ഈ വിനീത് ശ്രീനിവാസന്‍ ഇതുവരെ പ്രേമിച്ചിട്ടില്ലേ?
അന്നമ്മക്കുട്ടി എഴുതുന്നു
പാടേ ദുര്‍ബലവും പുതുമയുടെ കണികപോലും അവകാശപ്പെടാനില്ലാത്തതും ഒട്ടനവധി സിനിമകളില്‍ കണ്ടുമടുത്തതുമായ അതേ കഥയാണ് തട്ടത്തിന്‍ മറയത്ത്. തൊഴില്‍രഹിതനായ നായകന്‍, അവന്‍ കണ്ടുമുട്ടി കൂട്ടിയിടിക്കുന്ന പെണ്ണ്, നിശബ്ദ പ്രണയം, പ്രണയാഭ്യര്‍ഥന, പ്രണയസ്വീകരണം, എതിര്‍പ്പ്, പ്രണയം വിജയിപ്പിക്കല്‍ അല്ലാതെ മറ്റൊരു പണിയുമില്ലാത്ത ആത്മാര്‍ഥ സുഹൃത്തുക്കള്‍, വില്ലന്‍മാര്‍, സംഘര്‍ഷം, ആത്മവേദനകള്‍, സെന്റിമെന്റ്സ്, തുടങ്ങി ഇത്തരം അറുപഴഞ്ചന്‍ പൈങ്കിളി കഥകളിലെ സ്ഥിരം ‘ക്ലൈമാക്സ് സമാഗമം’ വരെ യാതൊരു ഉളുപ്പുമില്ലാതെ വീനീത് കോപ്പിയടിച്ചിരിക്കുന്നു – അന്നമ്മക്കുട്ടി എഴുതുന്നു
വിനീത് ശ്രീനിവാസന്‍ പ്രേമിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് സിനിമാവാരികകള്‍ പറയുന്നത്. താന്‍ അഗാധമായ പ്രണയത്തിലാണെന്നും ഈ വര്‍ഷംതന്നെ വിവാഹിതനായേക്കുമെന്നും അടുത്തിടെവന്ന ചില അഭിമുഖങ്ങളിലും വിനീത് പറയുന്നതു കേട്ടു. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മിച്ച ‘തട്ടത്തിന്‍ മറയത്ത്’ എന്ന പ്രണയചിത്രം കണ്ടിറങ്ങുമ്പോള്‍ വിനീതിന്റെ പ്രണയാനുഭവത്തെക്കുറിച്ച് നാം ശരിക്കും സംശയാലുക്കളായിപ്പോകും.നമ്മള്‍ അറിയാതെ ചോദിച്ചുപോകും-”ഈ വിനീത് ശരിയ്ക്കും പ്രേമിച്ചിട്ടുണ്ടോ?” കാരണം അത്രമേല്‍ ദുര്‍ബലവും ഉള്ളുപൊള്ളയുമായ പ്രണയ കഥയാണ് ‘തട്ടത്തിന്‍ മറയത്തി’ല്‍ വിനീത് ചിത്രീകരിച്ചിരിക്കുന്നത്.
ഇക്കാലത്തെ കേരളീയ യുവത്വത്തിന് എളുപ്പത്തില്‍ ആസ്വദിക്കാന്‍ കഴിയുന്ന ചില്ലറ കോമഡികളുടെ ഒരു അടിയൊഴുക്ക് ഈ സിനിമയിലുണ്ട്. കണ്ടിരിക്കാന്‍ സുന്ദരിയായ ഒരു നായികയും മോശമല്ലാത്ത രണ്ടു മൂന്നു ഗാനരംഗങ്ങളുമുണ്ട്. പടത്തിന്റെ മൊത്തം നിര്‍മാണ ചെലവാകട്ടെ പരിമിതവും. ഇതിനൊപ്പം തിരക്കഥയെഴുത്തിന്റെയും അഭിനയത്തിന്റെയും കുലപതികളിലൊരാളായ ശ്രീനിവാസന്റെ മകന് കിട്ടുന്ന പരിധികളില്ലാത്ത ‘മീഡിയ വാല്‍സല്യ’വും കൂടിയാവുമ്പോള്‍ ‘തട്ടത്തിന്‍ മറയത്ത്’ ബോക്സ്ഓഫിസില്‍ പരിക്കില്ലാതെ രക്ഷപ്പെട്ടേക്കാം. എന്നാല്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്ബി’ല്‍നിന്ന് സിനിമാ രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും വിനീത് എത്രത്തോളം വളര്‍ന്നുവെന്ന് ചിന്തിക്കുന്ന ഏതൊരാളേയും ‘തട്ടത്തിന്‍ മറയത്ത്’ പാടേ നിരാശപ്പെടുത്തും.
