫാഷൻ എക്സ്പോ നടത്തി
നിരവധി ആളുകൾ പങ്കെടുത്ത പരിപാടി വൻ വിജയമായിരുന്നു.  അതിൽ നിന്ന് ലഭിച്ച ഉത്തേജനം 2019 ഏപ്രിലിൽ രണ്ടാം സീസൺ എക്സ്പോ നടത്താൻ ഹേതുവായി.
ഇത്തവണ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
കുടുംബത്തിന്റെയും  ഗ്രൂപ്പ് അംഗങ്ങളുടെയും പിന്തുണകൊണ്ടാണ് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്നത് .പ്രത്യേകിച്ചു ഭർത്താവിന്റെയും മക്കളുടെയും പിന്തുണ എടുത്തു പറയേണ്ടതാണെന്ന് മിസ്രിയ ആഷിക് കൂട്ടിച്ചേർത്തു.
ഇന്നത്തെ കാലത്ത് ഒരു പെണ്ണ് തനിച്ച് എന്തെങ്കിലും സമൂഹത്തിന് വേണ്ടി ചെയ്യുമ്പോൾ അതിനെ വിമർശിക്കാനും , തളർത്താനുമൊക്കെയാണ് ആളുകൾ ഒരുമ്പെട്ടിറങ്ങുക. അതിനെ മറികടക്കാനുള്ള ഊർജവും ആർജ്ജവും തരുന്നത് ഭർത്താവ് ആഷിഖാണ്. അത് കൊണ്ടുതന്നെ
മിക്ക പാചക മത്സരങ്ങളിലും പങ്കെടുക്കാറുണ്ട് , നിരവധി സമ്മാനങ്ങൾക്കർഹയായി .പാചക മത്സരങ്ങളുടെ വിധികർത്താവാകാനുള്ള ക്ഷണവും തന്നെത്തേടിയെത്താറുണ്ടെന്ന് മിസ്റിയ ആഷിക്.
പാചക വിഭവങ്ങളിൽ പ്രത്യേകമായി തയ്യാറാക്കുന്നത് പുഡിങ് ആണ്.
പുഡ്ഡിംഗ്ഗിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന തനിക്ക് പുഡ്ഡിംഗ്  ഓർഡറുകൾ ലഭിക്കാറുമുണ്ട്.
കണ്ണൂർ സിറ്റി ചിറക്കൽ കുളത്തെ എം.സി കുടുംബത്തിലെ ആസീമ അസ്സു ദമ്പതികളുടെ മകൾ. സ്കൂൾ അധ്യാപകനായ കനീലകത്ത് ആഷിഖാണ് ഭർത്താവ്. മുഹ്സിന, മുഫീദ സഹോദരിമാരും മസ്കത്തിലെ പ്രമുഖ പരസ്യക്കമ്പനിയുടമ തഫ്സി സഹോദരനുമാണ്.
മക്കൾ മൂന്ന് പേർ: ഹമീഷ്, ഷദ, മിസ.

