മോഹഭംഗം
✍✍✍ ഷംസു മാടപ്പുര 👤👤👤
അയാനേ,എഴുന്നേൽക്ക്! നേരം എത്രയെന്നാ വിചാരം.
മണി പത്തായി''.
കാദർച്ചയുടെ ശബ്ദം കേട്ടതോടെ പുതപ്പ് മാറ്റി ചാടി എഴുന്നേറ്റു.
ബാത്ത്റൂമിലേക്ക് നടക്കുന്നതിനിടയിൽ കാദർച്ച വിളിച്ചു പറഞ്ഞു.
"ഇങ്ങിനെ കിടന്ന് ദിവസങ്ങൾ എണ്ണി തീർത്തിട്ടെന്ത് കാര്യം"
ശരിയാണ്, ആ വാക്കുകൾക്ക് മുന്നറിയിപ്പിന്റെ, സഹതാപത്തിന്റെ,കരുതലിന്റെ തുടികൊട്ടുണ്ട്.
ഏറെ പ്രതീക്ഷയോടെയാണ് സന്ദർശന വിസയിൽ ഒമാനിലെത്തിയത്.നാട്ടിൽ ഒഴപ്പി നടന്നപ്പോൾ അമ്മാവൻ "കടകടത്തിയ"താണിവിടെ.
ഗൾഫ് എന്ന സങ്കൽപം വിശാലമായതായിരുന്നു.
ഇവിടെ വിമാനമിറങ്ങിയപ്പോൾ അതിനും മങ്ങലേറ്റു.
എന്ത് ഗൾഫ് ?
മാമലകളുടെ നാട്!
എവിടെ നോക്കിയാലും മലനിരകൾ.
നാട്ടിലെപോലത്തെ വീടുകൾ,
ഗല്ലികൾ, കടമുറികൾ.
ഏതോ ഗ്രാമീണപ്രദേശത്ത് എത്തിയ പ്രതീതി.
കാണുന്ന ഓരോ മുഖത്തും മ്ലാനത.
ഗൾഫ് സാധാരണക്കാർക്ക് ഒരു സന്തോഷവും നൽകുന്നില്ലെന്ന് ആ മുഖങ്ങൾ വിളിച്ചോതുന്ന പോലെ.
മിക്കവരും വീട്ടുകാരുടെ ആവലാതികളും വേവലാതികളും കേൾക്കാൻ വിധിക്കപ്പെട്ടവർ!
തികച്ചും ഒരു ബലിയാട്.
അംബര ചുംബികളായ കെട്ടിടങ്ങളൊക്കെയും കിലോമീറ്ററുകൾക്ക് അകലെയാണെന്നാണ് അമ്മാവൻ പറഞ്ഞത്.
നാട്ടിൽ നിന്നും വരേണ്ടിയില്ലായിരുന്നു എന്ന് തോന്നി.
അതെങ്ങനെ സാധ്യമാകും.
എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവെച്ച് എല്ലാവരും എന്നെ കയറ്റിവിടുകയല്ലേ ചെയ്തത്.
വർഷംതോറും നാട്ടിലെത്തുന്ന അമ്മാവൻ അടിച്ചുപൊളിച്ചു മടങ്ങി പോകുമ്പോൾ അമ്മാവൻ ഗൾഫിൽ നല്ല നിലയിലാണെന്നാണ് കരുതിയത്. പാവം അമ്മായി അറിയുന്നുണ്ടോ, അമ്മാവൻ സാദാ ഒരു ഹോട്ടലിലെ പാചകക്കാരനാണെന്ന്.
"അയാനെ,നീ എന്താ കാട്ടികൂട്ടുന്നെ!
വേഗം ഇറങ്ങ്.എനിക്ക് പോണം"
കാദർച്ച കതകിന് മുട്ടിവിളിച്ചപ്പോഴാണ് അയാൻ ചിന്തയിൽ നിന്നുണർന്നത്.