പാടേ ദുര്‍ബലവും പുതുമയുടെ കണികപോലും അവകാശപ്പെടാനില്ലാത്തതും ഒട്ടനവധി സിനിമകളില്‍ കണ്ടുമടുത്തതുമായ അതേ കഥയാണ് തട്ടത്തിന്‍ മറയത്ത്. തൊഴില്‍രഹിതനായ നായകന്‍, അവന്‍ കണ്ടുമുട്ടി കൂട്ടിയിടിക്കുന്ന പെണ്ണ്, നിശബ്ദ പ്രണയം, പ്രണയാഭ്യര്‍ഥന, പ്രണയസ്വീകരണം, എതിര്‍പ്പ്, പ്രണയം വിജയിപ്പിക്കല്‍ അല്ലാതെ മറ്റൊരു പണിയുമില്ലാത്ത ആത്മാര്‍ഥ സുഹൃത്തുക്കള്‍, വില്ലന്‍മാര്‍, സംഘര്‍ഷം, ആത്മവേദനകള്‍, സെന്റിമെന്റ്സ്, തുടങ്ങി ഇത്തരം അറുപഴഞ്ചന്‍ പൈങ്കിളി കഥകളിലെ സ്ഥിരം ‘ക്ലൈമാക്സ് സമാഗമം’ വരെ യാതൊരു ഉളുപ്പുമില്ലാതെ വീനീത് കോപ്പിയടിച്ചിരിക്കുന്നു. അതിലേറെ അത്ഭുതം സമ്മാനിച്ചത് ‘വെള്ളിനക്ഷത്രം’ വാരികയില്‍ വിനീതിന്റെ വെളിപ്പെടുത്തല്‍ വായിച്ചപ്പോഴാണ്. ഈ സ്ക്രിപ്റ്റ് വായിച്ചയുടന്‍ ശ്രീനിവാസന്‍ ”ഈ ചിത്രം ഞാന്‍ നിര്‍മിച്ചുകൊള്ളാം” എന്ന് പറഞ്ഞത്രെ. വായിച്ചിട്ട് വലിച്ചുകീറി നേരേ ചവറ്റുകൊട്ടയിലിട്ടിട്ട് ഒരു ചൂരലെടുത്ത് ചെക്കന്റെ ചന്തിക്കിട്ട് നാലു പെടപെടച്ചിട്ട് ” എടാ, മേലാല്‍ ഇത്തരം പൊട്ടക്കഥയെഴുതരുത്” എന്നു ശ്രീനിവാസന്‍ പറഞ്ഞിരുന്നേല്‍ മകന്‍ ചെലപ്പോള്‍ നന്നായിപ്പോയേനെ. അതിനുപകരം ഈ സിനിമ നിര്‍മിക്കുകയും അതില്‍ കേറി അഭിനയിക്കുകയും ചെയ്ത ശ്രീനിവാസനാണ് ഈ ‘ചലച്ചിത്ര കൊലപാതക’ത്തിലെ പ്രധാന പ്രതി.
ദൈവമേ, എന്തൊരു പ്രണയം!
