കരിങ്കാക്കയായ് പറക്കണം,
കയ്യടി വാങ്ങണം
ബലിച്ചോർ തിന്നണം
കൂടിനു കാവലിരിക്കണം
കള്ളക്കുയിലിന്റെ
കരണത്തടിക്കണം.
ഒരു ജന്മം
സൗമ്യയായ് ജനിക്കണം
ആയുധം കരുതണം
ഗോവിന്ദചാമിയെ കാണണം
സൗമ്യത വെടിഞ്ഞൊരു
രുദ്രയായ് മാറണം,
അവന്റെ ലിംഗം മുറിക്കണം.
പിന്നൊരു ജന്മം
പലസ്തീൻ ബാലനായി തീരണം
ഒരു കവണ വാങ്ങണം
ഇസ്രയേൽ ടാങ്കിനെ കല്ലെറിയണം
തലയുയർത്തി നിൽക്കണം
വെടിയേറ്റ് വാങ്ങണം
ഗാസയിൽ എൻ ചോര വീഴണം.
പിന്നൊരീ ജന്മം
ആസിഫ ആയി ജനിക്കണം
തട്ടമൊന്നു മാറ്റണം
കയ്യിലൊരു മഴു കരുതണം
വെട്ടി വീഴ്ത്തണം
ഈ നിയമത്തിനെ
എന്നെ കൊന്നവരുടെ
മുഖത്തു കർക്കിച്ചുതുപ്പണം.
ഇനിയൊരു ജന്മം
പള്ളിക്കൂട മുറ്റത്തെ
മാവായി വളരണം
തണലൊരുക്കണം
കലപില കേൾക്കണം
,കല്ലേറു കൊള്ളണം
കനിയൊന്നു കനിയണം
വെട്ടേറ്റ് മറിയണം.
അവസാന ജന്മം
വീണ്ടും ഞാൻ തന്നെയാവണം
അമ്മയുടെ മുലപ്പാൽ
വീണ്ടും നുണയണം
അച്ഛന്റെ കൂടെ ഉത്സവം കാണണം.
തെറ്റ് തിരുത്തണം
ചിലരോട് മാപ്പ് ചോദിക്കണം
പറയാൻ മറന്ന പ്രണയം പറയണം
മരിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