അമ്മാവന്റെ കൂട്ടുകാരനായ കാദർച്ചയുടെ പ്രായം അറുപതിനോടടുക്കും.എന്നിട്ടും കാദർച്ച വിശ്രമമില്ലാതെ പണിയെടുക്കുന്നു.അത്രക്കും കുടുംബ പ്രാരാബ്ധമുണ്ട്.
മക്കളെ വളർത്താനും നല്ലനിലയിൽ പഠിപ്പിക്കാനും വിവാഹം കഴിപ്പിച്ചയക്കാനും സ്വന്തമായൊരു കുടിയുണ്ടാക്കാനും ജീവിതത്തിന്റെ സിംഹഭാഗവും കാദർച്ച ഒമാനിലെ മണ്ണിൽ ഹോമിച്ചത് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്.
ആ മനുഷ്യന്റെ ജീവിതത്തിന്റെ നോവ് എന്റെ ഉപ്പയുടെ സ്മരണകളായി മാറി.
ഇതേപോലെ എന്റെ ഉപ്പയും എത്ര കഷ്ടപെട്ടാണ് എന്നെ ഇരുപത്തിയൊന്നു വയസ്സുവരെ വളർത്തി വലുതാക്കിയത്.
കണ്ണൂർ മാർക്കറ്റിലെ വഴിയോരത്തിരുന്ന് ഉന്തുവണ്ടിയിൽ പഴങ്ങൾ വിറ്റ് ഉപജീവനം കണ്ടെത്തുന്ന എന്റെ ഉപ്പയും കാദർച്ചയെ പോലെയുള്ള ഒരു കഥാപാത്രം തന്നെയല്ലേ.
ചിന്തക്ക് ചൂട് പിടിക്കവേ കാദർച്ചയുടെ പിറുപിറുപ്പ് സഹിക്കവയ്യാനാകാതെ വസ്ത്രങ്ങൾ മാറ്റി കാദർച്ചയുടെ കൂടെ പുറത്തിറങ്ങി നടന്നു .
അമ്മാവൻ ജോലിയെടുക്കുന്ന ഹോട്ടലിനെ ലക്ഷ്യമാക്കിയാണ് നടത്തം. ശീതീകരിച്ച മുറിയിൽ നിന്നിറങ്ങി നടക്കുമ്പോൾ ചൂടിന്റെ കാഠിന്യം സഹിക്കവയ്യ.മെയ് മാസചൂട് കനത്തിരിക്കുന്നു.
ഉഷ്ണക്കാറ്റേൽക്കാൻ ശരീരം വിമുഖത കാണിച്ചു.വിയർപ്പിൽ കുളിച്ചുകൊണ്ട് കാദർച്ചയുടെ പിന്നാലെ നടന്നു.
നാട്ടിലാണെങ്കിൽ നല്ല മഴ.
പെയ്തിറങ്ങുന്ന മഴയിൽ ബൈക്കിലൊരു യാത്ര!
ഹാവൂ എത്ര സുഖകരം.
ഗൾഫുകാരന്റെ മക്കൾ അറിയുന്നുവോ?
ബാപ്പ കനത്തചൂടിൽ വെന്തുരുകുന്നതിന്റെ ഫലമാണ് താൻ അനുഭവിക്കുന്ന സുഖയാത്രയെന്ന്!
കാദർച്ചയുടെ കൂടെയുള്ള നടത്തം അമ്മാവൻ ജോലിചെയ്യുന്ന ഹോട്ടലിനു മുമ്പിൽ അവസാനിച്ചു.
വേഗം ഹോട്ടലിൽ കയറി.
ചൂടിൽ നിന്നും താല്കാലിക വിരാമം.
എ സി യുടെ തണുപ്പ് കിട്ടാനായി അതിനു മുമ്പിലെ മേശക്കരികിൽ ഇരുന്നു.
വിയർപ്പിന്റെ ഗന്ധം അസഹനീയം.
ഷർട്ടാകെ നനഞ്ഞിരിക്കുന്നു.