ഹിന്ദു-മുസ്ലിം പ്രേമമാണ് വിഷയം. പ്രേമമെന്നാല്‍ നായികയുടെ ‘ആകെ പുറത്തുകാണുന്ന ശരീരഭാഗമായ’ മുഖത്തിനോട് നായകനായ വിനോദിന് തോന്നുന്ന ആകര്‍ഷണം. കഥയുടെ ഒരു ഘട്ടത്തിലും പ്രേമം ഈ കേവല മുഖസൌന്ദര്യത്തിന് അപ്പുറത്തേക്ക് പോകുന്നതേയില്ല. നായികയുടെ മുഖമെങ്ങാന്‍ വല്ല ചൂടും പുകയുമേറ്റ് കരുവാളിച്ചുപോയാല്‍ ഈ പ്രേമവും ആ നിമിഷം അവസാനിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ‘ഉമ്മച്ചിക്കുട്ടി’യുടെ മുഖവര്‍ണന.
”അവള്‍ ആ തട്ടമിട്ടാല്‍ പിന്നെ തട്ടത്തിനുള്ളിലെ മുഖമല്ലാത്തതെല്ലാം മാഞ്ഞുപോകും” എന്നു നായകന്‍ തന്നെ പറയുന്നു. ‘മുഖബദ്ധമായ’ ഈ അനുരാഗം കാരണം നായകന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് സിനിമയുടെ മുക്കാല്‍ ഭാഗവും. സ്ഥിരബുദ്ധിയുള്ള ഏതൊരു പെണ്‍കുട്ടിയും ”മേലാല്‍ കണ്‍വെട്ടത്ത് കണ്ടുപോകരുതെന്ന്” പറയുന്ന തരത്തിലുള്ള ഭ്രാന്തന്‍ വിക്രിയകളാണ് നായകന്‍ വിനോദ് കാട്ടിക്കൂട്ടുന്നതെങ്കിലും എല്ലാ സിനിമയിലേയുംപോലെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ നായിക പ്രേമത്തോട് ‘യേസ്’ പറയുന്നു. നായകന്റെ മതിലുചാട്ടവും വിക്രിയകളും കണ്ട് അവള്‍ക്ക് പ്രേമത്തിന്റെ തീക്ഷ്ണത ബോധ്യമായത്രെ! പിന്നെ പറയാനുണ്ടോ? നായകന്റെ പ്രേമം വിജയിപ്പിക്കാന്‍ തലശേãരിയിലെ പൊലീസുകാരുമുണ്ട്! തലശേãരി പൊലീസിനെ ഇത്രമേല്‍ വിഡ്ഢികളാക്കി ചിത്രീകരിച്ചതിന് അവര്‍ക്ക് മാനമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാവുന്നതാണ്. കോമഡിയെന്ന പേരില്‍ തട്ടിക്കൂട്ടിയിരിക്കുന്ന പല രംഗങ്ങളും അസഹനീയമാംവിധം അരോചകമാണ്. തനി തറ കോമഡി! സാജു കൊടിയനാണോ തിരക്കഥയെഴുതിയതെന്ന് നമ്മള്‍ സംശയിച്ചുപോകും.
തട്ടത്തിനുള്ളിലെ തട്ടിപ്പുകള്‍
”പെണ്ണിന് അവളുടെ ജീവിതം എങ്ങനെയാവണമെന്ന് നിശ്ചയിക്കാന്‍ യാതൊരു അവകാശവുമില്ല”^ കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ മാത്രമുള്ളൊരു പ്രതിഭാസമൊന്നുമല്ല ഇത്. കോട്ടയം നസ്രാണിയായാലും പട്ടാമ്പി പട്ടരായാലും ചങ്ങനാശേãരി നായരായാലുമൊക്കെ പെണ്ണിന്റെ ജീവിതത്തിന് ഇന്നും എവിടെയും വലിയ വിലയൊന്നുമില്ല. സ്വന്തം വിവാഹകാര്യത്തില്‍പോലും അവളുടെ തീരുമാനത്തിന് പലപ്പോഴും പ്രസക്തിയില്ലാതാവുന്നു. കാലത്തിന്റെ മാറ്റത്തിലും നമ്മുടെ ഭൂരിപക്ഷം പെണ്ണുങ്ങളുടെ ഗാര്‍ഹിക അടിമജീവിതത്തിന് മാറ്റമൊന്നുമില്ല. മുസ്ലിം സമുദായത്തില്‍ ഈ അടിമത്തം അല്‍പം കൂടുതലാണ് എന്ന പൊതുധാരണ നിലവിലുണ്ട്. ബഹുഭാര്യാത്വം, ശൈശവവിവാഹം എന്നിവയെ തള്ളിപ്പറയാന്‍ വലിയ മുസ്ലിം പുരോഗമന സംഘടനകള്‍പോലും തയാറാവാത്തത് ഈ പൊതുധാരണയ്ക്ക് ബലം കൂട്ടുന്നു. ‘പെണ്ണുങ്ങള്‍ പുറത്തിറങ്ങരുത്’ എന്നു പറയുന്ന കാന്തപുരവും നിലവിളക്കു കൊളുത്തിയാല്‍ മാനമിടിഞ്ഞുവീഴുമെന്നു കരുതുന്ന തങ്ങളും നാലു കെട്ടലാണ് പരമമായ ഇബാദത്തെന്നു കരുതുന്ന മത നേതാക്കളും നയിക്കുന്ന ഒരു സമുദായത്തിന് ഇത്തരം ദുഷ്പേരുകളില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല.