-ഷംസു മാടപ്പുര-

🌹വ്യക്തിപരിചയം💐


സിറ്റി ഭാഷയുടെ നാരീമണി

സിറ്റിയുടെ തനതായ ഭാഷയിൽ തൂലിക ചലിപ്പിക്കുന്ന അനുഗ്രഹീത എഴുത്തുകാരി എന്ന വിശേഷണത്തിന് അർഹയാണ് കയറുന്നിസ പാറപ്പുറത്ത്. വിവാഹാനന്തരം എറണാകുളം സിറ്റിയിലേക്ക് പറിച്ചുനട്ടെങ്കിലും ജന്മം നൽകിയ കണ്ണൂർ സിറ്റിയുടെ മുക്കിലും മൂലയിലും പാറി കളിക്കുകയായിരുന്നു മനസ്സ്. സിറ്റിയുടെ സ്വന്തം മക്കൾ ഫേസ്ബുക്ക് പേജിലൂടെ സിറ്റി യെക്കുറിച്ചും സിറ്റിയിൽനിന്ന് വേർപിരിയുന്നവരുടെ ചരമ വാർത്തകളും മറ്റും അറിയുമ്പോഴും താൻ കളിച്ചുവളർന്ന സിറ്റി യെക്കുറിച്ചുള്ള നൊസ്റ്റാൾജിയ എപ്പോഴും തീരാവേദന പോലെ മനസ്സിൽ കൊണ്ടു നടക്കുമായിരുന്നു. സ്നേഹതീരം വാട്സപ്പ് ഗ്രൂപ്പിലൂടെ ഒരുപാട് സിറ്റി ക്കാരെ കിട്ടിയപ്പോഴാണ് എല്ലാ സ്വന്തക്കാരും വിരൽത്തുമ്പിന്നരികിലുണ്ടല്ലോ എന്ന ആശ്വാസമുണ്ടായത്. പുതുതായി എഴുതി തുടങ്ങുന്നവരും എഴുതിത്തെളിഞ്ഞവരും അടങ്ങുന്ന കണ്ണൂർ സിറ്റിയിലെ ഏക വാട്സപ്പ് ആപ്പ് കൂട്ടായ്മയായ സ്നേഹതീരത്ത് വെച്ചാണ് കണ്ണൂർ സിറ്റിയുടെ തനതായ ഭാഷയിൽ എഴുത്താരംഭിച്ചത്.  നെഞ്ചോടേറ്റിയ സിറ്റിയുടെ സ്വന്തം ഭാഷ തൂലികയിലൂടെ നിർഗ്ഗളിച്ച പ്പോൾ സ്നേഹതീരം അതേറ്റെടുക്കുകയായിരുന്നു. പിന്നെ കണ്ണൂർ സിറ്റിയിലേക്ക് നിരന്തരം വരവായി. സ്നേഹ തീരത്തിന്റെ സകല പരിപാടികളിലും നിറസാന്നിധ്യമായി തിളങ്ങി. ഏതാനും മാസങ്ങൾക്ക് മുമ്പ് സ്നേഹതീരം ഉമ്മാമ സംഗമത്തിൽ വച്ച് സ്നേഹാദരവ് ഏറ്റുവാങ്ങി. 24 വർഷമായി കണ്ണൂർ സിറ്റിയുമായുള്ള  ബന്ധം നഷ്ടപ്പെട്ടിട്ട്. അതിൽ 20 വർഷത്തോളം സിറ്റി യെക്കുറിച്ച് അറിഞ്ഞത് നേരത്തെ പറഞ്ഞ പോലെ സോഷ്യൽ മീഡിയ വഴിയാണ്. ഇപ്പോൾ നാലു വർഷത്തോളമായി സിറ്റിയിലേക്ക് നിരന്തരം കടന്നുവരുന്നു. എറണാകുളത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിൽ തലശ്ശേരി എത്തിക്കഴിഞ്ഞാൽ പിന്നെ മനസ്സ് തിടുക്കം കൂട്ടുകയായി, എത്രയും വേഗം സിറ്റിയിലേക്ക് എത്തിച്ചേരാൻ. സ്നേഹതീരം വാട്സപ്പ് ആപ്പ് ഗ്രൂപ്പിലിരിക്കുമ്പോൾ സിറ്റിയിലെ ഏതോ ഇടവഴിയിലോ, തെക്യാബിന്റെ ചേയിമ്മലോ, കെജ്ജിമ്മലോ ഇരിക്കുന്ന ഒരു സുഖം പറഞ്ഞറിയിക്കാൻ വയ്യ.
അതിൽ ഇടപഴകുമ്പോഴാണ് സിറ്റി വർത്തമാനം വരിക. എല്ലാവർക്കും അത് ഇഷ്ടമാണ്. ഒരുപാട് പ്രോത്സാഹനങ്ങൾ ഒക്കെ സ്നേഹതീരം തന്നിട്ടുണ്ട്. എഴുത്തിൻറെ വഴിയിൽ അതൊരു മുതൽക്കൂട്ടായി.
പത്തുവർഷത്തോളം എറണാകുളത്ത് കൊച്ചുകുട്ടികളുടെ ടീച്ചറായി. ഇപ്പോൾ സോഷ്യൽ ആക്ടിവിറ്റിസി ലൂടെ സമൂഹത്തിൽ ഇടപെടുന്നു.
എറണാകുളത്തിന്റെ പ്രൗഡിയും പത്രാസും എത്ര കണ്ടാലും  ഓണപ്പൂക്കളമിട്ട പോലത്തെ ചാണോനും മുല്ലപ്പൂ വിതറിയപോലെ റോഡിൽ കാണുന്ന ആട്ടും മുട്ടയും ചവിട്ടി സിറ്റിയിലെ ഇടവഴികളിലൂടെ നടക്കാനാണ് ഇപ്പോഴും കയറുന്നിസയുടെ മനസ്സ് കൊതിക്കുന്നത്.
കണ്ണില്ലാത്തപ്പോഴല്ലേ കണ്ണിൻറെ കാഴ്ചയുടെ വില അറിയൂ എന്നതുപോലെ സിറ്റിയിൽനിന്നും വേറൊരിടത്തേക്ക് പറിച്ചു നട്ടാലാണ് നമ്മുടെ നാട്ടിലെ മഹത്വം അറിയൂ. അത് വേണ്ടുവോളം അനുഭവിച്ചവളാണ് കയറു ന്നിസ.
 രണ്ട് നീറാലും രണ്ട് കിണറും അടങ്ങിയ പാറപ്പുറം എന്ന തറവാടിലെ എളാമ മൂത്തമ്മ മക്കൾ എന്ന കൂട്ടുകുടുംബം നഷ്ടപ്പെട്ട് അണുകുടുംബമായി ഭർത്താവും മക്കളുമായി എറണാകുളത്ത് താമസിക്കുന്ന കയറുന്നീസയുടെ നഷ്ടവസന്തങ്ങൾ ആണ് മത്സ്യ കാറ്റ് ഒഴുകുന്ന ആയിക്കരയും പ്രൗഡിയയോടെ തലയുയർത്തിനിൽക്കുന്ന സിറ്റി ജുമാഅത്ത് പള്ളി യും.
പാറപ്പുറത്ത് ഖദീജ-മായിൻ ദമ്പതികളുടെ മകൾ. മുഴപ്പിലങ്ങാട് സ്വദേശിയും എറണാകുളത്ത് ബിസിനസുകാരനുമായ അബ്ദുൽ ജബ്ബാറിന്റെ പ്രിയപത്നി. കയറുന്നീസക്ക് 5 സഹോദരികളും ഒരു സഹോദരനും ഉണ്ട്.
രണ്ടു പെൺമക്കളിൽ ഒരാൾ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എം എസ് സിക്ക് പഠിക്കുന്നു. മറ്റൊരാൾ പ്ലസ് ടു കഴിഞ്ഞ് റിസൽട്ടിനായി കാത്തിരിക്കുന്നു.

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...