എ. സിയുടെയും കറങ്ങുന്ന ഫാനിന്റെയും കാറ്റേറ്റ് വേണം ഷർട്ട് ഉണങ്ങാൻ.ബട്ടൺസ് അഴിച്ചിട്ടു.
എന്റെ ഇത്തരം പ്രകടനങ്ങൾ കണ്ട കാദർച്ച ഊറിച്ചിരിച്ചു.എന്നെ ചൂണ്ടി കാണിച്ച് താഴ്‌ന്നശബ്ദത്തിൽ കാദർച്ച അമ്മാവനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അമ്മാവന്റെ തിട്ടൂരം എന്ന് പറയാം
പ്രാതൽ മേശയിലെത്തി.
എനിക്കേറെ ഇഷ്ടപ്പെട്ട പൂരിബാജി.
ഇപ്പോൾ അമ്മാവന്റെ ആശ്രിതനായി കഴിയുന്നു.
ഇവിടെ എത്തിയതിന് ശേഷം വിശപ്പ് എന്താണെന്ന് അറിഞ്ഞില്ല.
അമ്മാവന്റെ വിയർപ്പിന്റെ ഒരംശം പങ്കുപറ്റി ജീവിതം മുന്നോട്ട് നീങ്ങുന്നു.
ഒരു കണക്കിന് ഞാനെത്ര ഭാഗ്യവാൻ.റൂമും ഭക്ഷണവും സൗജന്യം.
സന്ദർശന വിസയിലും ആസാദി വിസയിലും എത്തി തൊഴിലൊന്നുമില്ലാതെ കഴിയുന്ന പലരും ഈ മണ്ണിലുണ്ട്.അവർക്ക് പരസഹായത്തിനു ഉറ്റബന്ധുക്കൾ ഇല്ലെങ്കിൽ അവരുടെ കാര്യം കട്ടപ്പൊക. റൂം വാടക കൃത്യമായി നൽകിയില്ലെങ്കിൽ റൂമിൽ നിന്നും പുറത്താക്കുമെന്ന സഹമുറിയന്മാരുടെ ഭീഷണിയുടെ വക്കിലും പട്ടിണിയുടെ രുചി തന്നെയാണ് അവർ നിത്യേന അനുഭവിക്കുന്നത്.
അതിൽ നിന്നെല്ലാം എന്നെ വിത്യസ്തനാക്കിയത് അമ്മാവൻ തന്നെ.
ഈ കടമൊക്കെ എങ്ങിനെയാണ് ഞാൻ വീട്ടിത്തീർക്കുക.
"മോനെ,ജോലി കിട്ടിയില്ലാന്ന് കരുതി നീ ബേജാറാവേണ്ട.കുറെ കഷ്ടപെട്ടിട്ടാ ഗൾഫിൽ പലരും നല്ല നിലയിൽ എത്തിയത്."
മനസ്സിൽ ആശ്വാസവും ആത്മധൈര്യം തന്ന അമ്മാവന്റെ വാക്കുകൾ.
എനിക്കൊരു ജോലി ശരിയാക്കിത്തരാൻ വേണ്ടി അമ്മാവൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
ഇപ്പോൾ സുൽത്താന്റെ കൊട്ടാരത്തിലെ തൂപ്പുകാരന്റെ ജോലി ശരിയാക്കിത്തരാനുള്ള നെട്ടോട്ടത്തിലാണ് അമ്മാവൻ.
ഇടനിലക്കാർക്ക് നൽകേണ്ട "ചില്ലറ"
കൊടുക്കാൻ പോലും ആ പാവം തയ്യാറാണ്.
"ചില്ലറ" നിസ്സാരമൊന്നുമല്ല, ഒമാൻ റിയാൽ ആയിരത്തി ഇരുനൂറ് അഥവാ ഇന്ത്യൻ ഉറുപ്പിക രണ്ടുലക്ഷം.