എന്നാല്‍ കത്തോലിക്കാ മഠങ്ങളിലും കാവിയും വെള്ളയും പുതച്ച സന്യാസിസംഘങ്ങളിലുമൊക്കെ നടക്കുന്നത് ഇതേ സ്ത്രീവിരുദ്ധത തന്നെയാണ്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, എല്ലാ സംഘടിത മതങ്ങളുടെയും ചട്ടക്കൂടുകള്‍ ഒന്നാന്തരം പെണ്‍വിരുദ്ധതയുടെ കാതലില്‍ തീര്‍ത്തതാണ്. മതപരമായ വിഷയങ്ങളിലുള്ള തീവ്രവും വൈകാരികവുമായ പ്രതികരണം മുസ്ലിംകളില്‍ കൂടുതലാണെന്ന ധാരണയും നമ്മുടെ മാധ്യമങ്ങള്‍ ബോധപൂര്‍വമോ അല്ലാതെയോ പരത്തുന്നുണ്ട്. സഭാതര്‍ക്കത്തിന്റെ പേരില്‍ തമ്മിലടിച്ചു തലകീറുന്ന മധ്യതിരുവിതാംകൂറിലും മതംമാറ്റത്തിന്റെ പ്രഘോഷണങ്ങള്‍ മുഴങ്ങുന്ന വ്യാജ രോഗശാന്തി സഭകളിലും കാവിക്കൊടി നാട്ടി കായികാഭ്യാസം നടത്തുന്ന ശാഖകളിലും വിളയുന്നത് ഒന്നാന്തരം വര്‍ഗീയത തന്നെയാണ്. ഇതില്‍നിന്നെല്ലാം വീര്യം കൂടിയ ഒന്നും മുസ്ലിം സമദായത്തില്‍ മാത്രമായി കാണാനില്ല. കേരളത്തിലങ്ങോളമിങ്ങോളം ഒരുപാട് മുസ്ലിം കൂട്ടുകാരികളുടെ വീടുകളില്‍ താമസിച്ചപ്പോഴൊന്നും കോട്ടയത്തെ എന്റെ നസ്രാണി തറവാട്ടില്‍ കാണുന്നതില്‍ കവിഞ്ഞ ഒരു വര്‍ഗീയതയും അവിടെയൊന്നും ഞാന്‍ കണ്ടിട്ടില്ല. (ഇതെന്റെയൊരു പേഴ്സണല്‍ ഒബ്സര്‍വേഷനാണ്. ആയതിനാല്‍ റഫറന്‍സ് ഇല്ല. ആശയപരമായ ഏത് എതിര്‍ അഭിപ്രായവും നിരീക്ഷണവും സ്വാഗതംചെയ്യുന്നു. സൂപ്പര്‍സ്റ്റാര്‍ ഫാന്‍സുകാരെപ്പോലെ തെറിമെയില്‍ അയക്കരുതെന്നു മാത്രം.)
‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയെപ്പറ്റി ഈയുള്ളവള്‍ എഴുതിയതിന് മറുപടിയായി സുദീപ് ‘നാലാമിട’ത്തില്‍ എഴുതിയ കുറിപ്പില്‍ സിനിമയിലെ സ്റ്റീരിയോടൈപ്പ് മുസ്ലിംകളെപ്പറ്റി ചില നിരീക്ഷണങ്ങളുണ്ട്. ആ നിരീക്ഷണം ശരിയാണ്. ഒരുപാട് ഭാര്യമാരും അവരില്‍ ഒരുപാട് മക്കളുമുള്ള ശാപ്പാട്ടുരാമനായ തലയില്‍ തൊപ്പിയിട്ട മുസ്ലിം! ആ മുസ്ലിം എത്രയോകാലമായി മലയാള സിനിമയില്‍ അതേനില്‍പ്പുനില്‍ക്കുന്നു! ”എന്റെ മതം മാത്രമാണ് ശരി”യെന്ന ധാരണ ഇസ്ലാമിന്റെ മാത്രമല്ല, എല്ലാ സംഘടിത മതങ്ങളുടെയും അടിസ്ഥാനമാണ്. അതാണ് ലോകമെങ്ങും ദൃശ്യമായ വര്‍ഗീയതയുടെ തായ്വേര്. ചുരുക്കത്തില്‍ വര്‍ഗീയതയുടെ ആഴവും പരപ്പും പെണ്ണിന്റെ അടിമത്തവും ഏതാണ്ട് എല്ലാ മതങ്ങളിലും സമാനമായിരിക്കെ മലയാള മുഖ്യധാരാ സിനിമയില്‍ മുസ്ലിം മാത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വില്ലനാവുന്നതെന്തുകൊണ്ടെന്നകാര്യം ചര്‍ച്ചചെയ്യപ്പെടണം. ഈ മുസ്ലിംവിരുദ്ധത അതിന്റെ പാരമ്യത്തില്‍ പ്രകടമാകുന്ന സിനിമയാണ് ‘തട്ടത്തിന്‍ മറയത്ത്’.
തലശ്ശേരിയിലെ പെണ്ണുങ്ങള്‍
തലശ്ശേരിയിലെ തറവാട്ടില്‍ പിതൃസഹോദരന്റെ ക്രൂരമായ അടിച്ചമര്‍ത്തലിന് കീഴില്‍ കഴിയുന്ന പെണ്ണാണ് ‘തട്ടത്തിന്‍ മറയത്ത്’ലെ ആയിഷ. ”നായിന്റെ മോളേ, നിന്നെ പുറംലോകം കാണിക്കില്ല” എന്നാണ് ബിസിനസുകാരനും രാഷ്ട്രീയക്കാരനുമായ പിതൃസഹോദരന്‍ ആയിഷയെ അടിച്ചുവീഴ്ത്തിയശേഷം ഭീഷണിപ്പെടുത്തുന്നത്. തന്റെ ലെതര്‍കമ്പനിയില്‍ മതിയായ സുരക്ഷാസൌകര്യങ്ങള്‍ ഒരുക്കാതെ നാട്ടുകാരെ കൊലയ്ക്കുകൊടുക്കുന്ന ക്രൂരനാണ് ആ മുസ്ലിം കാരണവര്‍. കമ്പനിയില്‍ അപകടമുണ്ടായി ആളുകള്‍ ആശുപത്രിയിലാവുമ്പോള്‍ അയാള്‍ പറയുന്നത് ”കാറ്റടിച്ചാല്‍ വീഴുന്ന കൊറേയെണ്ണം ആശുപത്രിയിലായി’ എന്നാണ്. കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ നായകനെ ‘കൊന്നു കുഴിച്ചുമൂടുമെന്ന്’ ഭീഷണിപ്പെടുത്താന്‍ കഴിവുള്ള മുസ്ലിം തീവ്രവാദ സംഘടനയായ ജെ.ഡി.എഫിന്റെ നേതാവുമാണ് ടിയാന്‍!
അയാള്‍ വെള്ളിയാഴ്ച ദിവസം ജുമുആ നമസ്കാരത്തിന് പുറത്തുപോകുമ്പോള്‍ മാത്രമാണ് നമ്മുടെ ആയിഷക്ക് പുറത്തിറങ്ങാന്‍ കഴിയുന്നത്. ഇതേ ആയിഷ സിനിമയുടെ ആദ്യഭാഗത്ത് സര്‍വകലാശാലാ കലോല്‍സവത്തില്‍ പങ്കെടുത്ത് സമ്മാനം നേടുകയും രാത്രിവരെ അവിടെ കറങ്ങിനടക്കുകയും ചെയ്യുന്നുണ്ട്. കുട്ടുകാരിക്കൊപ്പം രാത്രിയില്‍ ബസില്‍ യാത്ര ചെയ്യുന്നുമുണ്ട്. പര്‍ദയല്ലാത്ത വര്‍ണാഭമായ വേഷങ്ങള്‍ അണിഞ്ഞ് നാടു ചുറ്റുന്നു. കൂട്ടുകാരിയുടെ കല്യാണവീട്ടില്‍ പര്‍ദയിടാതെ യഥേഷ്ടം ചുറ്റിനടക്കുന്നു. ഒരു ചെറുപ്പക്കാരനുമായി കൂട്ടിയിടിച്ച് പരിക്കേറ്റിട്ടും അവള്‍ക്ക് ഒരു ശാസനപോലും കിട്ടുന്നുമില്ല. അവള്‍ ഒറ്റയ്ക്ക് ആശുപത്രി മുറിയില്‍ കിടക്കുകയും ചെയ്യുന്നുണ്ട്. ഒരു ഹിന്ദു യുവാവ് അവള്‍ക്ക് ട്യുഷന്‍ എടുക്കാന്‍ ആ വീട്ടുകാര്‍ അനുവദിക്കുന്നുണ്ട്! അപ്പോഴൊന്നും മുസ്ലിംഭീകരനായ പിതൃസഹോദരന്‍ പ്രത്യക്ഷപ്പെടുന്നില്ല. അത്ഭുതം! എന്നാല്‍ നായകനോട് പ്രണയം തുറന്നുസമ്മതിക്കുന്ന രംഗം മുതല്‍ അവള്‍ പര്‍ദയിലേക്ക് മാറുന്നു.
മറുഭാഗത്ത് ആയിഷയെ പ്രേമിക്കുന്ന നായരുകുട്ടിയായ വിനോദിന്റെ വീടോ? മകന്‍ വീടുവിട്ടിറങ്ങുമ്പോള്‍ അമ്മ പവിത്രമായ ക്ഷേത്രസന്നിധിയില്‍ എത്തി ധ്യാനിച്ചിരിയ്ക്കുന്നു. ദീപപ്രഭ, ആത്മീയത, അമ്മ-മകന്‍ സെന്റി…. മകനുവേണ്ടി മുസ്ലിം പെണ്‍കുട്ടിയെ പുത്രവധുവായി ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയാറാവുന്ന സാത്വികരാണ് ആ നായര്‍ തറവാട്ടുകാര്‍. നായരുകുട്ടിയായ മകന്‍ പര്‍ദഷോപ്പ് തുടങ്ങി അത് മുസ്ലിം കാമുകി ഉദ്ഘാടനം ചെയ്യുന്നതുകണ്ട് വിശാലഹൃദയരും വിദ്യാസമ്പന്നരുമായ ആ നായര്‍ അച്ഛനമ്മമാര്‍ സന്തോഷപുളകിതരാവുന്നു! ഒടുവില്‍ ആയിഷ ‘ആയിഷ വിനോദ്’ ആവുന്നതോടെ അവള്‍ ഇടുങ്ങിയ മുസ്ലിംതറവാട്ടില്‍നിന്ന് വിശാലമായ നായര്‍ അന്തരീക്ഷത്തിലേക്ക് സ്വതന്ത്രയാവുകയാണ്! മുസ്ലിം പെണ്‍കുട്ടികളേ, നിങ്ങള്‍ നായര്‍– നമ്പൂതിരി -നസ്രാണി യുവാക്കളെ പ്രണയിക്കുകയും ഇടുങ്ങിയ നിങ്ങളുടെ മതത്തില്‍നിന്ന് പുറത്തുകടക്കുകയും ചെയ്യുക! അല്ലെങ്കില്‍ ഭാവി ഭീകരമായിരിക്കും!