കൊട്ടാരത്തിലെ ജോലി കിട്ടിയിട്ടുവേണം അമ്മാവന്റെ ബാധ്യതതീർക്കാൻ.നല്ലൊരു വേതനം തന്നെ കിട്ടും.മുന്നൂറ്റി അറുപത് റിയാൽ. നാട്ടിലെ അറുപതിനായിരം രൂപ!
കണക്കുകൾ കൂട്ടികിഴിക്കുമ്പോൾ നല്ലൊരു സമ്പാദ്യത്തിനു വഴി കാണുന്നു.
അമ്മാവനോടുള്ള കടമ നിർവ്വഹിക്കുന്നത് പോലെ ഉപ്പയോടും കുടുംബത്തോടുമുള്ള കടപ്പാടുകൾ തീർക്കുകയും വേണം,ഒപ്പം തൻ്റെ പ്രാണേശ്വരിയെ സ്വന്തമാക്കുകയും വേണം.
" അയാനെ ഞാൻ പോട്ടെ,എനിക്ക് പോയിട്ട് രണ്ടുമുക്കാലിനുള്ള വക കണ്ടെത്തണം"
കാദർച്ച അതും പറഞ്ഞ് പുറത്തേക്കു പോയി.
ഞാൻ പാത്രം കഴുകാനായി ഹോട്ടലിന്റെ അടുക്കള ഭാഗത്തേക്ക് നീങ്ങി .
പാത്രം കഴുകുന്നത് കണ്ട അമ്മാവനത് സഹിച്ചില്ല.
വാത്സല്യ സ്വരത്തിൽ അമ്മാവൻ പറഞ്ഞു
" മോനേ,അതങ്ങ് വെച്ചേക്ക്. ആ ബംഗാളി അത് കഴുകിക്കൊള്ളും"
അമ്മാവന്റെ വാക്കുകൾ കാര്യമാക്കാതെ
പാത്രം കഴുകി യഥാസ്ഥാനത്ത് വെച്ച് താമസസ്ഥലത്തേക്ക് നീങ്ങി.
ചൂടേറ്റ് വാടി തളർന്ന് ഒരുവിധം റൂമിലെത്തി. വേഗം എ. സിയുടെ സ്വിച്ചിൽ വിരലമർത്തി .
അടുക്കളയിൽ മേലെയും ചൂട് താഴെയും ചൂട് എന്ന പരുവത്തിൽ പണിയെടുത്ത് വിയർത്തൊലിക്കുന്ന
അമ്മാവനെ കുറിച്ചോർത്തപ്പോൾ സഹതാപം തോന്നി.
മൊബൈൽ എടുത്ത് നെറ്റ് ചാലുവാക്കി. മുറിയിൽ വൈഫൈ സംവിധാനമുള്ളതിനാൽ നെറ്റിന് കാശൊന്നും മുടക്കേണ്ടതില്ല.
വാട്‌സ് ആപ്പ് സന്ദേശങ്ങൾ ചറപറ പെയ്തിറങ്ങുന്നു.
ആദ്യ മുൻഗണന കാമുകിക്കാണ്.
അവളുടെ സന്ദേശങ്ങൾ വായിക്കുമ്പോൾ ഇരുക്കപൊറുതി കിട്ടാറില്ല.
എങ്ങിനെയും നാട്ടിൽ പോയാൽ മതിയെന്ന ചിന്ത.
സന്ദർശന വിസയുടെ കാലാവധിതീരണം.
ഒരു മാസം കൂടിബാക്കിയുണ്ട്.അതിനിടയിൽ കൊട്ടാരത്തിലെ ജോലി നേടണം.
പ്രേമമാണ് എല്ലാത്തിനും കാരണം.
നാട്ടിൽ ചെത്തി നടക്കുന്നതിനിടയിൽ ഹംനയെ കണ്ടുമുട്ടി.
നിത്യവുമുള്ള കാണൽ അവസാനം പ്രേമത്തിന് വഴിമാറി.