പെണ്ണിന്റെ മാനം
എന്താണ് പെണ്ണിന്റെ സ്വാതന്ത്യ്രം? ഈ ഗൌരവമുള്ള ചോദ്യത്തിന് ‘തട്ടത്തിന്‍ മറയത്തി’ലുടെ വിനീത് ശ്രീനിവാസന്‍ പറയുന്ന ഉത്തരങ്ങള്‍ ഇക്കാലത്ത് അല്‍പമെങ്കിലും ആണത്തമുള്ള ഒരു ചെറുപ്പക്കാരനും പറയാന്‍ പാടില്ലാത്തവയാണ്. ഒറ്റത്തവണ കണ്ടതിന്റെ ആവേശത്തില്‍ വീടിന്റെ മതില്‍ പാതിരാത്രി ചാടിവന്ന് ‘നീയാണ് ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ സുന്ദരി, ഐ ലവ് യൂ’ എന്നു പറഞ്ഞയുടന്‍ അതില്‍ വീണുപോകുന്ന തലശ്ശേരി പെണ്ണിനെ വിനീത് എവിടെയാണ് കണ്ടത്? ആയിഷയെന്ന കഥാപാത്രത്തെ കേവലമൊരു ‘സുഖിപ്പിക്കുന്ന മുഖം’ മാത്രമാക്കി ഒതുക്കിയതാണ് ഈ തിരക്കഥയിലെ ഏറ്റവും വലിയ പാതകം. ‘ഐ ലവ് യൂ’ പറയുന്ന ഏതു വായിനോക്കിയോടും തൊട്ടടുത്ത ദിവസം തിരിച്ച് ‘ഐ ലവ് യു’ പറയുന്ന സിനിമകളിലെ ആ സ്ഥിരം തൊട്ടാവാടി പെണ്ണിനെ അങ്ങേയറ്റം അപഹാസ്യമായി വിനീത് എഴുതിവെച്ചിരിക്കുന്നു.
നായകന്റെ കണ്ണില്‍ അവള്‍ക്ക് മനസില്ല, ചിന്തയില്ല, ബുദ്ധിയില്ല, വികാരവിചാരങ്ങളില്ല. ഉള്ളത് ഒന്നുമാത്രം, തട്ടമിട്ട മോന്ത! ജോലിയും കൂലിയുമില്ലാത്ത ഏതോ ഒരു വായിനോക്കിയോട് പ്രണയം പ്രഖ്യാപിച്ച് അവനെത്തേടിയെത്തി കെട്ടിപ്പിടിക്കുമ്പോള്‍ പെണ്ണിന്റെ സ്വാതന്ത്യ്രം പൂര്‍ണമാകുന്നു! വിദ്യാഭ്യാസത്തിലൂടെയോ സ്വാശ്രയത്വത്തിലൂടെയോ നിലപാടുകളിലൂടെയോ അല്ല, പ്രേമിച്ച് കെട്ടിപ്പിടിക്കുമ്പോഴാണ് തലശ്ശേരിയിലെ മുസ്ലിം പെണ്ണുങ്ങളുടെ ജീവിതം സ്വതന്ത്രമാവുന്നത് എന്നര്‍ഥം. നായകന്റെ ആദ്യ പ്രേമമൊന്നുമല്ല ആയിഷയുമായി. അവന്‍ ഇതിനുമുമ്പ് ഒരുപാടു തവണ പ്രേമിച്ചിട്ടുണ്ട്. പക്ഷേ ‘ഇത്രേം മൊഞ്ചുള്ള ഒന്നിനെ’ കാണുന്നത് ഇതാദ്യമാണത്രെ! നായകന്റെ ആത്മസുഹൃത്ത് ഒരേസമയം അഞ്ചുവിനേയും മഞ്ചുവിനേയും മറ്റൊരുപാട് പെണ്ണുങ്ങളെയും പ്രേമിക്കുന്നവനാണ്. പക്ഷേ ”പെണ്ണ് കറുത്തവസ്ത്രംകൊണ്ട് മൂടിവെക്കേണ്ടത് അവളുടെ ശരീരമല്ല, പരിശുദ്ധിയാണ്” എന്നൊരു ഗംഭീരന്‍ സദാചാര പ്രഖ്യാപനത്തിലാണ് സിനിമ അവസാനിക്കുന്നത്.