ഇരുവീട്ടുകാരും നാട്ടുകാരുമറിഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹംനയെ കല്യാണം കഴിക്കാൻ സമ്മതിക്കില്ലെന്ന് വീട്ടുകാർ.
എന്റെ മനസ്സുമാറ്റാൻ വീട്ടുകാർ കണ്ട പോംവഴിയാണ് ഒമാനിലേക്കുള്ള സന്ദർശന വിസ.
കൊട്ടാരത്തിലെ പണികിട്ടിയാൽ രക്ഷപെടുമെന്ന പ്രതീക്ഷയാണ് ബാക്കി.
സ്വന്തം കാലിൽനിൽക്കാനായാൽ വീട്ടുകാരൊക്കെ എന്റെ ഇംഗിതത്തിന് വഴങ്ങും.
കൂട്ടുകാരുടെയും ബന്ധുക്കളുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളിൽ മിക്കതും അഭിനന്ദന പ്രവാഹങ്ങളും പ്രാർത്ഥനകളും ആയിരുന്നു.
കൊട്ടാരത്തിൽ പണിക്ക് കയറി എന്നാണവരൊക്കെ ധരിച്ചുവശായിരിക്കുന്നത്.
ഞാനായിട്ട് തിരുത്താനൊന്നും പോയില്ല.
കൊട്ടാരത്തിൽ ജോലിക്ക് ശ്രമിക്കുന്ന കാര്യം അമ്മാവൻ വീട്ടുകാരെ അറിയിച്ചതാണ്.പക്ഷെ വീട്ടുകാരും നാട്ടുകാരും കൊട്ടാരത്തിൽ ജോലിക്ക് നിൽക്കുന്നതായി വരുത്തിതീർത്തു.
ആടിനെ പട്ടിയാക്കുന്ന കാലമല്ലേ?
അങ്ങിനെയും അവരൊക്കെ സമാധാനിക്കട്ടെ.
മൊബൈലിൽ നോക്കി നോക്കി ഉറക്കം തൂങ്ങി.
കൺപോളകൾക്ക് കനം വെച്ചു.
നിദ്ര തഴുകാൻ തുടങ്ങി.
ഉറക്ക് വിസയിൽ അല്ലേ വന്നത്.ഉറങ്ങിത്തീർക്കുക തന്നെ.
എത്രനേരമുറങ്ങിയെന്നറിയില്ല.
മുറി തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു.
അത് സാബിർക്കയായിരുന്നു.
ഉച്ച വിശ്രമത്തിന്ന് എത്തിയതായിരുന്നു സാബിർക്ക.
അടുത്തുള്ള സൂപ്പർ മാർക്കറ്റിലെ
കണക്കെഴുത്തുകാരനാണ് .
ഒമാനിലെ അറിയപ്പെടുന്ന
സാമൂഹ്യ പ്രവർത്തകൻ.
എല്ലാ മേഖലയിലും പിടിപാടുള്ളയാൾ.
സാബിർക്കയുടെ ഫോണിന് വിശ്രമം കുറവാണ്. ആരോടും പരിഭവവും പരാതിയുമില്ലാത്തയാൾ. ഉറക്കിലും ഊണിലും ഫോൺ ബെല്ലടി ശബ്ദം അയാൾക്കൊരു അലോസരമേയല്ല.
"കുംഭ കർണ്ണൻ എഴുന്നേറ്റില്ലേ"
ചെറു ചിരിയോടെ സാബിർക്ക ചോദിച്ചു.
ഒരു മൂളലിൽ ഉത്തരമൊതുക്കി മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റു.
വസ്ത്രം മാറുന്നതിനിടയിൽ സാബിർക്ക തുടർന്നു.
"കൊട്ടാരത്തിലെ ജോലിയെ കുറിച്ച് ഞാൻ വിശദമായി അന്വേഷിച്ചു.
പുറമെ നിന്ന് ആരെയും ജോലിക്കായി ദീവാൻ എടുക്കുന്നില്ല.
അതൊക്കെ ഇവിടുത്തെ വൻകിട ക്ളീനിംഗ് കമ്പനിക്കാരെ ഏല്പിച്ചിരിക്കയാണ്.എത്രയാ ശമ്പളമെന്നേറിയേണ്ടേ നിനക്ക്. നൂറ്റി ഇരുപത് റിയാൽ, വെറും നാട്ടിലെ ഇരുപതിനായിരം രൂപ .അതിൽ നിന്നും വേണം ഭക്ഷണവും മുറിവാടകയും നൽകാൻ.ഒപ്പം ചില്ലറ ചിലവുകളും കഴിയാൻ"
"പിന്നെ ഒരു കാര്യം നിന്റെ അമ്മാവൻ ഹസ്സനിക്കാനോട് പറഞ്ഞേ..
ഇടനിലക്കാർക്ക് ചില്ലറയൊന്നും മുൻകൂട്ടി കൊടുത്തേക്കല്ലേയെന്ന്. പെട്ടുപോകും.ശുദ്ധ തട്ടിപ്പാണിത്."
മുന്നറിയിപ്പ് നൽകികൊണ്ട് സാബിർക്ക പുതപ്പിനുള്ളിൽ വലിഞ്ഞു.
ഞാൻ മെല്ലെ മുറിക്ക് പുറത്തിറങ്ങി.
എന്റെ നെഞ്ചകം പൊട്ടി പിളർന്നപോലെ തോന്നി.
തല കറങ്ങുന്നു.
ചുറ്റും കൂരിരുൾ.
എല്ലാം ആടിയുലയുന്നതായി തോന്നി.
സർവ്വതും നഷ്ടപ്പെട്ടവനെപ്പോലെ നിലത്തിരുന്ന് വിങ്ങിപ്പൊട്ടി.
കാർമേഘത്തിൽ തങ്ങിനിന്ന പേമാരി ഭൂമിയിൽ പെയ്തിറങ്ങുന്നത് പോലെ എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി.
ആശിച്ചതൊക്കെ നഷ്ടപ്പെട്ടവന്റെ വേദന അനുഭവിച്ചവനെ അറിയൂ.
ഇനി ഞാനെങ്ങനെ നാട്ടിൽ ചെന്ന് വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്ത് നോക്കും.
എന്റെ ഹംനക്ക് നൽകിയ വാഗ്ദാനങ്ങൾ ഞാനെങ്ങനെ നിറവേറ്റും.
അമ്മാവാ ഇത് വല്ലാത്തതൊരു ചതിയായി പോയി.
ഇതിലും ഭേദം എന്നെ ജീവനോടെ ഒമാന്റെ മണ്ണിൽ ഖബറടക്കാമായിരുന്നു.
സുൽത്താന്റെ കൊട്ടാരത്തിലെ പണി,അഞ്ചക്ക ശമ്പളം!
ഇതൊക്കെ ഓർത്ത് ഞാൻ അഹങ്കരിച്ചു പോയല്ലോ റബ്ബേ..
സ്വന്തം കാലിൽ നിന്ന് മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കണമെന്നത് അതിമോഹമായി തീർന്നല്ലോ റബ്ബേ...
യാ അല്ലാഹ്! എനിക്ക് മാപ്പു തരൂ....
കരഞ്ഞു കരഞ്ഞ് അവസാനം വാഷ് ബെയിസിൽ ചെന്ന് മുഖം കഴുകി അമ്മാവനെ കാണാനായി ഹോട്ടലിലേക്ക് ചെന്നു.
എന്റെ മുഖഭാവം കണ്ടിട്ടാവണം "എന്റെ മോനെന്ത് പറ്റിയെന്നറിയാൻ അമ്മാവൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"ആറ്റാ, ഇനി ഒരു നിമിഷം എനിക്ക് നിൽക്കേണ്ട.ഇന്ന് തന്നെ നാട്ടിൽ പോകണം"
"എന്റെ മോനു നാട്ടിൽ പോവ്വാല്ലോ? കാര്യം പറയ് മോനെ"
അമ്മാവൻ നിർബന്ധിച്ചപ്പോൾ സാബിർക്ക നൽകിയ വിവരങ്ങൾ പറഞ്ഞു.