കര്‍ട്ടന്‍!
ശ്രീനിവാസന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, ”ജീവിതാനുഭവങ്ങളാണ് നമ്മെ മാറ്റിത്തീര്‍ക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ നാം ആത്മീയവാദിയാവും, മറെറാരിക്കല്‍ കമ്യുണിസ്റ്റാവും, പിന്നീടൊരിക്കല്‍ വിശ്വാസിയാവും. ഇങ്ങനെ പലതവണ മാറിമറിഞ്ഞാണ് നമ്മള്‍ യഥാര്‍ഥ നമ്മളാവുന്നത്. ഒരു കല്ലില്‍നിന്ന് ശില്‍പി ശില്‍പമുണ്ടാക്കുന്നതുപോലെ…. നമ്മെ ചെത്തിമിനുക്കിയെടുക്കുന്ന ശില്‍പി നമ്മുടെതന്നെ അനുഭവങ്ങളാണ്”
ഇപ്പോള്‍ താന്‍ സിനിമക്കാരനാണ് എന്ന് വിനീത് ധരിച്ചിരിക്കുന്നു. നാളെ ആരാവുമെന്ന് നമുക്കറിയില്ല. എന്തായാലും വിനീത് അനുഭവങ്ങളില്‍ നിന്ന് പഠിക്കട്ടെ. നാളെയും സിനിമക്കാരനായി തുടരാനാണ് മോഹമെങ്കില്‍, അച്ഛന്‍ എഴുതിയിട്ടുള്ള ചില നല്ല സ്ക്രിപ്റ്റുകള്‍ ഇപ്പോഴും അലമാരയില്‍ ഉണ്ടാവും. അതൊക്കെയൊന്ന് പൊടിതട്ടി വായിക്കാവുന്നതാണ്. സിനിമക്കുവേണ്ടി സിനിമയെടുക്കുന്നതു നിര്‍ത്തി നല്ല സിനിമയെക്കുറിച്ച് അല്‍പം പഠിച്ചാല്‍ നന്ന്. പ്രേമിക്കുന്നുണ്ടെങ്കില്‍ ആ പ്രേമത്തെന്നെ ഒന്നു നിരീക്ഷിക്കാവുന്നതാണ്. അല്‍പം ബുദ്ധിയും വിവരവുമുള്ള ഒരു പെണ്ണിനെയാണ് പ്രേമിക്കുന്നതെങ്കില്‍ ആദ്യം അവളെത്തന്നെയൊന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാവുന്നതാണ്. അങ്ങനെയൊരു പെണ്ണിനെ നന്നായി മനസിലാക്കിയിരുന്നെങ്കില്‍ ആയിഷയെന്ന കഥാപാത്രത്തെ ഇത്രമേല്‍ ഉപരിപ്ലവമായി വിനീത് എഴുതിവെക്കില്ലായിരുന്നു.
എന്തായാലും നമ്മെ ചെത്തിമിനുക്കിയെടുക്കുന്ന ശില്‍പി നമ്മുടെതന്നെ അനുഭവങ്ങളാണ്. പലപല ചെത്തിമിനുക്കലുകള്‍ക്കൊടുവില്‍ വിനീത് എന്ന ശില്‍പിക്ക് എന്നെങ്കിലും നല്ലൊരു സിനിമാശില്‍പവുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ശരി, ഇനി നമുക്ക് നാളെ കാണാം!