"സാബിർ അത് അന്വേഷിച്ചത് നന്നായി.നമ്മൾ കുടുങ്ങിയില്ലല്ലോ.മോന് ഇതിൽ നല്ലത് അല്ലാഹു കണക്കാക്കിയിട്ടുണ്ടാകും"
"എനിക്കതൊന്നുമറിയേണ്ട,എന്റെ മടക്കയാത്രാ ടിക്കറ്റും പാസ്സ്പോർട്ടും താ.ഞാനിനി ഒരു നിമിഷം പോലും നിൽക്കില്ല."
ദേഷ്യവും സങ്കടവും എന്നെ അന്ധനാക്കി.
രോഷം കൊണ്ട് അമ്മാവന്റെ നേരെ വിരൽ ചൂണ്ടി പലതും പറഞ്ഞു. അമ്മാവൻ ചെയ്തു തന്ന എല്ലാ ഉപകാരങ്ങളും സൗകര്യങ്ങളും ഞാൻ പാടെ മറന്നു.
അമ്മാവന്റെ പ്രായത്തെ മറന്ന് ഞാൻ ഉറഞ്ഞുതുള്ളി.
എന്നെ സമാശ്വസിപ്പിക്കാനാവാതെ അമ്മാവൻ കാദർച്ചാക്ക് ഫോൺ ചെയ്തു. ശേഷം ചോറ് വിളമ്പി മേശയിൽ നിരത്തി.
ചോറ് കഴിക്കാൻ ഒരുപാട് നിർബന്ധിച്ചു.ഞാൻ കഴിക്കാൻ കൂട്ടാക്കിയില്ല.
ഞാനെന്ത് പറഞ്ഞിട്ടും ഒരു കൂസലുമില്ലാത്ത മട്ടിൽ കഴിയുന്ന അമ്മാവന്റെ ക്ഷമയുടെ നെല്ലിപടിക്കുമുമ്പിൽ ഞാൻ കീഴടങ്ങി.
പിന്നെ അനുസരണയുള്ള കുഞ്ഞിനെ പോലെ ചോറ് വാരി തിന്നു.
"എന്താ ഹസ്സനെ കാര്യം"
വേവലാതിയോടെയുള്ള ചോദ്യവുമായി കാദർച്ച അമ്മാവനരികിലെത്തി.
അമ്മാവൻ നടന്ന കാര്യങ്ങൾ കദർച്ചയെ ധരിപ്പിച്ചു.
എല്ലാം മൂളികേട്ടശേഷം എൻ്റെ മുഖത്തേക്ക് തറപ്പിച്ചുനോക്കി.
"ശൈത്താനെ...
കാദർച്ച കോപാകുലനായി.
"നീ ആരെയാ ചതിയനെന്ന് വിളിച്ചത്. സ്വന്തത്തെക്കാൾ ഉപരി നിന്നെയും നിന്റെ ഉമ്മകുടുംബത്തെയും അതിരറ്റു സ്നേഹിക്കുന്ന ഈ ഹസ്സനെയോ?
വീഴടാ കാലിൽ,ഹസന്റെ കാലുപിടിച്ചു മാപ്പു പറ"
അതൊരു താക്കീതായിരുന്നു.
ഞാൻ ആഹാരം മതിയാക്കി.
കൈകഴുകാൻ പോലും മറന്നു.അമ്മാവന്റെ കാൽകീഴിൽ വീണു.
കണ്ണീരോടെ മാപ്പ് അപേക്ഷിച്ചു.
എന്നെ കെട്ടിപ്പിടിച്ചു അമ്മാവനും കരഞ്ഞു.
(അവസാനിച്ചു)